Image

ഡോ. അബ്ദുള്‍ കലാമിന് വേള്‍ഡ് മലയാളി കൗണ്‍സില്‍ ശ്രദ്ധാഞ്ജലിയര്‍പ്പിച്ചു

Published on 28 July, 2015
ഡോ. അബ്ദുള്‍ കലാമിന് വേള്‍ഡ് മലയാളി കൗണ്‍സില്‍ ശ്രദ്ധാഞ്ജലിയര്‍പ്പിച്ചു
തിരുവനന്തപുരം: ഇന്ത്യന്‍ ജനതയെ, പ്രത്യേകിച്ച് യുവജനങ്ങളെയും കുട്ടികളെയും സ്വപ്നം കാണാന്‍ പ്രേരിപ്പിച്ച് അത് ജീവിതത്തില്‍ സാര്‍ത്ഥകമാക്കാന്‍ പഠിപ്പിച്ച് മണ്‍മറഞ്ഞ മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ അബ്ദുള്‍ കലാമിന് വേള്‍ഡ് മലയാളി കൗണ്‍സില്‍ ശ്രദ്ധാഞ്ജലിയര്‍പ്പിച്ചു. തിരുവനന്തപുരത്തു ചേര്‍ന്ന കൗണ്‍സിലിന്റെ എക്‌സിക്യൂട്ടീവ് യോഗമാണ് ലോകാരാധ്യനായ ജനകീയ രാഷ്ട്രപതിയും കൗണ്‍സിലിന്റെ മാര്‍ഗനിര്‍ദേശിയുമായ കലാമിന്റെ അപ്രതീക്ഷിത വേര്‍പാടില്‍ ദുഖം രേഖപ്പടുത്തിയതെന്ന് ഗ്ലോബല്‍ പി.ആര്‍.ഒ ഡോ. ജോര്‍ജ് എം കാക്കനാട്ട് പത്രക്കുറിപ്പില്‍ അറിയിച്ചു.

കൗണ്‍സിലിന്റെ അഭിമാന സംരംഭമായ ആള്‍ട്ടിയൂസിന് നവജീവന്‍ പകര്‍ന്ന സാന്നിധ്യമായിരുന്നു പലപ്പോഴും അബ്ദുള്‍ കലാം. കൗണ്‍സിലിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹം പുത്തന്‍ ദിശാബോധം നല്‍കി. വിദ്യാര്‍ത്ഥികളുടെ സംഘബോധത്തിന്റെ അപൂര്‍വ കൂട്ടായ്മയായി ആള്‍ട്ടിയൂസിനെ രൂപപ്പെടുത്തുന്നതില്‍ ചാലകശക്തിയായത് അദ്ദേഹമാണെന്ന് പത്രക്കുറിപ്പില്‍ പറയുന്നു.

ആള്‍ട്ടിയൂസിലെ വിദ്യാര്‍ഥി-യുവജന വിാഗങ്ങള്‍ക്കായി കലാം തന്നെ ഒരു പ്രതിജ്ഞ രചിച്ചു നല്‍കുകയുണ്ടായി. ഇത് ചൊല്ലിയാല്‍ മാത്രം പോരാ, അതില്‍ പറഞ്ഞിരിക്കുന്ന മൂല്യവത്തായ കാര്യങ്ങള്‍ ജീവിതത്തില്‍ പ്രതിഫലിപ്പിക്കുകയും വേണമെന്ന് അദ്ദേഹം ഉപാധികളില്ലാതെ നിഷ്‌കര്‍ഷിച്ചിരുന്നു. ഡോ. കലാമിന്റെ ഉപദേശ നിര്‍ദേശങ്ങള്‍ പ്രാവര്‍ത്തികമാക്കുകയെന്നതാണ് അദ്ദേഹത്തിന് കൊടുക്കാവുന്ന ആദരവിന്റെ ഏറ്റവും വലിയ പ്രകടനമെന്ന് ആള്‍ട്ടിയൂസ് കോ-ഓഡിനേറ്റര്‍ പ്രിയദാസ് മംഗലത്ത് പറഞ്ഞു.

വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ ചെയര്‍മാല്‍ വി.സി പ്രവീണ്‍, പ്രസിഡന്റ് എ.എസ് ജോസ്, ജനറല്‍ സെക്രട്ടറി സിറിയക്ക് തോമസ്, ട്രഷറര്‍ ജോബിന്‍സന്‍ കൊറ്റത്തില്‍, സ്ഥാപക നേതാവ് ആന്‍ഡ്രു പാപ്പച്ചന്‍ തുടങ്ങിയവര്‍ അനുശോചനമറിയിച്ചു. 


ഡോ. അബ്ദുള്‍ കലാമിന് വേള്‍ഡ് മലയാളി കൗണ്‍സില്‍ ശ്രദ്ധാഞ്ജലിയര്‍പ്പിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക