Image

നോര്‍ത്ത്‌ കരോലിനയില്‍ നേഴ്‌സസ്‌ ദിനാഘോഷവും ബോധവത്‌കരണ ക്ലാസും നടത്തി

ജോയിച്ചന്‍ പുതുക്കുളം Published on 28 May, 2015
നോര്‍ത്ത്‌ കരോലിനയില്‍ നേഴ്‌സസ്‌ ദിനാഘോഷവും ബോധവത്‌കരണ ക്ലാസും നടത്തി
നോര്‍ത്ത്‌ കരോലിന: ഇന്ത്യന്‍ അമേരിക്കന്‍ നേഴ്‌സസ്‌ അസോസിയേഷന്‍, നോര്‍ത്ത്‌ കരോലിനയില്‍ നേഴ്‌സസ്‌ ദിനാഘോഷവും അതിനോടനുബന്ധിച്ച്‌ വിവിധതരം പാഠ്യപദ്ധതികളെക്കുറിച്ചുള്ള ബോധവത്‌കരണ ക്ലാസും മറ്റ്‌ വിവിധ പരിപാടികളും നടത്തി.

ഏപ്രില്‍ 25-നു വൈകുന്നേരം 3.30 മുതല്‍ 7 മണി വരെ അപ്പെക്‌സിലുള്ള ലൂര്‍ദ്‌ മാതാ കത്തോലിക്കാ പള്ളിയുടെ പാരീഷ്‌ ഹാളില്‍ വെച്ചായിരുന്നു പരിപാടികള്‍ അരങ്ങേറിയത്‌. മഴമൂലമുള്ള തടസ്സങ്ങളെ അതിജീവിച്ച്‌ 34 നേഴ്‌സുമാര്‍ പരിപാടിക്ക്‌ എത്തിച്ചേര്‍ന്നു. പലരും ഒരു മണിക്കൂറിലിധികം യാത്ര ചെയ്‌താണ്‌ എത്തിച്ചേര്‍ന്നത്‌ എന്നത്‌ പ്രത്യേകം പ്രശംസയര്‍ഹിക്കുന്നു.

പ്രസിഡന്റ്‌ ലതാ ജോസഫിന്റെ അധ്യക്ഷതയില്‍ 3.30-ന്‌ യോഗം ആരംഭിച്ചു. `നേഴ്‌സിംഗ്‌ ഇന്നലെ ഇന്ന്‌ നാളെ' എന്ന വിഷയത്തെ ആസ്‌പദമാക്കി നാന്‍സി ഡയാസ്‌ നടത്തിയ പഠന റിപ്പോര്‍ട്ടും അവതരണവും ഏറെ ശ്രദ്ധ പിടിച്ചുപറ്റി. നാന്‍സി, ഡ്യൂക്ക്‌ സ്‌കൂള്‍ ഓഫ്‌ നേഴ്‌സിംഗിലെ പി.എച്ച്‌.ഡി വിദ്യാര്‍ത്ഥികൂടിയാണ്‌. മറ്റൊരു ശ്രദ്ധേയമായ പ്രസന്റേഷന്‍ ഡോ. ജെന്നി ഡി. ഗാഗ്‌നെയുടെ ക്ലാസ്‌ ആയിരുന്നു. `ദ വോയ്‌സ്‌ ഓഫ്‌ ഏഷ്യന്‍ ഇന്ത്യന്‍ ഇമിഗ്രന്റ്‌സ്‌ എസ്‌പീരിയന്‍സിംഗ്‌ ഹെല്‍ത്ത്‌ ഡിസ്‌പാരിറ്റീസ്‌: വാട്ട്‌ ഈസ്‌ നെക്‌സ്റ്റ്‌?' എന്നതായിരുന്നു വിഷയം. സമകാലീന പ്രശ്‌നങ്ങളോട്‌ ചേര്‍ന്നു നില്‍ക്കുന്ന വിഷയമായിരുന്നതിനാല്‍ എല്ലാവര്‍ക്കും വളരെയധികം പ്രചോദനപ്രദമായ ഒരു സെഷനായിരുന്നു ഇത്‌.

അയാന - എന്‍.സി (IANA- NC) യുടെ ലോഗോ പ്രകാശനമായിരുന്നു ഈ പരിപാടിയുടെ മറ്റൊരിനം. ഷീലാ സാജനായിരുന്നു ലോഗോ ഡിസൈനിംഗിന്റെ മത്സര വിജയി. റോസിലി സാബു, ബീനാ ജേക്കബ്‌, കൃഷ്‌ണമ്മാ വേണുഗോപാല്‍ എന്നിവരും ലോഗോ ഡിസൈനിംഗ്‌ മത്സരത്തില്‍ പങ്കെടുത്തു. അവരെയും തദവസരത്തില്‍ പ്രശംസിക്കുകയുണ്ടായി. `ഫസ്റ്റ്‌ ഇന്‍ നേഴ്‌സിംഗ്‌, ബെസ്റ്റ്‌ ഇന്‍ ലീഡിംഗ്‌' എന്നാണ്‌ സ്ലോഗന്‍ ആയി തീരുമാനിക്കപ്പെട്ടത്‌. `ടുഗെദര്‍ വി. അച്ചീവ്‌' എന്ന ബാനറിലെ വാക്യവും ഏറെ ശ്രദ്ധേയമായിരുന്നു.

റിട്ടയര്‍ ചെയ്‌ത നോര്‍ത്ത്‌ കരോലിനയിലുള്ള നേഴ്‌സുമാരെ ആദരിച്ച ചടങ്ങ്‌ ഏറെ ശ്രദ്ധിക്കപ്പെട്ടു. ചിന്നമ്മ സൈമണ്‍, ലിസി ജോണ്‍, മാര്‍ഗരറ്റ്‌ ആന്‍ഡ്രൂസ്‌, മനോരമ ലൂര്‍ദ്‌ സ്വാമി എന്നിവര്‍ക്ക്‌ ലൈഫ്‌ ടൈം അച്ചീവ്‌മെന്റ്‌ അവാര്‍ഡ്‌ നല്‍കി ആദരിച്ചു. അന്നമ്മ മാത്യു, ഗ്രേസി ജോയ്‌, റേച്ചല്‍ മാത്യൂസ്‌, റേച്ചല്‍ സാമുവേല്‍ എന്നിവര്‍ക്ക്‌ അവാര്‍ഡ്‌ വാങ്ങാന്‍ എത്താന്‍ കഴിഞ്ഞില്ല.

നോര്‍ത്ത്‌ കരോലിനയിലുള്ള ഇന്ത്യന്‍ നേഴ്‌സുമാരുടെ തൊഴില്‍മേഖലയിലും വിദ്യാഭ്യാസ മേഖലയിലുമുള്ള നേട്ടങ്ങളെക്കുറിച്ച്‌ പ്രസിഡന്റ്‌ സംസാരിച്ചു. ജോമോ ബിന്ദു, സാമുവല്‍ മുരാരി എന്നിവരെ നേഴ്‌സിംഗ്‌ ജോലിയിലേക്ക്‌ സ്വാഗതം ചെയ്‌തു. ഇവര്‍ പുതുതായി ആര്‍.എന്‍ ലൈസന്‍സ്‌ കരസ്ഥമാക്കിയവരാണ്‌. കൃഷ്‌ണമ്മാ വേണുഗോപാല്‍ പിള്ളയുടേയും, സുജയാ ദേവാസുരത്തിന്റേയും അനുഭവസാക്ഷ്യം പുതിയ തലമുറയിലെ നേഴ്‌സുമാര്‍ക്ക്‌ ഏറെ പ്രചോദനമായി.

ഐ.എ.എന്‍.എ- എന്‍.സിയുടെ ഭാവി പരിപാടികളെക്കുറിച്ചും, സംഘടനയുടെ വളര്‍ച്ചയ്‌ക്കുവേണ്ടി പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും, കൂടുതല്‍ അംഗങ്ങളെ സംഘടനയില്‍ ചേര്‍ക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും പ്രസിഡന്റ്‌ ഓര്‍മ്മപ്പെടുത്തി.

എല്ലാ അംഗങ്ങളും പങ്കെടുത്ത `സുംബാ ഡാന്‍സ്‌' വ്യായാമവും വിനോദവും എങ്ങനെ സമന്വയിപ്പിക്കാം എന്ന്‌ മനസിലാക്കാന്‍ പറ്റുന്നതായിരുന്നു. സിതാര്‍ ഇന്ത്യന്‍ കുസീന്‍ സ്‌പോണ്‍സര്‍ ചെയ്‌ത ലഘുഭക്ഷണവും ആഘോഷങ്ങള്‍ക്ക്‌ കരുത്തുപകര്‍ന്നു. ഏഴുമണിയോടെ ആഘോഷപരിപാടികള്‍ സമാപിച്ചു. `ടുഗെദര്‍ വി. അച്ചീവ്‌ ആന്‍ഡ്‌ ലീഡ്‌' എന്ന ആപ്‌തവാക്യം അന്വര്‍ത്ഥമാക്കുന്നതായിരുന്നു പരിപാടികള്‍. ഐ.എ.എന്‍.എ- എന്‍.സി ലീഡര്‍ഷിപ്പ്‌ ചെയര്‍ ജാന്‍സി സെബാസ്റ്റ്യന്‍ അറിയിച്ചതാണിത്‌.
നോര്‍ത്ത്‌ കരോലിനയില്‍ നേഴ്‌സസ്‌ ദിനാഘോഷവും ബോധവത്‌കരണ ക്ലാസും നടത്തിനോര്‍ത്ത്‌ കരോലിനയില്‍ നേഴ്‌സസ്‌ ദിനാഘോഷവും ബോധവത്‌കരണ ക്ലാസും നടത്തിനോര്‍ത്ത്‌ കരോലിനയില്‍ നേഴ്‌സസ്‌ ദിനാഘോഷവും ബോധവത്‌കരണ ക്ലാസും നടത്തിനോര്‍ത്ത്‌ കരോലിനയില്‍ നേഴ്‌സസ്‌ ദിനാഘോഷവും ബോധവത്‌കരണ ക്ലാസും നടത്തിനോര്‍ത്ത്‌ കരോലിനയില്‍ നേഴ്‌സസ്‌ ദിനാഘോഷവും ബോധവത്‌കരണ ക്ലാസും നടത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക