Image

താക്കോല്‍ സ്ഥാനം ..(കൈരളി ന്യൂയോര്‍ക്ക്‌)

Published on 04 July, 2015
താക്കോല്‍ സ്ഥാനം ..(കൈരളി ന്യൂയോര്‍ക്ക്‌)
മുന്‍കൂര്‍ ജാമ്യമെടുത്തുകൊണ്‌ട്‌ പറയട്ടെ. ഈ കുറിപ്പിലെ കഥാപാത്രങ്ങളായ എന്‍.എസ്‌.എസ്‌ പ്രസിഡന്റ്‌ ശ്രീ സുകുമമാരന്‍ നായരും സിനിമ താരം ഭരത്‌ സുരേഷ്‌ഗോപിയും കൈരളിയുടെവീക്ഷണത്തില്‍ സമന്മാരാണ്‌. എന്നാല്‍ സെന്‍സേഷനല്‍ വാര്‍ത്ത വരുമ്പോള്‍ , വാര്‍ത്തയെ വിലയിരുത്തുക, മാധ്യമങ്ങളുടെ കടമയാണ്‌ . ഇനികാര്യത്തിലേക്ക്‌ കടക്കാം.

കണ്ണൂരില്‍ ഇടതുപക്ഷം ബോംബുണ്‌ടാക്കിക്കൊണ്‌ടിരിക്കെ കയ്യിലിരുന്നു പൊട്ടിത്തെറിച്ചതിലും കടുപ്പത്തിലായിരുന്നു ശ്രീ സുകുമാരന്‍ നായരുടെ അട്ടഹാസം . രാവിലെ കഞ്ഞിയും പുഴുക്കും കഴിക്കാഞ്ഞിട്ടായിരുന്നോ , അതോ ബജറ്റ്‌ അവതരണത്തി
ല്‍ കല്ലുകടിയുണ്‌ടായതിന്റെ സീല്‍ക്കാരമായിരുന്നോ -എന്തോ- ഇങ്ങമേരിക്കവരെ -നായന്മാരുള്‍പ്പെടെ ഏല്ലാ ഗ്രൂപ്പും , ആ പ്രകമ്പനത്തിന്റെ മാറ്റൊലിയില്‍ ആടിയുലഞ്ഞു. പ്രതീക്ഷിക്കാത്ത ആക്രമണം, ഭരത്‌ ഗോപിയെ തീര്‍ത്തും തളര്‍ത്തിക്കളഞ്ഞു.

എല്ലാം നന്നായി ഭവിപ്പാന്‍, സുരേഷ്‌ ഗോപി രാവിലെതന്നെ ഗണപതിക്ഷേത്രത്തിലും പോയി, പരേതനായ മന്നത്ത്‌ പത്മാനഭനെയും വണങ്ങി, രാഹുകാലവും നോക്കി -അഷ്‌ടകര്‍മ്മങ്ങളെല്ലാം നിര്‍വ്വഹിച്ച ശേഷമാണ്‌, ശിഷ്‌ടകാലം രാഷ്‌ട്രീയത്തിലിറങ്ങാനുള്ള തന്റെ തീരുമാനം ശ്രീസുകുമാരന്‍ നായരെ അറിയിക്കാനും, ആശീര്‍വ്വാദം വാങ്ങാനുമായി സുകുമാര സവിധത്തിലണഞ്ഞത്‌. പ്രതീക്ഷക്ക്‌ വിപരീതമായി -ശ്രീ സുരേഷ്‌ ഗോപി ഒരുവാക്കുരിയാടും മുമ്പേ ആശീര്‍വ്വാദത്തിനു പകരം തൊഴിയാണ്‌  അദ്ദേഹംനല്‍കിയത്‌. ആരെയും അമ്പരപ്പിക്കുന്ന നിമിഷങ്ങളാണ്‌ സുകുമാരന്‍ നായര്‍ സ്രുഷ്‌ടിച്ചതെന്ന കാര്യത്തില്‍ സംശയം വേണട. അല്‍പം കൂടി പക്വത ഒരു ലീഡര്‍ എന്ന നില്‌ക്ക്‌ സ്വീകരിക്കാമായിരുന്നു. ജീവിതത്തില്‍ കൂടുതല്‍ കര്‍മ്മോന്മുഖനാകാനുള്ള ശ്രീ സുരേഷ്‌ ഗോപിയുടെ നീക്കങ്ങളെ പുകഴ്‌ത്തുന്നു. പ്രത്യേകിച്ച്‌ കേരളത്തിലെ കുത്തഴിഞ്ഞ ഭരണത്തിനു പോംവഴി കണ്‌ടെത്താനുള്ള നീക്കത്തെയും അഭിനന്ദിക്കുന്നു .

എന്നാല്‍ ഇന്‍ഡ്യന്‍ പൊളിറ്റിക്‌സില്‍ അല്ലെങ്കില്‍ കേരള പോളിറ്റിക്‌സില്‍ ഇറങ്ങും മുമ്പേ ചില ബാലപാഠങ്ങള്‍ മനസ്സിലാക്കേണ്‌ടതുണ്‌ട്‌. തന്റെ തട്ടകമേതാണോ അവിടെ ഗ്രാസ്‌റൂട്ട്‌ ലവലില്‍ പ്രവര്‍ത്തിച്ച്‌, ജനസമ്മതി നേടി രംഗപ്രവേശം ചെയ്യുകയാണ്‌ ഒരു മാര്‍ഗ്ഗം. അല്ലെങ്കില്‍ കെ.എസ്‌.യു എസ്‌.എഫ്‌ .ഐ തുടങ്ങിയ സ്റ്റുഡന്റ്‌ മൂവ്‌മെന്റിലൂടെ കടന്നു വരണമായിരുന്നു. മറ്റൊരു മാര്‍ഗ്ഗം സുരേഷ്‌ ഗോപി ബി ജെപി തട്ടകത്തിലേക്കാണ്‌ നീങ്ങാന്‍ ഭാവമെങ്കില്‍ ആര്‍.എസ്‌.എസ്സസുമായി യോജിച്ച്‌ നിര്‍ദ്ദിഷ്‌ട പരിശീലനം നേടി സാവധാനം, ജനപിന്തുണയും പാര്‍ട്ടി പിന്തുണയും അര്‍ജ്ജിച്ച്‌ ഉന്നത ശ്രേണികളിലേക്ക്‌ ലക്ഷ്യമിടാം. ഇനിയതൊന്നുമല്ലെങ്കില്‍ സ്വന്തം മണ്ഡലത്തലെ ജനങ്ങളുമായി ഇടപഴകി അവരുടെ പ്രശ്‌നങ്ങളിലും സുഖ ദുഖങ്ങളിലും പങ്കുചേര്‍ന്ന്‌ സാവധാനം അവരുടെ കയ്യടി നേടിക്കൊണ്‌ട്‌ ഒരു സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി രംഗത്തുവരാം.

ശ്രീ സുരേഷ്‌ഗോപിയെ സംബന്ധിച്ചിടത്തോളം അവസാനത്തെ മാര്‍ഗ്ഗമായിരിക്കും ഉത്തമം. കാരണം ഉന്നതതലങ്ങളില്‍ ബ്യൂറോക്രാറ്റ്‌സിന്റെ അതിപ്രസരവും, പാര്‍ട്ടിക്കുള്ളില്‍ പ്രവര്‍ത്തിച്ച്‌ ഒരവസരത്തിനുവേണ്‌ടി കാത്തു നില്‍ക്കുന്നവരുടെ എണ്ണംവളരെ കൂടുതലായതിനാലും സ്വയം പ്രവര്‍ത്തിച്ച്‌  ശ്രദ്ധപിടിച്ചു പറ്റുന്നതായിരിക്കും കരണീയം.

ഇതൊന്നുമില്ലാതെ പുലര്‍ച്ചെ എഴുന്നേറ്റ്‌ പരേതനായ മന്നത്തു പത്മനാഭനെയും വണങ്ങി , എന്‍.എസ്‌.എസ്സ്‌ ആസ്ഥാനത്തേയ്‌ക്ക്‌ നീട്ടിപ്പിടിച്ചാല്‍ അവിടെ സ്വീകരിക്കാന്‍ ആളുണ്‌ടാകില്ല. താക്കോല്‍ സ്ഥാനം വഹിക്കുന്ന സുകുമാരന്‍ നായരുടെ സ്വീകരണ മുറ അല്‍പം കടുത്തു പോയെന്നു, വീണ്‌ടും സൂചിപ്പിക്കുന്നു. മറ്റൊന്ന്‌ , കേരളത്തിലെ ജനങ്ങള്‍ സിനിമ കാണുമെങ്കിലും അവര്‍ താരങ്ങളെ ഒരു പരിധിയില്‍ കൂടുതല്‍ വന്ദിക്കുന്നവരല്ല.

അതേ സമയം തമിഴ്‌നാട്ടിലെ എം.ജി ആറും, ശിവാജി ഗണേശനുമെല്ലാം ജനങ്ങളുടെ ആരാധനാപാത്രങ്ങളാണ്‌. മുമ്പൊരിക്കല്‍ പ്രേംനസീര്‍ മരം ചുറ്റിയുള്ള അഭിനയം നിര്‍ത്തി രാഷ്‌ട്രീയത്തിലേക്ക്‌ വരാനൊരു നീക്കംനടത്തി. കേരളീയര്‍ പറഞ്ഞു-വേണ്‌ട വേണ്‌ടാ- താങ്കള്‍ സിനിമയില്‍ തന്നെ നിന്നാല്‍ മതി. ഇവിടെ രാഷ്‌ട്രീയം അഭിനയിക്കാന്‍, ഈഎം.എസും, ശങ്കറുമെല്ലാം ധാരാളം.

അതേ സമയംകഴിഞ്ഞ പാര്‍ലമന്റ്‌ തെരഞ്ഞെടുപ്പില്‍ ഇന്നസന്റ്‌ എങ്ങനെയൊ തത്തിപ്പിടിച്ചു കയറി (പി.സി ചാക്കോയാണ്‌ അദ്ദേഹത്തിന്റെ വിജയത്തിനു കാരണക്കാരന്‍) പക്ഷേ ജയിച്ചതിനു ശേഷം അദ്ദേഹത്തെപറ്റി യാതൊരു വിവരവുമില്ല. കാരണം ഒരു നേതാവാകാന്‍ പറ്റിയ രക്തമല്ല അദ്ദേഹത്തിന്റെ സിരകളില്‍ ഒഴുകുന്നിത്‌. ആരോ പറഞ്ഞു അദ്ദേഹം ഹിന്ദി പഠിക്കുകയാണെന്ന്‌. ഹിന്ദി പഠിച്ചു പാസ്സായി, ഇനിഎന്നാണ്‌ ജന സേവനം ആരംഭിക്കുക? അമിതാഭ്‌ബച്ചന്‍, രാജീവ്‌ ഗാന്ധി, ഒരിക്കല്‍ പൊളിറ്റിക്‌സില്‍ ഇടം നല്‍കി. പക്ഷേ ഒടുവില്‍ അദ്ദേഹം വിരമിച്ചു .ശത്രുഘനന്‍ സിന്‍ഹ, ബിജെപിയുടെ എം.പിയാണ്‌. അദ്ദേഹവും ഇന്നസന്റിന്റെ കാര്യം പറഞ്ഞതുപോലാണ്‌.

സിരകളിലെ രക്തം ഭിന്നമാണ്‌. രാഷ്‌ട്രീയത്തില്‍ അഭിനയം മാത്രം പോരല്ലോ. ഇന്‍ഡ്യയുടെ ഭരണം, തെരഞ്ഞെടുക്കപ്പെട്ട വ്യക്തികളാണ്‌ നിര്‍വ്വഹിക്കുന്നതെങ്കിലും, അവിടെയുള്ള ഐ.എ.എസ്‌. ഐഫ്‌.എസ്‌, ഐ.സി.എസ്‌ തുടങ്ങിയ പ്രഫഷണല്‍സുകളാണ്‌ ഭരണം നിയന്ത്രിക്കുന്നത്‌ . എങ്കില്‍ പിന്നെ അവര്‍ക്കങ്ങു ഭരിച്ചുകൂടെ എന്നു ചോദിച്ചേക്കാം.പക്ഷെ അവരെക്കൊണ്‌ടതു സാധിക്കില്ല, കാരണം സമചിത്തതയോടെ സാധാരണക്കാരന്റെ പ്രശ്‌നങ്ങള്‍ കാണാനും കേള്‍ക്കാനുമുള്ള ക്ഷമ, ദര്‍ശനം, തുടങ്ങിയവ അവരിലില്ല . അവര്‍ക്ക്‌ തിയറിയെ അറിയൂ. പ്രാക്‌ടിക്കല്‍ ദൈവം നല്‍കിയിരിക്കുന്നത്‌ രാഷ്‌ട്രീയ അഭിരുചിയുള്ളവര്‍ക്കാണ്‌ . അവര്‍ക്കേ ജനങ്ങളുടെ യഥാര്‍ത്ഥ നേതാവാകാന്‍ കഴിയൂ . ബാസ്‌കറ്റ്‌ ബോള്‍ കോച്ചിനെ നോക്കുക, കോച്ചാണ്‌ കുട്ടികളെ ബാസ്‌കറ്റ്‌ ബോള്‍ കളിക്കാനും തെറ്റുകള്‍ ചൂണ്‌ടിക്കാട്ടാനും അവരോടൊപ്പം ഉള്ളത്‌. എങ്കില്‍ പിന്നെ ഈ കോച്ചുകള്‍ക്കങ്ങു കളിച്ചാല്‍പോരെ .. പറ്റില്ല . എന്തുകൊണ്‌ട്‌ പറ്റില്ല? കോച്ചുകള്‍ക്ക്‌ `കരക്കുനിന്നു വള്ളം തുഴയാനെ' അറിയൂ . കാരണം അവരില്‍ മത്സര ബുദ്ധിയില്ല. അങ്ങനെ അങ്ങനെ ജീവിതത്തിന്റെ എല്ലാ തുറകളിലും, ജന്മവാസന ആരിലും പൂര്‍ണ്ണമല്ല. അതിനാല്‍ മനുഷ്യന്‍ മറ്റുള്ളവരുമായി സഹകരിച്ചേ വിജയിക്കാന്‍ സാധിക്കൂ .

യേശുദാസിനെ നോക്കുക -അദ്ദേഹത്തോട,്‌ ദൈവം ഒരു പാമരനാം പാട്ടുകാരനാകാനനാണ്‌ കല്‍പിച്ചയച്ചിരിക്കുന്നത്‌. ഒരു വരി കവിത എഴുതാനോ , അതന്‌ ഈണം പകരാനോ അദ്ദേഹത്തിനുകഴിയില്ല . അതേ സമയം ഇവരെല്ലാം യോജിച്ചു കഴിയുമ്പോള്‍ നല്ലൊരു ആസ്വാദനമായി .

ഇന്നു ലോകം കത്തി നശിച്ചു കൊണ്‌ടിരിക്കുന്നതിനു മുഖ്യകാരണം - രാഷ്‌ട്രീയം ഒരു ജീവിത മാര്‍ഗമാക്കി അധികാര ഭ്രമത്താല്‍ ലോകം ഭരിക്കുന്നവരെയാണ്‌ നാം കാണുന്നത്‌ . അതേസമയം ഒരു നേതാവിനെ കണ്‌ടെത്തുന്ന രീതിയില്‍ അമേരിക്കന്‍ ഭരണഘടന, വളരെ കര്‍ക്കശമായി, ശ്രദ്ധിക്കുന്നുവെന്നത്‌ എടുത്തു പറയേണ്‌ടിയിരിക്കുന്നു. ഒബാമയ്‌ക്ക്‌ ശേഷം അമേരിക്കയുടെ അടുത്ത ലീഡറെ കണ്‌ടെത്താനുള്ള ശ്രമം ഇപ്പോഴേ തുടങ്ങിക്കഴിഞ്ഞു . പലരും മാറ്റുരച്ചു കൊണ്‌ടിരിക്കുന്നു . ഈ തെരഞ്ഞെടുപ്പു മാര്‍ഗ്ഗമാണ്‌ ഇന്‍ഡ്യയും അവലംബിക്കേണ്‌ടത്‌ . പകരം അവിടത്തെ കല്യാണം പോലെതന്നെയാണ്‌ നേതാക്കന്മാരെയും തെരഞ്ഞെടുക്കുന്നത്‌. അതിന്റെ ക്ഷീണം രാജ്യം അനുഭവിക്കുന്നു.

ചുരുക്കത്തില്‍ രാഷ്‌ട്രീയത്തില്‍ തല്‍പരനായ നമ്മുടെ താരത്തിനു തുടക്കത്തിലേ കല്ലുകടി ഉണ്‌ടായെങ്കിലും യജ്ഞം അവസാനിപ്പിക്കരുത്‌. സ്വയം ഒരു പാത വെട്ടിത്തുറന്ന്‌ അതിലുടെ കയറിവരുക. തീര്‍ച്ചയായും വിജയിക്കും.
താക്കോല്‍ സ്ഥാനം ..(കൈരളി ന്യൂയോര്‍ക്ക്‌)
Join WhatsApp News
Ponmelil Abraham 2015-07-05 03:57:24
Very good message, advice and analysis of the situation. Well done Kairali.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക