Image

ടെക്‌സസ്സില്‍ താപനില ഉയരുന്നു. കുട്ടിയെ കാറിലിരുത്തി കടയില്‍ പോയ അമ്മൂമ്മ അറസ്റ്റില്‍

പി.പി.ചെറിയാന്‍ Published on 03 July, 2015
ടെക്‌സസ്സില്‍ താപനില ഉയരുന്നു. കുട്ടിയെ കാറിലിരുത്തി കടയില്‍ പോയ അമ്മൂമ്മ അറസ്റ്റില്‍
റോസര്‍ബര്‍ഗ് : വേനല്‍ചൂട് ശക്തമായി അനുഭവപ്പെട്ടു തുടങ്ങിയ ടെക്‌സസ്സില്‍ കുട്ടികളുമായി യാത്രചെയ്യുന്ന മാതാപിതാക്കള്‍ക്കു പോലീസിന്റെ മുന്നറിയിപ്പ്.

ബിവര്‍ലി സിംപ്‌സണ്‍ പേരക്കിടാവുമായി ഗ്രോസറി കടയിലേക്ക് പുറപ്പെട്ടതായിരുന്നു. പാര്‍ക്കിങ്ങ് ലോട്ടില്‍ കാര്‍ നിറുത്തി പെട്ടെന്ന് ഒരു സാധനം വാങ്ങുന്നതിന് കടയിലേക്ക് കയറി. കുട്ടി തനിയെ കാറിലിരിക്കട്ടെ എന്ന് അമ്മൂമ്മ നിശ്ചയിച്ചു. എന്‍ജിനും ഓഫ് ചെയ്തു.

കുട്ടികളുടെ കാര്യങ്ങളില്‍ ആശങ്കയുള്ള ഒരു പൗരന്‍ വിവരം പോലീസിനെ അറിയിച്ചു. കാറിന്റെ ചില്ലുകള്‍ ഉയര്‍ത്തി അകത്തിരിയ്ക്കുകയായിരുന്നു കുട്ടി. പുറത്തു ശക്തമായ ചൂടും. ഉടനെ പോലീസ് ഗ്ലാസ് തല്ലിപൊട്ടിച്ച് കുട്ടിയെ കാറിന് വെളിയിലെടുത്തു.

ഈ സംഭവത്തില്‍ കുട്ടിക്ക് സൂര്യാഘാതം ഏല്‍ക്കേണ്ടി വന്നില്ലെങ്കിലും, ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നതു പല കുട്ടികളുടേയും ജീവന്‍ വരെ നഷ്ടപ്പെടുത്തുവാനിടയാകുമെന്ന് റോസല്‍ബര്‍ഗ് പോലീസ് പറഞ്ഞു. കുട്ടിയെ കാറില്‍ തനിച്ചാക്കി കടയില്‍പോയ അമ്മൂമ്മയെ പോലീസ് അറസ്റ്റുചെയ്ത് കേസ്സെടുത്തു.

ടെക്‌സസ്സില്‍ ചുട്ടുപൊള്ളുന്ന വെയിലില്‍ കുട്ടികളെ കാറില്‍ ഇരുത്തി മരണം സംഭവിച്ച നിരവധി റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു. ഈ വിഷയത്തില്‍ മാതാപിതാക്കള്‍ പ്രത്യേകം ശ്രദ്ധ ചെലുത്തണമെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.


ടെക്‌സസ്സില്‍ താപനില ഉയരുന്നു. കുട്ടിയെ കാറിലിരുത്തി കടയില്‍ പോയ അമ്മൂമ്മ അറസ്റ്റില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക