Image

ആതന്‍സില്‍ മലയാളി കാണുന്ന ട്രാജിക്‌ കോമഡി (കുര്യന്‍ പാമ്പാടി)

Published on 29 July, 2015
ആതന്‍സില്‍ മലയാളി കാണുന്ന ട്രാജിക്‌ കോമഡി (കുര്യന്‍ പാമ്പാടി)
ആതന്‍സ്‌ വിമാനത്താവളത്തില്‍ ഇറങ്ങുമ്പോള്‍ ആരുടെയും കണ്ണഞ്ചിച്ചു പോകും. 2004-ലെ ഒളിമ്പിക്‌സിനുവേണ്ടി പുതുതായി പണിതീര്‍ത്ത ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടും 27 കിലോമീറ്റര്‍ അകലെയുള്ള നഗരവുമായി അതിനെ ബന്ധിപ്പിക്കുന്ന ആറുവരിപാതയും മെട്രോയുമെല്ലാം കൊച്ചിയിലെ നെടുമ്പാശ്ശേരിക്ക്‌ സ്വപ്‌നം കാണാന്‍പോലുമായിട്ടില്ല. ഒന്നും വേണ്ട മൂന്നുവിമാനങ്ങള്‍ ഒന്നിച്ചിറങ്ങിയാല്‍ നെടുമ്പാശ്ശേരിയിലുണ്ടാകുന്ന കണ്‍ഫ്യൂഷന്‍ ഊഹിക്കാവുന്നതല്ലേയുള്ളൂ. ട്രെയിനില്‍ പോകുമ്പോള്‍ എയര്‍പോര്‍ട്ടു കാണാമെന്നല്ലാതെ അവിടേക്കു റെയില്‍ ഗതാഗതം ഏര്‍പ്പെടുത്താന്‍ ഇനിയും കഴിഞ്ഞിട്ടില്ലല്ലോ.

നെടുമ്പാശ്ശേരിയില്‍ നിന്നു പതിനഞ്ചുകിലോമീറ്റര്‍ അകലെ പള്ളിക്കരയിലാണ്‌ ജോയി വര്‍ഗീസ്‌ തച്ചേത്തിന്റെ വീട്‌. പതിനഞ്ചു മിനിറ്റ്‌ കൊണ്ട്‌ വീട്ടിലെത്താം. മുന്‍പ്രധാനമന്ത്രി എല്ലത്തേരിയോസ്‌ വെനസിലോസിന്റെ പേരിലുള്ള ആതന്‍സ്‌ വിമാനത്താവളത്തില്‍ ഇറങ്ങി നഗരപ്രാന്തത്തില്‍ പെയാനിയയിലെ സ്റ്റേജിഅഗാപ്പി എന്ന സ്ഥാപനത്തിലെത്താനും 15 മിനിറ്റ്‌ മതിയാകും. സ്റ്റേജിഅഗാപ്പി എന്നാല്‍ സ്‌നേഹഭവനം. പെന്‍ഷന്‍പറ്റിയ എണ്‍പതുപേരെ താമസിപ്പിച്ചുപരിരക്ഷിക്കുന്ന ഒരു പറുദീസയാണ്‌ സെന്റ്‌ജോണ്‍സ്‌ ട്രസ്റ്റ്‌വക സ്ഥാപനം. പത്തേക്കറില്‍ ഉദ്യാനവും ജലധാരയും നടപ്പാതയും നീന്തല്‍ കുളവുമൊക്കെയുള്ള ഒരു റിസോര്‍ട്ട്‌ എന്നു പറയാം. അവിടെ ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ആണ്‌ ജോയി വര്‍ഗീസ്‌ ഭാര്യ ലാലി ജനറല്‍ മാനേജരും.

പതിനഞ്ചു വര്‍ഷം മുമ്പ്‌ നാട്ടില്‍ നിന്നു അമ്മ അന്നമ്മയേയും (78) ലാലി കൂട്ടികൊണ്ടുവന്നു. അവര്‍ക്കു മൂന്നു പെണ്‍മക്കളാണ്‌ അവരുടെ കാര്യങ്ങള്‍ ശ്രദ്ധിക്കണമെങ്കില്‍ അമ്മയോടൊപ്പം അമ്മൂമ്മയും വേണമല്ലോ. സ്റ്റേജിയില്‍ 40 ജോലിക്കാരും ഒരു ഡസനോളം വാഹനങ്ങളുമുണ്ട്‌. 24 മണിക്കൂറും ഡോക്‌ടര്‍മാരുടെ സേവനവും . പെന്‍ഷന്‍ക്കാര്‍ക്ക്‌ താവളം ഒരുക്കുന്ന ഇത്തരം നൂറിലേറെ സ്ഥാപനങ്ങളുണ്ട്‌. ആതന്‍സില്‍. പിറിയോസ്‌ എന്ന തുറമുഖപട്ടണത്തിലും ബൈബിളില്‍ പറയുന്ന തെസലോനിക്കിയിലും കൊരിന്തിലും ഗ്രീസിന്റെ 2000 ദ്വീപുകളില്‍ ഒന്നായ ക്രീറ്റിന്റെ തലസ്ഥാനം ഹെറാക്ലിയോണിലും ലാരിസായിലുമെല്ലാമുണ്ട്‌. (കഥാകാരന്‍ നിക്കോസ്‌ കസന്ത്‌ സാക്കിസിന്റെ ജന്മസ്ഥലമാണ്‌ ക്രീറ്റ്‌. അവിടുത്തെ വിമാനത്താവളം അദ്ദേഹത്തിന്റെ പേരിലാണ്‌). ഗ്രീസില്‍ റിട്ടയര്‍ ചെയ്യുന്നവര്‍ക്ക്‌ 96% ശമ്പളം പെന്‍ഷനായി ലഭിക്കുന്നുവെന്നതാണ്‌ ഒരു പ്രത്യേകത. സ്വന്തം പെന്‍ഷന്‍ ഇല്ലാത്തവര്‍ മറ്റുള്ള വരുമാനം ഉപയോഗിച്ച്‌ ഇത്തരം റിട്ടയര്‍മെന്റ്‌ ഹോമുകളില്‍ ചേക്കേറുന്നു. അഡോണിസ്‌, വിതാനിയ, ഇവാഞ്ചിലിസ്റ്റ്‌, ഗ്രീഗോറിയോസ്‌ തുടങ്ങിയാണ്‌ പേരുകള്‍.

ഗ്രീസില്‍ നടമാടുന്നത്‌ അവരുടെ ദാര്‍ശിനകമാര്‍ അരിസ്റ്റോട്ടിലോ, സോക്രട്ടീസോ ഇതിഹാസകാരന്മാരായ ഹോമറോ (ഇലിയഡ്‌, ഒഡിസി) യൂറിപ്പിഡീസോ (ഇലക്‌ട്ര), സോഫോക്‌ളീസോ (ഇഡിപ്പസ)്‌ പറയുമ്പോലുള്ള ഒരു ദുരന്തനാടകമാണെന്ന്‌ ജോയി കരുതുന്നില്ല. സ്വയം വരുത്തിവച്ച ദുരന്തകോമഡിയാണ്‌. രണ്ടുപതിറ്റാണ്ടുമുമ്പ്‌ ഗ്രീസില്‍ എത്തുമ്പോള്‍ അവരുടെ നാണയത്തിനു ഡോളറിന്‌ 36-37 ഡ്രാക്‌മ വിലയുണ്ടായിരുന്നു. ഇന്ന്‌ അത്‌ പത്തിരട്ടി 308 ആയി. 1981 ല്‍ യൂറോപ്യന്‍ യൂണിയനിലും 2001-ല്‍ യൂറോ നാണയമേഖലയിലും ചേര്‍ന്ന ഗ്രീസില്‍ ഒരു യൂറോയുടെ വില ഇന്ന്‌ 375 ഡ്രാക്‌മയാണ്‌.

ഈ ഗതിവിഗതികള്‍ നീന്തിക്കടക്കാന്‍ ഇവര്‍ ഒന്നിറങ്ങി അദ്ധ്വാനിച്ചാല്‍ മതി. പ്രകൃതി കനിഞ്ഞ്‌ അനുഗ്രഹിച്ച നാട്‌. കടലും മലയും താഴ്‌വരയുമെല്ലാമുണ്ട്‌. അക്രോപോളിസ്‌, പാര്‍ത്ഥിനോണ്‍, ഒളിമ്പിയ തുടങ്ങിയ ചരിത്രസ്‌മരണകള്‍ തുടിക്കുന്ന ഒരുപാടുരംഗങ്ങള്‍ ലോകത്തിന്‌ കാണിച്ചുകൊടുക്കാന്‍ അവര്‍ക്ക്‌ കഴിയും.565 കിലോമീറ്റര്‍ കടല്‍ത്തീരമാണ്‌ കേരളത്തിനുള്ളതെങ്കില്‍ എജിയന്‍, അഡ്രിയാറ്റിക്‌ കടലുകളിലായി 13676 കിലോമീറ്റര്‍ കടലോരം ഇവര്‍ക്കുണ്ട്‌. പിറിയോസ്‌ ലോകത്തിലെ ഏറ്റവും വലിയ തുറമുഖങ്ങളിലൊന്നാണ്‌ .''അറേബ്യന്‍ കച്ചവടക്കാര്‍ കേരളത്തില്‍ നിന്നു കുരുമുളകും ഏലവും സംഭരിച്ചു ഗ്രീസുവഴിയാണ്‌ യൂറോപില്‍ എത്തിച്ചുകൊണ്ടിരുന്നത്‌''- ജോയി പറയുന്നു. ജാക്വലിന്‍ കെന്നഡിയെ വിവാഹം ചെയ്‌ത അരിസ്റ്റോട്ടില്‍ ഒനാസീസ്‌ ഗ്രീസിലെ ഒരു വന്‍ കപ്പല്‍ കമ്പനി ഉടമയായിരുന്നു.

പലതുകൊണ്ടും ഇന്ത്യയുമായി പ്രത്യേകിച്ച്‌ കേരളവും അവിടത്തെ കൊച്ചിയുമായും ഗ്രീസിനെ താരതമ്യം ചെയ്യാനൊക്കും. ഹൈന്ദവരുടെ മുപ്പത്തിമുക്കോടി ദൈവങ്ങളിവിടെയുമുണ്ട്‌. ബ്രഹ്മാവായ സിയൂസില്‍ തുടങ്ങി അപ്പോളോ, ആഫ്രോഡൈറ്റ്‌, ആര്‍ട്ടെമിസ്‌, അതീന, മിനര്‍വ, പോസിഡോണ്‍, ഈറോസ്‌, യൂറാനസ്‌ തുടങ്ങിയ എണ്ണമറ്റ ദേവിദേവന്മാര്‍. ഭീമനോട്‌ ഉപമിക്കാവുന്ന ഹെര്‍കുലീസിനെപ്പോലുള്ള വീരപുരുഷന്മാര്‍, മാര്‍ലോയുടെ ഭാഷയില്‍ ``ആയിരം കപ്പലുകളെ യുദ്ധത്തിനിറക്കിയ' വിശ്വസുന്ദരി ഹെലന്‍, അങ്കഗണിതശാസ്‌ത്രജ്ഞന്‍ പൈതഗോറസ്‌, വൈദ്യശാസ്‌ത്രജ്ഞനായ ഹിപ്പോക്രാറ്റസ്‌, ഇന്ത്യയെയും ഈജിപ്‌തിനെയും ആക്രമിച്ച അലക്‌സാണ്ടര്‍ ചക്രവര്‍ത്തി ഇവരെല്ലാം ഗ്രീക്കുകാരാണ്‌.

ഗോവക്കാരെപ്പോലെ ഉച്ചയൂണുകഴിഞ്ഞ്‌ അല്‌പം ഉറങ്ങുന്ന സ്വഭാവക്കാരല്ലായിരുന്നെങ്കില്‍ ഗ്രീക്കുകാര്‍ എവിടെ എത്തിച്ചേരുമായിരുന്നു! ക്രിസ്‌തുവിന്‌ മുമ്പ്‌ പെരിക്ലീസിന്റെ കാലത്ത്‌ ഗ്രീക്ക്‌ സംസ്‌കാരം പരമോന്നത നിലയിലെത്തി. ആതന്‍സ്‌ നഗരഹൃദയത്തിലുള്ള അക്രോപോളീസ്‌, പാര്‍ത്ഥിനോണ്‍ തുടങ്ങിയ ശിലാമന്ദിരങ്ങള്‍ അവരുടെ പ്രതാപത്തിന്റെ ജീവിക്കുന്നപ്രതീകങ്ങളാണ്‌. ഏതെല്ലാം ദുരന്തങ്ങള്‍ കടന്നെത്തിയവരാണ്‌ ഗ്രീക്കുകാര്‍! റോമന്‍, തുര്‍ക്കി അധിനിവേശങ്ങള്‍ (ബൈസാന്റിയന്‍, ഓട്ടോമന്‍ സാമ്രാജ്യങ്ങള്‍)തരണം ചെയ്‌തവര്‍. ലോകത്തില്‍ ജനാധിപത്യത്തിനു തുല്യം ചാര്‍ത്തിയവര്‍. രണ്ടാം ലോകമഹായുദ്ധകാലത്തു ഇറ്റലിയും ജര്‍മ്മനിയും അവരെ കീഴ്‌പ്പെടുത്തി. അവരില്‍ നിന്ന്‌ രക്ഷപ്പെട്ട ഗ്രീക്കുകാര്‍ രാജവാഴ്‌ചയേയും പട്ടാളവാഴ്‌ചയേയും തുരത്തി ഓടിച്ചു. 1974 ല്‍ പാര്‍ലമെന്ററി റിപ്പബ്ലിക്‌ ആയി. 1981 ല്‍ യൂറോപ്യന്‍ യൂണിയനില്‍ അംഗവും.

കൃഷിയും (ആപ്പിള്‍, ഓറഞ്ച്‌, മുന്തിരി, മാതളം, അത്തി, പിച്ചി, സ്‌ട്രോബറി) കപ്പലോട്ടവും കഴിഞ്ഞാല്‍ ഗ്രീസില്‍ ഏറ്റവുമധികം വരുമാനമുണ്ടാക്കുന്നതു ടൂറിസമാണ്‌. ഡ്രാക്‌മയുടെ വിലയിടിഞ്ഞതുകൊണ്ട്‌ ചെലവുകുറഞ്ഞ യൂറോപ്യന്‍ രാജ്യമെന്നനിലയില്‍ ഗ്രീസിലേക്കു ടൂറിസ്റ്റുകളുടെ മഹാപ്രവാഹം തന്നെയുണ്ടായി. 1985 ല്‍ ഇറ്റലിയുടെ തെക്കേഅറ്റത്തുള്ള ബ്രിന്‍ഡിസിയില്‍ നിന്ന്‌ 20 മണിക്കൂര്‍ കപ്പലിരുന്നു ഗ്രീസിലെ പത്രാസില്‍ എത്തിയത്‌ ഓര്‍മ്മ വരുന്നു. അവിടെ നിന്ന്‌ മീറ്റര്‍ ഗേജ്‌ ട്രെയിനിലിരുന്നു ആതന്‍സിലെത്തിയതു ഓറഞ്ചും ആപ്പിളും കൈയെത്താദൂരത്തുള്ള തോട്ടങ്ങളിലൂടെയാണ്‌. ട്രെയിനില്‍ ഒരു പറ്റം ചെറുപ്പക്കാര്‍ കയറി ആട്ടവും പാട്ടും. അതിനിടയില്‍ ആതന്‍സിലെ ഹോട്ടല്‍, ഹോം സ്റ്റേകള്‍ക്കു ബുക്കു ചെയ്യുന്നു.

ആതന്‍സ്‌ നഗരത്തിനു നടുവില്‍ വിധവയായ ഒരമ്മയും മകളും നടത്തുന്ന ഒരു ഹോം സ്റ്റേയില്‍ വെറും അഞ്ചു ഡോളറിനു ഒരു ഡബിള്‍ റൂം കിട്ടി എന്നു പറഞ്ഞാല്‍ വിശ്വസിക്കാന്‍ പ്രയാസം. അവര്‍ തികഞ്ഞ ആതിഥേയത്വമുള്ളവരായിരുന്നു. രാവിലെ ബ്രേക്ക്‌ഫാസ്റ്റ്‌ ഉള്‍പ്പെടെയാണ്‌ ചാര്‍ജ്‌. ചെന്നപാടെ രണ്ടു കാപ്പി ഫ്രീ ആയി തരുകയും ചെയ്‌തു. രാവിലെ അക്രോപോളിസിലേക്കു നടന്നുപോയി. പക്ഷേ അന്നു മെയ്‌ ഒന്ന്‌ ലോകതൊഴിലാളി ദിനമായതിനാല്‍ സ്‌മാരകം അടഞ്ഞു കിടന്നു. കുന്നില്‍ നിന്ന്‌ പോലീസുകാരോടൊപ്പം ചിത്രം എടുത്തു. മടങ്ങി വരുമ്പോള്‍ തൊഴിലാളി റാലിയില്‍ കൊടി പിടിച്ചു മുന്നണിയില്‍ കുറേ ദൂരം നടക്കാനും കഴിഞ്ഞു. പഞ്ചാബികളുമായി നല്ല സാമ്യമുണ്ട്‌, ഗ്രീക്കുകാര്‍ക്ക്‌. നല്ല ഉയരം. പഞ്ചാബികളുടെ കൃപാണ്‍ പോലുള്ള ഒരു കത്തി (മഗേരി) പഴയ ആളുകള്‍ കൊണ്ടു നടക്കാറുണ്ട്‌.

പതിനഞ്ചു വര്‍ഷത്തിനുമുമ്പ്‌ യൂറോസാണില്‍ ചേര്‍ന്നതുമുതല്‍ തുടങ്ങി ഗ്രീക്കുകാരുടെ അധോഗതി എന്നു പറയാം. ഡ്രാക്‌മ ഉപേക്ഷിച്ചാല്‍ യൂറോനാണയം മുഖേന അത്ഭുതകരമാം വിധം രക്ഷപ്പെടുമെന്നതായിരുന്നു കണക്കുകൂട്ടല്‍. പക്ഷെ കാണം വിറ്റ്‌ ഓണം ഉണ്ടതു കൊണ്ട്‌ കൂടുതല്‍ ബുദ്ധിമുട്ടുകളേ ഉണ്ടായുള്ളൂ. ഒളിമ്പിക്‌സിന്‌ ജന്മം നല്‍കിയ ഗ്രീസില്‍ ആധുനിക ഒളിമ്പിക്‌സിന്റെ ശതവാര്‍ഷികമേള നടത്താന്‍വേണ്ടി അവര്‍ മത്സരിച്ചു. പക്ഷെ 1996-ലെ ആദ്യമേള ഒളിമ്പിക്‌സിന്റെ മുഖ്യ സ്‌പോണ്‍സര്‍മാരായ കൊക്കാകോള കമ്പനി അവരുടെ ആസ്ഥാനമായ അറ്റലാന്റയിലേക്ക്‌ കൊണ്ടുപോയി. 2000മാണ്ടെത്തെ മത്സരം സിഡ്‌നി നേടി. 2004 ന്റെ അവകാശം ആതന്‍സിനും.

പുതിയ സ്റ്റേഡിയങ്ങള്‍, എയര്‍പോര്‍ട്ട്‌, രാജപാതകള്‍, മെട്രോ തുടങ്ങിയവയെല്ലാം കെട്ടിപ്പെടുത്തു. ഉദ്‌ഘാടന സമാപന ചടങ്ങുകള്‍ അരങ്ങേറിയ പനാത്തതിനായിക്കോണ്‍ സ്റ്റേഡിയം പ്രൗഢോജ്ജ്വലമായി. ഉദ്‌ഘാടനം ഗ്രീസിന്റെ ചരിത്രസംസ്‌കാരിക പശ്ചാത്തലത്തിലേക്കുള്ള ഒരു പടയോട്ടമായിരുന്നു. ഓര്‍ഫിയസ്‌ സംഗീതവും വിശ്വസുന്ദരി ഹെലനെയും യുദ്ധവീരന്‍ ഹെര്‍ക്കുലിസിനെയുമൊക്കെ അണിനിരത്തി. ഗ്രീസിനെ ടൂറിസ്റ്റുകളുടെ പറുദീസയായി മാറ്റാന്‍ കഴിയുമെന്ന്‌ സംഘാടകര്‍ സ്വപ്‌നം കണ്ടതില്‍തെറ്റു പറയാനില്ല.

കഴിഞ്ഞ വര്‍ഷം ഒളിമ്പിക്‌സ്‌ നടന്ന്‌ 10-ാം വര്‍ഷികത്തിനു ജോയി വര്‍ഗീസ്‌ പത്‌നി ലാലിയും പെണ്‍മക്കള്‍ സാറ, അന്ന, മരിയ എന്നിവരുമൊത്ത്‌ സ്റ്റേഡിയവും അനുബന്ധ സ്ഥാപനങ്ങളും ഒന്നു ചുറ്റിക്കാണാന്‍പോയി. മിക്കതും അനാഥമായി കിടക്കുന്നു. പ്രധാനസ്റ്റേഡിയത്തില്‍ വല്ലപ്പോഴും അത്‌ലറ്റിക്‌ മീറ്റുകള്‍ നടത്താറുണ്ട്‌. പ്രവേശനഹാളില്‍ 2004 ലെ പോസ്‌റററുകള്‍ ചിതറിപ്പാറി നടക്കുന്നു. സിമ്മിംഗ്‌പൂളില്‍ ഒരു കസേര ആണി ഇളകി പൊങ്ങികിടക്കുന്നു.ഒളിമ്പിക്‌ വില്ലേജ്‌ ഇടത്തരക്കാരുടെ ഭവനങ്ങളായി മാറി. ഇന്റര്‍നാഷണല്‍ ബ്രോഡ്‌കാസ്റ്റിംങ്‌ സെന്ററില്‍ ഇന്ന്‌ കൊച്ചിയിലെ ഒബറോണ്‍ പോലുള്ള ഒരു മാള്‍ നടക്കുന്നു. ബഹുരാഷ്‌ട്രകമ്പനികളുടെ പരസ്യപലകകള്‍ തുരുമ്പിച്ച്‌ നിറംകെട്ട്‌ അവിടെയിവിടയായി കാണാം. ആദ്യ ഒളിമ്പിക്‌സ്‌ നടന്ന ഒളിമ്പിയഗ്രാമം ഇന്നൊരു മുനിസിപ്പല്‍ നഗരമാണ്‌. ആതന്‍സില്‍ നിന്നും നാലുമണിക്കൂര്‍ യാത്രചെയ്‌താല്‍ 334 കിലോമീറ്റര്‍ പിന്നിട്ട്‌ ഒളിമ്പിയയിലെത്താം.

കേരളത്തിന്റെമൂന്നിരട്ടി വലുപ്പം, മൂന്നിലൊന്നു ജനം (1.1 കോടി). കേരളത്തിലേതുപോലെ നൂറുശതമാനം സാക്ഷരതയും. ആതന്‍സിലെ ചില തെരുവുകള്‍ പ്രത്യേകിച്ച്‌ ഓള്‍ഡ്‌ ഡല്‍ഹിയെപ്പോലുള്ള ഓള്‍ഡ്‌ ആതന്‍സിലെ പ്ലാക്ക സന്ദര്‍ശിച്ചാല്‍ ഫോര്‍ട്ടുകൊച്ചിയുടെ ഒരു നേര്‍പ്പകര്‍പ്പായി തോന്നും. കല്ലുപാകിയ ഇടവഴികളില്‍ കല്ലില്‍ തീര്‍ത്ത വീടുകള്‍. പൂക്കള്‍ തൂങ്ങിക്കിടക്കുന്ന വള്ളിപ്പടര്‍പ്പുകള്‍കൊണ്ടലങ്കരിച്ച പൂമുഖങ്ങള്‍. തെരുവോരങ്ങളില്‍ കാറ്റത്താടുന്ന പൂമരച്ചില്ലകളുടെ തണലില്‍ കസേരകളും തീന്‍മേശയും നിരത്തിയ റെസ്‌റ്റോറന്റുകള്‍, ചീനവലയില്‍ പിടിക്കുന്ന മത്സ്യം കൈയോടെ പൊരിച്ചുതരുന്ന ഫോര്‍ട്ടുകൊച്ചിയെ ഓര്‍മ്മിപ്പിക്കും വിധം സീഫുഡിനുപ്രസിദ്ധമാണ്‌ പ്ലാക്കയിലെ തെരുവുഭക്ഷണശാലകള്‍.

പൗരസ്‌ത്യ ഓര്‍ത്തഡോക്‌സ്‌ വിശ്വാസികളാണ്‌ ഗ്രീസില്‍ ബഹുഭൂരിപക്ഷവും ഇറ്റലിയില്‍ നിന്നും സ്‌പെയിനില്‍നിന്നും കുടിയേറിയ കത്തോലിക്കര്‍ നേരിയതോതിലുണ്ട്‌. തൊട്ടയല്‍ രാജ്യമായ ടര്‍ക്കിയില്‍ നിന്നുള്ള മുസ്ലീംകളും ന്യൂനപക്ഷമായുണ്ട്‌. ഗ്രീക്ക്‌ ക്രിസ്‌ത്യാനികളുടെ പരമാചാര്യന്‍ ടര്‍ക്കിയിലെ ഈസ്റ്റാമ്പൂളിലുള്ള ബര്‍ത്തലോമ്യൂപാത്രിയക്കീസാണ്‌. പക്ഷെ ആതന്‍സിലെ ഭരണം ആര്‍ച്ചു ബിഷപ്പ്‌ ഏറാനിയോസ്‌ കൈയാളുന്നു. ഇന്ത്യാക്കാര്‍ ഒരു കാലത്ത്‌ അമ്പതിനായിരമെങ്കിലും ഉണ്ടായിരുന്നു. സാമ്പത്തികപ്രതിസന്ധിയുടെ ലക്ഷണം കണ്ടതോടെ നല്ലൊരു പങ്ക്‌ നാടുവിട്ടു. പഞ്ചാബികളാണ്‌ അവരില്‍ ഭൂരിഭാഗവും കടകളിലും റെസ്റ്റോറന്റുകളിലും കൃഷിത്തോട്ടങ്ങളിലും അവരെ കാണാം. മലയാളികള്‍ കഷ്‌ടിച്ച്‌ 25 പേരുണ്ടാവും ജോയിക്കുമുമ്പേ- 27 വര്‍ഷം മുമ്പ്‌ -ആതന്‍സിലുണ്ടായ ആളാണു ലാലിയുടെ സഹോദരന്‍ സാജൂ കാവനാല്‍. കോലഞ്ചേരിക്കടുത്തു വടയമ്പാടിയാണ്‌ സാജുവിന്റെ ജന്മസ്ഥലം. ആതന്‍സില്‍ പനയോത്തെ എന്ന ഗ്രീക്ക്‌ ഓര്‍ത്തഡോക്‌സ്‌കാരിയെ വിവാഹം ചെയ്‌തു. നാല്‌ ആണ്‍മക്കള്‍- യാനി, ജോര്‍ഗോ, മാരിയോസ്‌, പാവ്‌ലോസ്‌.

201-ല്‍ തുടങ്ങിയ സാമ്പത്തിപ്രശ്‌നം രണ്ടുലക്ഷത്തോളം ചെറുപ്പക്കാരെ ഗ്രീസില്‍നിന്നും മറുനാടുകളിലേക്കോടിച്ചു എന്നാണ്‌ ഒരുകണക്ക്‌. നികുതി ശരിക്കുപിരിച്ചെടുത്താല്‍ മതി. സമ്പത്തിന്റെ 15 ശതമാനം നികുതിവെട്ടിപ്പിലൂടെ നഷ്‌ടപ്പെടുന്നു എന്നു കണക്കുണ്ട്‌. സ്വിസ്‌ബാങ്കുകളില്‍ ഗ്രീക്ക്‌ ധനികന്മാരുടെ 20,000 കോടി യൂറോയുടെ കള്ളപ്പണം ഉണ്ടത്രെ.

ഇന്ത്യന്‍ എംബസിയില്‍ മുവാറ്റുപുഴക്കാരന്‍ മനോജ്‌ ഉദ്യോഗസ്ഥനാണ്‌. ജനീവയില്‍ സഭകളുടെ ലോകകൗസിലില്‍ ഉന്നതസ്ഥാനം വഹിച്ചിരുന്ന റവ. ഡോ. കെ. എം. ജോര്‍ജ്‌ പാര്‍ലമെന്റ്‌ ഹൗസില്‍ 2013 ല്‍ നടന്ന ഓര്‍ത്തഡോക്‌സ്‌ സാമാജികരുടെ ലോക കോണ്‍ഗ്രസില്‍ പ്രസംഗിക്കാനെത്തിയിരുന്നു. ഒപ്പം മുന്‍ എംഎല്‍എ ജോസഫ്‌ എം പുതുശ്ശേരിയും ഉണ്ടായിരുന്നു. ഗ്രീക്ക്‌ പാര്‍ലമെന്റ്‌ സ്‌പീക്കര്‍ക്ക്‌ പുതുശ്ശേരി ആറന്മുളകണ്ണാടി സമ്മാനിച്ചത്‌ കൗതുകരമായി. ഒരു പക്ഷെ ഗ്രീസിലെ ജനഹിതപരിശോധനയ്‌ക്കായി വോട്ടുചെയ്‌ത ഏക മലയാളി സാജു കാവനാല്‍ ആയിരിക്കും. `യെസ്‌ 'എന്ന്‌ സാജു. സാമ്പത്തികനിയന്ത്രണങ്ങള്‍ക്കാകാം ഗ്രീസ്‌ യൂറോസോണ്‍ വിടരുത്‌ എന്നര്‍ത്ഥം.

കൊച്ചിയില്‍ നിന്നു എമിറേറ്റ്‌സ്‌, എത്തിഹാഡ്‌, ഖത്തര്‍ എയര്‍വേയ്‌സ്‌ മുഖേന ആതന്‍സിലേക്ക്‌ നേരിട്ട്‌ പറക്കാം. ദുബൈ, അബുദാബി, ദോഹവഴി. കൊച്ചിയില്‍ നിന്നുതന്നെ ബാഗേജ്‌ ചെക്കിന്‍ ചെയ്യാം. ഏറ്റവും കുറഞ്ഞ റേറ്റ്‌ 700 യൂറോ- അമ്പതിനായിരം രൂപ. ആതോസ്‌ ദ്വീപിലെ മൗണ്ട്‌ ആതോസ്‌ ലോകപ്രശസ്‌തമായ ഒരു തീര്‍ത്ഥാടനകേന്ദ്രമാണ്‌ ആണുങ്ങള്‍ക്കേ അവിടെ പ്രവേശനമുള്ളൂ. പൂക്കള്‍ വിരിഞ്ഞുനില്‍ക്കുന്ന ജൂണ്‍, ജൂലൈ, ഓഗസ്റ്റ്‌ ആണ്‌ സന്ദര്‍ശനത്തിനു ഏറ്റം അനുയോജ്യമായ സമയം.
ആതന്‍സില്‍ മലയാളി കാണുന്ന ട്രാജിക്‌ കോമഡി (കുര്യന്‍ പാമ്പാടി)
ജോയി വര്‍ഗീസും ലാലിയും (ഇടത്ത്‌) ഗ്രീസിലെ മെത്തയോറ കത്തിഡ്രലില്‍ ബിഷപ്പു മാര്‍ സെറാഫിനുമൊത്ത്‌
ആതന്‍സില്‍ മലയാളി കാണുന്ന ട്രാജിക്‌ കോമഡി (കുര്യന്‍ പാമ്പാടി)
ജോയിയും ലാലിയും സേവനം ചെയ്യുന്ന ആതന്‍സിലെ സ്‌നേഹഭവന്‍
ആതന്‍സില്‍ മലയാളി കാണുന്ന ട്രാജിക്‌ കോമഡി (കുര്യന്‍ പാമ്പാടി)
ജോയി, ലാലി, കുടുംബം ആതന്‍സില്‍.
ആതന്‍സില്‍ മലയാളി കാണുന്ന ട്രാജിക്‌ കോമഡി (കുര്യന്‍ പാമ്പാടി)
നിരന്തര പ്രക്ഷോഭണങ്ങളുടെ വേദിയായ പാര്‍ലമെന്റ്‌ ഹൗസ്‌
ആതന്‍സില്‍ മലയാളി കാണുന്ന ട്രാജിക്‌ കോമഡി (കുര്യന്‍ പാമ്പാടി)
റവ.ഡോ.കെ.എം. ജോര്‍ജ്‌ ഗ്രീക്ക്‌ പാര്‍ലമെന്റ്‌ ഹൗസില്‍; ജോസഫ്‌ എം പുതുശ്ശേരി വലത്ത്‌
ആതന്‍സില്‍ മലയാളി കാണുന്ന ട്രാജിക്‌ കോമഡി (കുര്യന്‍ പാമ്പാടി)
ഓള്‍ഡ്‌ ആതന്‍സിലെ ഹെറിറ്റേജ്‌ ഭവനങ്ങള്‍
ആതന്‍സില്‍ മലയാളി കാണുന്ന ട്രാജിക്‌ കോമഡി (കുര്യന്‍ പാമ്പാടി)
ആതന്‍സിലെ വഴിയോര റസ്റ്റോറന്റുകള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക