Image

ആര്‍ക്കും വേണ്ടാത്ത താജ്‌മഹള്‍ (തമ്പി ആന്റണി)

Published on 26 May, 2015
ആര്‍ക്കും വേണ്ടാത്ത താജ്‌മഹള്‍ (തമ്പി ആന്റണി)
അമേരിക്കന്‍ മലയാളികള്‍ നാടുനീളെ കെട്ടിപ്പൊക്കിയിരിക്കുന്ന കൊട്ടാരങ്ങള്‍ കാണുബോള്‍ പെട്ടന്ന്‌ മനസ്സിലേക്ക്‌ ഓടിയെത്തുന്ന ഒരു ശവകുടീരമുണ്ട്‌ താജ്‌ മഹള്‍. ഏതാണ്ട്‌ അതിന്‌ സമാനമായ വീടുകളാണ്‌ പണമുണ്ടെങ്കിലും ഇല്ലെങ്കിലും പ്രവാസികള്‍ മാവേലിനാട്ടില്‍ പണിതുകൂട്ടുന്നത്‌.

ആര്‍ക്കു താമസിക്കാന്‍ എന്ന്‌ ഒരിക്കലും ചിന്തിക്കുന്നതുപോലുമില്ല. കുട്ടികള്‍ നാട്ടിലേക്ക്‌ ഒരിക്കലും വരില്ല എന്നറിഞ്ഞുകൊണ്ട്‌ തന്നെയാണ്‌ അവര്‍ ഈ കടുംകൈ ചെയുന്നത്‌. ഗൃഹാതുരത്വത്തിന്റെ ഓര്‍മ്മകള്‍ നിറഞ്ഞു നില്‌ക്കുന്ന തറവാട്‌ ഇടിച്ചു നിരത്താന്‍ ഒരു മടിയുമില്ല എന്നതാണ്‌ ഏറ്റവും വിചിത്രമായ വസ്‌തുത.

പിന്നെ വര്‍ഷങ്ങള്‍ എടുക്കും പുതിയ മാളിക പണിതു തീര്‍ക്കാന്‍. അതുകൊണ്ടു മാത്രം ആയില്ല. എഞ്ചിനീയര്‍ പറഞ്ഞതിന്റെ മൂന്നിരട്ടിയാകും ബഡ്‌ജറ്റ്‌. പണിതു കഴിഞാലാണ്‌ അതിലും കഷ്ടം. ആരു താമസിക്കും ആര്‍ക്കാണ്‌ സമയം എന്നൊക്കെയുള്ള തര്‍ക്കങ്ങള്‍ അതിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍ എത്തും.

അങ്ങനെ തമ്മില്‍ അടിച്ചു പിരിഞ്ഞ ചരിത്രവും ഇല്ലാതില്ല എന്നത്‌ പരസ്യമായ രഹസ്യമാണ്‌. അതിനൊരു ഒത്തുതീര്‍പ്പെന്നതുപൊലെ പലപ്പോഴും അവരുടെ അകന്ന ബന്ധുക്കളോ വേലക്കാരികളോ ആ ഉദ്യമം ഏറ്റെടുക്കുന്നു. അങ്ങനെ നാട്ടില്‍ നമ്മള്‍ക്കൊരു വീട്‌ എന്ന സ്വപ്‌നം നാട്ടുകാരുടെയും വേലക്കാരുടെയും അധീനത്തിലാകുന്നു. അല്ലെങ്കില്‍ കാവല്‍ക്കാരനെ ശമ്പളത്തിന്‌ വെക്കുന്നു. അവരും ആ നാഥനില്ലാ കളരിയെ നാട്ടുകാരുമൊത്ത്‌ രാത്രി കാലങ്ങളില്‍ പങ്കുവെക്കുന്നു.

ആദ്യത്തെ ആവേശത്തിന്‌ അടിത്തറ കെട്ടും. പിന്നെ അണ്ടിയോടടുക്കുബോഴാണ്‌ മാങ്ങയുടെ പുളി എന്നു പറഞ്ഞപോലെ കാലം കഴിയുന്തോറും ചിലവു കൂടിക്കൊണ്ടിരിക്കും. എന്നാലും മുന്നോട്ട്‌ പോകാതിരിക്കാന്‍ പറ്റില്ലല്ലോ . നനഞ്ഞിറങ്ങിയാല്‍ കുളിച്ചു കയറണം അല്ലെങ്കില്‍ മുങ്ങിചാകണം അല്ല പിന്നെ. അത്താഴമുണ്ടില്ലെങ്കിലും ഏതാണ്ടു തുണി പെരപ്പുറത്തു കിടക്കണം എന്നല്ലേ പഴഞ്ചൊല്ല്‌.

പെണ്ണുങ്ങള്‍ തമ്മിലുള്ള മത്സരമാണ്‌ വീടുകള്‍ വലുതാകുന്നതിന്റെ കാരണം എന്ന്‌ എവിടെയോ വായിച്ചത്‌ കുറച്ചൊക്കെ ശരിയാണ്‌ എന്നു തന്നെയാണ്‌ അനുഭവങ്ങള്‍. അയല്‍പക്കത്തെ അവളുടെ വലിയ വീടിന്റെ അഹന്ത തീര്‍ക്കാന്‍ അതിനെക്കാളും വലിയ ഒരു വീടു വെക്കുക. അങ്ങനെ സ്വയം കോമാളികളാവുകയാണ്‌ പലരും സാധാരണക്കാരായ നാട്ടുകാരുടെ മുന്നില്‍. വീടു എങ്ങനെയിങ്കിലും കടമെടുത്തു കഷ്ടപ്പെട്ടു തീര്‍ക്കും.

അപ്പോഴായിരിക്കും വലിയ കടക്കാരനായ വിവരം അറിയുന്നതുതന്നെ. പിന്നെ നിധികാക്കുന്ന ഭൂതത്തിന്റെ കഥ പറഞ്ഞപോലെ. വീടിനുവേണ്ടി സകല ത്യാഗങ്ങളും സഹിക്കുക. പലപ്പൊഴും  പല പ്രവാസികളും കോടികളുടെ വീട്ടില്‍ താമസ്സിച്ചിട്ട്‌ വയസു കാലത്ത്‌ ബസിലും ഓട്ടോ റിക്ഷായിലും മറ്റും യാത്രചെയ്യണ്ട ഗതിഗേടിലാണ്‌.

അതിനു പകരം ഒരു കൊച്ചു വീടും ഒരു കാറും ആയിരുന്നെങ്കില്‍  അത്രയധികം കടം കയറുകയില്ലായിരുന്നു എന്ന കാര്യം വളരെ താമസ്സിച്ചാണ്‌ അവര്‍ മനസിലാക്കുന്നത്‌.

അമേരിക്കാന്‍ മലയാളികളെപറ്റി മാത്രം പ്രതിപാദിക്കാന്‍ പ്രത്യേക കാരണമുണ്ട്‌. കുട്ടികള്‍ സമ്മതിക്കാത്തതുകൊണ്ട്‌ അവര്‍ ഭൂരിപക്ഷവും നാട്ടിലേക്ക്‌ തിരിച്ചു പോകുന്നില്ല എന്നതുതന്നെ. എന്നാല്‍ ഗള്‍ഫ്‌ മലയാളികളെ സംബന്ധിച്ചിടത്തോളം അവര്‍ക്ക്‌  വീട്‌  സ്വപ്‌നത്തേക്കാളുപരി ഒരാവശ്യമായി വരുന്നു. എന്നാലും ഒരു മഹാ സൗധമൊന്നും ആവശ്യമില്ല എന്ന കാര്യം അവരും ഓര്‍ക്കേണ്ടതാണ്‌.

മറ്റൊരു മഹാ മണ്ടത്തരം കുന്നുംപുറത്തെ വീടാണ്‌. എല്ലാവര്‍ക്കും വീട്‌ സ്വസ്ഥമായിട്ട്‌ താമസ്സിക്കാനുള്ളതല്ല . മറിച്ച്‌ മാറ്റുള്ളവര്‍ക്കു കാണാനുള്ളതാണ്‌ എന്നുള്ള ഒരു തോന്നലാണ്‌ മഹാസൗധങ്ങള്‍ പണിയാനുള്ള ചേതോവികാരം  എന്നു തോന്നുന്നു. പക്ഷെ അങ്ങനെയുള്ള വീടു വെക്കുമ്പോഴുള്ള ചിലവിനെപ്പറ്റി അപ്പോള്‍ അവര്‍ ചിന്തിക്കുന്നതെയില്ല. ആദ്യം കുന്നു നിരപ്പാക്കണം പിന്നെ പിറകില്‍ മുറ്റം വേണമെങ്കില്‍ വീണ്ടും പുറകോട്ടു കുന്നു വെട്ടി മാറ്റണം. എല്ലാംകൂടി രണ്ടു വീടുവെക്കുന്ന ചിലവാകും. പിന്നെ മലമുകളിലേക്ക്‌ റോഡ്‌ വെട്ടണം. അതിനും ഭീമമായ ഒരു ചിലവു വരും. അങ്ങനെ വീട്‌ ഒരു പബ്ലിക്‌ സ്ഥാപനം എന്ന നിലയില്‍ ഉയര്‍ന്നു നില്‍ക്കുന്നു. അവിടെ താമസിക്കുന്നവര്‍ക്ക്‌ പ്രൈവസി പൂര്‍ണമായും നഷ്ടമാകുന്നു. ഇതൊന്നും നാട്ടിലുള്ള എഞ്ചിനീയറോ കോണ്‍ട്രാക്‌റ്റ്‌ പണിക്കരോ ഉടമസ്ഥരോട്‌ വിവരിച്ചു കൊടുക്കാറില്ല. കാരണം അതവര്‍ക്ക്‌ കിട്ടുന്ന വിഹിതത്തെ ബാധിക്കുന്ന കാര്യമാണ്‌.

സാധാരണക്കാരായ വെളുത്ത വര്‍ഗ്ഗക്കാര്‍ കുട്ടികള്‍ കോളേജ്‌ കഴിഞ്ഞാല്‍ ഉടനെ വീട്‌ `ഡൗന്‍ സൈസ്‌` ചെയ്യും. അതായത്‌ വലിയ വീട്ടില്‍ നിന്ന്‌ കൊച്ചു വെട്ടിലേക്ക്‌ ചേക്കേറുന്നു. അതില്‍ അവര്‍ക്ക്‌ ഒരു നാണക്കേടുമില്ല. പലരും വീണ്ടും അപ്പാര്‍ട്ട്‌മെന്റുകളില്‍ അഭയം തേടാറുണ്ട്‌. എന്നിട്ട്‌ മിച്ചം വരുന്ന തുകകൊണ്ട്‌ വിനോദ യാത്രക്കുള്ള ഒരുക്കങ്ങളാണ്‌. ഇഷ്ടമുള്ള കാര്‍ അല്ലെങ്കില്‍ മറ്റെന്തെങ്കിലും അവര്‍ക്കിഷ്ടമുള്ള സാധനങ്ങള്‍ വാങ്ങുന്നു. കൊച്ചു മക്കളുമായി കളിക്കാനും അവരുമായി പുറത്തു പോകാനും ഇഷ്ടം പോലെ സമയം കണ്ടെത്തുന്നു. അങ്ങനെ ശിഷ്ട കാലം ജീവിതം നന്നായി ആസ്വദിക്കും. അതിനെ അവര്‍ വിളിക്കുന്ന പേരുതന്നെ `ഗോള്‍ഡന്‍ എയിജ്‌` എന്നാണ്‌.

കോടീശ്വരന്മാരായിട്ടുള്ള വലിയ പണക്കാരും ബിസിനസ്സ്‌ കാരും മാത്രമാണ്‌ ഇതിനോരപവാദമായി കാണപ്പെടുന്നത്‌. അവര്‍ക്കൊക്കെ ഏക്കര്‍ കണക്കിന്‌ സ്ഥലവും അവിടെ ഒന്നിലധികം വീടുകളും ഔട്ട്‌ ഹൗസുകളും കാണും. അപ്പോള്‍ പിന്നെ കുട്ടികള്‍ ആ വീടുകളില്‍ താമസിച്ച്‌ മാതാപിതാക്കളുടെ ബിസിനസ്സ്‌ ഏറ്റെടുത്തു നടത്താറുണ്ട്‌ . പക്ഷെ അതൊക്കെ വളെരെ ചെറിയ ഒരു ശതമാനമാണ്‌. കൂടുതലും കുട്ടികള്‍ സ്വന്തം വീടിനോട്‌ ഗുഡ്‌ ബൈ പറയുന്നു. മാതാപിതാക്കളുടെ മരണശേഷം അതൊക്കെ വില്‍കുന്നു.

സ്വാതന്ത്ര്യത്തിനും സമയത്തിനുമാണ്‌ നമ്മള്‍ വിലകൊടുക്കേണ്ടത്‌. അല്ലാതെ അവസാന കാലത്ത്‌ ഇല്ലാത്ത കാശുണ്ടാക്കി അതുകൊണ്ട്‌ സൌധങ്ങള്‍ പണിയുക, അതിനുവേണ്ടി വയസുകാലത്ത്‌ വീണ്ടും കഷ്ടപ്പെടേണ്ടി വരിക, എന്നിട്ട്‌ സ്വയം ബന്ധനസ്‌തനായി ഉള്ള സ്വാതന്ത്ര്യം കൂടി ഇല്ലാതെയാവുന്ന അവസ്ഥയില്‍ എത്തുന്നു. അതിനാണോ നമ്മുടെയൊക്കെ 'ഗോള്‍ഡന്‍ എയിജ്‌ ' എന്നു പറയേണ്ടി വരിക.
ആര്‍ക്കും വേണ്ടാത്ത താജ്‌മഹള്‍ (തമ്പി ആന്റണി)
Join WhatsApp News
Sudhir Panikkaveetil 2015-05-26 18:57:45
വളരെ നല്ല ലേഖനം. വായനകാർ കുറവായതിനാൽ
ഈ ലേഖനത്തിന്റെ ഉള്ളടക്കം വെറും ന്യൂനപക്ഷത്തിൽ ചുരുങ്ങി പോകുമെന്നുള്ളത് ഖേദകരമാണ്~. ഇവിടത്തെ സംഘടനകൾ ഇത് ചർച്ചക്കായി എടുത്താൽ ഇതിലെ സന്ദേശം വ്യാപകമായി എത്താൻ ഇടയുണ്ട്.  ദയവ് ചെയ്ത് വായിക്കൂ, വായിക്കുന്നവർ വിവരം പങ്ക് വയ്ക്കൂ എന്ന് പരിചയമുള്ളവരോട് പറയാം. ശ്രീ തമ്പി ആന്റണിക്ക് അഭിനന്ദനങ്ങൾ !
ചാള അല്ലെങ്കിൽ പൊങ്ങൻ മത്തായി 2015-05-26 19:31:47
ചേട്ടന് ആവശ്യത്തിലധികം പണം കാണും കുന്നിൻ പുറത്തു വീട് കാണും നാല് പേര് അറിയുകെയും ചെയ്യും. അതുകൊണ്ട് ഇതിനോടൊക്കെ വിരക്തിയും പിന്നെ ഇങ്ങനെ എഴുതി വിടാനും തോന്നും. എന്നാൽ എന്റ കാര്യം അങ്ങനെയല്ല. എന്റെ കയ്യിൽ ആവശ്യത്തിലധികം പണം ഉണ്ട്. പാത്തു ഡോളർ എന്റെ കയ്യിൽ താ ഞാൻ അത് ഇരുപതാക്കി തിരിച്ചു തരാം.  പക്ഷേ എന്ത് ചെയ്യാം സലിം കുമാർ പറയുന്നതുപോലെ  ഒരു 'ലുക്ക്' ഇല്ല.  എന്റെ മോന്റെ കല്യാണം ഞാൻ നടത്തിയപ്പോൾ പള്ളിക്കാരെ മുഴുവൻ വിളിച്ചു. അത് തന്നെ! കുളിച്ചില്ലെങ്കിലും സംഗതി പുരപ്പുറത്തു തന്നെ കിടക്കട്ടെ.  നാട്ടിൽ കുറക്കൻ പോലും കേരിചെല്ലാത്ത മലയുടെ മുകളിലാ ഞാൻ വീട് വച്ചിരിക്കുന്നത്. ഇനി അവിടെ ഒരു 'എലി പാഡു' കൂടി തീർക്കണം.  ആറു മാസം കേരളം ആറുമാസം അമേരിക്ക ഇതാണ് ഇപ്പോഴത്തെ യാത്രയുടെ ചിട്ട.  എന്നിട്ടും നാട്ടു കാര് വിളിക്കുന്നത്‌ ചാള മത്തായി എന്നാണു.  പേര് പല പ്രാവശ്യം ഞാൻ മാറ്റിയത. രൂപ കുറെ മുടക്കിയതാ. പള്ളിയിൽ പല പ്രാവശ്യം 'മാറ്റ് മാറ്റ്'  എന്ന് വിളിച്ചു പറെപ്പിച്ചതാ. ആദ്യം അച്ഛൻ പറഞ്ഞു പറ്റുകേലെന്നു. ഒരു കാലി ചെക്ക് എഴുതി പള്ളി പണിക്ക് എത്ര വേണെങ്കിലും എഴുതി എടുത്തോ എന്ന് പറഞ്ഞപ്പോൾ തത്ത പര്യുന്നതുപോലെയല്ലേ പള്ളിയിൽ വിളിച്ചു പറഞ്ഞത്. കാശ്കൊണ്ട് മറിയാത്ത സംഗതിയുണ്ടോ. പക്ഷെ പ്രായം ചെന്നൊരു തുടങ്ങി കൊച്ചു പിള്ളാര് വരെ 
ചാള അല്ലെങ്കിൽ പൊങ്ങൻ മത്തായി എന്നാ വിളിക്കുന്നത്‌. ചേട്ടൻ എന്തൊക്കെ പറഞ്ഞാലും ഞാൻ വിടില്ല. സഹിയന്റെ മുകളിലാണെങ്കിലും ഒരു വീട് വയ്യ്ക്കും. ലോകം കാണട്ടെ. ചേട്ടന്റെ അടുത്ത സിനിമ അവിടെ തന്നെ വച്ചായിക്കോട്ടേ.  ചേട്ടൻ പറഞ്ഞതുപോലെ തന്നെ. കുളിച്ചില്ലെങ്കിലും സംഗതി പുരപ്പുറത്തു കിടക്കട്ടെ നാല് പേര് കാണട്ടെ 
vasu 2015-05-26 20:14:14
അവരെ വെറുതെ വിടൂ സാറേ. പണമുണ്ടാക്കി സ്വന്തം ദേശത്തൊരു മാളികയും പണിതിട്ടു വേണ്ടേ അവർക്കും സാഹിത്യകാരന്മാരാകേണ്ടത്.
Mohan Parakovil 2015-05-27 07:39:57
താജ് മഹൽ പ്രേമത്തിന്റെ സ്മാരകം എന്നതിലുപരി ശവകുടീരം കൂടിയാണു. ആ നിലക്ക് ഇവിടെ നടുവൊടിഞ്ഞ് പണി ചെയ്തവരുടെ പ്രേതങ്ങൾ നാട്ടിലെ താജ് മഹലുകളിൽ താമിസിക്കും. നാട്ടിലെ ഏതോ പ്രശസ്ത കവയിത്രി എഴുതി നാട്ടിൽ ഒഴിഞ്ഞ കിടക്കുന്ന മണിമാളികകലെപ്പറ്റി. തല ചാക്കാൻ മണ്ണിലിടമില്ലാത്തവർ ഉള്ളപ്പോൾ വീടുകൾ ഒഴിഞ്ഞ കിടക്കുന്നു. തമ്പി ആന്റണി ഒരു പക്ഷെ ആർക്കിടെക്ടൊ, എഞ്ചിനീയരോ ആയിരിക്കാം. അത് കൊണ്ടായിരിക്കും അദ്ദേഹം ഈ വിഷയം വായനകാരുടെ ശ്രദ്ധയിൽ കൊണ്ട് വന്നത്. പണക്കാരനായ അമേരിക്കൻ മലയാളി നാട്ടിൽ മണി മാളിക പണിത് വസ്തുവിന് വില കൂട്ടി നാട്ടിലെ സാധാരണ കാരന് പാരയാകുന്നു. പാരയാകുന്നതം പാരവയ്ക്കുന്നതും മലയാളിയുടെ സ്വഭാവമാണല്ലോ?
Thampy Antony 2015-05-27 08:39:53
Thanks for the positive responses . Share save money, time and the environment . 

ജോണി കുട്ടി 2015-05-27 09:12:17
പ്രേമത്തിന്റെ ഓര്മ. കൊള്ളാം. ഷാജഹാന്റെ നാലാമത്തെ ഭാര്യ മുംതാസ് പതിനാലാമത്തെ പ്രസവ സമയത്ത് മരിച്ചു. അതികം വയ്കാതെ അനുജത്തിയെ ഓൻ NIKAH കഴിച്ചു. ആരെയും കുറ്റം പറയുന്നതല്ല. എങ്ങിനെ നമ്മുടെ ചരിത്രകാരൻമാരും കവികളും ഇതെല്ലാം മറച്ചുവച്ച് അദ്ധേഹത്തെ പുകഴ്ത്തുന്നു എന്ന് ഒരിക്കലും മനസ്സിലാവുന്നില്ല. കേവലം നാനൂറു വര്ഷം മുൻപ് നടന്ന കാര്യം പോലും ചരിത്രത്തിൽ വളച്ചു കെട്ടാം എങ്കിൽ ആയിരം വര്ഷം മുൻപ് നടന്നതിനെ പറ്റി പറയാതിരിക്കുന്നത് നല്ലത്.
keralite 2015-05-27 10:06:39
If an earthquake happens in Kerala, people will be in great danger in such mammoth buildings. In america, the buildings are built by perishable and light weight things and also glass.
The Kerala government should ban building or buying houses by citizens of other countries. If a house is vacant the tax for it should increased many many times. We should think of people living and earning in Kerala too.
Those who left Kerala should live in their new places.
വിദ്യാധരൻ 2015-05-27 10:42:39
അമേരിക്കൻ മലയാളികൾ മണിമാളികൾ തീർത്തും അറുമുളയിൽ വിമാന താവളം ഉണ്ടാക്കിയും ആ നാട്ടിലെ സാധാരണക്കാരന് ജീവിക്കാൻ വയ്യാത്ത അവസ്ഥ ഉണ്ടാക്കികൊണ്ടിരിക്കുകയാണ്.  ത്രിശങ്കുസ്വർഗ്ഗത്തിൽ അകപ്പെട്ട മലയാളികൾ കഥയിതു തുടർന്ന്കൊണ്ടിരിക്കും.  സുധീർപണിക്കവീട്ടിൽ ഇത് സാഹിത്യസമ്മേളനത്തിൽ ചർച്ച ചെയ്യണം എന്ന് പറയുന്നതും കള്ളനോട് നാട്ടീലെ മോഷണത്തിന് പരിഹാരം ഉണ്ടാക്കണം എന്ന് പറയുന്നതും തുല്യമാണ്.  വ്യംഗ്യമായ രീതിയിൽ കാര്യം പറയാനാണ് അഭിപ്രായക്കാരൻ ഉദ്ദേശിച്ചെ തെങ്കിൽ, ഇവിടുത്തെ സാഹിത്യകാരന്മാർക്ക് കാര്യം മനസിലാകണം എന്നില്ല 
Antony T 2015-05-27 14:05:22
  • എന്താണ്  സാഹിത്യകാരനും വീടും തമ്മിൽ ഒരു ബന്ധം. മനസിലായില്ല  വാസു  
Sudhir Panikkaveetil 2015-05-27 14:59:04
ഞാൻ ഉദേശിച്ചത് സാഹിത്യ സംഘടന എന്നല്ല, സംഘടനകൾ  എന്നാണു
ഇവിടെ കാക്കതൊള്ളായിരം സംഘടനകൾ ഉണ്ടല്ലോ. അവരൊക്കെ ചര്ച്ച ചെയ്‌താൽ ലേഖനത്തിനു
പ്രചാരം ലഭിക്കും.  സമ്പന്നരായ അമേരിക്കൻ
മലയാളികള്ക്ക് കേരളത്തിലെ ടൂറിസം വകുപ്പുമായി ചേർന്നു ഒഴിഞ്ഞ കിടക്കുന്ന വീടുകൾ, അതിന്റെ ഉടമസ്ഥർക്ക് താൽപ്പര്യമുണ്ടെങ്കിൽ "വില്ല" കളാക്കി വാടകക്ക കൊടുക്കാവുന്നതാണ്. ടൂറിസത്തിന്റെ കീഴിലാകുമ്പോൾ താമസക്കാർ ഒഴിഞ്ഞ്പോകില്ലെന്ന്
പ്രശ്നമുണ്ടാകില്ല. അതിൽ നിന്നും കിട്ടുന്ന പണം ആവശ്യമില്ലാത്ത  ഉടമ സ്ഥരുണെന്റെങ്കിൽ  അവര്ക്ക് ആ പണം വീടിരിക്കുന്ന പട്ടണമോ, ഗ്രാമമോ മോടി പിടിപ്പിക്കുന്നതിനു ഉപയോഗിക്കാം. അങ്ങനെ കേരളത്തിന്റെ മനോഹാരിത വര്ദ്ധിപ്പിക്കാം.
വാസു 2015-05-27 19:59:19
ഉണ്ട് ആന്തണി ചേട്ടാ ബന്ധം ഉണ്ട്!  നാട്ടിൽ വീട് പണിതത് അമേരിക്കയിൽ വന്നതിനു ശേഷമാണ്.  അമേരിക്കയിൽ വന്നതുകൊണ്ടാ ഒരു സാഹിത്യകാരനായതും. നാട്ടിൽ ഇത് രണ്ടും നടക്കത്തില്ല.  അമേരിക്കയിൽ നമ്മള് എന്ത് എഴുതി പിടിപ്പിചാലും അവാർഡും കിട്ടും സാഹിത്യകാരൻ എന്നുള്ള പേരും കിട്ടും. ആരും നമ്മളുടെ യോഗ്യത എന്താന്നു ചോദിക്കില്ല. അത് ചോദിച്ചാലല്ലേ പ്രശ്നം ഉള്ളു? അതിന് സാദ്ധ്യത കുറവാണ്. ആകപ്പാടെയുള്ളത്  ആ വിദ്യാധരന്റെ ഇടക്കുള്ള ആക്രമണമാണ്. സൂക്ഷിച്ചാൽ മതി. നാട്ടിലത്തെ കാര്യം അങ്ങനെയല്ല.  ആ അക്ബർ കട്ടിക്കൽ എന്ന് പറഞ്ഞ ഒരുത്തൻ ചൂര വടിയുമായി കറങ്ങുകയാണ്.   പിന്നെ നാട്ടിൽ ഒരു വീടും അമേരിക്കയിൽ  സാഹിത്യകാരനെന്ന പേരും  രണ്ടും ഉണ്ടങ്കിലെ ആൾക്കാര് ശ്രദ്ധിക്കുകയുള്ള്. അല്ലെങ്കിൽ നിങ്ങടെ കാര്യം കട്ടപുക. 

James Thomas 2015-05-28 03:38:31
നല്ലൊരു ലേഖനത്തെ കുറിച്ചുള്ള ചർച്ചയിൽ
എന്തിനാണു അമേരിക്കാൻ മലയാളികആളുടെ
സാഹിത്യ വാസനയും മറ്റും കൊണ്ടു വന്നു
വായനകാരുടെ ശ്രദ്ധ തെറ്റിക്കുന്നത്.  തമ്പി
ആന്റണി ഉയര്ത്തിയ വിഷയത്തെപ്പറ്റി
ചിന്തിക്കാം.
വിദ്യാധരൻ 2015-05-28 07:31:55
ഈ നല്ല ലേഖനത്തിന്റെ തലകെട്ടിനു സാരമായ മാറ്റം വരുത്തി 'ആർക്കും വേണ്ടാത്ത സാഹിത്യം' എന്ന് തിരുത്തിയാൽ അതിന് ഒരു പൊതു സ്വഭാവമുള്ളതായി 'ശ്രദ്ധ തിരിക്കാതെ' വായിക്കുന്ന ഒരു മലയാളിക്ക് കാണാൻ  കഴിയും.  മറ്റൊരു വിധിത്തിൽ പറഞ്ഞാൽ ആർക്കും വേണ്ടാത്ത കേരളത്തിലെ താജുമഹലും ആർക്കും വേണ്ടാത്ത അമേരിക്കയിലെ മലയാള സാഹിത്യവും അമേരിക്കയിലെ ഒരു നല്ല ശതമാനം മലയാളികളുടെയും പൊള്ളയായ ജീവിതത്തിൽ നിന്ന് പിറക്കുന്നതാണ് എന്ന് ശ്രദ്ധ വച്ചു വായിക്കുന്നവർക്ക് മനസ്സിലാകാൻ സാധിക്കും. ആർക്കും വേണ്ടാത്ത കേരളത്തിലെ താജുമഹലിലും ആർക്കും വേണ്ടാത്ത അമേരിക്കയിലെ മലയാള സാഹിത്ത്തിലും സൃഷ്ടാവിന്റെ ആത്മാവ് വസിക്കുന്നില്ല എന്നതാണ് ഇതിന് കാരണം.  ജീവന്റെ തുടിപ്പില്ലാത്ത ഒരു വീട്ടിലേക്കു കയറിചെല്ലാൻ ആരാണ് ഇഷ്ടപ്പെടുന്നത്? ജീവന്റെ തുടിപ്പില്ലാത്ത ഒരു സാഹിത്യ രചന വായിക്കാൻ ആരാണ് താത്പര്യപ്പെടുന്നത്? മലയാളിയുടെ പൊള്ളയായ ജീവിതത്തിന്റെ പ്രതീകമായി തല ഉയർത്തി കേരളത്തിന്റെ വിവിധ ഭാങ്ങളിൽ നില്ക്കുന്ന ഈ 'പൊങ്ങച്ച സൗധങ്ങളുടെ'  പിന്നിലെ ദുഷിച്ച പ്രവണതകളെ പുറത്തുകൊണ്ട് വന്നു മനുഷ്യ ജീവിതത്തെ സംസ്ക്കരിക്കണ്ട  സാഹിത്യം 'ഈ പൊങ്ങച്ച " മനോഭാവത്തിന്റെ ഭാഗമായി നിന്ന് സമൂഹത്തിന് തെറ്റായ സന്ദേശങ്ങൾ നൽകുകയാണ്.  സാഹിത്യവും കവിതയും ജനാതിപത്യപരിണാമക്രമത്തിന്റെ ഭാഗമാണെന്നു ഒരു ചിന്തക പറയുന്നത് ഈ അടുത്തയിടക്ക്‌ കേൾക്കാനിടയായി. കുറച്ചു ദിവസങ്ങൾക്കു മുന്പ് വായനക്കാരെ ഒതുക്കാനുള്ള പ്രവണതയെ ചോദ്യം ചെയ്യതപ്പോൾ 'റ്റെക്സസ് പ്രൗഡു' കുറെ സാംസ്കാരിക നായകനായികമാരുടെ ലിസ്റ്റ് അവതരിപ്പിച്ച് അതിനെ വെല്ലുവിളിക്കുന്നത്‌ കണ്ടു.  ഒരു എഴുത്ത്കാരനായിരിക്കാം അതെന്നത് 'ശ്രദ്ധ' വച്ച് വായിക്കുന്ന ഒരു വായനക്കാരന് വായിച്ചെടുക്കുന്നതിനു പ്രയാസം ഇല്ല.  പക്ഷെ ഈ നായിക നായകന്മാരും അവരുടെ രചനകളും  എത്രമാത്രം അമേരിക്കൻ മലയാളിയുടെ ഈ പൊങ്ങച്ച . മനോഭാവത്തെ  മറ്റൊരു കോണിൽ നിന്ന് ചിന്തിപ്പിക്ക തക്ക രീതിയിൽ സ്വാധീനിച്ചിട്ടുണ്ട്?  അവരെപോലെ കുറെപ്പേരെകൂടി സൃഷ്ടിക്കാനേ  കഴിഞ്ഞിട്ടെയുള്ളൂ.  ലോകത്തു കാലാവസ്ഥ  യുടെ മാറ്റങ്ങൾ വളരെ വേഗം സംഭവിച്ചുകൊണ്ടിരിക്കുന്നു. കാടുകൾ വെട്ടി തെളിച്ചും മലകൾ ഇടിച്ചു നിരത്തിയും മനുഷ്യൻ പാരിസ്ഥിയെ മാറ്റി മറിച്ചുകൊണ്ടിരിക്കുകയാണ്. അടുത്ത തലമുറയ്ക്ക് വേണ്ടിയാണ് ഇതെല്ലാം ചെയ്യന്നത് എന്ന് അവകാശപ്പെടുന്ന മലയാളി സമൂഹം അറിയുന്നില്ല അവർ ഇരിക്കുന്ന കൊമ്പാണ് മുറിക്കുന്നതെന്ന്. ആറുമുളയിൽ കുന്നുകളിൽ ഒരു പക്ഷേ ഒരു താജുമഹൽ തീർത്ത്‌, അവിടുത്തെ ഭൂപ്രകൃതിയുടെ നശിപ്പിച്ചു ' ആർക്കും വേണ്ടാത്ത വിമാന താവളം ഉണ്ടാക്കണം എന്ന് വാദിച്ച എഴുത്തുകാരനെ മുന്പ് പറഞ്ഞ സാംസ്ക്കാരിക നായകന്മാരുട്ടെ പട്ടികയിൽ കാണാൻ കഴിയും .  വായനക്കാരുടെ ശ്രദ്ധിച്ചു വായിക്കാനുള്ള പരുമിതിയെ മനസ്സിലാക്കി ഇവിടെ ചുരുക്കുന്നു. പൊള്ളയായ ഭവനങ്ങളും പൊള്ളയായ സാഹിത്യവും കാപട്യത്തിൽ പൊതിഞ്ഞ 'സംസ്ക്കാരത്തിന്റെ' പുതിയ നിർവ്വചനങ്ങളാണ്. ഇത്തരം ലേഖനങ്ങൾക്ക് തീർച്ചയായും വായനക്കാരെ ചിന്തിപ്പിക്കാനും അത് വഴി സംസ്ക്കാരത്തെ സ്വാധീനിക്കാനും കഴിയും. അതോടൊപ്പം സാഹിത്യകാരനും/കാരികളും വായനക്കാരുടെ ഹൃദയത്തിൽ ഇടംപിടിക്കും 
Sapna Anu B. George 2015-05-28 22:27:50
തബിച്ചായാ...... ലേഖനം തകർത്തു,  എല്ലാം  ഉൾപ്പെടുത്തി.... നമ്മുക്കാർക്കും ഗോൾഡൻ ഏജില്ല, നാട്ടിലും ഇല്ല, ...അധവാ കഷ്ടകാലത്തിനു നാട്ടിലാണെങ്കിൽ ജീവൻ കിടക്കുകയാണെങ്കിൽ “ വൃദ്ധസദനത്തിൽ “ ആയിരിക്കും ഗോൾഡൻ ഏജ്” മറ്റുള്ള സമാനതരക്കാരുമായി!!! മലയാളിയായ നമ്മൾ വളർന്ന  സംസ്കാരം, നമ്മളോരൊരുത്തരെയും പഠിപ്പിച്ചുവിട്ട ജീവിതപാഠങ്ങൾ,  ഇതിനൊന്നും അനുവദിക്കുന്നില്ല,  എല്ലാ മണിമാണികളും പീള്ളാർക്കായി വിട്ടുകൊടുക്കണം ,അവർക്കു വേണ്ടി ജീവിക്കണം,  അല്ലാതെ നമുക്കാർക്കും മറ്റൊന്നും  അറിയില്ല. ബിൽ ഗേറ്റ്സും, ഫെയ്സ്ബുക്കും, വാട്ട്സാപ്പൂം  ഒക്കെയില്ലെ,  അതുമതി ഇന്നു , താജ്മഹാളിൽ നിന്നു  വാർത്താവിനിമയങ്ങൾ നടത്താൻ, .......
Sarika 2015-05-29 14:21:57
Competition brings out the worst in people ..I think it is better to compete with ourselves ..
Nice article.. I loved it..
Thampy Antony Thekkek 2015-09-10 18:26:38
ഒരു പ്രധാനപെട്ട വിഷയം പരാമർശിക്കുബോൾ വാസു കാടു കയറി രഷപെടുന്നതുപോലെ തോന്നുന്നു. ആദ്യം സ്വന്തം റിയൽ പേരു വെളിപ്പെടുത്തൂ വാസൂ .വീടു പണിയാത്ത പ്രവാസി സാഹിത്യകാരന്മാരോ . അവരെപറ്റി എന്തുപറയുന്നു .  
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക