Image

നാഴികക്കല്ലുകള്‍ (ജീവിതത്തില്‍ നിന്നും ചില ഏടുകള്‍: പ്രൊഫസ്സര്‍ എം.ടി.ആന്റണി, ന്യൂയോര്‍ക്ക്‌)

Published on 31 July, 2015
നാഴികക്കല്ലുകള്‍ (ജീവിതത്തില്‍ നിന്നും ചില ഏടുകള്‍: പ്രൊഫസ്സര്‍ എം.ടി.ആന്റണി, ന്യൂയോര്‍ക്ക്‌)
ഇതൊരു ആത്മകഥയല്ല. ഓര്‍മ്മക്കുറിപ്പുകള്‍ എന്ന്‌ പറയുന്നതും മുഴുവന്‍ ശരിയാകണമെന്നില്ല. ചരിത്രമോ ചരിത്രാഖ്യായികയോ അല്ല. ഞാന്‍ ഇത്‌ വരെ കണ്ട ജീവിതത്തെക്കുറിച്ചുള്ള ഒരു ദൃക്‌സാക്ഷി വിവരണമോ അല്ല. കഴിഞ്ഞ കാലത്തിലേക്കുള്ള ഒരു തിരിഞ്ഞ്‌ നോട്ടവുമല്ല.

എന്നാല്‍ ഈ പറഞ്ഞതൊക്കെയാണ്‌. ഞാനിതിനെ ജീവിതത്തില്‍ നിന്നും ചില ഏടുകള്‍ എന്ന്‌ പേരിടുന്നു. കാരണം ചില ഏടുകള്‍ കീറിപോയിട്ടുണ്ടാകും. അല്ലെങ്കില്‍ ഞാന്‍ തന്നെ അത്‌ നഷ്‌ടപ്പെടുത്തിക്കാണും. പൂര്‍ണ്ണമായും സത്യസന്ധമായി പറയുന്ന ഏടുകള്‍ കൂട്ടിവച്ച്‌ വായനക്കാര്‍ക്കായി കാഴ്‌ചവക്കുന്ന ഒരു കലാസൃഷ്‌ടിക്ക്‌ ജീവിതത്തില്‍നിന്നും ചില ഏടുകള്‍ എന്ന പ്രയോഗമായിരിക്കും ഉചിതം.

ഞാന്‍ നടന്നു വന്ന വഴികള്‍ ഒക്കെ മാറിപ്പോയി. എന്നാല്‍ അവയിലെല്ലാം എന്റെ ഒരു സാന്നിധ്യമുണ്ടെന്ന്‌ ഞാന്‍ അവകാശപ്പെടുന്നു. ഇതിലൂടെ ഒരു കാലഘട്ടത്തിന്റെ കഥകള്‍ ചുരുള്‍ നിവര്‍ത്തുന്നതിനോടൊപ്പംതന്നെ പുതുതലമുറക്ക്‌ മനസ്സിലാക്കാന്‍ വളരെ കാര്യങ്ങള്‍ ഉണ്ടാകുമെന്നും ഞാന്‍ പ്രതീക്ഷിക്കുന്നു.

കാലം ഇനിയും മായ്‌ച്‌ കളയാത്ത ഭൂതകാലത്തിന്റെ കാല്‍പ്പാടുകള്‍ ഒത്തിരി ഓര്‍മ്മകളെ ഉണര്‍ത്തുന്നുണ്ട്‌. വാസ്‌തവത്തില്‍ തെളിഞ്ഞ്‌ കിടക്കുന്ന പാടുകളെക്കാള്‍ മാഞ്ഞുപോയ പാദമുദ്രകള്‍ വീണ്ടും മനസ്സില്‍ കണ്ട്‌ ആ ഓര്‍മ്മകള്‍ വിസ്‌മയം കൊള്ളുകയാണ്‌. ഒരു പ്രായം കഴിഞ്ഞാല്‍ മനുഷ്യമനസ്സ്‌, കുറച്ചുകൂടി വ്യകതമായി പറഞ്ഞാല്‍ ജോലിയില്‍ നിന്നും വിരമിച്ച്‌ വിശ്രമം ജീവിതം നയിക്കുമ്പോള്‍ വടക്കുനോക്കി യന്ത്രത്തെ പോലെ ഒരു ദിശയിലേക്ക്‌ മാത്രം നോക്കാനുള്ള ഒരു വ്യഗ്രത അല്ലെങ്കില്‍ അക്ഷമത പ്രകടിപ്പിക്കും. മനസ്സിന്റെ അത്തരം മായിക വലയങ്ങളില്‍പെട്ടു പോകുമ്പോള്‍ ബാല്യവും കൗമാരവും യൗവ്വനവും പുഞ്ചിരിച്ചുകൊണ്ട്‌ എന്നെ ആശ്ലേഷിക്കുന്നു. അനുഭൂതിദായകമായ ആ നിമിഷങ്ങള്‍ ഒരു ചിത്രശലഭത്തെപോലെ എനിക്ക്‌ ചുറ്റും വട്ടിമിട്ട്‌ പറക്കും. അപ്പോള്‍ ഒരു കുഞ്ഞിന്റെ കൗതകത്തോടെ ഞാന്‍ അവക്ക്‌ പുറകെ ഓടുന്നു. അപ്പോള്‍ ഒരു പൂക്കാലം മുഴുവന്‍ നല്‍കിയ സുഗന്ധം, ഒരു ഗ്രീഷമത്തിന്റെ ഉഷ്‌ണവും അതില്‍ പറ്റിപിടിച്ച സ്വേദകണങ്ങളും, ശിശിര കുളിരും, വര്‍ഷ മേഘങ്ങളും എനിക്കഭിവാദനം നല്‍കി ഒതുങ്ങി നില്‍ക്കുന്നു. ഞാന്‍ എന്തു ചെയ്യേണ്ടുവെന്ന്‌ പരിഭ്രമിക്കുന്നു. അപ്പോള്‍ ഒരു പ്രവാഹം പോലെ അക്ഷരങ്ങള്‍ ഒഴുകിവരികയാണു. എന്തെല്ലാം കഥകള്‍, എന്തെല്ലാം വിശേഷങ്ങള്‍ കവിഞ്ഞൊഴുകുന്നു. വിശ്രമ ജീവിതത്തിന്റെ ഈ പ്രശാന്തതീരങ്ങളില്‍ കൂടി പിന്നില്‍ കയ്യും കെട്ടി ഇങ്ങനെ ഉലാത്തുമ്പോള്‍ ഞാനനുഭവിക്കുന്ന നിര്‍വ്രുതി പ്രിയപ്പെട്ടവരുമായി പങ്കിടുക മാത്രമാണു ഈ കുറിപ്പുകളുടെ ഉദ്ദേശ്യം.

ജീവിതം മടക്കമില്ലാത്ത ഒരു യാത്രയാണ്‌. നമ്മളുടെ പ്രയാണം മുന്നോട്ടാണ്‌. യൗവ്വനത്തിന്റെ നെട്ടോട്ടത്തില്‍ എപ്പോഴും ഭാവി എന്ന മരീചികയെ എത്തിപ്പിടിക്കാനുള്ള കുതിപ്പാണു്‌ നമ്മള്‍ക്ക്‌. അപ്പോള്‍ നമ്മള്‍ വര്‍ത്തമാനത്തില്‍  ജീവിക്കുന്നില്ല. ഭൂതകാലത്തെ പുറംതള്ളികൊണ്ട്‌ മുന്നോട്ടുള്ള ഗമനം.അതിനു ഒരു വേഗത കുറയുന്നത്‌ വിശ്രമകാലത്താണു്‌. അപ്പോള്‍ മുന്നോട്ടുള്ള ഗമനത്തെക്കാള്‍ പുറകോട്ടുള്ള ഒരു നോട്ടം ഹൃദയവര്‍ജ്ജകമാകുന്നു. ഭൂതകാലത്തിന്റെ മനോഹാരിത കൂടുതല്‍ അനുഭവപ്പെടുന്നു.  ഒരു പക്ഷെ ഇപ്പോള്‍ തിരിഞ്ഞ്‌ നോക്കുമ്പോള്‍ അന്നത്തെ പല സംഭവങ്ങളും എത്രയോ ഹ്രുദ്യമായി തോന്നുന്നു. എന്നാല്‍ അന്നു അത്‌ശരിക്കും ആസ്വദിച്ചോ? അറിഞ്ഞുകൂട. അവയെല്ലാം ഒന്നയവിറക്കാന്‍ അക്ഷരങ്ങളുടെ വാഹനം ഞാന്‍ ഒന്ന്‌ ഓടിച്ചു നോക്കട്ടെ.

ഇങ്ങനെയൊരു സംരംഭത്തിനു എന്നെ പ്രേരിപ്പിച്ചത്‌ എന്റെ പ്രിയതമയാണ്‌. സുഖത്തിലും ദുഃഖത്തിലും എനിക്ക്‌ താങ്ങായി നാളിതു വരെ കൂട്ടായി നില്‍ക്കുന്ന അമ്മിണി. (ഡോക്‌ടര്‍ തെരെസ ആന്റണി). അവര്‍ ഞാന്‍ പോലുമറിയാതെ സുധീറുമായി ഇതെപ്പറ്റി സംസാരിച്ചിരുന്നു. എന്നെപോലെ തന്നെ എത്രയോ വിദ്യാര്‍ഥികള്‍ക്ക്‌ വിജ്‌ഞാനത്തിന്റെ പ്രകാശം അവര്‍ നല്‍കി. ഇപ്പോഴും ദിവ്യമായ ആ കര്‍മ്മത്തില്‍ പൂര്‍ണ്ണനിരതയാണവര്‍. അദ്ധ്യാപന ജീവിതത്തില്‍ നിന്നും അമ്മിണിക്ക്‌ വിരമിക്കാന്‍ മനസ്സുവരുന്നില്ല. വിദ്യ എന്ന ധനം കയ്യില്‍ വച്ചിരിക്കാനുള്ളതല്ല അത്‌ പകര്‍ന്നു കൊണ്ടേയിരിക്കണമെന്ന്‌ വിശ്വസിക്കുന്ന ഒരു ഉത്തമ അദ്ധ്യാപികയായി ഞാന്‍ എന്റെ സഹധര്‍മ്മിണിയെ കണക്കാക്കുന്നു. അപ്പോള്‍ പിന്നെ അവരുടെ നിര്‍ദ്ദേശം പരിഗണിക്കേണ്ടതുണ്ട്‌. എന്റെ ജീവിതത്തിലെ ഏടുകള്‍ നല്‍കുന്ന അറിവു ആര്‍ക്കെങ്കിലും പ്രയോജനമാകുന്നെങ്കില്‍ അത്‌ എത്രയൊ സന്തോഷമുള്ള കാര്യമാണ്‌. എന്റെ ഈ ശ്രമം എത്രമാത്രം വിജയം കാണുമെന്ന്‌ എനിക്ക്‌ പറയാന്‍ പ്രയാസമാണ്‌. എങ്കിലും ഞാന്‍ പരമാവുധി ശ്രമിക്കും.

അമ്മിണിയുടെ പ്രചോദനവും സഹകരണവും എനിക്ക്‌ സഹായകമാകുമെന്ന ഉറപ്പ്‌ എന്റെ സിരകളെ ഉണര്‍ത്തുന്നു. ഇത്‌ അവരുടെയും, ദൈവം ഞങ്ങളെ അനുഗ്രഹിച്ച്‌ നല്‍കിയ മൂന്നു സന്താനങ്ങളുടേയും വിശേഷങ്ങള്‍ ഉള്‍കൊള്ളുന്നതാണ്‌. കൂടാതെ ജീവിതത്തില്‍ കണ്ടുമുട്ടിയ എത്രയോ വ്യക്‌തികള്‍, സ്‌ഥലങ്ങള്‍, സംഭവങ്ങള്‍. ഒരു ഭൂഖണ്ഡത്തില്‍ ജനിച്ച്‌ വേറൊരു വന്‍കരയില്‍ ജീവിതത്തിന്റെ സിംഹ ഭാഗവും കഴിച്ചു കൊണ്ടിരിക്കുന്ന എനിക്ക്‌ എന്റെ ഓര്‍മ്മകളെ എവിടെ നിന്നു ആരംഭിക്കണമെന്നുള്ള കാര്യത്തില്‍ ശങ്കയൊന്നുമില്ല. അതെന്റെ ജന്മഭൂമിയില്‍ നിന്നുതന്നെ. കേരളത്തിന്റെ സാംസ്‌കാരിക കേന്ദ്രം എന്നറിയപ്പെടുന്ന തൃശ്ശൂരില്‍നിന്ന്‌. പൂരങ്ങളുടെ നാടായ, സംഭാഷണത്തില്‍ എപ്പോഴും നര്‍മ്മം നിറക്കുന്നവരുടെ നാടായ തൃശ്ശൂരിലേക്ക്‌ പ്രിയവായനക്കരെ ഞാന്‍ കൊണ്ടുപോകട്ടെ.

(തയ്യാറാക്കിയത്‌: സുധീര്‍ പണിക്കവീട്ടില്‍)

(തുടരും)
നാഴികക്കല്ലുകള്‍ (ജീവിതത്തില്‍ നിന്നും ചില ഏടുകള്‍: പ്രൊഫസ്സര്‍ എം.ടി.ആന്റണി, ന്യൂയോര്‍ക്ക്‌)
നാഴികക്കല്ലുകള്‍ (ജീവിതത്തില്‍ നിന്നും ചില ഏടുകള്‍: പ്രൊഫസ്സര്‍ എം.ടി.ആന്റണി, ന്യൂയോര്‍ക്ക്‌)
നാഴികക്കല്ലുകള്‍ (ജീവിതത്തില്‍ നിന്നും ചില ഏടുകള്‍: പ്രൊഫസ്സര്‍ എം.ടി.ആന്റണി, ന്യൂയോര്‍ക്ക്‌)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക