Image

“വാര്‍ത്ത” - കഥ (മാലിനി)

മാലിനി Published on 29 June, 2015
“വാര്‍ത്ത” - കഥ (മാലിനി)
ഞങ്ങള്‍ പന്ത്രണ്ടു പേരുടെ ഒരു കൂട്ടായ്മ. പലയിടങ്ങളില്‍ നിന്ന് പല കാലങ്ങളിലായി കുടിയേറി അവസാനം ഈ റസിഡന്‍ഷ്യല്‍ ഏരിയയില്‍ വന്നു ചേര്‍ന്ന ആറു കുടുംബങ്ങള്‍. 
മക്കളും കൊച്ചുമക്കളും വളര്‍ന്നു വലുതായി. വീടും സ്ഥലവും മാറി തങ്ങളില്‍ നിന്നകന്നു. തിരക്കൊഴിഞ്ഞ് ഒറ്റപ്പെട്ട ആറുദമ്പതികള്‍. ആഴ്ചയില്‍ ഒരിക്കല്‍ ഞങ്ങള്‍ ഒരുമിച്ചു കൂടി. വൃദ്ധക്കൂട്ടം എന്നു പേരിട്ടു.

ആത്മീയവും ഭൗതീകവുമായ കാര്യങ്ങളില്‍ സമ്പന്നമായ ഒത്തുചേരല്‍. അവിടെ ഞങ്ങള്‍ പ്രാര്‍ത്ഥിച്ചു. വിവിധ മതഗ്രന്ഥങ്ങളില്‍  വായനാശ്രമം നടത്തി. വാര്‍ദ്ധക്യത്തിന്റെ അനിവാര്യമായ അവശതകളെക്കുറിച്ച് ആകുലപ്പെട്ടു. പരിഹരിയ്ക്കാനാകുന്നതും ആകാത്തതുമായ പോരായ്മകള്‍ക്കു വേണ്ട പരിഹാരങ്ങള്‍ തിരഞ്ഞു. ദേശീയവും അന്തര്‍ദേശീയവുമായ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. തര്‍ക്കിച്ചു. സാഹിത്യവും രാഷ്ട്രീയവും വിഷയങ്ങളായി.

സന്തോഷം, സങ്കടം, കുറ്റപ്പെടുത്തല്‍, പരിഭവം-ഒക്കെയുടെയും സ്വരങ്ങള്‍ അവിടെ കേട്ടു. പാചകവും പരദൂഷണവും വിഷയമായി. പൊങ്ങച്ചത്തിന്റെ സ്വരവും കൂടെച്ചേര്‍ന്നു.
എല്ലാറ്റിലും ഉപരിയായി, അവിടെ ഒരാള്‍ മറ്റൊരാളെ കേട്ടിരുന്നത് കാതുകളോടൊപ്പം മനസ്സുകൊണ്ടു കൂടിയായിരുന്നു. അതുകൊണ്ടു തന്നെ ഇഷ്ടങ്ങള്‍ക്കും താല്പര്യങ്ങള്‍ക്കും അതീതമായി ഓരോരുത്തരും സ്‌നേഹത്തോടെ, സന്തോഷത്തോടെ, കരുണയോടെ മറ്റുള്ളവരെ മനസ്സിലാക്കി സ്വീകരിച്ചു. അംഗീകരിച്ചു.

ഒത്തിരി കൊടുക്കല്‍ വാങ്ങലുകള്‍ നടത്തിയിരുന്നു ആ കൂട്ടായ്മയില്‍-നിബന്ധനകള്‍ ഒന്നുമില്ലാതെ തന്നെ. ഒരാളുടെ സന്തോഷം എല്ലാവരുടെയും സന്തോഷമായി. ഒരാളുടെ പ്രശ്‌നം എല്ലാവരുടെയും പ്രശ്‌നമായി. ഞങ്ങള്‍ക്കിടയില്‍ ചിരിയ്ക്കും കണ്ണീരിനും “ആരുടെത്” എന്ന അതിര്‍വരമ്പില്ലായിരുന്നു. അതൊക്കെയും “നമ്മുടെ” എന്ന ഒരവസ്ഥയിലെക്കി എത്തിയിരുന്നു ഞങ്ങളില്‍ മിക്കവര്‍ക്കും. അത്രത്തോളം എത്താത്ത ചുരുക്കം ചിലരെ അതറിഞ്ഞ് അംഗീകരിക്കുകയും ചെയ്തിരുന്നു.
ഞങ്ങളില്‍ ചിലരുടെ കുട്ടികള്‍ അവരുടെ ശ്രദ്ധയും സ്‌നേഹവും കരുതലും കൊണ്ട് ഞങ്ങളെ തൃപ്തരാക്കിയിരുന്നു. എന്നാല്‍ മറ്റു ചിലരുടെ കുട്ടികള്‍ അവരുടെ വാക്കുകളും പ്രവൃത്തികളും ജീവിത രീതികളും കൊണ്ട് ഞങ്ങളെ എടുത്തലക്കി നാരു കീറിയിരുന്നു.
അങ്ങനെയുള്ള ചുമടുകളൊക്കെയും ഞങ്ങള്‍ ആ കൂട്ടായ്മയില്‍ ഇറക്കി വെച്ച് ഒരുമിച്ചു വിളമ്പി. രുചിഭേദങ്ങളൊക്കെ ഒന്നിച്ചനുഭവിച്ചു.

കുടുംബങ്ങളില്‍ മക്കളുടെയും കൊച്ചുമക്കളുടെയും ജന്മദിനങ്ങളിലും വിശേഷദിവസങ്ങളിലും അവരോടൊന്നിച്ച് ആഘോഷിച്ചു. ക്ഷണിയ്ക്കപ്പെടാതിരുന്ന അവസരങ്ങളില്‍ പരിഭവമില്ലാത്ത വൃദ്ധക്കൂട്ടം പ്രാര്‍ത്ഥിച്ചു, സന്തോഷിച്ചു.

അങ്ങനെ കൊച്ചു കൊച്ചു സന്തോഷങ്ങള്‍ അതിന്റെ പൂര്‍ണ്ണതയില്‍ അനുഭവിച്ചിരുന്ന ആ കൂട്ടായ്മയില്‍ വെച്ചാണ് മരിയയ്ക്ക് ഫോട്ടോഗ്രാഫിയില്‍ ഒന്നാം സമ്മാനം കിട്ടിയ വിവരം അറിയുന്നത്.

മരിയ-                

ഫെര്‍ണാണ്ടസിന്റെയും റീത്തയുടെയും കൊച്ചുമകള്‍. 

“ദേ, നമ്മുടെ ഫെര്‍ണാണ്ടസിന്റെ കൊച്ചുമകള്‍ മരിയയ്ക്ക് അസോസിയേഷന്‍ നടത്തിയ ഫോട്ടോഗ്രഫി മത്സരത്തില്‍ ഒന്നാം സമ്മാനം കിട്ടി.”

വൃദ്ധക്കൂട്ടത്തില്‍ സന്തോഷവാര്‍ത്ത. 

അത് ഞങ്ങള്‍ ഓരോരുത്തരുടെയും സ്വന്തം സന്തോഷമാകയാല്‍ എല്ലാവര്‍ക്കുമുണ്ടായിരുന്നു അഭിപ്രായങ്ങള്‍.

“ഫെര്‍ണാണ്ടസും റീത്തേം നാട്ടീന്നു വന്നിട്ടു വേണം നമുക്കിതൊന്നാഘോഷിക്കാന്‍.”

“അവളേതു ക്ലാസിലാ പഠിക്കുന്നേ? പന്ത്രണ്ടാം ക്ലാസിലാന്നാ തോന്നുന്നേ.”

അവരുടെ വീട്ടില്, ആ ഭിത്തിയേല്‍ കാണുന്നതു മുഴുവനും അവള്‍ എടുത്ത പടങ്ങളാ.”
“കമ്മ്യൂണിറ്റി കോളേജുകളില്‍ അവള്‍ ഫോട്ടോഗ്രഫിയുടെ ക്ലാസിനു പോകുന്നുണ്ടായിരുന്നു.”

ഓരോരുത്തരും അവരവരുടെ അഭിപ്രായങ്ങളും സന്തോഷങ്ങളും അറിവുകളും പറഞ്ഞിരുന്നു. അപ്പോഴാണ് അഹിതങ്ങളായ സംശയങ്ങളെ എന്നും ഉന്നയിക്കുന്ന ആനിയുടെ സംശയം-

“ആ മരിയ നമ്മുടെ മരിയ തന്നെയോ?

അവളുടെ ക്ലാസില്‍ വേറൊരു മരിയേം ഉണ്ട്. ഈ അടുത്തയിടെ ഇങ്ങോട്ടു താമസം മാറിയ ജയിംസിന്റെ മകള്‍. ആ കൊച്ചും കമ്മ്യൂണിറ്റി കോളേജില്‍ എന്തോ പഠിക്കുന്നുണ്ടായിരുന്നു.”

“ ആ കൊച്ചും ഫോട്ടോ എടുക്കുന്നതാണോ? ”

സന്തോഷത്തിനു മങ്ങല്‍ വീണ മറ്റൊരു ചോദ്യം. 

“ അതു നമ്മുടെ മരിയ തന്നെയാകും. കമ്പ്യൂട്ടറിലല്ലേ വാര്‍ത്ത കണ്ടത്. പേരും പടോം ഒക്കെ ഇപ്പത്തന്നെ നമുക്കു കണ്ടുപിടിയ്ക്കാം.” കമ്പ്യൂട്ടറില്‍ അല്‍പം ജ്ഞാനിയായ കൂട്ടത്തിലെ ഇളയ വൃദ്ധന്‍ പത്രത്തിന്റെ വെബ് പെയ്ജിലൂടെ താളുകള്‍ മറിയ്‌ക്കെ ഉത്സാഹപൂര്‍വ്വം പറഞ്ഞു.

“ങ, ദേ കിടക്കുന്നു വാര്‍ത്ത.”

ഓരോരുത്തരും ഇരുന്നിടത്തു നിന്നെണീറ്റ് കമ്പ്യൂട്ടറിനു ചുറ്റും കൂടിയത് വളരെ പെട്ടെന്നായിരുന്നു. ഒരാള്‍ മറ്റൊരാളുടെ തലക്കു മുകളിലൂടെ, വശത്തുകൂടി, എത്തിയും ഏന്തിയും വലിഞ്ഞും നോക്കി. വാര്‍ത്ത കാണാന്‍. മരിയയെ കാണാന്‍. മരിയ എടുത്ത പടങ്ങള്‍ കാണാന്‍. “നമ്മുടെ മരിയ “ എന്ന 

സന്തോഷം സ്ഥിരീകരിയ്ക്കാന്‍.

“ദേ പേരു കിടക്കുന്നു.

മരിയ ഫെര്‍ണാണ്ടസ്. വെസ്ലി ഹില്‍ സ്‌കൂളിലെ പന്ത്രണ്ടാം ക്ലാസുകാരി.”

പടങ്ങള്‍ കാണുവാനുള്ള ധൃതിയില്‍ വാര്‍ത്തകള്‍ വിഴുങ്ങി ധൃതിയില്‍ മൗസ് ഓടിച്ചു യുവവൃദ്ധന്‍.
അവസാനം സമ്മാനദാനം നടത്തിയ അസോസിയേഷന്‍ പ്രസിഡന്റ്, സമ്മാനം സ്‌പോണ്‍സര്‍ ചെയ്ത ജനനേതാവിന് ഹസ്തദാനം ചെയ്യുന്ന പടത്തോടെ വാര്‍ത്ത അവസാനിച്ചു.

അഹിതങ്ങളായ സംശയങ്ങളെ ഉന്നയിക്കുന്ന ശുദ്ധമനസ്‌ക്കതയുടെ സംശയം പിന്നെയും.

“ ഇതെന്നാ വാര്‍ത്തയാ? സമ്മാനം കിട്ടിയ കൊച്ചിന്റെ ഫോട്ടോയില്ല. അവള്‍ എടുത്ത പടങ്ങളും ഇല്ല.”
ഒത്തിരി കാര്യങ്ങള്‍ അറിയുന്നൊരു പുഞ്ചിരിയോടെ കൂട്ടത്തില്‍ മൂത്ത വൃദ്ധന്‍ പറഞ്ഞു.

“ ഇപ്പോള്‍ ഇങ്ങനെയാണു വാര്‍ത്ത.”


“വാര്‍ത്ത” - കഥ (മാലിനി)
Join WhatsApp News
Mohan Parakovil 2015-06-29 12:38:39
രണ്ടു കുട്ടികളുടേയും പേരും അവസാനത്തെ പേരും ഒന്നായിരുന്നു അല്ലേ? അപ്പോൾ പിന്നെ പടമില്ലാതെ ആളെ തിരിച്ചറിയാൻ പ്രയാസം ഉണ്ടാകും.
വായനക്കാരൻ 2015-06-29 16:37:01
കാലോചിതമായ ലളിത കഥ. നല്ല ഭാഷ. വൃദ്ധക്കൂട്ടത്തിന്റെ പരസ്പര സ്നേഹത്തിനും ഒത്തൊരുമയ്ക്കും കഥാതന്തുവിൽ വലിയ പ്രസക്തിയില്ലാത്തതുകൊണ്ട് ആ ഭാഗം വെട്ടിച്ചുരുക്കി കഥ കുറച്ചുകൂടി ഒതുക്കത്തിൽ വാർത്തെടുക്കാമായിരുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക