Image

എസ്‌.എന്‍.ഡി.പിയിലൂടെ ബിജെപി ഇനി കേരളം പിടിക്കും

ജയമോഹനന്‍ എം Published on 30 July, 2015
എസ്‌.എന്‍.ഡി.പിയിലൂടെ ബിജെപി ഇനി കേരളം പിടിക്കും
ബംഗാളിന്‌ പിന്നാലെ കേരളത്തിലേക്ക്‌ ബിജെപി കടന്നു കയറുന്നത്‌ യാഥാര്‍ഥ്യമാകുന്ന ദിവസം ഇനി അധികം വിദൂരമല്ല. അതിന്റെ ആദ്യപടികള്‍ ബിജെപി മുമ്പേ നടന്നു കയറിക്കഴിഞ്ഞിരുന്നു. അവസാന പടിയാണ്‌ കേരളത്തിലെ ഏറ്റവും വലതും സുസംഘടിതവുമായ എസ്‌.എന്‍.ഡി.പിയെ തങ്ങളുടെ പാളയത്തിലേക്ക്‌ എത്തിച്ചിരിക്കുന്നു എന്നത്‌. ഉടന്‍ തന്നെ വെള്ളാപ്പള്ള നടേശന്‍ മകന്‍ തുഷാര്‍ വെള്ളാപ്പളി രാജ്യസഭാംഗമാകുമെന്നതും ഒരുപക്ഷെ മന്ത്രിസഭയില്‍ എത്തുമെന്നതും കാണാന്‍ പോകുന്ന കാര്യങ്ങളാണ്‌. ഒപ്പം ഒന്നുകൂടി, കേരളത്തില്‍ ഇടതുപക്ഷത്തിന്റെ പ്രത്യേകിച്ച്‌ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ പടിയിറക്കം തുടങ്ങിക്കഴിഞ്ഞിരിക്കുന്നു.

ഒരുപക്ഷെ കേരള രാഷ്ട്രീയത്തില്‍ ഇന്നേവരെ ആരും പ്രതീക്ഷിക്കാത്ത നീക്കമാണ്‌ ഒരു പ്രബല സമുദായ സംഘടന ബിജെപിയുമായി അടുപ്പം സ്ഥാപിക്കുക എന്നത്‌. മതേതര സ്വഭാവം ഉപരിപ്ലവമായിട്ടെങ്കിലും കാത്തു സൂക്ഷിക്കുന്ന കേരളത്തിന്‌ ബിജെപി എപ്പോഴും തീണ്ടാപ്പാടകലെയുള്ള കാര്യമായിരുന്നു. കാര്യമെന്തൊക്കെയായാലും എന്‍.എസ്‌.എസ്‌ ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ നായര്‍ സമുദായത്തെ ഭൂരിപക്ഷ സമുദായം എന്നല്ലാതെ ഹിന്ദു സമുദായം എന്ന്‌ വിശേഷിപ്പിച്ചിരുന്നില്ല. എന്നാല്‍ എസ്‌.എന്‍.ഡി.പി മുന്നോട്ടു വെച്ചിരിക്കുന്നത്‌ ഒരു പുതിയ തുടക്കമാണ്‌. യാതൊരു ജാള്യതകളുമില്ലാതെ ബിജെപി പാളയത്തിലേക്ക്‌ നടന്നു കയറിയിരിക്കുന്നു.
ഇവിടെ വെള്ളാപ്പള്ള നടേശന്‍ പറയുന്ന ന്യായം ഇതാണ്‌. ഇന്ത്യ ഭരിക്കുന്ന പാര്‍ട്ടിയല്ലേ ബിജെപി. രാജ്യം ഭരിക്കുന്ന പാര്‍ട്ടിയോട്‌ കൂട്ടുകൂടുന്നതില്‍ എന്താണ്‌ തെറ്റ്‌. ആലോചിച്ച്‌ നോക്കിയാല്‍ ഇത്‌ ശരിയുമാണ്‌. എന്നാല്‍ ബിജെപിയിലേക്കുള്ള വെള്ളാപ്പള്ളിയുടെ ബാന്ധവും തുടങ്ങുന്നത്‌ രാഷ്‌ട്രീയ കൂട്ടുകെട്ടിലൂടെയാണോ എന്നത്‌ പരിശോധിക്കപ്പെടേണ്ടതുണ്ട്‌. അതിന്റെ ഉത്തരം തീര്‍ച്ചയായും അല്ല എന്നു തന്നെയാണ്‌.

സംഘപരിവാരത്തിലെ ഏറ്റവും തീവ്രസംഘടനയായ വിശ്വഹിന്ദു പരിഷത്തിലൂടെയാണ്‌ എസ്‌.എന്‍.ഡി.പി ഇപ്പോള്‍ ബിജെപി പാളയത്തിലേക്ക്‌ എത്തുന്നത്‌. കുറച്ചു നാളുകള്‍ക്ക്‌ മുമ്പ്‌ കണിച്ചുകുളങ്ങരയില്‍ വി.എച്ച്‌.പി നേതാവ്‌ പ്രവീണ്‍ തൊഗാഡിയ നേരിട്ടെത്തി വെള്ളപ്പള്ളിയോട്‌ ചര്‍ച്ചകള്‍ നടത്തിയിരുന്നു. ആരോഗ്യ രംഗത്തും കൃഷിയിലും ഒന്നിച്ചു പ്രവര്‍ത്തിക്കാനാണ്‌ ഈ ചര്‍ച്ചകള്‍ എന്നൊക്കെയായിരുന്നു അന്ന്‌ വെള്ളാപ്പള്ളി പറഞ്ഞിരുന്നത്‌. വിശ്വഹിന്ദുപരിഷത്ത്‌ തീര്‍ത്തും ഒരു മതസംഘടനയാണ്‌. ഒരു മതസംഘടനയിലൂടെ ഒരു ജാതിസംഘടന മതരാഷ്‌ട്രീയം ഉയര്‍ത്തുന്ന ബിജെപിയോട്‌ ഒത്തുചേര്‍ന്ന്‌ പുതിയൊരു രാഷ്‌ട്രീയ കൂട്ടുകെട്ട്‌ ഉണ്ടാക്കുമ്പോള്‍ എന്താണ്‌ മനസിലാക്കേണ്ടത്‌. തീര്‍ച്ചയായും ഈ കൂട്ടുകെട്ട്‌ കേരളത്തിലെ രാഷ്‌ട്രീയ പരിതസ്ഥിതികള്‍ക്ക്‌ ഭൂഷണമല്ല.

ജാതിസംഘടനകളെ തങ്ങളിലേക്ക്‌ അടുപ്പിക്കാനുള്ള സംഘപരിവാരത്തിന്റെ ശ്രമം തുടങ്ങുന്നത്‌ എസ്‌.എന്‍.ഡി.പിയിലുടെയല്ല. എസ്‌.എന്‍.ഡി.പിക്കും മുമ്പു തന്നെ കെ.പി.എം.എസ്‌ എന്ന ദളിത്‌ സംഘടനയെ ആര്‍.എസ്‌.എസ്‌ തങ്ങളുടെ വരുതിയിലാക്കിയിരുന്നു. ഗുജറാത്ത്‌ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോഡിയാണ്‌ കെ.പി.എം.എസിന്റെ കൊച്ചിയില്‍ നടന്ന കായല്‍ സമ്മേളനം ഉദ്‌ഘാടനം ചെയ്‌തത്‌. ശക്തമായ അംഗബലമുള്ള കെ.പി.എം.എസിനെ വരുതിയിലാക്കിയത്‌ ബിജെപിയുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചിരുന്നു. തുടര്‍ന്നാണ്‌ വിഎച്ച്‌പി വഴി എസ്‌.എന്‍.ഡി.പിയിലേക്കുള്ള വഴി തെളിച്ചത്‌.

കേരളത്തിലെ ഹിന്ദു സമൂഹത്തില്‍ ഏറ്റവും കൂടുതല്‍ അംഗസംഖ്യയുള്ള ഈഴവര്‍ക്കാണ്‌. മൊത്തം ജനസംഖ്യയുടെ 27 ശതമാനവും ഈഴവരാണ്‌ കേരളത്തില്‍. എസ്‌.എന്‍.ഡി.പിയാവട്ടെ കൃത്യമായ കേഡര്‍ സ്വഭാവത്തോടു കൂടി പ്രവര്‍ത്തിക്കുന്ന ജാതിസംഘടനയും. എന്‍.എസ്‌.എസില്‍ നിന്നും വ്യത്യസ്‌തമായി സമുദായത്തിലെ ബഹുഭൂരിപക്ഷത്തെയും വോട്ട്‌ബാങ്കായി ഒരുമിപ്പിച്ചു നിര്‍ത്താന്‍ എസ്‌.എന്‍.ഡി.പിക്ക്‌ കഴിഞ്ഞിട്ടുമുണ്ട്‌.

തിരുവനന്തപുരത്ത്‌ ഇത്തവണ രാജഗോപാല്‍ എസ്‌.എന്‍.ഡി.പിയുടെയോ എന്‍.എസ്‌.എസിന്റെയോ തുടങ്ങി ഒരു ഹിന്ദു ജാതിസംഘടനയുടെയും പിന്‍ബലമില്ലാതെ വലിയ വോട്ട്‌ ഷെയര്‍ സ്വന്തമാക്കുകയുണ്ടായി. എസ്‌.എന്‍.ഡി.പിയുടെ പിന്‍ബലം കൂടിയുണ്ടെങ്കില്‍ തിരുവനന്തപുരത്ത്‌ മിക്ക മണ്‌ഡലങ്ങളിലും ബിജെപി ജയിക്കുമെന്ന്‌ തീര്‍ച്ച. അതുപോലെ തന്നെ എസ്‌.എന്‍.ഡി.പിക്ക്‌ വേരോട്ടമുള്ള പലിയിടങ്ങളിലും ബിജെപിയും ഒരു പ്രധാന ശക്തിയാണ്‌. അവിടെയാണ്‌ ഈ ബാന്ധവം ഒരു വിജയ സാധ്യതയായി ബിജെപിക്ക്‌ മുമ്പില്‍ തെളിയുന്നത്‌.

കേരളത്തില്‍ സിപിഎമ്മിന്റെയും സിപിഐയുടെയും വലിയൊരു ശതമാനം അണികള്‍ ഈഴവ സമുദായത്തില്‍ നിന്നുള്ളവരാണ്‌ എന്നതും ഇവിടെ പ്രസക്തമാണ്‌. സിപിഎമ്മിന്റെ ശക്തി തന്നെ ഈഴവരാണ്‌ എന്ന്‌ നിസംശയം പറയാം. ഈ വിഭാഗത്തിന്റെ പ്രധാന സംഘടന ബിജെപിയിലേക്ക്‌ ചേക്കേറുമ്പോള്‍ തകര്‍ന്നു വീഴുന്നത്‌ ചെങ്കോട്ട തന്നെയാണ്‌. അടുത്ത വര്‍ഷം സിപിഎം ഭരണം പിടിക്കുന്നതിനെ പോലും തടയിടാനുളള വലിയ ശേഷി ബിജെപി എസ്‌എന്‍ഡിപി ബന്ധത്തിനുണ്ട്‌.

വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‌ ഭരണത്തുടര്‍ച്ച ലഭിക്കാനുള്ള സാഹചര്യമാകും എസ്‌.എന്‍.ഡി.പിയുടെ ബിജെപി ബന്ധത്തിലൂടെ സാധ്യമാക്കുക. ചില ശക്തി കേന്ദ്രങ്ങളില്‍ വിജയിച്ച്‌ കേരളത്തില്‍ അക്കൗണ്ട്‌ തുറക്കാന്‍ ബിജെപിക്കും കഴിയുമെന്ന്‌ തന്നെ കരുതണം. അതിന്‌ ഇനി അധികം ദൂരമില്ല തന്നെ. ഇതിന്‌ പ്രത്യുപകാരം കേന്ദ്രത്തില്‍ നിന്നും എസ്‌.എന്‍.ഡി.പിക്ക്‌ അകമഴിഞ്ഞ്‌ ലഭിക്കുകയും ചെയ്യും.

ഏറ്റവും പ്രധാനകാര്യം കേരളത്തില്‍ ബിജെപിയോടുള്ള അയിത്തം അലിഞ്ഞലിഞ്ഞ്‌ ഇല്ലാതാകും എന്നത്‌ തന്നെയാണ്‌. ഒപ്പം അലിഞ്ഞലിഞ്ഞ്‌ ഇല്ലാതാകാന്‍ പോകുന്ന മറ്റൊന്നു കൂടിയുണ്ട്‌. അത്‌ കേരളത്തിലെ സിപിഎം എന്ന കേഡര്‍ പാര്‍ട്ടിയാണ്‌.
എസ്‌.എന്‍.ഡി.പിയിലൂടെ ബിജെപി ഇനി കേരളം പിടിക്കും
Join WhatsApp News
keraleeyan 2015-07-30 18:16:44
വെള്ളാപ്പള്ളി ചേട്ടാ ചതിക്കല്ലെ. താങ്കള്‍ടെയും മകന്റെയും താല്പര്യങ്ങള്‍ക്കു വേണ്ടി കേരള സംസ്‌കാരഠെ തകക്കല്ലെ.
ബി.ജെ.പി. വന്നാലും ആര്‍.എസ്.എസ് വന്നാലും കേരളത്തില്‍ നിന്നു മുസ്ലിംകളും ക്രിസ്ത്യാനികളും എങ്ങും പോകാന്‍ പോകൂനില്ല. പിന്നെ തമ്മില്‍ തല്ലാം എന്നു മാത്രം. അതു വേണോ? അത്തരമൊരു ചരിത്രം കേരള മക്കള്‍ക്കില്ല. നിങ്ങളായി അത് ഇല്ലാതാക്കരുത്. ശ്രീ നാരായണ ഗുരുവിനെ ബഹുമാനിക്കുന്ന ഈഴവര്‍ അതിനു കൂട്ടു നില്‍ക്കരുത്
നിങ്ങളെ താണ ജാതി ആകിയതും പീഡിപ്പിച്ചതുമൊന്നും ക്രിസ്ത്യാനിയും മുസ്ലീമുമല്ല. അതു പോലെ തന്നെ ഇപ്പോള്‍ ഭൂരിപക്ഷ സമുദായത്തെ ആരും കേരളത്തില്‍ ദ്രോഹിക്കുന്നില്ല. മുഖ്യമന്ത്രി അധികാരത്തില്‍ വന്നത് മതത്തിന്റെ പേരിലല്ല. മതത്തിന്റെ അടിസ്ഥാനത്തിലുള്ള മുസ്ലിം ലീഗും കേരള കോണ്‍ഗ്രസും നാട്ടിലെ നിയമങ്ങള്‍ക്ക് അനുസരിച്ചാണു ഭരിക്കുന്നത്. നിങ്ങള്‍ ആരോപിക്കുന്നതു പോലെ ന്യുന പക്ഷത്തിനു പ്രത്യേകിച്ച് ഒന്നും കിട്ടിയില്ല.
ഈ മന്ത്രിസഭയെ വിരട്ടി താങ്കളും സമുദായവും നേടാനുള്ളതൊക്കെ നേടി. എന്നിട്ടു പറയുന്നു ഇടതു പക്ഷത്തോടാണു ചായ്‌വെന്നു. മകനെ മുഖ്യമന്ത്രി ആക്കണമെന്നു തോന്നുന്നുണ്ടായിരിക്കാം. ഒരു മത വിഭാഗം വിചാരിച്ചാല്‍ മാത്രം അതു നടക്കില്ല.
ശ്രീ നാരായണീയര്‍ ഈ അവസരവാദത്തീനു കൂട്ടു നില്‍ക്കരുത്. എന്‍.എസ്.എസ്. കാണിക്കുന്ന പക്വത കണ്ടു പഠിക്കണം.
ANIYANKUNJU 2015-07-30 20:21:31

FWD:    .....BJP ദേശീയ പ്രസിഡന്റ് അമിത് ഷായുമായി വെള്ളാപ്പള്ളി നടത്തിയ കൂടിക്കാഴ്ച നിരുപദ്രവകരമാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നില്ല. സ്ഥാനമാനങ്ങള്‍ കാട്ടി SNDP യെ BJP യുടെ വാലില്‍ കെട്ടാനാണ് സംഘപരിവാര്‍ ശ്രമം. ഇതിന് അണിയറനീക്കങ്ങള്‍ ശക്തിപ്പെടുത്തിയത് സംഘപരിവാറിന്റെ തീവ്രമുഖങ്ങളായ പ്രവീണ്‍ തൊഗാഡിയ, അശോക് സിംഗാള്‍ തുടങ്ങിയവര്‍. വെള്ളാപ്പള്ളിയുമായും മകന്‍ തുഷാര്‍ വെള്ളാപ്പള്ളിയുമായും ഇവര്‍ കൂടിയാലോചന നടത്തി. എന്നാല്‍, കാവിവഴിയിലേക്കുള്ള വെള്ളാപ്പളിയുടെ നീക്കം SNDP യോഗത്തില്‍ ശക്തമായ എതിര്‍പ്പിന് കാരണമാകുമെന്ന് ഉറപ്പ്. അതിന്റെ തുടര്‍ച്ചയായാണ് അമിത് ഷായെ വെള്ളാപ്പള്ളി ഡല്‍ഹിയില്‍ കണ്ടത്. കൊല്ലത്ത് ശങ്കര്‍ പ്രതിമ അനാച്ഛാദനം ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ക്ഷണിക്കാനുള്ള ഡല്‍ഹി യാത്ര എന്നത് പുറംമോടി മാത്രം. മോഡിയെ കാണാന്‍ കഴിയാത്തതിനാല്‍ അമിത് ഷായെ കണ്ടു എന്ന വിശദീകരണം വിലപ്പോകില്ല. മോഡി അധികാരത്തില്‍ വരുംമുമ്പുതന്നെ BJP ക്കും സംഘപരിവാറിനും വിശ്വാസ്യത നല്‍കുന്ന രാഷ്ട്രീയ പ്രചാരണമാണ് വെള്ളാപ്പള്ളി നടത്തിയത്. മോഡിഭരണത്തിന്റെ തണലില്‍ SNDP യെ വിലയ്ക്കെടുക്കാന്‍ ചെറുതും വലുതുമായ വാഗ്ദാനങ്ങളാണ് സംഘപരിവാര്‍ നല്‍കിയിരിക്കുന്നത്. മാസങ്ങളായി സംഘപരിവാര്‍ നേതാക്കള്‍ വെള്ളാപ്പള്ളി സംഘവുമായി പലതരത്തില്‍ ചര്‍ച്ച നടത്തിയിരുന്നു. തുഷാര്‍ വെള്ളാപ്പള്ളിയെ രാജ്യസഭാംഗമാക്കാമെന്നാണ് വാഗ്ദാനം. അത് കേന്ദ്ര സഹമന്ത്രിയില്‍ എത്തണമെന്ന് അഛന്റെയും മകന്റെയും ആഗ്രഹം. ഇതുമായി ബന്ധപ്പെട്ട ചര്‍ച ബുധനാഴ്ച ഡല്‍ഹിയില്‍ നടന്നു.

BJP സംസ്ഥാന പ്രസിഡന്റ് വി മുരളീധരനെയും കൂട്ടിയാണ് വെള്ളാപ്പള്ളിയും മകനും ഡല്‍ഹിയില്‍ ചെന്നതെന്നതും ശ്രദ്ധേയമാണ്. LDF മുന്നേറ്റം തടയാന്‍ 1980കളില്‍ SRP, NDP എന്നീ സമുദായ പാര്‍ടികളെ കെ കരുണാകരന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് രംഗത്തിറക്കി. '82ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 8 സീറ്റില്‍ മത്സരിച്ച് NDP നാലിലും 6 ല്‍ മത്സരിച്ച SRP രണ്ട് സീറ്റിലും ജയിച്ചു. എന്നാല്‍, എന്‍എസ്എസിന്റെയും എസ്എന്‍ഡിപിയുടെയും രാഷ്ട്രീയ മുഖമായി രംഗത്തുവന്ന ഈ രണ്ട് പാര്‍ടികളും ഒരു ദശകം പിന്നിടും മുമ്പേ മണ്ണടിഞ്ഞു. എസ്എന്‍ഡിപി യും എന്‍എസ്എസും മൂന്നുവര്‍ഷംമുമ്പ് സഹകരിച്ച് പ്രവര്‍ത്തിച്ച വേളയില്‍ ഹിന്ദു ലീഗ് ഉണ്ടാക്കണമെന്ന അഭിപ്രായം വെള്ളാപ്പള്ളി ഉയര്‍ത്തിയിരുന്നു. പക്ഷേ, NSS വിയോജിച്ചു. പിന്നീട് SNDP യോഗം മൂന്നാറില്‍ നടത്തിയ വിപുലമായ സമ്മേളനത്തില്‍ രാഷ്ട്രീയ പാര്‍ടി രൂപീകരണം അജന്‍ഡയാക്കി ചര്‍ച്ച നടത്തിയെങ്കിലും തല്‍ക്കാലം പാര്‍ടി രൂപീകരിക്കേണ്ടെന്ന് നിശ്ചയിച്ചു.

BJP യുമായി തുണയേകാന്‍ SNDP യുടെ നേതൃത്വത്തില്‍ പുതിയ രാഷ്ട്രീയ പാര്‍ടി രൂപീകരിക്കുന്നതിനുള്ള താല്‍പ്പര്യം സംഘപരിവാറിനും കേന്ദ്രസര്‍ക്കാരിനും ഉണ്ട്. കേരളത്തില്‍ സംഘപരിവാറിനുവേണ്ടി വിടുപണി ചെയ്യുന്നത് SNDP യോഗത്തിനുള്ളില്‍ വലിയ പൊട്ടിത്തെറികള്‍ക്ക് സ്വാഭാവികമായി ഇടവരുത്തും. BJP യുടെ വാലില്‍ SNDP യെ കെട്ടിയാല്‍ കേരളസമൂഹത്തില്‍ത്തന്നെ വെള്ളാപ്പള്ളിക്കും സംഘത്തിനുമെതിരെ ശക്തമായ വികാരമുയരും. ഇതിന്റെ ആഘാതം തിരിച്ചറിയുന്നതുകൊണ്ടാകണം രാഷ്ട്രീയ പാര്‍ടി രൂപീകരണം എന്ന ആശയത്തോട് ഇതുവരെ വെള്ളാപ്പള്ളി പൂര്‍ണമായി യോജിച്ചിട്ടില്ലെന്നാണ് അദ്ദേഹവുമായി അടുപ്പമുള്ള കേന്ദ്രങ്ങള്‍ അഭിപ്രായപ്പെടുന്നത്. SNDP യോഗം തെരഞ്ഞെടുപ്പ് ആഗസ്ത് 9 നാണ്. വെള്ളാപ്പള്ളിയുടെ ടീമിനെതിരെ ഒരുസംഘം യോഗം പ്രവര്‍ത്തകര്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചിട്ടുണ്ട്. യോഗം തെരഞ്ഞെടുപ്പിനുശേഷം രാഷ്ട്രീയ അജന്‍ഡയുമായി ഇറങ്ങാനാണ് വെള്ളാപ്പള്ളിയുടെ നീക്കം. BJP യുമായുള്ള ചങ്ങാത്തനീക്കം നടക്കുമ്പോള്‍തന്നെ പരസ്യമായി ചില സന്ദര്‍ഭങ്ങളില്‍ ഇടതുപക്ഷം കൂടുതല്‍ ശക്തിപ്പെടേണ്ടതാണ് എന്ന അഭിപ്രായവും വെള്ളാപ്പള്ളി തന്ത്രപൂര്‍വം പ്രകടിപ്പിക്കുന്നു. ശ്രീനാരായണ ആദര്‍ശങ്ങള്‍ മതനിരപേക്ഷതയിലും പുരോഗമന ചിന്താഗതിയിലും അധിഷ്ഠിതമാണ്. അതിനെ തകര്‍ക്കുന്ന നീക്കം SNDP യോഗനേതൃത്വത്തില്‍നിന്നുമുണ്ടായാല്‍ ആദര്‍ശധീരരായ ശ്രീനാരായണീയര്‍ അതിനെ ചെറുക്കുമെന്നത് ഉറപ്പ്....


keraleeyan 2015-07-31 10:38:02
Vellappally and son may get some position. Other than that they can do nothing in Kerala. no religion, except Muslims, is capable to win a single assembly seat without the help of other religionists. so BJP may get some seats and spoil the goodwill between communities. other than that nothing will happen. Kerala is not Gujarat with 10 percent minority.
We should oppose Vellappally, his son, Suresh Gopi etc who want to destroy Kerala culture and imitate Gujarat.
Vellappally in his interview to mathrubhumi says that some communities came up. Who is responsible for that? Christrians and muslims went abroad. They did menial jobs like nursing while upper caste Hindus will not do that. Ezhavas did not try for some reason. 
Jealousy has no meaning. Vellappally made money too.
Whenever Oommen Chnady rules kerala, RSS gains in strenghth. sad. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക