Image

മലയാളം സൊസൈറ്റി, ഹ്യൂസ്റ്റന്‍: മാതൃദിനവും നെഴ്‌സസ്‌ ദിനവും

മണ്ണിക്കരോട്ട്‌ Published on 27 May, 2015
മലയാളം സൊസൈറ്റി, ഹ്യൂസ്റ്റന്‍: മാതൃദിനവും നെഴ്‌സസ്‌ ദിനവും
ഹ്യൂസ്റ്റന്‍: ഗ്രെയ്‌റ്റര്‍ ഹ്യൂസ്റ്റനിലെ ഭാഷാസ്‌നേഹികളുടെയും എഴുത്തുകാരുടെയും സംയുക്ത സംഘടനയായ, മലയാള ബോധവത്‌ക്കരണവും ഭാഷയുടെ വളര്‍ച്ചയും ഉയര്‍ച്ചയും ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന മലയാളം സൊസൈറ്റി ഓഫ്‌ അമേരിക്കയുടെ 2015-ലെ മെയ്‌മാസ സമ്മേളനം 24-ന്‌ വൈകീട്ട്‌ 4 മണിയ്‌ക്ക്‌ സ്റ്റാഫറ്‌ഡിലെ ഏബ്രഹാം & കമ്പനി റിയല്‍ എസ്റ്റേറ്റ്‌ ഓഫിസ്‌ ഹാളില്‍ സമ്മേളിച്ചു. ജി. പുത്തന്‍കുരിശ്‌ അവതരിപ്പിച്ച മാതൃദിനവും നെഴ്‌സസ്‌ ദിനവുമായിരുന്നു മുഖ്യ വിഷയം.

മലയാളം സൊസൈറ്റിയുടെ പ്രസിഡന്റ്‌ ജോര്‍ജ്‌ മണ്ണിക്കരോട്ട്‌ അധ്യക്ഷത വഹിച്ച സമ്മേളനം ഈശ്വരപ്രാര്‍ത്ഥനയോടെ ആരംഭിച്ചു. സ്വാഗതപ്രസംഗത്തില്‍ അദ്ദേഹം മാതൃദിനത്തെക്കുറിച്ചും നെഴ്‌സസ്‌ ദിനത്തെക്കുറിച്ചും ചുരുക്കമായി വിവരിച്ചു. കുടുംബത്തിന്റെ വിളക്കായ അമ്മമാരുടെ സ്‌നേഹം വിവരണാതീതമായ ഒരു അവസ്ഥയാണെന്നും കേരളത്തിലെയും അമേരിക്കയിലെ മലയാളികളുടെയും സമ്പല്‍സമൃദ്ധിയുടെ പ്രധാന കാരണം നെഴ്‌സുമാരാണെന്നും അദ്ദേഹം എടുത്തുപറഞ്ഞു.

തുടര്‍ന്ന്‌ ജി. പുത്തന്‍കുരിശ്‌ വിഷയത്തെക്കുറിച്ച്‌ പ്രഭാഷണം നടത്തി. ഹ്യൂസ്റ്റനില്‍നിന്നും പ്രസിദ്ധീകരിക്കുന്ന പ്രവാസി പത്രത്തില്‍ അദ്ദേഹം എഴുതിയ മുഖപ്രസംഗത്തെ ആധാരമാക്കിയായിരുന്നു പ്രഭാഷണം. അമ്മയുടെ സ്‌നേഹം അതിരുകളില്ലാത്തതാണെന്നും അവരാണ്‌ കുഞ്ഞുങ്ങളുടെ ശരിയായ വളര്‍ച്ചയില്‍ പ്രധാന പങ്കുവഹിക്കുതെന്നും അദ്ദേഹം അറിയിച്ചു.  ഒരമ്മയുടെ കരങ്ങള്‍ മൃദുലമായി സൃഷ്ടിക്കപ്പെട്ടത്‌ കൊച്ചുകുഞ്ഞുങ്ങള്‍ക്ക്‌ ശാന്തമായി ഉറങ്ങാനാണ്‌: വിക്ടര്‍ യൂഗോ.  എല്ലാ സ്‌നേഹത്തിന്റെയും ആരംഭവും അവസാനവും മാതൃത്വത്തിലാണ്‌: റോബര്‍ട്‌ ബ്രൗണിംഗ്‌.  ജീവിതത്തിന്റെ ആരംഭംതന്നെ അമ്മയുടെ മുഖത്തെ സ്‌നേഹിച്ചുകൊണ്ടാണ്‌: ജോര്‍ജ്‌ എലിയട്‌ മുതലായ ഉദ്ധരണികള്‍ അദ്ദേഹത്തിന്റെ പ്രഭാഷണം കൂടുതല്‍ ശ്രദ്ധേയമാക്കി. ഏകമകന്റെ കുരിശിന്‍ ചുവട്ടില്‍ സങ്കടങ്ങളെല്ലാം ഉള്ളിലൊതുക്കി നിറമിഴികളോടു നില്‍ക്കുന്ന അമ്മ മേരിയുടെ മാതൃസ്‌നേഹത്തെക്കുറിച്ചും അദ്ദേഹം എടുത്തു പറഞ്ഞു.

തുടര്‍ന്നുള്ള ചര്‍ച്ച വളരെ സജീവമായിരുന്നു. സദസ്യരെല്ലാം മാതൃസ്‌നേഹത്തിന്റെ മഹനീയതയെക്കുറിച്ചും നെഴ്‌സുമാരുടെ സേവനങ്ങളെക്കുറിച്ചും വാചാലരായി. അഭിഭാഷകനായ ഡോ. മാത്യു വൈരമണ്‍ അദ്ദേഹത്തിന്റെ കൗണ്‍സിലിംഗില്‍നിന്നുള്ള ചില അനൂഭവങ്ങള്‍ പങ്കുവച്ചു. അമേരിക്കയിലെ ചില അമ്മമാരുടെ മക്കളോടുള്ള പെരുമാറ്റങ്ങള്‍ മാതൃസ്‌നേഹത്തിന്റെ മഹനീയതയെ കളങ്കപ്പെടുത്തുന്നതാണെന്ന്‌ അറിയിച്ചു. ചര്‍ച്ചയില്‍ തോമസ്‌ വര്‍ഗ്ഗീസ്‌, ജി. പുത്തന്‍കുരിശ്‌, ടോം വിരിപ്പന്‍, സജി പുല്ലാട്‌, മണ്ണിക്കരോട്ട്‌, ജോര്‍ജ്‌ ഏബ്രഹാം, ജെയിംസ്‌ ചാക്കൊ, ജോസഫ്‌ തച്ചാറാ, മാത്യു വൈരമണ്‍, ടി. എന്‍ ശാമുവല്‍ മുതലായവര്‍ പങ്കെടുത്തു. ജി. പുത്തന്‍കുരിശിന്റെ നന്ദിപ്രസംഗത്തിനുശേഷം സമ്മേളനം പര്യവസാനിച്ചു.

മലയാളം സൊസൈറ്റിയെക്കുറിച്ച്‌ വിവരങ്ങള്‍ക്ക്‌: മണ്ണിക്കരോട്ട്‌ (പ്രസിഡന്റ്‌) 281 857 9221 (www.mannickarottu.net), ജോളി വില്ലി (വൈസ്‌ പ്രസിഡന്റ്‌) 281 998 4917, ജി. പുത്തന്‍കുരിശ്‌ (സെക്രട്ടറി) 281 773 1217
മലയാളം സൊസൈറ്റി, ഹ്യൂസ്റ്റന്‍: മാതൃദിനവും നെഴ്‌സസ്‌ ദിനവുംമലയാളം സൊസൈറ്റി, ഹ്യൂസ്റ്റന്‍: മാതൃദിനവും നെഴ്‌സസ്‌ ദിനവും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക