Image

അഴകോടെ ആഢ്യന്‍പാറ (പ്രകൃതിയുടെ നിഴലുകള്‍ തേടി-67: ജോര്‍ജ്‌ തുമ്പയില്‍)

Published on 28 May, 2015
അഴകോടെ ആഢ്യന്‍പാറ (പ്രകൃതിയുടെ നിഴലുകള്‍ തേടി-67: ജോര്‍ജ്‌ തുമ്പയില്‍)
ഏതാനും ദിവസങ്ങള്‍ മലപ്പുറത്ത്‌ തങ്ങേണ്ടി വന്നിട്ടുണ്ട്‌, എനിക്ക്‌. നിലമ്പൂരില്‍ തങ്ങിയ രണ്ടു നാളുകളിലായിരുന്നു അവിടെ കറക്കം മുഴുവനും. അങ്ങനെയിരിക്കവേയാണ്‌ ആഢ്യന്‍പാറ വെള്ളച്ചാട്ടത്തെക്കുറിച്ച്‌ കേള്‍ക്കുന്നത്‌. വെള്ളച്ചാട്ടങ്ങള്‍ എത്രയോ കണ്ടിരിക്കുന്നു. എന്നാല്‍ ഇതു കണ്ടില്ലെങ്കില്‍ ശരിക്കും നഷ്ടമാകുമെന്ന്‌ അറിഞ്ഞതോടെ പോകാന്‍ തീരുമാനിച്ചു. അതിനു കാരണമുണ്ട്‌. ഈ വെള്ളച്ചാട്ടത്തിന്‌ കുറുകെ ഒരു ജലവൈദ്യുത പദ്ധതി വരികയാണ്‌. അപ്പോള്‍ പിന്നെ എന്നന്നേക്കുമായി ഈ വെള്ളച്ചാട്ടം പ്രകൃതിയില്‍ നിന്നും ഇല്ലാതായി എന്നു വരാം. അതിനു മുന്‍പ്‌ കാണുന്നെങ്കില്‍ കണ്ടോളു എന്നാണ്‌ പ്രചോദനം. അങ്ങനെ ഉച്ചയ്‌ക്ക്‌ മുന്‍പ്‌ മടങ്ങിയെത്താമെന്ന പ്രതീക്ഷയില്‍ യാത്ര തുടങ്ങി.

നിലമ്പൂര്‍ താലൂക്കില്‍ കുറുമ്പലകോട്‌ വില്ലേജിലാണ്‌ ആഢ്യന്‍ പാറ വെള്ളച്ചാട്ടം. നിലമ്പൂര്‍ പട്ടണത്തില്‍ നിന്നും ഏകദേശം 15 കിലോമീറ്ററോളം മാത്രം ദൂരം. അതു തന്നെയാണ്‌ ആഢ്യന്‍പാറ ആകര്‍ഷിച്ചത്‌. കൂടി വന്നാല്‍ ഒരു അര മണിക്കൂര്‍ യാത്ര. അതിനു വേണ്ടി സമയം മാറ്റിവച്ചില്ലെങ്കില്‍ പിന്നെ ഒരു യാത്രികന്‍ എന്നു പറയുന്നതില്‍ എന്താണ്‌ അര്‍ത്ഥം. ഭക്ഷണം ഒന്നും കരുതിയിരുന്നില്ല. നിലമ്പൂരില്‍ നിന്നും ടാക്‌സി പിടിച്ചാണ്‌ പ്രഭാതഭക്ഷണം കഴിച്ചുള്ള യാത്ര ആരംഭിച്ചത്‌. നിലമ്പൂരിനോടു ചേര്‍ന്നു കിടക്കുന്ന ചാലിയാര്‍ പഞ്ചായത്തിലാണ്‌ ആഡ്യന്‍ പാറ വെള്ളച്ചാട്ടം.

നിലമ്പൂരില്‍ നിന്നും മൈലാടിപ്പാലം വഴി ഏകദേശം 15 കി.മീ ദൂരത്ത്‌ ഉള്‍പ്രദേശത്തുകൂടി യാത്ര ചെയ്‌താല്‍ എത്താവുന്നതാണ്‌ ആഢ്യന്‍പാറ വെള്ളച്ചാട്ടം. തദ്ദേശീയര്‍ ഇവിടെ ധാരാളമായി എത്താറുണ്ട്‌. മലപ്പുറം, കോഴിക്കോട്‌ എന്നീ ജില്ലകളില്‍ നിന്നുള്ളവരാണ്‌ ഇവിടെ കൂടുതലായി എത്തുന്നതെന്ന്‌ ടാക്‌സി ഡ്രൈവര്‍ പറഞ്ഞു. വല്ലപ്പോഴും മാത്രമാണ്‌ അവര്‍ക്ക്‌ ഇവിടേക്ക്‌ ഓട്ടം ലഭിക്കാറ്‌. കൂടുതലുമെത്തുന്നത്‌ യുവാക്കളാണ്‌. ഞങ്ങള്‍ പോകുന്ന വഴിയല്ലാതെ ചുങ്കത്തറയില്‍ നിന്നും ഒരു വഴി (എരുമമുണ്ട വഴി) അവിടേക്കുണ്ട്‌.. ഇപ്പോള്‍ ചുങ്കത്തറ വഴിയുള്ള ഗ്രാമീണറോഡ്‌ പുനരുദ്ധരിച്ചിട്ടുണ്ടെന്നു കേള്‍ക്കുന്നു. ഗ്രാമങ്ങള്‍ കടന്ന്‌ വണ്ടി ഓടിക്കൊണ്ടിരുന്നു. അതിരപ്പിള്ളി പോലെ വലിയ വെള്ളച്ചാട്ടമല്ല ആഢ്യന്‍പാറയെങ്കില്‍ കാഴ്‌ചയ്‌ക്ക്‌ ഓരോന്നിനും ഓരോ സൗന്ദര്യമുണ്ടെന്നു ഞാന്‍ തിരിച്ചറിഞ്ഞിരുന്നു.

ഒരു പത്തു കിലോമീറ്റര്‍ മാറിയതോടെ, പ്രകൃതി മാറി. ഏകാന്തമായ മലഞ്ചെരുവുകള്‍ മുന്നില്‍ നിറഞ്ഞു. ചെറിയ തണുപ്പുണ്ട്‌. വെയില്‍ എത്തി നോക്കാത്ത ദിവസമായതിനാല്‍ ചെറിയ മൂടല്‍ അന്തരീക്ഷത്തില്‍ തങ്ങി നില്‍പ്പുണ്ട്‌. ഞാന്‍ വഴിയില്‍ ചിത്രങ്ങള്‍ പകര്‍ത്താന്‍ സാധ്യതയുള്ള ദൃശ്യങ്ങള്‍ തേടിക്കൊണ്ടിരുന്നു. റോഡ്‌ അത്ര സുഗമമായിരുന്നില്ല. തിരക്കില്ലായിരുന്നുവെങ്കില്‍ ഇടുങ്ങിയ റോഡ്‌ പലപ്പോഴും പേടിപ്പെടുത്തുന്നതായിരുന്നു. കൊക്കയും വളവുമൊക്കെയുള്ള ഹൈറേഞ്ച്‌ റോഡുകളില്‍ കൂടി എത്രയോ തവണ യാത്ര ചെയ്‌തിരിക്കുന്നു. എന്നാല്‍ ഈ റോഡിന്റെ ഗതി അല്‍പ്പം ഭയാനകമായിരുന്നു എന്നു പറയാതെ വയ്യ. വഴിയില്‍ ഒരിടത്തും സൂചന ബോര്‍ഡുകള്‍ കാണാനില്ലാത്തിരുന്നത്‌ അതിലേറെ എന്നെ അസ്വസ്ഥനാക്കി എന്നതാണ്‌ നേര്‌. ഒടുക്കം, ആഢ്യന്‍പാറ വെള്ളച്ചാട്ടത്തിന്റെ താഴ്‌ ഭാഗത്ത്‌ വണ്ടി എത്തി. ഇനി അല്‍പ്പം മുകളിലേക്ക്‌ കയറണം.

ഏകദേശം പതിനൊന്നു മണി കഴിഞ്ഞിട്ടുണ്ട്‌. അവിടെ ഒന്നു രണ്ടു വാഹനങ്ങളും ബൈക്കുകളും കണ്ടു. വണ്ടി നിര്‍ത്തിയിടിത്ത്‌ ഡ്രൈവര്‍മാരെ മാത്രം കണ്ടു. അവര്‍ കൂട്ടം കൂടി നിന്നു വര്‍ത്തമാനം പറയുന്നുണ്ട്‌. ഞാന്‍ ഹാന്‍ഡ്‌ ബാഗ്‌ എടുത്ത്‌ ക്യാമറയും തൂക്കി മുകളിലേക്ക്‌ കയറി. വെള്ളച്ചാട്ടത്തിന്റെ ഇരമ്പം താഴെ നിന്നേ കേള്‍ക്കാമായിരുന്നു. അതു മുകളിലേക്ക്‌ കയറാനുള്ള പ്രചോദനം പോലെ തോന്നി. മാനം മുട്ടെ ഉയര്‍ന്നു നില്‍ക്കുന്ന മരങ്ങള്‍. അതില്‍ നിറയെ പൂക്കള്‍. പ്രകൃതി സുന്ദരിയായി നിലകൊള്ളുന്നു. ഏതൊരു പ്രകൃതി സ്‌നേഹിയേയും ഒരു നിമിഷം മനംമയക്കുന്ന എല്ലാ ഭാവങ്ങളും അവിടെ ഉണ്ടായിരുന്നു.

പതഞ്ഞൊഴുകുന്ന വെള്ളച്ചാട്ടത്തിന്റെ ഓരത്ത്‌ ഒറ്റയടി പാത അവസാനിക്കുന്നു. ചിലര്‍ വെള്ളച്ചാട്ടത്തിന്റെ താഴ്‌ചയില്‍ കുളിച്ചു തിമിര്‍ക്കുന്നു. ഏകദേശം 300 അടിയോളം ഉയരമുണ്ട്‌ വെള്ളച്ചാട്ടത്തിന്‌. മനസ്സു നിറയ്‌ക്കുന്ന ദൃശ്യം. പ്രത്യേകിച്ച്‌ ഒരു പ്രവാസിയുടെ. നിത്യഹരിത വനങ്ങളില്‍ നിന്നും ഉത്ഭവിക്കുന്ന, വേനല്‍കാലങ്ങളില്‍ പോലും വറ്റാത്ത നീരുറവകളില്‍ നിന്നും ഊറിവരുന്ന കാഞ്ഞിരപ്പുഴയാണിത്‌. കോഴിക്കോടിനും മലപ്പുറത്തിനും ഇടയ്‌ക്കുള്ള മലനിരകളില്‍ നിന്നും ഒഴുകിയിറങ്ങുന്ന കാഞ്ഞിരപ്പുഴ ചാലിയാറിന്റെ ഒരു കൈവഴി. നിലമ്പൂരിലെ ചാലിയാര്‍ പഞ്ചായത്തിലൂടെ ഒഴുകുന്ന കാഞ്ഞിരപ്പുഴ ചാലിയാര്‍മുക്കില്‍ വെച്ച്‌ ചാലിയാറില്‍ ചേരുന്നു.

ആഢ്യന്‍പാറയും പരിസരപ്രദേശങ്ങളും ഇടതൂര്‍ന്നതും നയനമനോഹരവുമായ കാടിനാല്‍ സമ്പന്നവും വിനോദയാത്രയ്‌ക്കും അനുയോജ്യമാണ്‌. വൈവിധ്യമാര്‍ന്ന നിരവധി ദേശാടനപക്ഷികളുടെ ആവാസകേന്ദ്രം. ഞാന്‍ വെള്ളച്ചാട്ടത്തിന്റെ കരയില്‍ നല്ല തണല്‍ നോക്കി അല്‍പ്പനേരം ഇരുന്നു. വെള്ളച്ചാട്ടങ്ങള്‍ക്ക്‌ ഒരു പ്രത്യേകതയുണ്ട്‌. ഓരോ സമയത്തും ഓരോ ഭാവമാണ്‌. ഓരോ സംഗീതമാണ്‌. വേനലിലെ കാഴ്‌ചയും മഴക്കാലത്തെ കാഴ്‌ചയും തികച്ചും വ്യത്യസ്‌തം. വെള്ളത്തിന്റെ അടിയൊഴുക്കു പോലും എത്ര പ്രാഗത്ഭ്യമുള്ളയാള്‍ക്കു പോലും കൃത്യമായി മനസ്സിലാക്കാനാവില്ല.. വേനല്‍കാലത്തു കാണുമ്പോഴാണ്‌ അതിലെ ചതിക്കുഴികളുടെ ക്രൂരമുഖം പ്രകടമാവുക. ആവേശം കയറി കുളിക്കാന്‍ ഇറങ്ങിയ കുറേ പേരുടെ ജീവന്‍ ആഢ്യന്‍പാറ എടുത്തിട്ടുണ്ട്‌.. എന്നിട്ടും ആവേശഭരിതരായ യുവാക്കള്‍ ഇതാ ഇപ്പോഴും കുളിക്കാന്‍ ഇറങ്ങിയിരിക്കുന്നു. അവര്‍ ചാടിത്തിമിര്‍ക്കുന്നതു കണ്ടപ്പോള്‍ അതിരിഞ്ഞു കവിഞ്ഞ സാഹസികതയാണെന്നു തോന്നി. ഇത്രയൊക്കെ അപകടം നടന്ന സ്ഥലമായിട്ടു കൂടി എവിടെയും ഒരു ബോര്‍ഡ്‌ വച്ചിരിക്കുന്നതായി കണ്ടില്ല. ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റ്‌ ഇതിനെ അവഗണിക്കുകയാണോ എന്നു ചോദിച്ചാല്‍, ഖേദപൂര്‍വ്വം അതേയെന്ന്‌ ഉത്തരം നല്‍കേണ്ടി വരും. പ്രാഥമിക സൗകര്യങ്ങള്‍ പോയിട്ട്‌ ഒരു ടൂറിസ്‌റ്റ്‌ ഡെസ്‌റ്റിനേഷന്‍ പോയിന്റായി പോലും ആഢ്യന്‍പാറയെ ആരും പരിഗണിക്കുന്നില്ലെന്നത്‌ ഏറെ വിഷമിപ്പിച്ചുവെന്നത്‌ സത്യം.

ആഢ്യന്‍പാറയ്‌ക്ക്‌ മുകളില്‍ നല്ല ഭംഗിയായ ഒരു പാറത്തട്ട്‌ ഉണ്ട്‌ എന്നു കേട്ടു. അവിടെ നിന്നു നോക്കിയാല്‍ നിലമ്പൂര്‍ വരെ കാണാമത്രേ. മുകളിലേക്ക്‌ കയറാന്‍ ഒരു ഒറ്റയടിപ്പാത മാത്രമാണുള്ളത്‌. നല്ല വഴുക്കലുണ്ട്‌. തികച്ചും അപകടകരമാണ്‌ മുകളിലേക്ക്‌ കയറുന്നതെന്ന മുന്നറിയിപ്പ്‌ അവിടെയുണ്ടായിരുന്ന ഒരു യുവാവ്‌ നല്‍കി. മുകളിലേക്കു കയറിയാല്‍ കൊച്ചു വെള്ളച്ചാട്ടങ്ങള്‍ കാണാം.. ഏതോ വയനാടന്‍ മലയില്‍ നിന്നും പുറപ്പെടുന്ന ഈ കാട്ടാറ്‌ ഇവിടെയെത്തുമ്പോള്‍ ഇത്രയും അപകടകാരിയായത്‌ കാണാന്‍ വരുന്നവര്‍ക്കെന്നല്ല ആര്‍ക്കും മനസ്സിലാവില്ല. എന്തായാലും കാണാന്‍ നല്ല ഭംഗിയാണെന്നതില്‍ യാതൊരു സംശയവുമില്ല.. ശാന്തമായി ഒഴുകുകയും പാറയിലൂടെ ഒരു ഇറക്കം കഴിഞ്ഞു അതിന്റെ ക്ഷീണത്തില്‍ വീണ്ടും പരന്നൊഴുകുകയും, ഇടയ്‌ക്കു വീണ്ടും ഒന്നു തിരിഞ്ഞു ചാടിയുള്ള ഈ വെള്ളച്ചാട്ടം ആരെയും ആകര്‍ഷിക്കും. ഇടയ്‌ക്ക്‌ തദ്ദേശീയരായ ചില കുട്ടികള്‍ അവിടേക്ക്‌ വന്നു. അവര്‍ കാടിനുള്ളില്‍ താമസിക്കുന്നവരാണ്‌. അവിടെ ഒരു ചെറു കോളനിയുണ്ടെന്ന്‌ പറഞ്ഞ്‌. അവര്‍ നീളമുള്ള ചൂണ്ട കമ്പ്‌ പൊക്കി വെള്ളച്ചാട്ടത്തിന്റെ ഒരു കോണില്‍ അപ്രത്യക്ഷമായി.

ഞാന്‍ ചില ചിത്രങ്ങള്‍ കൂടി പകര്‍ത്തി, എഴുന്നേറ്റും. ആഢ്യത്വത്തോടെയാണ്‌ ആഢ്യന്‍പാറ വെള്ളച്ചാട്ടം ഒഴുകുന്നത്‌ എന്നു ഹൃദയത്തില്‍ കുറിച്ചിട്ട്‌ താഴേയ്‌ക്ക്‌ ഇറങ്ങി. വെയില്‍ ഉദിച്ചു തുടങ്ങിയിരുന്നു, വയറ്റിനുള്ളില്‍ വിശപ്പും...

(തുടരും)
അഴകോടെ ആഢ്യന്‍പാറ (പ്രകൃതിയുടെ നിഴലുകള്‍ തേടി-67: ജോര്‍ജ്‌ തുമ്പയില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക