Image

സ്വപ്‌നഭൂമിക(നോവല്‍: അവസാനഭാഗം) - മുരളി ജെ. നായര്‍

മുരളി ജെ. നായര്‍ Published on 04 July, 2015
സ്വപ്‌നഭൂമിക(നോവല്‍: അവസാനഭാഗം) - മുരളി ജെ. നായര്‍
മുപ്പത്തിരണ്ട്

'എന്താ ഒന്നും മിണ്ടാത്തത്?'
ചെറിയാച്ചന്‍ തന്റെയും അച്ചായന്റെയും മുഖത്ത് മാറി മാറി നോക്കി. 
അദ്ദേഹം പറഞ്ഞതൊക്കെ വാസ്തവം തന്നെ. നൂറു ശതമാനം വാസ്തവം. അതുകൊണ്ടാണ് മറുപടിയായി എന്തെങ്കിലും പറയാന്‍ വിഷമവും.....
'ഇതൊരു കൗണ്‍സിലിങ് സെഷനായി കണക്കാക്കേണ്ട,' ചെറിയാച്ചന്‍ വീണ്ടും. 'അക്കാര്യത്തില്‍ എന്റെ ജോലി കഴിഞ്ഞു. ഇവിടെ നിന്നു പോയിക്കഴിഞ്ഞാല്‍ നിങ്ങളായി, നിങ്ങളുടെ പാടായി.'
വാച്ചില്‍ നോക്കി. ഏറിയാല്‍ രണ്ടു മണിക്കൂര്‍ കൂടി ആശുപത്രി മുറിയില്‍ കഴിയേണ്ടിവരും. അതു കഴിഞ്ഞാല്‍ ഡിസ്ചാര്‍ജ് ചെയ്യും. ഒരു പുതിയ ജീവിതത്തിലേക്ക്.
'ചെറിയാച്ചാ, ഇനിയൊരിക്കലും ഒന്നിലധികം ജോലി ചെയ്യാന്‍ റോസിയെ ഞാനനുവദിക്കില്ല,' അച്ചായന്‍ പതിഞ്ഞ ശബ്ദത്തില്‍ പറഞ്ഞു. എന്നിട്ടു തന്നെ നോക്കി, ഇന്നോളം കണ്ടിട്ടില്ലാത്ത സ്‌നേഹമസൃണമായ രീതിയില്‍.
'നിങ്ങളുടേതുപോലൊരു കുടുംബത്തിനു ജീവിക്കാന്‍ എത്ര പണം വേണം? അതിലൊക്കെ കൂടുതല്‍ രണ്ടുപേരും കൂടി ഉണ്ടാക്കുന്നില്ലേ?' ചെറിയാച്ചന്‍ ചോദിച്ചു.
മറുപടിക്കായി അദ്ദേഹം തന്റെ നേരെ നോക്കുന്നതറിഞ്ഞു. താന്‍ അച്ചായന്റെ നേരെ കണ്ണയച്ചു.
പണത്തെപ്പറ്റിയുള്ള ചെറിയാച്ചന്റെ വിശകലനം ഓര്‍ത്തു. ജീവിക്കാന്‍ പണം വളരെ അത്യാവശ്യമാണ്. എന്നാല്‍ അതുപോലെ തന്നെ പ്രധാനപ്പെട്ട കാര്യമാണ് കുടുംബാംഗങ്ങളുമൊത്ത് കുറേ സമയം ചെലവഴിക്കുക എന്നതും. ഉദാഹരണത്തിന്, ഡൈനിങ് ടേബിളിലെങ്കിലും കുടുംബാംഗങ്ങള്‍ ഒന്നിച്ചു കൂടിക്കൂടേ? ഇത്തരം ഉള്ളു തുറന്ന കമ്മ്യൂണിക്കേഷന്‍ ഇല്ലാത്തതാണത്രെ ഇന്ത്യന്‍ കമ്മ്യൂണിറ്റിക്ക്, വിശേഷിച്ചും മലയാളികളുടെ പ്രധാന പ്രശ്‌നം.
മാതാപിതാക്കളുമായുള്ള സംഭാഷണത്തിനും ചര്‍ച്ചയ്ക്കും അവസരം കിട്ടാത്തപ്പോഴാണത്രെ കുട്ടികള്‍ അവരവരുടെ വഴിക്കു പോകുന്നത്! ഈ രാജ്യത്ത് അങ്ങനെ പോയിക്കഴിഞ്ഞാലുള്ള ഭവിഷ്യത്ത് ഊഹിക്കാവുന്നതല്ലേയുള്ളൂ?
അതുപോലെ തന്നെ, മാതാപിതാക്കളുടെ മനസിലുള്ള, അഥവാ ഉണ്ടെന്ന് അഭിമാനിക്കാവുന്ന ഇന്ത്യന്‍ സംസ്‌കാരം കുട്ടികളിലേക്ക് അടിച്ചേല്‍പ്പിക്കലല്ല ഇത്തരം കമ്മ്യൂണിക്കേഷന്റെ ഉദ്ദേശമെന്നും അദ്ദേഹം എടുത്തു പറഞ്ഞിരുന്നു.
'നമ്മള്‍ മനസിലാക്കേണ്ട ഒരു പ്രധാന കാര്യമുണ്ട്. നമ്മുടെ കുട്ടികള്‍ ഇവിടെ മലയാളികള്‍ അഥവാ ഇന്ത്യാക്കാര്‍ എന്നതിലുപരി അമേരിക്കക്കാരായിട്ടാണ് വളരുന്നത്. ഈ തിരിച്ചറിവിന്റെ പശ്ചാത്തലത്തില്‍ വേണം അവരുമായി കമ്മ്യൂണിക്കേറ്റ് ചെയ്യാന്‍. അവര്‍ പറയുന്നതു മുഴുവന്‍  അംഗീകരിച്ചു കൊടുക്കണമെന്നോ അവരുടെ വഴിക്ക് പോകാന്‍ പൂര്‍ണ്ണ സമ്മതം കൊടുക്കണമെന്നോ അല്ല ഇപ്പറഞ്ഞതിനര്‍ത്ഥം. രണ്ടു ചിന്താഗതികളുടേയും സംസ്‌കാരങ്ങളുടേയും ഇടയ്ക്കുള്ള ആരോഗ്യകരമായ ഒരു ബാലന്‍സ്ഡ് സമീപനം കൈക്കൊള്ളാന്‍ നാം അവരെ പ്രാപ്തരാക്കണം. ഒന്നോര്‍ക്കുക, നാം ഭൂതകാലത്തില്‍ ജീവിക്കുമ്പോള്‍ അവര്‍ ഭാവിയിലാണു ജീവിക്കുന്നത്. അവര്‍ വിജയം വരിക്കാനാഗ്രഹിക്കുന്നത് ഈ മണ്ണിലാണ്.'
ദൈവമേ, എത്ര അര്‍ത്ഥവത്തായ കാര്യങ്ങള്‍! നഷ്ടപ്പെട്ട അവസരങ്ങളെയോര്‍ത്ത് മനസു വീണ്ടും തേങ്ങി.
'വേറൊന്ന്, കുട്ടികളുടെ മാര്‍ഗദര്‍ശികളായി പ്രവര്‍ത്തിക്കാനുള്ള ബാദ്ധ്യതയും മാതാപിതാക്കള്‍ക്കുണ്ട്. അതായത് മെന്റോറിങ്. മാതാപിതാക്കളെ കണ്ടാണ് കുട്ടികള്‍ പലതും പഠിക്കുന്നത് എന്നോര്‍മ്മ വേണം.'
ഇനിയെന്താണാവോ ചെറിയാച്ചന്‍ പറഞ്ഞു വരുന്നത്?
'ഒരു ചെറിയ കാര്യം പറയട്ടെ?' അദ്ദേഹം തുടര്‍ന്നു. മോഷ്ടിക്കുന്നതു തെറ്റാണെന്ന്  എല്ലാവരും പറയും. സ്വന്തം ജീവിതത്തില്‍ അതുപൂര്‍ണ്ണമായി പ്രാവര്‍ത്തികമാക്കാറുണ്ടോ? ആരേയും പ്രത്യേകിച്ചു കുറ്റപ്പെടുത്തുകയല്ല. ഹോസ്പിറ്റലില്‍ ജോലി ചെയ്യുന്നവരില്‍ ഒരു നല്ല വിഭാഗം ആളുകള്‍ ഹോസ്പിറ്റല്‍ സപ്ലൈസ് വീട്ടിലേക്ക് കൊണ്ടു പോകാറില്ലേ? തികച്ചും അനധികൃതമായ കാര്യമല്ലേ അത്? കുട്ടികളുടെ ദൃഷ്ടിയില്‍ അതു മോഷണമാണ്. എന്നോ
ട് ഇതേപറ്റി ചിലരൊക്കെ പറഞ്ഞിട്ടുണ്ട്.'
വാക്കുകള്‍ കൂരമ്പുകളായി മാറുന്നതുപോലെ....
വല്ലാത്ത കുറ്റബോധം തോന്നുന്നു.
ചെറിയാച്ചന്‍ പറയുന്നതൊക്കെ വളരെ ലളിതമായ കാര്യങ്ങള്‍. എന്നാല്‍ അവയ്ക്കുള്ള പ്രാധാന്യത്തെപ്പറ്റി ഇതുവരെ ചിന്തിച്ചിട്ടില്ലല്ലോ.
തനിക്കു മാത്രമായി നടത്തിയ കൗണ്‍സിലിങ്ങ് സെഷനില്‍ ചെറിയാച്ചന്‍ പറഞ്ഞകാര്യം, നേഴ്‌സുമാരുടെ പ്രത്യേക മനഃസ്ഥിതിയെപ്പറ്റി. അതായത്, ഒരുകാലത്ത് സമൂഹം അയിത്തം കല്‍പിച്ചിരുന്ന തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നതിന്റെ പ്രായശ്ചിത്തമായി കുട്ടികളെ ഉയര്‍ന്ന നിലയില്‍ എത്തിക്കാനുള്ള ആഗ്രഹത്തെപ്പറ്റി. കുട്ടികള്‍ ഡോക്ടറോ എഞ്ചിനീയറോ അല്ലെങ്കില്‍ തങ്ങളേക്കാള്‍ മുന്തിയതെന്ന് അഭിമാനിക്കാവുന്ന വേറെ ഏതെങ്കിലും തൊഴിലിലോ ഏര്‍പ്പെട്ടാല്‍ തങ്ങള്‍ക്കു നഷ്ടപ്പെട്ട ബഹുമാന്യത വീണ്ടെടുക്കാന്‍ കഴിയും എന്ന മിഥ്യാധാരണയെപ്പറ്റി.
ഈയൊരു അപകര്‍ഷതാബോധം തന്നെയാണത്രെ ഒന്നിലധികം ജോലികള്‍ ചെയ്ത് പണമുണ്ടാക്കാന്‍ പ്രേരിപ്പിക്കുന്നതും അതെ. ആലോചിച്ചു നോക്കുമ്പോള്‍ ചെറിയാച്ചന്‍ പറഞ്ഞതെല്ലാം വാസ്തവമായിത്തോന്നുന്നു. അമേരിക്കന്‍ മണ്ണിലെ കയ്പ്പുള്ള യാഥാര്‍ത്ഥ്യങ്ങള്‍.
'എന്താ രണ്ടുപേരും കഴിഞ്ഞകാലത്തേക്കു പോയോ?' ചെറിയാച്ചന്‍ വിരല്‍ ഞൊടിച്ചു.
ചിരിച്ചു, ജാള്യതയോടെ. അച്ചായനും ആ ചിരിയില്‍ പങ്കുചേര്‍ന്നു.
'എന്റെ മുമ്പില്‍ വച്ചു കുറ്റം സമ്മതിക്കേണ്ട,' ചെറിയാച്ചന്‍ തുടര്‍ന്നു. സ്വയം ഒന്നാലോചിച്ചു നോക്ക്, നിങ്ങള്‍ എത്രമാത്രം നിര്‍ബന്ധിച്ചാണ് സന്ധ്യയെ ഫാര്‍മസി കോഴ്‌സിനയച്ചത്?'
അച്ചായന്‍ മുഖം തിരിക്കുന്നതു ശ്രദ്ധിച്ചു.
'അതുകൊണ്ട് വന്ന ഭവിഷ്യത്തും നിങ്ങള്‍ അനുഭവിച്ചു.' അദ്ദേഹം ഒന്നു നിര്‍ത്തി തന്റെയും അച്ചായന്റെയും മുഖത്ത് മാറി മാറി നോക്കി. 'ലുക്ക്. സന്ധ്യ മിടുക്കിക്കുട്ടിയാണ്. നല്ല ക്രിയേറ്റീവ് കഴിവുകള്‍ ഉള്ളവള്‍. നിങ്ങള്‍ ചെയ്യാന്‍ ശ്രമിച്ചത് എന്താണെന്നറിയാമോ? ഒരെഴുത്തുകാരിയോ കലാകാരിയോ ആകാനുള്ള അവസരം നഷ്ടപ്പെടുത്തല്‍.'
വേണ്ട, ഇനി താന്‍  അവളുടെ അഭിലാഷങ്ങള്‍ക്കും തടസം നില്‍ക്കില്ല. അച്ചായനും അത് ഏറെക്കുറെ സമ്മതിച്ചമട്ടുണ്ട്. സന്ധ്യയുടെ മനസിലുള്ള ആഗ്രഹങ്ങളെപ്പറ്റി താമസിച്ചാണു ബോധ്യമായത്. മുമ്പ് ഇതൊക്കെ കണ്ടറിയാന്‍ ആര്‍ക്കും സമയവും സാവകാശവും ഇല്ലായിരുന്നല്ലോ.
സന്ധ്യയ്ക്ക്  ഇനി ക്രിയേറ്റീവ് റൈറ്റിങ്ങില്‍ കോഴ്‌സുകള്‍ എടുക്കാനാണു താല്‍പര്യമെന്നു പറഞ്ഞു. ഇപ്പോഴത്തെ ലൈബ്രറിയില്‍  അസിസ്റ്റന്റയിട്ടുള്ള ജോലി വളരെ ഐഡിയല്‍ ആണത്രെ. പുസ്തങ്ങളുടെ ലോകത്ത് സമയം കഴിച്ചു കൂട്ടാമല്ലോ. ഡിഗ്രിയെടുത്തതിനു ശേഷം ടീച്ചിങ്ങിലേക്കു പോകാനാണത്രെ  പ്ലാന്‍. അതോടൊപ്പം ഗൗരവമായി എഴുതാനും ആഗ്രഹമുണ്ടത്രെ.
മോളേ നിന്റെ ആഗ്രഹങ്ങളൊക്കെ സഫലീകരിക്കുന്നതിനായി ഈ മമ്മി പ്രാര്‍ത്ഥിക്കാം, മനസില്‍ പറഞ്ഞു. ഇതുവരെ ചെയ്ത തെറ്റുകള്‍ക്കു മാപ്പ്!
കണ്ണു തുടയ്ക്കുന്നത് ചെറിയാച്ചന്‍ കാണാതിരിക്കാന്‍ ശ്രദ്ധിച്ചു.
'ഇനി വിനോദിന്റെ കാര്യമായിരിക്കും നിങ്ങളുടെ മറ്റൊരു ചിന്താവിഷയം. അതിലും എനിക്കു ചിലതു പറയാനുണ്ട്.' ചെറിയാച്ചന്‍ ഒന്നു നിര്‍ത്തി, എന്നിട്ട് അച്ചായന്റെ നേരെ തിരിഞ്ഞു. തോമസേ, ഇത്രയൊക്കെ സ്വാതന്ത്ര്യം നമ്മുടെയൊക്കെ ചെറുപ്പത്തില്‍ കിട്ടിയിരുന്നെങ്കില്‍ എന്തൊക്കെ ചെയ്‌തേനേ? അക്കണക്കിനു നോക്കിയാല്‍ വിനോദ് ഒരു പാവം പയ്യനല്ലേ?'
അച്ചായന്റെ ചിരി ഇളിഭ്യച്ചിരിയായി മാറുന്നത് ശ്രദ്ധിച്ചു.
'എടോ, എന്നോടു ചില കാര്യങ്ങളൊക്കെ സന്ധ്യ പറഞ്ഞു,' ചെറിയാച്ചന്‍ തന്റെ നേരെ നോക്കി. അല്പസമയത്തിനുശേഷം വീണ്ടും തുടര്‍ന്നു; അമേരിക്കയില്‍ കാലുകുത്തുന്നതിനു മുമ്പു തന്നെ അയാളെ ഒരു ബിസിനസ്മാനാക്കിയെടുക്കാനല്ലായിരുന്നോ നിങ്ങളുടെ ശ്രമം? അത് വളരെ തെറ്റായിപ്പോയി. ഗിവ് ഹിം റൈം. ആദര്‍ശപൂര്‍ണമായ ഒരു കുടുംബസംവിധാനത്തിലേക്കല്ലല്ലോ അയാള്‍ വന്നത്. ലെറ്റ് ഹിം അഡ്ജസ്റ്റ് ടു റിയാലിറ്റീസ്.'
'വിനോദ് ഇനിയും വന്നില്ലല്ലോ ഡോക്ടര്‍,' വിതുമ്പിക്കൊണ്ടാണ് തന്റെ ആശങ്ക പ്രകടിപ്പിച്ചത്.
ചെറിയാച്ചന്‍ ചിരിച്ചു.
'വരും, അതിനുള്ള വഴികളൊക്കെ ആസൂത്രണം ചെയ്യപ്പെട്ടു കഴിഞ്ഞു.' അച്ചായനെ ചെറിയാച്ചന്‍ തറപ്പിച്ചു നോക്കി.' പിന്നെ തോമസേ ഒരു കാര്യം, അനിലിനോട് അല്പം സെല്‍ഫ് കണ്‍ട്രോള്‍ ശീലിക്കാന്‍ പറയണം. അയാളുടെ പ്രതികാരബോധം കുറെ അതിരു കടക്കുന്നുണ്ട്.'
'അത്....' അച്ചായന്‍ എന്തോ പറയാന്‍ ശ്രമിച്ചു.
'നോ, നിങ്ങള്‍ വിനോദിനെ ആവശ്യത്തിലധികം ശിക്ഷിച്ചു കഴിഞ്ഞു. ഇറ്റ് വാസ് റ്റൂ മച്ച്,' ചെറിയാച്ചന്‍ പറഞ്ഞു. സന്ധ്യ പറഞ്ഞ കാര്യങ്ങള്‍ വച്ചു നോക്കുമ്പോള്‍, വിനോദിന്റെ ഇതുവരെയുള്ള പ്രതികരണം, ഇറ്റ് വാസ് ബട്ട് നാച്ച്വറല്‍.'
നാവിറങ്ങിപ്പോയതുപോലെ. സന്ധ്യ എന്തെല്ലാമായിരിക്കും ചെറിയാച്ചനോടു പറഞ്ഞിരിക്കുക?
ഇനിയെന്തൊക്കെയാണോ വിനോദിന്റെ പരിപാടികള്‍? ഇതിനകം കാര്യങ്ങളെല്ലാം വിനോദ് അറിഞ്ഞിരിക്കും. എങ്ങനെയാണാവോ പ്രതികരിക്കുക?
ഇനിയെന്തൊക്കെയാണോ വിനോദിന്റെ പരിപാടികള്‍? ഇതിനകം കാര്യങ്ങളെല്ലാം വിനോദ് അറിഞ്ഞിരിക്കും. എങ്ങനെയാണാവോ പ്രതികരിക്കുക?
ഏറ്റവും വലിയ പ്രശ്‌നം, കഴിഞ്ഞ കുറേ ദിവസങ്ങളായി വിനോദിന് ഒന്നു തുറന്നു സംസാരിക്കാനോ വേണ്ട മാര്‍ഗദര്‍ശനം നല്‍കാനോ ആരുമില്ലായിരുന്നു എന്നുള്ളതാണ്. കൂട്ടുകൂടിയിരിക്കുന്ന സംഘമാണെങ്കില്‍ സാമൂഹ്യവിരുദ്ധരുടേതും. അതേപറ്റി അച്ചായനോടു ചോദിച്ചപ്പോള്‍ തൃപ്തികരമായ മറുപടിയില്ലതാനും!
കാല്‍പെരുമാറ്റം കേട്ട് തിരിഞ്ഞു നോക്കി.
സന്ധ്യ.
'വിനു വന്നു,' അവളുടെ വാക്കുകളില്‍ അടക്കാനാവാത്ത സന്തോഷം. ലോബിയിലുണ്ട്.'
'എന്നിട്ട് എന്താ ഇങ്ങോട്ടു വരാത്തത്?'
തന്റെ ചോദ്യത്തില്‍ ഉദ്വേഗം.
'അത്്...' സന്ധ്യ ഒന്നു മടിച്ചു. 'ഇവിടെ ആരൊക്കെ ഉണ്ടാകുമെന്നറിയില്ലല്ലോ?'
'ഇനിയുള്ള ജോലി എന്റേത്,' ചെറിയാച്ചന്‍ തുടര്‍ന്നു. 'കുറേക്കഴിഞ്ഞ് സന്ധ്യ എന്റെ ഓഫീസിലേക്കു വരണം.'
'ശരി അങ്കിള്‍.'
'നിങ്ങള്‍ പോകാന്‍ ഒരുങ്ങിക്കൊള്ളിന്‍,' ചെറിയാച്ചന്‍ പുറത്തേക്കു നടന്നുകൊണ്ട് പറഞ്ഞു.
സന്ധ്യയുടെ മുഖത്ത് വല്ലാത്ത ഭാവപ്പകര്‍ച്ച. മനസ് കടുത്ത സംഘര്‍ഷത്തിലാണെന്നു സ്പഷ്ടം.
അവള്‍ പതുക്കെ നടന്നു വന്ന് കട്ടിലില്‍ തന്റെ അടുത്തായി ഇരുന്നു.
'വിനു നിന്നോടു വല്ലതും പറഞ്ഞോ?' ഉദ്വേഗപൂര്‍വ്വം ചോദിച്ചു.
അവള്‍ മറുപടി പറയാന്‍ കഴിയുന്നതിനുമുമ്പ് വാതില്‍ക്കല്‍ അനിലും ലീയും.
'അല്‍പം താമസിച്ചുപോയി.' അനില്‍ പറഞ്ഞു. 'ഇവളെ പിക്കു ചെയ്യാന്‍ പോയിരിക്കയായിരുന്നു.'
ലീ പുഞ്ചിരിച്ചുകൊണ്ട് തന്നോടു ചേര്‍ന്നു നിന്നു.
'ഹൗ ആര്‍ യൂ?' അവള്‍ ചോദിച്ചു.
'ഫൈന്‍ താങ്ക്യൂ.'
'എപ്പഴാ പോകുന്നത്?' അനിലിന്റെ ചോദ്യം അച്ചായനോട്.
'അധികം താമസമുണ്ടെന്നു തോന്നുന്നില്ല,' അച്ചായന്‍ പറഞ്ഞു.
'ചെറിയാച്ചന്‍ വിനുവുമായി സംസാരിക്കയാണ്.'
'വിനു വന്നോ?'
'യെസ്.' സന്ധ്യയാണു മറുപടി പറഞ്ഞത്.
അനില്‍ എന്തോ പറയാനാഞ്ഞു. എന്നാല്‍ പെട്ടെന്നു നിര്‍ത്തിക്കളഞ്ഞു.
'ഹൗ ആര്‍ യു സാന്‍ഡീ?' ലീ സന്ധ്യയെ നോക്കി ചോദിച്ചു.
'ഗുഡ്്.'
'നീ വാ,' അച്ചായന്‍ അനിലിനെ നോക്കിപ്പറഞ്ഞു.
അവര്‍ രണ്ടുപേരും കൂടി പുറത്തേക്കിറങ്ങി.
സന്ധ്യയോടും വിനോദിനോടുമൊപ്പം വാര്‍ഡിലേക്കു കയറി വന്ന ചെറിയാച്ചന്റെ മുഖം നിറയെ പുഞ്ചിരി.
വിനോദിന്റെ ചിരിയില്‍ അല്പം വല്ലായ്മ ഒളിഞ്ഞിരിക്കുന്നതുപോലെ.
'ഇതാ ഞാന്‍ ഇവരെ നിങ്ങളുടെ കൈയിലേക്ക് ഏല്‍പിക്കുന്നു,' ചെറിയാച്ചന്‍ പറഞ്ഞു.
ലീ തന്റെ മുഖത്തേക്ക് ചോദ്യഭാവത്തില്‍ നോക്കുന്നതറിഞ്ഞു.
'ഇത് ലീ,' ചെറിയാച്ചന് അവളെ പരിചയപ്പെടുത്തി. 'അനിലിന്റെ ഗേള്‍ഫ്രണ്ട്.'
എന്നിട്ട് ലീയോടായി പറഞ്ഞു: ദിസ് ഈസ് ഡോ. ചെറിയാന്‍ പൗലോസ്.
ലീ തൊഴുതു. ചിരിച്ചപ്പോള്‍ നുണക്കുഴികള്‍ തെളിയുന്നതു കൗതുകത്തോടെ നോക്കി.
'നൈസ് മീറ്റ്ങ്ങ്് യു,' ചെറിയാച്ചന്‍ പറഞ്ഞു. അനില്‍ എല്ലാം പറഞ്ഞിട്ടുണ്ട്.'
ലീയെക്കാണുമ്പോള്‍ പണ്ട് ഉണ്ടാകാറുള്ള ഭാവഭേദങ്ങളൊന്നും അച്ചായന്റെ മുഖത്ത് കണ്ടില്ല.
'എല്ലാവരോടുമായി ഒരു കാര്യം കൂടി പറയട്ടെ? ' ചെറിയാച്ചന്‍ ഓരോരുത്തരെയും മാറിമാറി നോക്കി. 'ഈ റോസമ്മ നിങ്ങളുടെ കുടുംബത്തിന്റെ ഏറ്റവും വലിയ ്‌സ്സെറ്റാണ്. നിങ്ങാളാരും ഇവരെ വേണ്ടവിധം മനസിലാക്കിയിട്ടില്ല. നിങ്ങള്‍ക്കു വേണ്ടി മാത്രമാണ് ഇവര്‍ ജീവിക്കുന്നത്. നിങ്ങളെ സ്‌നേഹിച്ചും പരിചരിച്ചും ഇവരുടെ കൊതി തീര്‍ന്നിട്ടില്ല.'
സന്ധ്യ അടുത്തു വന്ന് തോളിലൂടെ കൈയിട്ട് ചേര്‍ന്നു നിന്നു. കണ്ണീര്‍ നിയന്ത്രിക്കാന്‍ കഴിയുന്നില്ല. ദൈവത്തിന് ആയിരം നന്ദി പറഞ്ഞു.
'വിഷ് യൂ ആള്‍ ദ ബെസ്റ്റ്.' ചെറിയാച്ചന്റെ ആശംസ.
'താങ്ക്യൂ ചെറിയാച്ചാ,' എല്ലാവര്‍ക്കും വേണ്ടി നന്ദി പറഞ്ഞ അച്ചായന്റെ സ്വരം ഇടറിയിരുന്നെന്നു തോന്നുന്നു.

അവസാനിച്ചു.

സ്വപ്‌നഭൂമിക(നോവല്‍: അവസാനഭാഗം) - മുരളി ജെ. നായര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക