Image

നിലവിളക്കിനും മതമോ?- മീട്ടു റഹ്മത്ത് കലാം

മീട്ടു റഹ്മത്ത് കലാം Published on 23 June, 2015
നിലവിളക്കിനും മതമോ?- മീട്ടു റഹ്മത്ത് കലാം
ഏത് വാര്‍ത്തയും വിവാദമാകുന്ന കാലമാണ്. നിയമം അനുവദിച്ചു തന്നിരിക്കുന്ന സ്വാതന്ത്ര്യം വച്ച് വ്യക്തിപരമായ അഭിപ്രായങ്ങള്‍ വെളിപ്പെടുത്തുമ്പോള്‍ സോഷ്യല്‍ മീഡിയ അതിനെ എങ്ങനെ കീറിമുറിക്കും എന്ന് ചിന്തിക്കേണ്ട ഗതികേട് പലപ്പോഴും ഉണ്ടാകുന്നു. പലതിന്റെയും യഥാര്‍ത്ഥ വശത്തേയ്ക്ക് ചിന്തിക്കാതെ വ്യക്തിപ്രഭാവം കൊണ്ട് അനുകൂലിക്കുകയും എതിര്‍ക്കുകയും ചെയ്യുമ്പോള്‍ ഏതാണ് ശരിയെന്ന് ആശയക്കുഴപ്പമേ അവിടെ അവശേഷിക്കൂ.

വായനാദിനാചരണത്തില്‍ വിദ്യാഭ്യാസ വകുപ്പുമന്ത്രി ശ്രീ. അബ്ദുറബ്ബ് നിലവിളക്ക് കൊളുത്താന്‍ വിസമ്മതിച്ചതാണ് പുതിയ വിവാദം. വിളക്ക് തെളിയിക്കുന്നത് അനിസ്ലാമികമാണെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. ഇസ്ലാം മതവിശ്വാസിയും നടനുമായ മമ്മൂട്ടി ഇതേ വേദിയില്‍ നിലവിളക്ക് കൊളുത്തിയതാണ് യാഥാസ്ഥിതികവാദികളെ ചൊടുപ്പിച്ചത്. 'ഞാന്‍ ഒരു മുസ്ലീമാണ്. നോമ്പെടുക്കുന്നുണ്ട്, മുസ്ലീം മതാചാരപ്രകാരം തന്നെയാണ് ജീവിക്കുന്നത്. നിലവിളക്കുകൊളുത്തുന്നത് ഒരു മതാചാരമല്ല. ഇതിനു മുന്‍പും വിളക്ക് കൊളുത്തിയിട്ടുണ്ട്. മുസ്ലീം ലീഗ് ഇത്തരം വിശ്വാസങ്ങള്‍ അവസാനിപ്പിക്കണം' എന്നാണ് മെഗാസ്റ്റാര്‍ പ്രസ്താവിച്ചത്.

നിലവിളക്കിന് മതമുണ്ടോ എന്ന ചോദ്യമാണ് ഇവിടെ ഉയരുന്നത്. വൈദ്യുതി ഇല്ലാതിരുന്ന കാലത്ത് വെളിച്ചത്തിന്റെ സ്രോതസ്സായി വിളക്കുകളെ തന്നെയാണ് പഴയ തലമുറ ആശ്രയിച്ചിരുന്നത്. ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേയ്ക്ക് എന്ന ആശയം വച്ചാണ് പണ്ടുമുതല്‍ പുതിയ സംരംഭങ്ങളിലും ശുഭാവസരങ്ങളിലും തിരി കൊളുത്തുക  ഒരു കീഴ് വഴക്കമായത്. എന്നാല്‍, ഹിന്ദുക്കള്‍ ദീപാരാധനയ്ക്ക് നിലവിളക്ക് കൊളുത്തുന്നതുകൊണ്ട് വിളക്ക് ഹിന്ദുക്കളുടെ മാത്രമാണെന്ന ചിന്ത യുക്തിയല്ല. എങ്കില്‍, ക്രിസ്ത്യന്‍ ദേവാലയങ്ങളില്‍ തെളിക്കുന്ന മെഴുകുതിരിയ്ക്കുമേല്‍ അവര്‍ക്ക് മാത്രമേ അവകാശം ഉണ്ടാകൂ. ചന്ദനത്തിരിയും കുന്തിരിക്കവും മുസ്ലീങ്ങള്‍ക്കും.

ശാസ്ത്രം ഇത്രമാത്രം വളര്‍ന്ന 21-ാം നൂറ്റാണ്ടില്‍ ഇത്തരം സംസ്‌ക്കാര ശൂന്യമായ ചിന്താധ്വനികള്‍ സമൂഹത്തിലെ ഉന്നത പദവി അലങ്കരിക്കുന്നവരില്‍ നിന്നുണ്ടാകുന്നത് ഖേദകരമാണ്. കേരളത്തിലെ ആദ്യത്തെ മുസ്ലീം പള്ളി കൊടുങ്ങല്ലൂര്‍ (തൃശൂര്‍) ചേരമാന്‍ ജുമാ മസ്ജിദാണ്. ഇസ്ലാം മതത്തില്‍ ആകൃഷ്ടനായ ചേരമാന്‍ പെരുമാള്‍ പണികഴിപ്പിച്ച ആ ദേവാലയം പരമ്പരാഗത ഹൈന്ദവ ക്ഷേത്ര വാസ്തു പ്രകാരമാണ്. ആയിരത്തോളം വര്‍ഷം പഴക്കമുള്ള മസ്ജിദിലെ നിലവിളക്ക് തെളിയിക്കുന്നതും എണ്ണ ഒഴിക്കുന്നതും നേര്‍ച്ചയായി കാണുന്ന ഒട്ടനവധി മുസ്ലീങ്ങളും അമുസ്ലീങ്ങളും ഉണ്ടെന്നത് നിലവിളക്ക് തെളിക്കുന്നത് തെറ്റാണെന്ന് വാദിക്കുന്നവരുടെ കണ്ണുതുറപ്പിയ്ക്കും. യാഥാസ്തികരായ ചിലരുടെ പ്രചാരണം കൊണ്ട് കര്‍ശന നിയമങ്ങളുള്ള മതമായാണ് പലരും ഇസ്ലാം മതത്തെ കാണുന്നത്. എന്നാല്‍, മനുഷ്യരാശിയെ മുന്നില്‍ക്കണ്ട് അവനെക്കൊണ്ട് സാധ്യമാകാത്തതൊന്നും ഖുര്‍ആനില്‍ നിഷ്‌കര്‍ശിച്ചിട്ടില്ല. പ്രവാചകന്‍പോലും ദൈവീക സന്ദേശം ജനങ്ങളിലേയ്ക്ക് എത്തിക്കുക എന്നതില്‍ കവിഞ്ഞ് അവരെ നിര്‍ബന്ധിച്ച് മതം സ്വീകരിപ്പിക്കാന്‍ അള്ളാഹു പറഞ്ഞിട്ടില്ല. 'ഒരൊറ്റ ആത്മാവില്‍ നിന്ന് നിങ്ങളെ സൃഷ്ടിക്കുകയും അതേ ആത്മാവില്‍ നിന്നുതന്നെ അതിന്റെ ഇണയെ സൃഷ്ടിക്കുകയും അവ രണ്ടില്‍ നിന്നുമായി ഒരു ജനതയെ അവന്‍ വ്യാപിപ്പിച്ചു' എന്ന ഖുര്‍ആന്‍ വചനം സഹോദര്യത്തിന്റെ ഏറ്റവും മഹത്തരമായ വാക്യമാണ്.

യഹൂദര്‍ മുസ്ലീങ്ങളെ കടുത്ത എതിരാളികളായി കണ്ടിരുന്ന കാലത്ത്, ഒരു യഹൂദന്റെ ശവമഞ്ചം വഹിച്ചു കൊണ്ടുപോകവേ മുഹമ്മദ് നബി (സ.അ) ബഹുമാന പുരസ്സരം എഴുന്നേറ്റു നിന്നു. അനുചരന്മാര്‍ ചോദിച്ചു: 'അതൊരു യഹൂദന്റെ മൃതദേഹമല്ലേ?' നബി(സ.അ) പറഞ്ഞു. 'അതൊരു മനുഷ്യ പുത്രന്റെ മൃതദേഹമാണെന്ന് ഓര്‍ക്കുക.' മതേതരത്വത്തിന്റെ ഇത്തരം വലിയ ആശയങ്ങള്‍ മുറുകെ പിടിക്കാതെ അല്പബുദ്ധിയോടെ പലതിനെയും സമീപിക്കുമ്പോഴാണ് മതത്തിന്റെ സത്ത ഉള്‍ക്കൊള്ളാതെ പോകുന്നത്.

എത്യോപ്യയില്‍ നിന്ന് മക്കയിലേയ്ക്ക് അടിമകളായി കൊണ്ടുവന്ന കുടുംബത്തിലെ അംഗമായിരുന്ന ബിലാലിനെ പ്രാമുഖ്യമുള്ള പലരെയും പിന്‍തള്ളി നബി (സ.അ)ആദ്യമായി ബാങ്ക് വിളിക്കാന്‍ നിയോഗിച്ചത് സകലരെയും സമത്വത്തിന്റെ പാതയിലേയ്ക്ക് ക്ഷണിക്കുന്നതിന്റെ ആഹ്വാനമായിരുന്നു. ഖുറൈഷികളുടെ കയ്യില്‍ നിന്ന് മുസ്ലീങ്ങള്‍ മക്ക കീഴ്‌പ്പെടുത്തിയ ശേഷം അതുവരെ കഅ്ബയില്‍ പ്രവേശനം നിഷേധിച്ചിരുന്ന അധികൃതരുടെ പ്രതിനിധിയായി ബിലാലിനെ നബി (സ.അ) തന്റെ ഇരുകരങ്ങളും കോര്‍ത്തുപിടിച്ച് തോളില്‍ ചവിട്ടിക്കയറാന്‍ സൗകര്യം ചെയ്തുകൊടുത്തു എന്നതും മനുഷ്യമനസ്സ് എങ്ങനെ ആകണമെന്നതിന് ഉത്തമ ഉദാഹരണമാണ്. നല്ല മനുഷ്യനായി എങ്ങനെ ജീവിക്കാം എന്നേ ഖുര്‍ആന്‍ പ്രതിപാദിക്കുന്നുള്ളൂ. 'ഹേ, മനുഷ്യസമൂഹമേ' എന്നല്ലാതെ മുസ്സിങ്ങളേ എന്ന് സംബോധന ചെയ്തിട്ടില്ല എന്നതും ഒരു ദൃഷ്ടാന്തമാണ്.

ഭാരതം പൈതൃക സമ്പത്തുകൊണ്ട് സമ്പുഷ്ടമാണ്. ആയുര്‍വേദം, യോഗ തുടങ്ങി പലതും ഇതില്‍പ്പെടും. അവയൊന്നും ഒരു മതത്തിന്റെ മാത്രമായി കാണേണ്ടതല്ല. മതാതീതമായ മൂല്യങ്ങള്‍ അവയ്ക്കുണ്ട്. എല്ലാ മതത്തില്‍പ്പെട്ടവരും നമ്മുടെ നാട്ടില്‍ ആദ്യാക്ഷരം കുറിക്കാറുണ്ട്.

എഴുത്തിന് ഇരുത്തുക എന്ന രീതി ഹിന്ദുക്കളുടേത് മാത്രമായി കരുതുന്നവര്‍ വിദ്യാഭ്യാസം എന്നതിന് വേറെ വാക്ക് കണ്ടെത്തണം. കാരണം, വിദ്യ സരസ്വതിയാണ്. മതേതരത്വവും സാമുദായിക മൂല്യങ്ങളും കുട്ടികള്‍ക്ക് പകര്‍ന്നു കൊടുക്കേണ്ടവര്‍ മതത്തിന്റെ പേരില്‍ വിലകുറഞ്ഞ നിലപാടെടുക്കുന്നത് നമ്മുടെ സാംസ്‌കാരിക പൈതൃകത്തെ വ്രണപ്പെടുത്തും.
നിലവിളക്കിനും മതമോ?- മീട്ടു റഹ്മത്ത് കലാം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക