Image

മധുര വാഗ്ദാനങ്ങള്‍ ഡി കമ്പനിയോട് വിലപ്പോവില്ല: ഛോട്ടാ ഷക്കീല്‍

Published on 31 July, 2015
മധുര വാഗ്ദാനങ്ങള്‍ ഡി കമ്പനിയോട് വിലപ്പോവില്ല: ഛോട്ടാ ഷക്കീല്‍

ന്യൂഡല്‍ഹി: യാക്കൂബ് മേമന്‍േറത് നിയമപരമായ കൊലപാതകമാണെന്നും അദ്ദേഹം ഇന്ത്യയിലേക്ക് മടങ്ങിയപ്പോള്‍ നല്‍കിയ ഉറപ്പ് അധികൃതര്‍ പാലിച്ചില്ളെന്നും ദാവൂദ് ഇബ്രാഹിമിന്‍െറ വലംകൈ ഛോട്ടാ ഷക്കീല്‍. മേമനെ തൂക്കിലേറ്റിയത് വലിയ പ്രത്യാഘാതങ്ങള്‍ക്ക് വഴിവെക്കുമെന്ന് ഛോട്ടാ ഷക്കീല്‍ മുന്നറിയിപ്പ് നല്‍കി.

ഇന്ത്യന്‍ അധികൃതരുടെ വാക്ക് വിശ്വസിച്ച് ദാവൂദ് ഇബ്രാഹിം മടങ്ങി എത്തിയിരുന്നുവെങ്കില്‍ സമാന സംഭവം ആവര്‍ത്തിച്ചേനെ എന്ന് ചൂണ്ടിക്കാട്ടിയ ഷക്കീല്‍ ഇപ്പോള്‍ എല്ലാം വ്യക്തമായെന്നും പറയുന്നു.

മേമന്‍െറ വധശിക്ഷയിലൂടെ എന്ത് സന്ദേശമാണ് ഇന്ത്യന്‍ ഭരണകൂടം നല്‍കുന്നതെന്ന് ഷക്കീല്‍ ചോദിക്കുന്നു. സഹോദരന്‍ ചെയ്ത കുറ്റത്തിനാണ് നിഷ്കളങ്കനായ ഒരാളെ ശിക്ഷിച്ചത്.

സര്‍ക്കാരിന്‍െറ മധുര വാഗ്ദാനങ്ങള്‍ ഡി കമ്പനിയോട് വിലപ്പോവില്ല. ഭാവിയിലും നിങ്ങളുടെ ഏജന്‍സികള്‍ നല്‍കുന്ന ഉറപ്പുകള്‍ ഞങ്ങള്‍ വിശ്വസിക്കുകയില്ല.

ദാവൂദുമായി യാതൊരു സഹകരണവും യാക്കൂബിന് ഉണ്ടായിരുന്നില്ല. ഇത്തരം വാദങ്ങള്‍ അസത്യങ്ങളാണ്. അന്വേഷണ ഏജന്‍സികളുമായുള്ള ധാരണപ്രകാരമാണ് യാക്കൂബ് ഇന്ത്യയില്‍ മടങ്ങിയെത്തിയത്.

ഇന്ത്യന്‍ സര്‍ക്കാര്‍ വിശ്വാസവഞ്ചന കാട്ടുകയാണ് ചെയ്തത്. ഡി കമ്പനി സര്‍ക്കാരിനെ വിശ്വസിക്കുന്നില്ല. ആര് മടങ്ങിവന്നാലും സര്‍ക്കാര്‍ കൊലപ്പെടുത്തും. ഇന്ത്യയിലേക്ക് വന്ന യാക്കൂബിന്‍െറ ഭാര്യക്കും ചെറിയ കുട്ടിക്കും മാസങ്ങളോളം ജയിലില്‍ കഴിയേണ്ടി വന്നു. ഏതു തരം നീതിയാണിത്-ഷക്കീല്‍ ചോദിക്കുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക