Image

ബംഗളൂരു സ്‌ഫോടനക്കേസ്: കര്‍ണാടക സര്‍ക്കാരിനെ വിമര്‍ശിച്ച് സുപ്രീം കോടതി

Published on 31 July, 2015
ബംഗളൂരു സ്‌ഫോടനക്കേസ്: കര്‍ണാടക സര്‍ക്കാരിനെ വിമര്‍ശിച്ച് സുപ്രീം കോടതി


ന്യൂഡല്‍ഹി: പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മദനി ഉള്‍പ്പെട്ട ബംഗളൂരു സ്‌ഫോടനക്കേസിന്റെ വിചാരണ വൈകുന്നതില്‍ കര്‍ണാടക സര്‍ക്കാരിനെ സുപ്രീം കോടതി വിമര്‍ശിച്ചു. ഇത്തരം കേസുകളുടെ വിചാരണ വൈകിക്കരുതെന്നും ഇക്കാര്യത്തില്‍ കര്‍ശന നിലപാടെടുക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണെന്നും കോടതി പറഞ്ഞു. ബംഗളൂരു സ്‌ഫോടനക്കേസിന്റെ വിചാരണക്കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് മദനി നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.

കേസിന്റെ വിചാരണയ്ക്കായി പ്രത്യേക കോടതി രൂപീകരിക്കുന്നതിന് തടസമെന്താണെന്ന് സുപ്രീം കോടതി ചോദിച്ചു. ഈ വിഷയത്തില്‍ രണ്ടാഴ്ചയ്ക്കകം നിലപാട് അറിയിക്കണമെന്നും കര്‍ണാടക സര്‍ക്കാരിന് സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കി. രണ്ടാഴ്ചയ്ക്കകം കേസ് വീണ്ടും പരിഗണിക്കും.

നിലവില്‍ എന്‍.ഐ.എയുടെ പ്രത്യേക കോടതിയിലാണ് കേസ് പരിഗണിക്കുന്നത്. വിചാരണ നീണ്ടു പോകുന്നതിനാല്‍ കേരളത്തിലെത്തി ചികിത്സ നടത്താനാകുന്നില്ലെന്നും ഇങ്ങനെയായാല്‍ തന്റെ ആരോഗ്യസ്ഥിതി മോശമാകുമെന്നും മദനി കോടതിയെ അറിയിച്ചിരുന്നു. വിചാരണ പരപ്പന അഗ്രഹാര ജയിലിലെ കോടതിയിലേക്ക് മാറ്റണമെന്നായിരുന്നു മദനി ആവശ്യപ്പെട്ടിരുന്നത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക