Image

ഡോ. പോളി മാത്യു സോമതീരം നിര്യാതനായി

Published on 31 July, 2015
ഡോ. പോളി മാത്യു സോമതീരം നിര്യാതനായി

തിരുവനന്തപുരം: വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ സമുന്നത നേതാക്കളിലൊരാളായ ഡോ. പോളി മാത്യു അറമ്പാന്‍കുടി (സോമതീരം) നിര്യാതനായി. സംസ്‌കാരം ശനി ഉച്ചകഴിഞ്ഞ് രണ്ടിന് തിരുവനന്തപുരം ശാന്തികവാടത്തില്‍.

ഭാര്യ: ജര്‍മനിയില്‍ അധ്യാപികയായിരുന്ന ട്രീസ. മക്കള്‍: ജയിംസ് പോളി (ജെഎംഡി സോമതീരം), ഡോ. ജിംസണ്‍ പോളി, ജോണ്‍സ് പോളി.

സോമതീരം ഹെല്‍ത്ത് ഗ്രൂപ്പിന്റെ സ്ഥാപകന്‍ മാനേജിംഗ് ഡയറക്ടര്‍, കൂടാതെ ആയുര്‍ ടൂര്‍സ് ആന്‍ഡ് പ്രമോഷന്‍സ് മോണ്‍ഹൈം ജര്‍മനിയുടെ സ്ഥാപകനും എംഡിയുമാണ്.

വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ സജീവപ്രവര്‍ത്തകനും മുന്‍ ഗ്ലോബല്‍ ജനറല്‍ സെക്രട്ടറിയുമായിരുന്ന പോളി നിലവില്‍ ഡബ്ല്യുഎംസിയുടെ ഗ്ലോാബല്‍ ഗുഡ്‌വില്‍ അംബാസഡറുമാണ്. സ്വദേശ,വിദേശ മലയാളികളുടെ സമഗ്രമായ ഉന്നമത്തിനുവേണ്ടി പ്രവര്‍ത്തിച്ച വ്യക്തിയാണ്.

ടൂറിസം രംഗത്തെ മികച്ച സംഭാവനകള്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെയും കേന്ദ്രസര്‍ക്കാരിന്റെയും നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. തിരുവനന്തപുരം നഗരത്തിലെ വ്യവസായം, കല, സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ സജീവസാന്നിധ്യമായിരുന്നു. കോതമംഗലമാണ് സ്വദേശം. കഴിഞ്ഞ മുപ്പതു വര്‍ഷത്തിലധികമായി കേരളത്തിന്റെ ആയുര്‍വേദത്തെ ആഗോളതലത്തില്‍ എത്തിക്കാന്‍ യത്‌നിച്ച വ്വക്തിയെന്ന നിലയില്‍ ഡോ. പോളി വിവിധ തലങ്ങളില്‍ നിന്നും വളരെയേറെ പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട്. ബര്‍ലിന്‍ ഐടിബിയില്‍ നിരവധി തവണ പുരസ്‌കാരം നേടിയിട്ടുണ്ട്. നിറക്കാഴ്ച എന്ന മലയാള സിനിമ നിര്‍മിച്ചിട്ടുണ്ട്.

ഡോ. പോളിയുടെ ആകസ്മിക നിര്യാണത്തില്‍ ജര്‍മന്‍ മലയാളി സംഘടനകളും വേള്‍ഡ് മലയാളി കൗണ്‍സില്‍ ജര്‍മന്‍ പ്രോവിന്‍സും അനുശോചിച്ചു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍ 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക