Image

ന്യൂ ഓക് വില്‍ ആശുപത്രി ധനശേഖരണത്തിന് മലയാളികളും മുന്നിട്ടിറങ്ങുന്നു

ഷിബു കിഴക്കേകുറ്റ് Published on 27 July, 2015
ന്യൂ ഓക് വില്‍ ആശുപത്രി ധനശേഖരണത്തിന് മലയാളികളും മുന്നിട്ടിറങ്ങുന്നു
ടൊറന്റോ: അത്യാധുനിക ചികില്‍സാ സംവിധാനങ്ങള്‍ ഒരുക്കുന്ന ന്യൂ ഓക് വില്‍ ഹോസ്പിറ്റലിന്റെ വികസനത്തില്‍ മലയാളികളും കൈകോര്‍ക്കുന്നു. ഇവിടെ മികച്ച ചികില്‍സാ സംവിധാനങ്ങളും യന്ത്രോപകരണങ്ങളും മറ്റും ഉറപ്പാക്കുന്നതിനായി ഓക് വില്‍ ഹോസ്പിറ്റല്‍ ഫൌണ്ടേഷന്‍ ഒരുക്കുന്ന ധനശേഖരണ യജ്ഞത്തില്‍ മലയാളികളെ പങ്കാളികളാക്കാന്‍ ഹാള്‍ട്ടണ്‍ മലയാളീസ് അസോസിയേഷനാണ് മുന്നിട്ടിറങ്ങുന്നത്. ഓഗസ്റ്റില്‍ നിര്‍മാണം പൂര്‍ത്തിയാകുന്ന ആശുപത്രി ഡിസംബറിലാണ് പ്രവര്‍ത്തനം ആരംഭിക്കുക.

60 മില്യന്‍ ഡോളര്‍ സമാഹരിക്കാനുള്ള ഫൌണ്ടേഷന്റെ യജ്ഞവുമായി സഹകരിക്കുന്നതിലൂടെ ഇവിടെയുള്ള മലയാളി സമൂഹത്തിന് കൂടുതല്‍ സാമൂഹിക അംഗീകാരം ലഭിക്കുമെന്നും ഓക് വില്ലിലും പരിസരപ്രദേശങ്ങളിലുമുള്ളവര്‍ക്കും ആശുപത്രിയുടെ സേവനം ഉപകരിക്കുമെന്നും പ്രസിഡന്റ് ബിന്‍സ് മണ്ഡപവും സെക്രട്ടറി ശിവ ചാക്കോളിയും ചൂണ്ടിക്കാട്ടി. മെഡിക്കല്‍ പ്രഫഷനലുകള്‍ക്കും യുവാക്കള്‍ക്കും തൊഴില്‍, വോളന്റിയറിങ് അവസരങ്ങളും ലഭിക്കും. ചാരിറ്റിക്കായി ഇക്കുറി മാറ്റിവയ്ക്കുന്ന തുകയുടെ ഒരു ഭാഗം ഇത്തരം ഒരു നല്ല കാര്യത്തിനായി വിനിയോഗിക്കാന്‍ സന്മസ് കാണിക്കണമെന്ന് അഭ്യര്‍ഥിച്ച ഭാരവാഹികള്‍, സംഭാവനകള്‍ക്ക് ഓക് വില്‍ ഹോസ്പിറ്റല്‍ ഫൌണ്ടേഷന്റെ ടാക്‌സ് റസീറ്റ് ലഭിക്കുമെന്നും വ്യക്തമാക്കി.

ഡയഗ്‌നോസ്റ്റിക് ഇമേജിങ് ഉള്‍പ്പെടെ അത്യാധുനിക ചികില്‍സാ സംവിധാനങ്ങളും ഉപകരണങ്ങളും ഉറപ്പാക്കുന്ന ആശുപത്രിയില്‍, അണുബാധയും മറ്റും തടയുന്നതു ലക്ഷ്യമിട്ട് രോഗികളില്‍ ഭൂരിഭാഗത്തെയും സിംഗിള്‍ റൂമുകളിലാണ് പ്രവേശിപ്പിക്കുന്നതെന്നതും പ്രത്യേകതയാണ്. അര്‍ബുദത്തിനുള്‍പ്പെടെ മികച്ച ചികില്‍സയും പരിചരണവുമാണ് ഇവിടെ ലഭ്യമാക്കുക.


നാളെകളില്‍ സമൂഹത്തിന് പ്രയോജനപ്പെടുന്ന ആശുപത്രിയില്‍ മികച്ച സൌകര്യങ്ങള്‍ ഉറപ്പാക്കാനുള്ള യജ്ഞത്തില്‍ പങ്കാളികളാകാന്‍ താല്‍പര്യമുള്ളവര്‍ക്കായി ഓക് വില്‍ ഹോസ്പിറ്റല്‍ ഫൌണ്ടേഷന്‍ വെബ് സൈറ്റില്‍ ഹാള്‍ട്ടണ്‍ മലയാളീസ് അസോസിയേഷന്‍ പ്രത്യേക പേജ് തയാറാക്കിയിട്ടുണ്ട്. ലിങ്ക്: http://ohf.akaraisin.com/ohfpersonalfundraisingpages/malayalees

വിശദവിവരങ്ങള്‍ക്ക് പ്രസിഡന്റ് ബിന്‍സ് മണ്ഡപം (2892087614) , സെക്രട്ടറി ശിവ ചാക്കോളി (6474631711), ട്രഷറര്‍ സജീവ് കോടോത്ത് (9057302778), കമ്മിറ്റിയംഗം അലക്‌സ് ജോര്‍ജ് (9052205588) എന്നിവരുമായും ബന്ധപ്പെടാം. അസോസിയേഷന്റെ ഫേസ്ബുക്ക് പേജിലും വിവരങ്ങള്‍ ലഭ്യമാണ്  www.facebook.com/HaltonMalayalees. 
ഇമെയില്‍: haltonmalayalees@gmail.com

ഷിബു കിഴക്കേകുറ്റ്


ന്യൂ ഓക് വില്‍ ആശുപത്രി ധനശേഖരണത്തിന് മലയാളികളും മുന്നിട്ടിറങ്ങുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക