Image

അരുവിക്കര: സഹതാപം വോട്ടാക്കി മാറ്റാതെപോയ യു.ഡി.എഫ് (അനില്‍ പെണ്ണുക്കര)

Published on 28 June, 2015
അരുവിക്കര: സഹതാപം വോട്ടാക്കി മാറ്റാതെപോയ യു.ഡി.എഫ് (അനില്‍ പെണ്ണുക്കര)
പല ഉപതെരഞ്ഞെടുപ്പുകളിലും യു.ഡി.എഫ് വിജയിച്ചിരുന്നത് സഹതാപതരംഗം കൊണ്ടായിരുന്നു. അത് വളരെ ഈസിയായിരുന്നുതാനും. തിരുവല്ല, പിറവം തുടങ്ങിയിടയത്തൊക്കെ നാമത് കണ്ടതാണ്. എന്നാല്‍ അരുവിക്കരയില്‍ പണിപാളി. തെരഞ്ഞെടുപ്പു ഫലം എന്തുതന്നെ ആയാലും അരുവിക്കര തെരഞ്ഞെടുപ്പ് ശരിക്കും രാഷ്ട്രീയ പോരാട്ടം തന്നെ ആയിരുന്നു. ഇരുപത്തിനാലും വര്‍ഷം ജി. കാര്‍ത്തികേയന്‍ പ്രതിനിധാനം ചെയ്ത മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ മാലോകര്‍ കണ്ട് മൂക്കത്ത് വിരല്‍ വെച്ചു. സാധാരണക്കാരില്‍ സാധാരണക്കാരായ ആളുകളെ സര്‍ക്കാര്‍ എങ്ങനെ വഞ്ചിക്കുന്നു എന്നുകൂടി മനസിലാക്കാന്‍ അരുവിക്കര മണ്ഡലത്തിലെ ഉള്‍നാടുകളിലേക്ക് കയറിയാല്‍ മതി. അതുകൊണ്ടുതന്നെ ഇടതുപക്ഷത്തിനും, ബി.ജെ.പിയ്ക്കുമൊക്കെ വലിയ പ്രതീക്ഷയാണ് ഈ ഉപതെരഞ്ഞെടുപ്പ് നല്‍കുന്നത്.

ആര് ജയിക്കും എന്നതിലല്ല, മറിച്ച് ജനങ്ങള്‍ ജനപക്ഷത്ത് നില്‍ക്കുന്നു എന്നതാവും ഈ തെരഞ്ഞെടുപ്പു ഫലം. കൂടാതെ കേരള രാഷ്ട്രീയത്തില്‍ ബി.ജെ.പി നേടുന്ന സ്ഥാനംകൂടിയാവും ചൊവ്വാഴ്ച വരുന്ന ഫലപ്രഖ്യാപനം. ഇടതുപക്ഷത്തിനു ഏറ്റവും അനുയോജ്യനായ വിജയകുമാറും, ബി.ജെ.പിയുടെ രാജഗോപാലുംകൂടി വന്നതോടെ അരുവിക്കരയുടെ രാഷ്ട്രീയം മാറ്റിമറിക്കുന്നതായി മാറി എന്നു കേരള ജനതയും മാധ്യമ സമൂഹവും തിരിച്ചറിഞ്ഞതുകൊണ്ടാണ് ശക്തമായ ത്രികോണ മത്സരം എന്ന് ഈ ഉപതെരഞ്ഞെടുപ്പിനെ മാധ്യമങ്ങള്‍ വിലയിരുത്തിയത്.

ഉപതെരഞ്ഞെടുപ്പുകളില്‍ യു.ഡി.എഫ് ഇറക്കിയിരുന്ന സഹതാപതരംഗവും, ചിതാഭസ്മക്കളിയുമൊക്കെ വൃഥാവിലായി എന്നു ശബരീനാഥിനു വരെ മനസിലായി. ഡോ. സുലേഖ ആയിരുന്നുവെങ്കില്‍ക്കൂടി സ്ഥിതി മറിച്ചാവില്ല.

ഈ ഉപതെരഞ്ഞെടുപ്പ് കേരളത്തിലെ രാഷ്ട്രീയ പുംഗവന്മാര്‍ക്ക് നല്‍കുന്ന പാഠം വളരെ വലുതായിരിക്കും. ഞഞ്ഞാ പിഞ്ഞാ കളിയുമായി ഇനി വോട്ട് തെണ്ടാന്‍ ജനങ്ങളുടെ ഇടയിലേക്ക് വരരുത് എന്ന് ബോധ്യപ്പെടുത്തിയ തെരഞ്ഞെടുപ്പുകൂടിയായിരുന്നു ഇത്. കുണ്ടും കുഴിയുമായി കിടക്കുന്ന റോഡിലൂടെ ഉമ്മന്‍ചാണ്ടി നടത്തിയ റോഡ്‌ഷോ മാത്രം മതി ചില ശുഭചിന്തകള്‍ക്ക് രാഷ്ട്രീയക്കാര്‍ക്കും ജനങ്ങള്‍ക്കും തുടക്കമിടാന്‍.
അരുവിക്കര: സഹതാപം വോട്ടാക്കി മാറ്റാതെപോയ യു.ഡി.എഫ് (അനില്‍ പെണ്ണുക്കര)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക