Image

ഏകാന്ത ഗീതം (കവിത: ബിന്ദു ടിജി)

ബിന്ദു ടിജി Published on 28 July, 2015
ഏകാന്ത ഗീതം (കവിത: ബിന്ദു ടിജി)
സ്വപ്നങ്ങളില്ലാത്ത  സ്‌നേഹിതരേ
പാഴ്‌നാദമായ്  വന്നെന്നെ ഉണര്‍ത്തിടൊല്ല
എന്നിലലിയുന്നുണ്ടേതോ  സ്‌നേഹ നീരദം
ഒഴുകിയണയുന്നു  ഹൃദയഹാരിയാം  ഗീതവും
മുറുകുന്നു  ഹൃദയതുടിപ്പിന്റെ  താളവും
ചിറകിട്ടടിച്ചു  കുറുകുന്നു  പ്രാക്കളും
 
സ്വപ്നങ്ങളില്ലാത്ത  സ്‌നേഹിതരേ വാതില്‍
 പഴുതിലൂടെത്തി  നോക്കിടൊല്ല
എനിക്കെണ്ണയിട്ടെന്‍  തൂവല്‍   മിനുക്കിടേണം
എന്‍ ചിറകാഞ്ഞു വീശുവാന്‍ പഠിച്ചിടേണം
 ചില്ലയിലെന്‍  കൊക്കാഞ്ഞുരച്ചിടേണം
 അതിന്‍ മൂര്‍ച്ച എനിക്കൊന്നുറപ്പാക്കണം
 
സ്വപ്നങ്ങളില്ലാത്ത  സ്‌നേഹിതരേ
ഇല്ല  പരാതി  ഞാന്‍ ചൊല്ലില്ല
എനിക്കായി  നേരം 
കരുതിയില്ലെന്നുമോര്‍ക്കില്ല
എന്നെ  തനിച്ചാക്കി  മാറിയെന്നോതില്ല
വ്യോമഗംഗയില്‍  എന്‍  കൂട്ട്  പറവയുണ്ട്
മുകിലുണ്ട്  മിന്നുന്ന  താരയുണ്ട്
അടവിയില്‍  മാനുണ്ട്  മയിലുമുണ്ട്
കണ്ണാടി  നോക്കുവാന്‍  അരുവിയുണ്ട്
ഇരവിലും പൂക്കുന്നിലഞ്ഞിയുണ്ട്
ഇടം  കണ്ണൊന്നു  ചിമ്മുവാന്‍  പ്രേമമുണ്ട്
ഇഷ്ടം  കുറുക്കുവാന്‍ കിളി  കുഞ്ഞുമുണ്ട്
ഇമ  വെട്ടാതെ  കാക്കുവാന്‍  ഇടയനുണ്ട്
ഇമ്പത്തില്‍  മൂളുവാ നീണമുണ്ട്
ശ്രുതി  മീട്ടുവാന്‍  തംബുരു  കൂട്ടിനുണ്ട് .
 
സ്വപ്നങ്ങളില്ലാത്ത  സ്‌നേഹിതരേ
നിങ്ങള്‍  എന്നില്‍  നിന്നൊത്തിരി മാറി നില്ക്കൂ.


ഏകാന്ത ഗീതം (കവിത: ബിന്ദു ടിജി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക