Image

മുംബൈ മോണോ റയിലിന്റെ അമരത്ത്‌ മലയാളി ; മാത്യു വര്‍ഗീസ്‌ ജനറല്‍ മാനേജര്‍

ഷാജി രാമപുരം Published on 31 July, 2015
മുംബൈ മോണോ റയിലിന്റെ അമരത്ത്‌ മലയാളി ; മാത്യു വര്‍ഗീസ്‌ ജനറല്‍ മാനേജര്‍
ഹൂസ്റ്റണ്‍ : ഇന്ത്യയിലെ ആദ്യത്തെ മോണോ റയില്‍ പദ്ധതിയായ മുംബൈ മോണോ റയിലിന്റെ ഓപ്പറേഷന്‍സ്‌ വിഭാഗം ജനറല്‍ മാനേജരായി മലയാളിയായ മാത്യു വര്‍ഗീസ്‌ നിയമിതനായി.

പശ്ചിമ റയില്‍വേയില്‍ നീണ്ട 21 വര്‍ഷത്തെ പ്രവര്‍ത്തന പരിചയവുമായാണ്‌ മാത്യു വര്‍ഗീസ്‌ മുംബൈ മോണോ റയിലിലെത്തിയത്‌. പശ്ചിമ റയില്‍വേയില്‍ 1989 ല്‍ അസി. റയില്‍വേ സ്‌റ്റേഷന്‍ മാസ്റ്ററായി ജോലിയില്‍ പ്രവേശിച്ച മാത്യുവിന്‌ പിന്നീട്‌ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. പടിപടിയായി ഉയര്‍ന്ന സ്ഥാനങ്ങളിലേക്ക്‌ ചവിട്ടിക്കയറിയ മാത്യു വര്‍ഗീസ്‌ റയില്‍വേ ചീഫ്‌ ട്രയിന്‍സ്‌ കണ്‍ട്രോളറായി മുംബൈയില്‍ നിന്ന്‌ വിരമിക്കുകയും ചുരുങ്ങിയ കാലയളവ്‌ മുംബൈ മെട്രോ മണ്ണില്‍ പ്രവര്‍ത്തിച്ച ശേഷം മോണോ റയില്‍ ഓപ്പറേഷന്‍സ്‌ മാനേജരായി ചുമതലയേറ്റു. പിന്നീട്‌ സീനിയര്‍ ഓപ്പറേഷന്‍സ്‌ മാനേജരായി സേവനമനുഷ്‌ഠിച്ച ശേഷമാണ്‌ ഇപ്പോള്‍ ജനറല്‍ മാനേജരിന്റെ ചുമതലയേറ്റത്‌.

മുംബൈ മോണോ റയിലിന്റെ സര്‍വീസ്‌ സംബന്ധിച്ച ഓപ്പറേഷന്‍സ്‌ മാനുവല്‍, സേഫ്‌റ്റി മാനുവല്‍ തുടങ്ങിയവ തയ്യാറാക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ചു.തന്റെ പ്രയത്‌നങ്ങള്‍ക്കും കഠിനാധ്വാനത്തിനും ദൈവം നല്‍കിയ അനുഗ്രഹമാണ്‌ ഈ പുതിയ സ്ഥാന ലബ്ധിയെന്ന്‌ മലയാളിയായി ഈ 52 കാരന്‍ പറഞ്ഞു.

പത്തനംതിട്ട ജില്ലയില്‍ റാന്നി പേരങ്ങാട്ട്‌ പുത്തന്‍പറമ്പില്‍ പരേതനായ പി. വി. മാത്യുവിന്റെ മകനാണ്‌ മാത്യു വര്‍ഗീസ്‌. നിയമ ബിരുദ്ധധാരിയാണ്‌. സ്‌കോട്ട്‌ലന്റില്‍ നിന്ന്‌ ഓപ്പറേഷന്‍സ്‌ മാനേജ്‌മെന്റില്‍ എംബിഎയും കരസ്ഥമാക്കി.

ഹൂസ്റ്റണിലെ സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകനും മാധ്യമ പ്രവര്‍ത്തകനുമായ ജീമോന്‍ റാന്നി ഇദ്ദേഹത്തിന്റെ ഇളയ സഹോദരനാണ്‌.

മുംബൈ മെട്രോപ്പോലിറ്റന്‍ റീജിയന്‍ ഡവലപ്പ്‌മെന്റ്‌ അതോറിറ്റിയാണ്‌ മോണോ റയില്‍ പദ്ധതി നടപ്പാക്കുന്നത്‌. എല്‍ ആന്‍ഡ്‌ ടിയാണ്‌ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്‌. മലേഷ്യന്‍ കമ്പനിയായ സ്‌കോമി എഞ്ചിനീയറിംഗ്‌ കമ്പനിയാണ്‌ സര്‍വീസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നിര്‍വഹിക്കുന്നത്‌. 2014 ഫെബ്രുവരിയില്‍ സര്‍വീസിന്‌ തുടക്കമായത്‌. ചെമ്പൂര്‍ മുതല്‍ വസാല വരെ ഇപ്പോള്‍ സര്‍വീസ്‌ നടത്തുന്ന മുംബൈ മോണോ റയില്‍, അടുത്ത ഏപ്രില്‍ മുതല്‍ വസാല മുതല്‍ ജേക്കബ്‌ സര്‍ക്കിള്‍ വരെ സര്‍വീസ്‌ നടത്തുന്നതിനുളള പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചിട്ടുണ്ട്‌.

മുംബൈ മോണോ റയിലിന്റെ അമരത്ത്‌ മലയാളി ; മാത്യു വര്‍ഗീസ്‌ ജനറല്‍ മാനേജര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക