Image

മന്ത്രി വരുന്നു (ഓണത്തിന്‌ ഒരു ഓട്ടംതുള്ളല്‍: ഡോ. ജോര്‍ജ്‌ മരങ്ങോലി)

Published on 27 May, 2015
മന്ത്രി വരുന്നു (ഓണത്തിന്‌ ഒരു ഓട്ടംതുള്ളല്‍: ഡോ. ജോര്‍ജ്‌ മരങ്ങോലി)
എന്നാല്‍ ഞാനൊരു കഥയുരചെയ്യാം
എന്നുടെ വായില്‍ത്തോന്നിയ പോലെ
കഥകളിലൊത്തിരി നുണകള്‍ കാണും
കഥകേട്ടാര്‍ക്കും പരിഭവമരുതേ

* മത്തായിക്കൊരു ടെലിഫോണ്‍ വന്നു
നാട്ടില്‍ നിന്നും മന്ത്രി വരുന്നു

മലയാളികളുടെ മന്ത്രി വരുന്നു
മലയാളികളുടെ തന്ത്രി വരുന്നു

സ്വീകരണത്തിനു വട്ടമൊരുക്കി
മലയാളികളുടെ നമ്പര്‍ കറക്കി

പൊന്നാലക്കും കിട്ടാനില്ല
സാധാരണ കുട മതിയെന്നായി

തോരണമൊന്നും തൂക്കാനില്ല
മന്ത്രി വരുന്നത്‌ മാരണമായി

സ്റ്റേറ്റ്‌ കറില്ല പകരം വെറുമൊരു
സ്റ്റേഷന്‍ വാഗണ്‍ റെന്റിനെടുത്തു

പൈലറ്റ്‌ ജീപ്പിനു പകരമൊരുത്തന്‍
മോട്ടോര്‍ ബൈക്കില്‍ പൈലറ്റായി

താലപ്പൊലിയുടെ താലംപേറാന്‍
കൈകൊട്ടിക്കളി സംഘം റെഡിയായ്‌

റാപ്പോസ റോക്കോ, കണ്‍ട്രിപ്പാട്ടോ
മന്ത്രിവര്യന്‌ കേള്‍ക്കാനിഷ്‌ടം?

ചെണ്ടടയിക്കാന്‍ മാരാരില്ല
കൈമണി മാത്രം മതിയെന്നായി

മലയാളികളാണെന്നൊരു കൂട്ടര്‍
മലയാളം പറയാനറിയില്ല

മലയാളത്തില്‍ മന്ത്രിയെ എന്തിന്‌
വരവേയ്‌ക്കേണം എന്നൊരു ഭാവം

മറ്റുചിലര്‍ക്കോ നേതാവിന്റെ
ചുറ്റിക്കളിയോടരിശം തോന്നി

അവനോ വെറുമൊരു ശപ്പന്‍ അവനെ
ഇവിടെ വരുത്താന്‍ യോഗ്യതയുണ്ടോ?

കോണ്‍ഗ്രസ്‌ മാറി കമ്യൂണിസ്റ്റായ്‌
പി.എസ്‌.പിയും ആര്‍.എസ്‌.പിയും

കാലുംമാറി പാര്‍ട്ടീം മാറി
കാലക്കേടിനു മന്ത്രിയായി

ലെഫ്‌റ്റും റൈറ്റും തിരിച്ചറിയാത്തൊരു
നാറിയ മന്ത്രിയീ ലോകത്തില്ല

കള്ളും പെണ്ണും കണികാണിച്ചാല്‍
കള്ളത്തരവും മൂടിക്കെട്ടും

പെണ്‍വാണിഭവും കോഴപ്പണവും
കൈമുതലാക്കിയ ശുംഭന്‍ മന്ത്രി

സ്വീകരണത്തിന്‌ ഞാന്‍ കൂട്ടില്ല
യോഗ്യതയില്ലവനെന്നൊരു കൂട്ടര്‍

പ്രസിഡന്റിന്റെ ഇ-മെയില്‍ അങ്ങനെ
ശരവര്‍ഷംപോല്‍ ചീറിപ്പാഞ്ഞു

നാടുഭരിച്ചു തളര്‍ന്നൊരു, നമ്മുടെ
മലയാളികളുടെ മന്ത്രി വരുന്നു.

കണ്ടവര്‍ കേട്ടവര്‍ സ്വീകരണാര്‍ത്ഥം
* ജെ.എഫ്‌.കെയില്‍ വരുമെന്നേറ്റു

മന്ത്രീശനൊരു സദ്യയൊരുക്കാന്‍
** മറിയാമ്മയ്‌ക്കതി മോഹം തോന്നി

പല പല സദ്യയൊരുക്കീ പക്ഷെ
അടിപൊളി സദ്യ ഒരുക്കീട്ടില്ല

നാട്ടില്‍ നിന്നൊരു ഫാക്‌സ്‌ മെസേജ്‌
മന്ത്രിക്കിഷ്‌ട പദാര്‍ത്ഥം ലിസ്റ്റ്‌

ഓലന്‍, തൊകരന്‍, കടുമാങ്ങാക്കറി
ചോറും പിന്നെ കോഴി പൊരിച്ചതും

പപ്പടം, അവിയല്‌, തീയല്‌ വേണം
കപ്പേം മീനും കരുതിക്കോളൂ

പട്ടയടിച്ച്‌ നടന്നൊരു മന്ത്രി
ക്കിഷ്‌ടം പോരാ നാടന്‍ വിസ്‌കി

സ്റ്റോറില്‍ വിളിച്ചുപറഞ്ഞഹ ചെറിയാന്‍***
സ്‌കോച്ചിന്‍ കുപ്പിക്കോര്‍ഡു നല്‍കി

പനിനീര്‍ വെള്ളം തളിക്കാന്‍ പിന്നെ
ഇളനീര്‍ വെള്ളം കുടിക്കാന്‍ വേണം

മന്ത്രി വരുന്നൊരു ദിവസമണഞ്ഞു
മലയാളികളുടെ സംഗമമായി

മണിയന്‍ വന്നു, മേനോന്‍ വന്നു
മൈക്കിള്‌ മെല്ലെ സൈക്കിളില്‍ വന്നു

ചില കൂട്ടക്കാര്‍ രാത്രിയിലെത്തി
മറ്റൊരു സംഘം ട്രെയിനിലുമെത്തി

നമ്പ്യാര്‍ വന്നു, ശ്രീധരന്‍ എത്തി
നമ്പൂതിരിയെ കണ്ടവരില്ല

സ്‌പാനീഷ്‌ ഭാഷ പഠിക്കാന്‍ വേണ്ടി
സ്‌പാനീഷ്‌ വേളി കഴിച്ചഥ ബാലന്‍

ഭാര്യയ്‌ക്കുണ്ടോ മന്ത്രിയെ അറിയൂ
ഭാഗ്യംപോലവര്‍ വന്നുതമില്ല

തോമസ്‌, ജോസഫ്‌, ജോര്‍ജ്‌, ഏബ്രഹാം
പള്ളിമുടക്കി പകലേ എത്തി

ഗിരിയും, ഹരിയും, രാജീവ്‌ നായരും
ഉച്ചക്കെത്തി സ്വന്തം കാറില്‍

ഗീതയുമൊത്ത്‌ രാഘവനെത്തി
ബീവിയുമൊത്ത്‌ ബാവയുമെത്തി

മന്ത്രീ പുരുഷനെ വരവേറ്റീടാന്‍
മലയാളികളെല്ലാവരുമെത്തി

അമ്പതിലേറെ * ഡോളര്‍ കൊടുത്ത്‌
അമ്പരചുംമ്പി ബൊക്കെ വാങ്ങി

വിഡിയോ ക്യാമറ, ഡിജിറ്റല്‍ ക്യാമറ
വെറുതെ ക്യാമറ വന്നുനിരന്നു

താലപ്പൊലിയുടെ സംഘം നേരേ
വാതിലിനരികെ നില്‌പു തുടര്‍ന്നു

വീടിനുള്ളില്‍ ചട്ടക്കൂട്ടില്‍
വീര്‍പ്പും മുട്ടിയിരുന്നൊരു പിള്ളേര്‍

എയര്‍പോര്‍ട്ട്‌ ലോഞ്ചില്‍ വട്ടംചുറ്റി
കൂട്ടുംകൂടി ചാടിമറിഞ്ഞു

മണിയൊന്നായി, രണ്ടായിട്ടും
മന്ത്രി പുരുഷനെക്കാണാനില്ല

എയര്‍ ഇന്ത്യയുടെ ഫ്‌ളൈറ്റല്ലേ ഇത്‌
സമയത്തെത്ത്യാല്‍ നമ്മുടെ ഭാഗ്യം

അല്ലെങ്കിലൂമീ രാഷ്‌ട്രീയക്കാര്‍
സമയക്ലിപ്‌തത നോക്കാറില്ല

വന്നവര്‍ നിന്നവര്‍ കാലുകഴച്ച്‌
അങ്ങിങ്ങായി ചിന്നിച്ചിതറി

ബൊക്കെ പിടിച്ചു തളര്‍ന്നൊരു മാന്യന്‍
ബൊക്കെ കളഞ്ഞ്‌ കുത്തിയിരുന്നു

താലപ്പൊലിയുടെ താലം വെറുതെ
എണ്ണകഴിഞ്ഞ്‌ കരിന്തിരി കത്തി

മണിയഞ്ചായി, മണിയാറായി
മന്ത്രി വിമാനം വന്നേയില്ല

* മത്തായിക്കൊരു ടെലഫോണ്‍ വന്നു
മന്ത്രിസഭയ്‌ക്കൊരു വിള്ളലുപറ്റി!!

മന്ത്രി വരില്ല, പാര്‍ട്ടി പൊളിഞ്ഞു
സര്‍ക്കാരാകെത്തകരാറായി!!

കൊടിയും കുത്തി വന്നവരെല്ലാം
വടിയും കുത്തി വീട്ടില്‍ പോയി

കഥകളിലിങ്ങനെ നുണകള്‍ കാണും
നുണകേട്ടാര്‍ക്കും പരിഭവമരുതേ...

************************

* സ്ഥലം കേരള സമാജം പ്രസിഡന്റ്‌ (പേര്‌ യുക്തം പോലെ മാറ്റാം)

* ജെ.എഫ്‌.കെ എയര്‍പോര്‍ട്ട്‌.
** സെക്രട്ടറി
** മത്തായിയുടെ ഭാര്യ (പ്രസിഡന്റിന്റെ ഭാര്യ)
*** സെക്രട്ടറി
* ലോക്കല്‍ കറന്‍സി

Note: എയര്‍പോര്‍ട്ടും, ആള്‍ക്കാരുടെപേരും സ്ഥലഭേദമനുസരിച്ച്‌ മാറ്റിച്ചേര്‍ക്കാവുന്നതാണ്‌.
മന്ത്രി വരുന്നു (ഓണത്തിന്‌ ഒരു ഓട്ടംതുള്ളല്‍: ഡോ. ജോര്‍ജ്‌ മരങ്ങോലി)
Join WhatsApp News
A.C.George 2015-05-27 20:10:01
Mr. George Marngoli, true facts, filled with humour. That is what American Malayalee Thuulal pat. Enjoyed. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക