Image

കെഎച്ച്എന്‍എ യുടെ ചരിത്രത്തിലെ മറ്റൊരു നാഴികക്കല്ല്: (പി. ശ്രീകുമാര്‍)

പി. ശ്രീകുമാര്‍ Published on 27 July, 2015
കെഎച്ച്എന്‍എ യുടെ ചരിത്രത്തിലെ മറ്റൊരു നാഴികക്കല്ല്: (പി. ശ്രീകുമാര്‍)
ഡാലസ: അമേരിക്കയിലെ മലയാളി ഹിന്ദുക്കളുടെ സാംസ്‌കാരികവും മതപരവുമായ ഉന്നമനം, കേരള പാരമ്പര്യവും സംസ്‌കാരവും യുവതലമുറയില്‍ നിലനിര്‍ത്തല്‍, വ്യാവസായിക സാമൂഹിക രംഗത്ത് പരസ്പര സഹകരണം കെട്ടിപ്പടുക്കല്‍, ശക്തമായ ഒരു ആത്മീയ നേതൃത്വം വളര്‍ത്തിയെടുക്കല്‍, മാധവസേവ മാനവസേവ എന്ന സനാതന തത്വം പ്രാവര്‍ത്തികമാക്കല്‍ തുടങ്ങിയ പ്രഖ്യാപിത ലക്ഷ്യത്തിലൂടെ പ്രയാണം നടത്തുന്ന കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക എന്ന കെഎച്ച്എന്‍എ യുടെ ചരിത്രത്തിലെ മറ്റൊരു നാഴികക്കല്ലിനാണ് ഡാലസ് സാക്ഷ്യം വഹിച്ചത്.

സംഘടന പിറന്ന മണ്ണില്‍ ഒന്നരപ്പതിറ്റാണ്ടിനു ശേഷം ദേശീയ കണ്‍വെന്‍ഷന്‍ എത്തിയപ്പോള്‍ അതിനെ സംഘടിത ഹൈന്ദവ ശക്തിയുടെ നേര്‍ക്കാഴ്ചയാക്കി മാറ്റാന്‍ സംഘാടകര്‍ക്ക് കഴിഞ്ഞു.

അമേരിക്കന്‍ മണ്ണില്‍ ഭാരതീയ സംസ്‌കൃതിയുടെ ഗംഭീര ശബ്ദം ആദ്യം മുഴക്കിയത് സ്വാമി വിവേകാനന്ദനായിരുന്നു. സ്വാമിയുടെ ഗര്‍ജ്ജന സ്വഭാവമുള്ള വാക്കുകള്‍ പാശ്ചാത്യ ലോകത്തെ പിടിച്ചുകുലുക്കി. വിവേകാനന്ദന്‍ തെളിച്ച പാതയിലൂടെ മുന്നേറി പിന്നീട് നിരവധി സന്യാസി ശ്രേഷ്ഠന്മാര്‍ ഹൈന്ദവ സംസ്‌കാരത്തിന്റെ മഹത്വം അമേരിക്കന്‍ ജനതയെ ബോധ്യപ്പെടുത്തുന്നതില്‍ വിജയം വരിച്ചിട്ടുണ്ട്.

കേരളത്തില്‍ നിന്നുള്ള നടരാജ ഗുരുവും ഗുരു നിത്യചൈതന്യ യതിയും സ്വാമി ചിന്മയാനന്ദനും സ്വാമി സത്യാനന്ദ സരസ്വതിയും മാതാ അമൃതാനന്ദമയിയും സമൂഹത്തിലുണ്ടാക്കിയ ആത്മവിശ്വാസവും സാംസ്‌കാരിക ബോധവും ചില്ലറയല്ല. അതിന്റെ ഒരു സംഘടിത രൂപമാണ് കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക.

അമേരിക്കയിലെ ഹിന്ദു സമൂഹങ്ങളില്‍ ഏറ്റവും കുറവ് യോജിപ്പുള്ളത് മലയാളികളിലാണ്. ഗുജറാത്തികളും പഞ്ചാബികളും രാജസ്ഥാനികളും ആന്ധ്രാക്കാരും കന്നഡക്കാരും തമിഴ്‌നാട്ടുകാരും ഒക്കെ എണ്ണത്തില്‍ കുറവുള്ള നഗരങ്ങളില്‍പ്പോലും ഒന്നിച്ചുകൂടുകയും ഒരുമയോടെ പ്രവൃത്തിക്കുകയും ചെയ്യുന്നു. അതിന്റെ ഗുണഫലങ്ങള്‍ വ്യാവസായിക, സാംസ്‌കാരിക, തൊഴില്‍ രംഗങ്ങളിലെല്ലാം അവര്‍ക്ക് ലഭിക്കുന്നുമുണ്ട്. എന്നാല്‍ മലയാളികള്‍ ഏറെയുള്ള നഗരങ്ങളില്‍പ്പോലും ഈ ഒത്തുചേരലുകള്‍ നടക്കുന്നില്ലായിരുന്നു.

വ്യക്തിഗത പ്രശസ്തിക്കും പെരുമയ്ക്കും വേണ്ടി സംഘടനകള്‍ രൂപീകരിച്ച് ഭിന്നിച്ച് നില്‍ക്കുന്ന അവസ്ഥ. എന്‍എസ്എസിന്റെയും എസ്എന്‍ഡിപിയുടെയും ഒക്കെപ്പേരില്‍ വിവിധ സ്ഥലങ്ങളില്‍ കൂട്ടായ്മകളും സംഘടനകളും ഉണ്ടെങ്കിലും ആഭ്യന്തരപ്രശ്‌നങ്ങളും പരിമിതികളും മൂലം കാര്യമായ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഈ സംഘടനകള്‍ക്ക് സാധിച്ചില്ല. സമുദായ താല്‍പര്യങ്ങള്‍ക്കൊപ്പം പൊതുവായ ഹൈന്ദവ താല്‍പര്യം കൂടി ഉയര്‍ത്തിപ്പിടിക്കാന്‍ സാമുദായികാടിസ്ഥാനത്തില്‍ രൂപംകൊണ്ട സംഘടനകള്‍ക്ക് കഴിഞ്ഞിരുന്നില്ല.

വിവര സാങ്കേതിക വിദ്യ വിരല്‍ത്തുമ്പില്‍ നില്‍ക്കുന്ന അമേരിക്കയില്‍ ജാതി പ്രസ്ഥാനങ്ങളുടെ അര്‍ത്ഥ ശൂന്യതയെക്കുറിച്ച് മലയാളികള്‍ ചിന്തിച്ചു തുടങ്ങി. പ്രധാന നഗരങ്ങളില്‍ മലയാളി ഹിന്ദുക്കളുടേതായ പൊതു സംഘടനകളും രൂപംകൊണ്ടു. ന്യൂയോര്‍ക്കിലെ മഹിമ (മലയാളി ഹിന്ദു മണ്ഡലം), ചിക്കാഗോയിലെ ഗീതാമണ്ഡലം, ലോസ് ആഞ്ചസിലെ ഓം (ഓര്‍ഗനൈസേഷന്‍ ഓഫ് ഹിന്ദു മലയാളീസ്) ഹ്യുസ്റ്റണിലേയും ഡാലസിലേയും കെഎച്ച്എസ് ( കേരള ഹിന്ദു സൊസൈറ്റി) തുടങ്ങിയ സംഘടനകളിലേക്ക് കൂടുതല്‍ ആളുകള്‍ ആകര്‍ഷിക്കപ്പെട്ടു. ഹൈന്ദവ ഏകീകരണത്തിന്റെ കേരളത്തിലെ മുഖ്യ വക്താവായിരുന്ന സ്വാമി സത്യാനന്ദ സരസ്വതിയുടെ പ്രേരണ അമേരിക്കയിലും ഇത്തരം സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വേഗം കൂട്ടി.

ചിതറിക്കിടക്കുന്ന മലയാളി ഹിന്ദു സംഘടനകളുടെ കൂട്ടായ്മ എന്ന സ്വപ്‌നം പൂവണിഞ്ഞത് 2001ല്‍ ഡാലസില്‍ വച്ചായിരുന്നു. സ്വാമി സത്യാനന്ദ സരസ്വതി ഭദ്രദീപം തെളിയിച്ച് കെഎച്ച്എന്‍എയുടെ പ്രഥമ ദേശീയ കണ്‍വെന്‍ഷന് ശുഭാരംഭം കുറിച്ചു. 2003ല്‍ ഹൂസ്റ്റണില്‍ കണ്‍വന്‍ഷന്‍ നടന്നപ്പോഴും അതിനൊരു വ്യവസ്ഥാപിത രൂപം കൈവന്നു. കേരളത്തിലേയും അമേരിക്കയിലേയും ഹിന്ദുക്കളുടെ ഉന്നമനത്തിനായി വ്യക്തമായ ലക്ഷ്യത്തോടെ ചില പദ്ധതികള്‍ക്ക് രൂപം നല്‍കിയാണ് ചിക്കാഗോയില്‍ 2003ല്‍ കണ്‍വെന്‍ഷന്‍ നടന്നത്.

സംഘാടക മികവിന്റെയും പങ്കാളിത്തത്തിന്റെയും കാര്യത്തില്‍ മാതൃക സൃഷ്ടിച്ചുകൊണ്ടാണ് 2007ല്‍ ന്യൂയോര്‍ക്കിലും 2009ല്‍ ലോസ് ആഞ്ചസിലും ഹിന്ദു കണ്‍വെന്‍ഷന്‍ അരങ്ങേറിയത്. 2011ല്‍ തലസ്ഥാന നഗരമായ വാഷിങ്ടണ്‍ ഡിസിയില്‍ നടന്ന പത്താം വാര്‍ഷിക കണ്‍വെന്‍ഷനും അമേരിക്കയിലെ കേരളം എന്ന വിശേഷണം പേറുന്ന ഫ്‌ളോറിഡയില്‍ 2013ല്‍ നടന്ന കണ്‍വെന്‍ഷനും പ്രൗഢിയുടെ കാര്യത്തില്‍ പിന്നിലായിരുന്നില്ല.

പ്രസിഡന്റ് ടി.എന്‍. നായര്‍, സെക്രട്ടറി ഗണേഷ്‌നായര്‍, ട്രഷറര്‍ രാജു പിള്ള, ചെയര്‍മാന്‍ റനില്‍ രാധാകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തില്‍ ചിട്ടയായ പ്രവര്‍ത്തനമായിരുന്നു ഡാലസ് കണ്‍വെന്‍ഷനായി നടത്തിയത്.

അഞ്ചു ദിവസത്തെ കണ്‍വെന്‍ഷന്‍ കുളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദ പുരിയാണ് ഉദ്ഘാടനം ചെയ്തത്. സമുഹത്തിന്റെ പ്രശ്‌നങ്ങള്‍ തന്റെ പ്രശ്‌നമായി കാണാന്‍ ഓരോരുത്തര്‍ക്കും കഴിയണമെന്ന് സ്വാമി പറഞ്ഞു. ഭാരതത്തിന് ലോകത്തിന് നല്‍കാനുള്ളത് വേദമാണ്. വേദത്തിലെ ഓരോ കാര്യവും സര്‍വ സ്വീകാരിയാണ്. ജാതിക്കും മതത്തിനും ഉപരിയായ വ്യക്തിത്ത്വമായിരുന്നു വേദകാലത്ത് നിലനിന്നിരുന്നത്. നിര്‍ഭാഗ്യവശാല്‍ വേദപഠനത്തിന് വേണ്ടത്ര പ്രാധാന്യം നാം കൊടുക്കുന്നില്ല. നമ്മുടെ സ്വത്തായ യോഗയ്ക്ക് ലഭിച്ച സര്‍വസ്വീകാര്യത മനസ്സിലുണ്ടാകണം. അതേരീതിയില്‍ വേദത്തേയും ലോകം അംഗീകരിക്കും. സ്വാമി പറഞ്ഞു.

ജീവനകലയുടെ ആചാര്യന്‍ ശ്രീ ശ്രീ രവിശങ്കറിന്റെ സാന്നിധ്യമായിരുന്നു കണ്‍വെന്‍ഷന്റെ മറ്റൊരു പ്രത്യേകത. കേരളം ആദിശങ്കരനെ കൂടുതല്‍ അറിയണമെന്ന് ശ്രീ ശ്രീ രവിശങ്കര്‍ ആവശ്യപ്പെട്ടു. ആദി ശങ്കരന്റെ ജീവിതത്തെക്കുറിച്ചും അദ്ദേഹം സനാതന ധര്‍മ്മത്തിന് നല്‍കിയ സംഭാവനയെക്കുറിച്ചും വേണ്ടത്ര പഠനങ്ങള്‍ ഇല്ല. ഭാരതീയ സംസ്‌കാരത്തെ ഇത്രയേറെ പ്രോജ്വലമാക്കിയ മറ്റൊരു വ്യക്തിത്വമില്ല. ശാസ്ത്രവുമായി വളരെ അടുത്തു നില്‍ക്കുന്ന വേദത്തെ ഭാരതമണ്ണില്‍ ഉറപ്പിക്കുന്നതില്‍ ശങ്കരാചാര്യര്‍ക്ക് വലിയ പങ്കായിരുന്നു ഉണ്ടായിരുന്നത്. വിഷുക്കണി, നിറപറ തുടങ്ങിയ അനുഷ്ഠാനങ്ങള്‍ കേരളത്തിന്റേതാണ്. ഇത്തരം അനുഷ്ഠാനങ്ങള്‍ക്കും പാരമ്പര്യങ്ങള്‍ക്കും ആഴത്തിലും തത്വചിന്താപരമായും വിശദീകരണം നല്‍കാന്‍ നമുക്ക് കഴിയണം. രവിശങ്കര്‍ പറഞ്ഞു.

ഹിന്ദു ഐക്യവേദി ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്റെ സാന്നിധ്യം സംഘടനയ്ക്കും സംഘാടകര്‍ക്കും പുത്തന്‍ ദിശാബോധം നല്‍കുന്നതായി. സംഘടന ഓജസും ദിശാബോധവും വീണ്ടെടുത്ത് കരുത്തുറ്റ ബഹുജനാടിത്തറയുള്ള ഉജ്ജ്വല ഹൈന്ദവ പ്രസ്ഥാനമായി വികസിക്കുന്നതിനുള്ള കര്‍മ്മ പദ്ധതി കുമ്മനം അവതരിപ്പിച്ചു. അമേരിക്കന്‍ ഹിന്ദുക്കളുടെ നവോത്ഥാനത്തിന്റേയും ശാക്തീകരണത്തിന്റേയും അഭിമാനകരമായ നേട്ടങ്ങള്‍ കൈവരിക്കാനുള്ള പ്രസ്ഥാനമായി കെഎച്ച്എന്‍എയെ മാറ്റാനുള്ള പദ്ധതിയും അദ്ദേഹം സംഘാടകരുമായി പങ്കുവെച്ചു.

ശിവഗിരി മഠത്തിലെ സ്വാമി ഗുരുപ്രസാദ്, നോവലിസ്റ്റ് സി. രാധാകൃഷ്ണന്‍, രാജു നാരായണസ്വാമി ഐ എ എസ്, ജന്മഭൂമി ന്യുസ് എഡിറ്റര്‍ പി.ശ്രീകുമാര്‍, ജനം ടിവി എംഡി പി.വിശ്വരൂപന്‍, സപ്താഹാചാര്യന്‍ മണ്ണടി ഹരി, രാഹുല്‍ ഈശ്വര്‍, ഡോ എന്‍.പി.പി. നമ്പൂതിരി, ഡോ ജയനാരായണന്‍ എന്നിവര്‍ കേരളത്തില്‍ നിന്ന് ക്ഷണിതാക്കളായി എത്തിയിരുന്നു.

വാദ്യഘോഷത്തിന്റെ അകമ്പടിയോടെ കേരളീയ വേഷം ധരിച്ച നൂറുകണക്കിനാളുകള്‍ പങ്കെടുത്ത നയനമനോഹരമായ ശോഭായാത്രയ്ക്കു ശേഷമായിരുന്നു ഉദ്ഘാടനച്ചടങ്ങ്. ഇരുനൂറോളം പേര്‍ പങ്കെടുത്ത സമൂഹ തിരുവാതിര വേറിട്ട കാഴ്ചയായി. പൊതുസമ്മേളനം, വിശിഷ്ടാതിഥികളുടെ പ്രഭാഷണം, സാംസ്‌കാരിക സമ്മേളനങ്ങള്‍, സെമിനാറുകള്‍, കലാപരിപാടികള്‍, ചര്‍ച്ചകള്‍ തുടങ്ങിയവ കണ്‍വെന്‍ഷന്റെ ഭാഗമായി നടന്നു.

വിഷ്ണു സഹസ്രനാമത്തോടും, യോഗ, മെഡിറ്റേഷന്‍ എന്നിവയോടുകൂടിയായിരുന്നു ഓരോ ദിവസത്തേയും പരിപാടികള്‍ ആരംഭിച്ചത്.

അടുത്ത ദേശീയ കണ്‍വെന്‍ഷന്‍ 2017ല്‍ ഡിട്രോയിറ്റിലാണ് നടക്കുക. അതിനായി സുരേന്ദ്രന്‍നായര്‍ (പ്രസിഡന്റ്) രാജേഷ് കുട്ടി (സെക്രട്ടറി) എന്നിവരുടെ നേതൃത്വത്തില്‍ പുതിയ ഭരണസമിതിയേയും തെരഞ്ഞെടുത്തുകഴിഞ്ഞു.
കെഎച്ച്എന്‍എ യുടെ ചരിത്രത്തിലെ മറ്റൊരു നാഴികക്കല്ല്: (പി. ശ്രീകുമാര്‍)
കെഎച്ച്എന്‍എ യുടെ ചരിത്രത്തിലെ മറ്റൊരു നാഴികക്കല്ല്: (പി. ശ്രീകുമാര്‍)
കെഎച്ച്എന്‍എ യുടെ ചരിത്രത്തിലെ മറ്റൊരു നാഴികക്കല്ല്: (പി. ശ്രീകുമാര്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക