Image

'കോണ്‍ ടിക്കി'യും ചില തുടര്‍ചിന്തകളും (ജോണ്‍ മാത്യു)

Published on 26 May, 2015
'കോണ്‍ ടിക്കി'യും ചില തുടര്‍ചിന്തകളും (ജോണ്‍ മാത്യു)
'കോണ്‍ ടിക്കി' സംഘവുമായി ഞാന്‍ പരിചയപ്പെട്ടിടത്തുനിന്നും തുടങ്ങാം. അത് എന്റെ ചെറിയ ലോകത്തിലെ മറ്റൊരു സാഹസികയാത്രയോ? പസഫിക്ക് മഹാസമുദ്രത്തിന്റെ അലകള്‍ക്ക് മേല്‍ ഒരു പ്രാകൃതചെങ്ങാടവുമായി യാത്രതിരിച്ചവരുടെ കഥ ഞാന്‍ വായിക്കുന്നത് തികച്ചും അവിചാരിതമായും.
അറുപതുകളുടെ തുടക്കത്തിലെന്നോ തൊഴില്‍ത്തേടി ഡല്‍ഹിയിലെത്തിയ കാലം. അലഞ്ഞുനടപ്പ് എന്നും അവസാനിപ്പിക്കുന്നത് കൊണാട്ട് പ്ലേസിലാണ്. അന്നൊരിക്കല്‍ ചില സുഹൃത്തുക്കള്‍ക്കൊപ്പം കൊണാട്ട് സര്‍ക്കസിലുള്ള കേരള ക്ലബ്ബിലേക്ക് ചെന്നു. അന്ന് എന്റെ ആവശ്യം ക്ലബ്ബുമായി പരിചയപ്പെടുക, പിന്നെ സാദ്ധ്യമാണെങ്കില്‍ വായനയ്ക്ക് ഏതാനും പുസ്തകങ്ങള്‍ എടുക്കുക.
കേറിച്ചെലുന്ന മുറിയില്‍ത്തന്നെയായിരുന്നു ലൈബ്രറി. കണ്ണാടി അലമാരകള്‍ക്കുള്ളില്‍ ഭംഗിയായി സൂക്ഷിച്ചിരുന്ന പുസ്തകങ്ങള്‍. എന്നില്‍ ഉല്‍സാഹം വളര്‍ത്തി. കൊതി തോന്നി, പുസ്തകങ്ങളുടെ ലോകം, പക്ഷേ എല്ലാം സുരക്ഷിതമായി സൂക്ഷിച്ചിരിക്കുന്നു.
അടുത്തത് കോണ്‍ഫ്രറന്‍സുറൂമാണ്. ലളിതമായ ക്രമപ്പെടുത്തിയിരുന്ന ആ ഹാളില്‍ സുമുഖനായ ഒരു പട്ടാള ഉദ്യോഗസ്ഥന്റെ ചിത്രം. പിന്നീട് മനസ്സിലായി അത് ഇന്ത്യ കൊറിയയിലെ യുദ്ധരംഗത്തേക്ക് അയച്ച യു.എന്‍. സേനയിലെ അംഗമായിരുന്ന കേണല്‍ ഉണ്ണി നായരുടേതായിരുന്നെന്ന്. ഡല്‍ഹിയിലെ കേരള ക്ലബ്ബിലെ സജ്ജീവ സാന്നിദ്ധ്യമായിരുന്ന അദ്ദേഹം മുപ്പത്തിയൊന്‍പതാം വയസ്സില്‍ കൊറിയയില്‍വെച്ച് മരണപ്പെട്ടു.
വിശാലമായ ഹാളിനും അപ്പുറത്താണ് ഓഫീസ്. അക്കാലത്ത് ഓഫീസ് മാനേജര്‍ ആയിരുന്നത് മി. മാത്യൂസ്, ഒരു സ്ഥാപനത്തിന്റെ മേധാവിയുടെ ഗൗരവത്തോടെ അവിടെയുണ്ടായിരുന്നു. മുഴുവന്‍ പേര് ഓര്‍മ്മയില്ല.
ശ്രീ മാത്യൂസിന്റെ അടുത്ത് എന്റെ ആവശ്യമുന്നയിച്ചു. അധികമൊന്നും കേള്‍ക്കാന്‍ അദ്ദേഹം നിന്നില്ല. അലമാരയുടെ താക്കോല്‍ എടുത്തുതന്നിട്ട് പറഞ്ഞു:
'പുസ്തകം തെരഞ്ഞെടുത്തിട്ട് റജിസ്റ്ററില്‍ എഴുതുക.'
ആദ്യം കയ്യില്‍ തടഞ്ഞ പുസ്തകംതന്നെ എടുത്തു. മാസങ്ങളോ വര്‍ഷങ്ങളോ ആരും ഉപയോഗിക്കാതിരുന്ന പൊടിപിടിച്ച റജിസ്റ്ററിന്റെ ഒരു താള് തെരഞ്ഞെടുത്ത് എന്റെ പേരെഴുതി, അതിനുതാഴെ പുസ്തകത്തിന്റെയും അതായിരുന്നു: ''കോണ്‍ ടിക്കി''
ഒരു കാലത്ത് ഇന്ന് കാണുന്ന ഭൂവിഭാഗങ്ങള്‍ അങ്ങനെയല്ലായിരുന്നെന്നും അതൊരു പിണ്ഡമായിരുന്നെന്നുമാണ് പറയപ്പെടുന്നത്, 'പാന്‍ജിയ'. പലപ്പോഴും ചര്‍ച്ചകളില്‍ ഉയര്‍ന്നുവരുന്ന വിഷയമാണ് ഈ 'പാന്‍ജിയ', അതായത് ഒരിക്കല്‍ നമ്മുടെ ഭൂഖണ്ഡങ്ങള്‍ എല്ലാം ഒരുമിച്ചായിരുന്നപ്പോള്‍ ഉണ്ടായിരുന്ന പേര്. ഇത് വളരെ ലാഘവത്തോടെ പലരും പ്രസംഗിക്കുന്നതും കേട്ടിട്ടുണ്ട്. അതിങ്ങനെ: ''പാന്‍ജിയ എന്ന ഭൂവിഭാഗം പലതായി മാറിപ്പോയപ്പോള്‍ അവിടെയുണ്ടായിരുന്ന മനുഷ്യരും വിവിധ ഭൂഖണ്ഡങ്ങളിലായി.'' ശരിയല്ലേ, ഭൂമി പൊട്ടിത്തെറിച്ച് മാറിയപ്പോള്‍ അന്നുണ്ടായിരുന്ന മനുഷ്യര്‍ അതിനൊപ്പം കൂടുകയല്ലാതെ മറ്റു മാര്‍ഗ്ഗമില്ലല്ലോ.
പാന്‍ജിയ ഉണ്ടായിരുന്നുവെന്നത് ശാസ്ത്രജ്ഞരുടെ തെളിവുസഹിതമുള്ള നിഗമനമാണ്. അതങ്ങ് വിശ്വസിക്കാം. പക്ഷേ, അതെന്നായിരുന്നു. മുന്നൂറു മില്യനും നൂറുമില്യനും വര്‍ഷങ്ങളുടെയിടയിലാണ് ഭൂഖണ്ഡങ്ങള്‍ ഇന്നത്തെ നിലയില്‍ ഒത്തുകൂടിയതെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. അപ്പോള്‍ നമ്മുടെ ഭൂമിയുടെ ഇന്നത്തെ അവസ്ഥക്ക് കുറഞ്ഞപക്ഷം നൂറു മില്യന്‍ വര്‍ഷത്തെയെങ്കിലും പഴക്കമുണ്ടെന്ന് സാരം. അന്ന് മനുഷ്യര്‍ ഉണ്ടായിരുന്നോ എന്ന് ഗവേഷണം ചെയ്യാനുള്ള സ്വാതന്ത്ര്യം വായനക്കാര്‍ക്കുണ്ടല്ലോ. ഈ ലേഖകന്‍ അതൊരു വിവാദവിഷയമാക്കുന്നില്ല.
പസഫിക്ക് സമുദ്രത്തിലെ പോളിനേഷ്യന്‍ ദ്വീപുകളില്‍ തെക്കേ അമേരിക്കന്‍ ഭൂഖണ്ഡത്തില്‍നിന്നും സാഹസികരായ നാവികര്‍ എത്തിയെന്ന് പറയുമ്പോള്‍ ചുരുക്കം ചിലരെങ്കിലും പ്രതികരിക്കും: അത് അങ്ങനെയല്ല പാന്‍ജിയയുടെ ഭാഗങ്ങള്‍ കടലില്‍ക്കൂടി സഞ്ചരിച്ച് ഇന്നത്തെ ഭൂഖണ്ഡങ്ങളായി മാറിയതിന്റെ തെളിവാണെന്ന്.
'കോണ്‍ ടിക്കി'യെപ്പറ്റി ഇത്ര വലിയ മുഖവുരയുടെ ആവശ്യമുണ്ടായിരുന്നോ. ഇതില്‍ പലതും ഒഴിവാക്കാമായിരുന്നില്ലേ?
പോളിനേഷ്യന്‍ ദ്വീപുകളിലേക്ക് തെക്കേ അമേരിക്കയിലെ പെറുവില്‍നിന്ന് മനുഷ്യര്‍ സാഹസിക യാത്ര ചെയ്തത് ആയിരത്തിയഞ്ഞൂറു വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്. ഇത് ഓര്‍മ്മിപ്പിക്കാനായിരുന്നു പാന്‍ജിയയുടെ കഥ പറഞ്ഞത്. മില്യന്‍-മില്യന്‍ വര്‍ഷം മുന്‍പുള്ള ചരിത്രമല്ല ഇവിടെ വിഷയമെന്ന് സാരം.
ഏതാണ്ട് രണ്ടു വര്‍ഷം മുന്‍പാണ് ലഫ്. കമാന്‍ഡര്‍ അഭിലാഷ്‌ടോമി ഒരു പായ്‌ബോട്ടില്‍ ലോകം ചുറ്റി വന്നത്. രണ്ടായിരത്തി പതിമൂന്ന് നവംബറില്‍ മുംബൈയില്‍നിന്ന് ഐ.എന്‍.എസ്.വി. മഹ്‌ദേയിയില്‍ (കചടഢ ങവമറലശ) നൂറു ദിവസംകൊണ്ട് പതിമൂവായിരത്തില്‍ ചില്വാനം നോട്ടിക്കില്‍ മൈല്‍ പിന്നിട്ടാണ് യാത്ര പുറപ്പെട്ടിടത്ത് അദ്ദേഹം മടങ്ങിയെത്തിയത്.
ഈ വാര്‍ത്ത വായിച്ചപ്പോള്‍ എന്റെ പഴയ 'കോണ്‍ ടിക്കി'യുടെ കഥ ഓര്‍മ്മയിലെത്തി. തെക്കെ അമേരിക്കയിലെ പെറുവില്‍നിന്ന് ആധുനിക സൗകര്യങ്ങള്‍ ഒന്നും കൂടാതെ ആയിരത്തിയഞ്ഞൂറു വര്‍ഷം മുന്‍പുണ്ടായിരുന്ന പ്രകൃതിദത്തമായ സാങ്കേതികത മാത്രം ഉപയോഗിച്ച് മനുഷ്യന്‍ ഏകദേശം ആയിരത്തിലധികം വര്‍ഷങ്ങള്‍ക്ക് മുന്‍പ്, കൊളംബസ് അമേരിക്കയിലെത്തുന്നതിന് എത്രയോ മുന്‍പ്, പോളിനേഷ്യന്‍ ദ്വീപ സമൂഹങ്ങളിലേക്ക് യാത്ര ചെയ്തിട്ടുണ്ട്, അതിനു അടയാങ്ങള്‍ ശേഷിപ്പിച്ചിട്ടുണ്ട്, അതിനു ഇന്നും പ്രസക്തിയുമുണ്ട്, വേണ്ടിവന്നാല്‍ വീണ്ടും ആവര്‍ത്തിക്കാം ഇതൊക്കെയായിരുന്നു നോര്‍വീജിയന്‍ നാവികനായിരുന്ന തോര്‍ ഹെര്‍ദഹലിന്റെ സാഹസികയാത്രയുടെ കഥ. യാത്ര മാത്രമല്ല, അതിനുള്ള ഒരുക്കങ്ങള്‍പ്പോലും സാഹസികത നിറഞ്ഞതായിരുന്നു. കഴിയുന്നതും പെറുവിലെ അമേരിക്കന്‍ ഇന്ത്യാക്കാരുടെ രീതികള്‍ത്തന്നെയായിരുന്നു ഹെര്‍ദഹല്‍ ഉപയോഗിച്ചത്. ആധുനികമെന്ന് പറയാന്‍ വാച്ച്, കത്തി, ഭൂപടം തുടങ്ങിയ ചുരുക്കം ചിലത് സൗകര്യത്തിനുവേണ്ടി മാത്രം.
വിശാലമായ തെക്കന്‍ പസഫിക്ക് സമുദ്രത്തിലെ ദ്വീപുകളാണ് പോളിനേഷ്യ. കിഴക്കന്‍ പസഫിക്കിലെ ഈസ്റ്റര്‍ ദ്വീപു മുതല്‍ തെക്കു പടിഞ്ഞാറുള്ള ന്യൂസിലാന്റും, പിന്നെ വടക്കുഭാഗത്തെ ഹവായിയന്‍ ദ്വീപുകള്‍ വരെ പോളിനേഷ്യന്‍ ത്രികോണമായി കണക്കാക്കപ്പെടുന്നു. ഭൂമിശാസ്ത്രപരമായി നോക്കിയാല്‍ ഇതിന് റഷ്യയും വടക്കെ അമേരിക്കയും ചേര്‍ന്ന അത്രയും ഭൂവ്യാപ്തിയുണ്ടത്രേ. ഈ ദ്വീപുകളിലെ ആദിവാസികള്‍ തമ്മില്‍ ബന്ധപ്പെട്ടവരാണോ, വംശീയമായും ഭാഷാപരമായും?
കിഴക്കന്‍ ദ്വീപുകളിലുള്ളവര്‍ ആഫ്രിക്കന്‍ വംശജരാണെങ്കില്‍ പടിഞ്ഞാറ് അമേരിക്കന്‍ ഇന്ത്യാക്കാരിലെ ഇങ്കാ വര്‍ഗ്ഗവുമായി ബന്ധപ്പെട്ടവരാണ്. ഇതിനോട് ചേര്‍ന്ന് ഊഹാപോഹങ്ങള്‍ പരിശോധിക്കുകയായിരുന്നു തോര്‍ ഹെര്‍ദഹലിന്റെ നാവികപര്യടനത്തിന്റെ ഉദ്ദേശ്യം.
തെക്കന്‍ പോളിനേഷ്യയില്‍നിന്ന് ഏകദേശം നാലായിരത്തോളം. നോട്ടിക്കല്‍ മൈല്‍ കിഴക്ക് തെക്കേ അമേരിക്കയുടെ പെറുതീരം. അവിടെ ജീവിച്ചിരുന്ന ജനത തികച്ചും വ്യത്യസ്തമായ സംസ്‌ക്കാരിക പാരമ്പര്യമുള്ളവരായിരുന്നു. വളരെ ബൃഹത്തായ അവശിഷ്ടങ്ങള്‍ ശേഷിപ്പിച്ചുകൊണ്ട് അവര്‍ എങ്ങനെയോ ഭൂമുഖത്തുനിന്ന് അപ്രത്യക്ഷമായി. അവര്‍ കരങ്കല്ലില്‍ കൊത്തിയെടുത്ത മനുഷ്യരൂപങ്ങള്‍ നിര്‍മ്മിച്ചിരുന്നു. വെട്ടിയെടുത്ത ഒരാനയോളംതന്നെ വലിപ്പമുള്ള കല്ലുകള്‍ മൈലുകളോളം ദൂരം വലിച്ചുകൊണ്ടുവന്ന് ഒന്നിനുമേല്‍ ഒന്നായി നിക്ഷേപിച്ചു. ഇതിന്റെ ചില പകര്‍പ്പുകള്‍ പസഫിക്ക് ദ്വീപുകളിലും കണ്ടുവരുന്നു. ഇതെങ്ങനെ സാധിച്ചുവെന്നായിരുന്നു ഗവേഷകരുടെ ചോദ്യം.
കോണ്‍ ടിക്കി സൂര്യദേവനാണ്, സൂര്യ രാജാവാണ്, പുരോഹിതനാണ്; മറ്റെല്ലാ ജനതകളുടെയും സൂര്യനുമായുള്ള ബന്ധംപോലെ. മഹത്തായ ഒരു ചെറുത്തുനില്പിനുശേഷം കോണ്‍ ടിക്കിയും സംഘവും പസഫിക്ക് തീരത്തെത്തി, പിന്നീട് സമുദ്രത്തിലൂടെ പടിഞ്ഞാറേക്ക് യാത്ര തിരിച്ചുവത്രേ. ഇത് ഐതീഹം.
ചെങ്ങാടം കെട്ടാന്‍ വേണ്ടത് പൊങ്ങുതടികളാണ്. അത് വെള്ളത്തില്‍ പൊങ്ങിക്കിടക്കണം, എന്നാല്‍ ദ്രവിച്ചു പോകുകയുമരുത്. മാസങ്ങളോളമാണ് ഉപ്പുവെള്ളത്തില്‍ പൊരുതി നില്‌ക്കേണ്ടത്. പൊങ്ങുതടി മാത്രമല്ല അത് ചേര്‍ത്തുകെട്ടുന്ന കയറും അതുപോലെ സമുദ്രത്തിന്റെ പ്രതികൂലാവസ്ഥയെ അതിജീവിക്കുന്നതായിരിക്കണം. മത്സ്യങ്ങളും മറ്റ് കടല്‍ജീവികളും അത് കടിച്ചുപൊട്ടിക്കയുമരുത്.
തെക്കേ അമേരിക്കയുടെ പടിഞ്ഞാറന്‍ തീരങ്ങളില്‍ സമൃദ്ധമായി വളരുന്ന ഒരു വൃക്ഷമാണ് ബാല്‍സ. നൂറോളം അടി ഉയരംവരെയുള്ള ബാല്‍സയുടെ വളര്‍ച്ച അതിവേഗമാണ്. തടിക്കു കനം കുറഞ്ഞതായതുകൊണ്ട് ഇതിന്റെ ഉപയോഗങ്ങളും നിരവധി.
കാട്ടിലെത്തി ഈ തടി വെട്ടുക അപകടം നിറഞ്ഞതുതന്നെ. അവിടെയുള്ള ആദിവാസികള്‍ ഇന്നും അപരിചിതരുടെ തലവെട്ടുന്നവരാണ്. തങ്ങളുടെ വിജയത്തിന്റെ അടയാളമായി വെട്ടിയ തലകള്‍ ഉണങ്ങി സൂക്ഷിക്കുന്നു. കാലങ്ങള്‍ കഴിയുമ്പോള്‍ ഈ തലകള്‍ ചുരുങ്ങി ഒരു പൂച്ചത്തലയുടെ വലിപ്പമാകുംപോലും!
ഇതുപോലെയുള്ള അപകടങ്ങള്‍ തരണം ചെയ്ത തോര്‍ ഹെര്‍ദഹലിനും കൂട്ടര്‍ക്കും കുറേ ബാല്‍സ തടികള്‍ ശേഖരിക്കാനായി. വലിയ മരങ്ങള്‍ വെട്ടിയിട്ട്, നാടന്‍ മലയാള പദമുപയോഗിച്ചാല്‍ ''എറിച്ച്'' അല്ലെങ്കില്‍ തൊലിചെത്തി ഒരു താല്ക്കാലിക ചെങ്ങാടമായി നദിയില്‍ക്കൂടി പസഫിക്ക് തീരത്തെത്തിച്ചു.
തന്റെ സിദ്ധാന്തം തെളിയിക്കാന്‍ നാല്പത് അടി നീളമുള്ള തടിച്ചെങ്ങാടത്തില്‍ 1947 ഏപ്രില്‍ 28ന് ഈ സാഹസികയാത്ര പെറുവിലെ കലാവോ തീരത്തുനിന്നും അവര്‍ തുടങ്ങി. ആഗസ്റ്റ് ഏഴിന് വിജയകരമായി പോളിനേഷ്യയിലെ തൗവോടുദ്വീപില്‍ എത്തിച്ചേര്‍ന്നു.
കടലലമേല്‍ വിജയം വരിച്ച തോര്‍ ഹെര്‍ദഹല്‍ ദേശപര്യവേക്ഷകനും നരശാസ്ത്രവിജ്ഞാനിയും പുരാവസ്തുശാസ്ത്രജ്ഞനുമായിരുന്നു. അദ്ദേഹം ഈ സാഹസികയാത്രയില്‍ക്കൂടി ലക്ഷക്കണക്കിനു യുവാക്കളുടെ ഭാവനയെ ഉണര്‍ത്തി...
കാലങ്ങള്‍ കഴിഞ്ഞു, തോര്‍ ഹെര്‍ദഹല്‍ ഏതാനും വര്‍ഷങ്ങള്‍ക്കുമുന്‍പ് അന്തരിച്ചു. അദ്ദേഹത്തിന്റെ ഗവേഷണവും യാത്രകളും ധാരാളം പഠനങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വക നല്കി. ഇതിനെ അടിസ്ഥാനമാക്കി ചലച്ചിത്രങ്ങള്‍ രൂപപ്പെട്ടു.
തുടര്‍ന്ന് എത്രയോ സമുദ്രയാത്രകളുണ്ടായി. ഇന്ത്യാക്കാരും സാഹസികയാത്രകള്‍ക്ക് ഇറങ്ങിത്തിരിച്ചു. കടല്‍താണ്ടി വിജയകരമായി മടങ്ങിയെത്തിയ ലഫ്. കമാന്‍ഡര്‍ അഭിലാഷ് ടോമിയുടെ വാര്‍ത്ത രണ്ടു വര്‍ഷം മുന്‍പ് വായിച്ചപ്പോള്‍ ഡല്‍ഹിയിലെ കേരളക്ലബ്ബ് ലൈബ്രറിയില്‍ നിന്ന് എടുത്ത് ഞാന്‍ ആദ്യമായി വായിച്ച 'കോണ്‍ ടിക്കി'യെപ്പറ്റി വീണ്ടും ഓര്‍ത്തു.
തുടര്‍ന്ന് ഹാഫ് പ്രൈസ് ബുക്ക് സ്റ്റോറില്‍നിന്ന് കോണ്‍ ടിക്കിയുടെ കോപ്പി തരപ്പെടുത്തി, വീണ്ടുമുള്ള വായന ഒരു വ്യത്യസ്തമായ അനുഭവമായിരുന്നു. പുതിയ ചരിത്രപഠനങ്ങളും ചിത്രങ്ങളും തുറന്നുതന്നുകൊണ്ട്, അമ്പതു വര്‍ഷത്തിനുള്ളില്‍ സംഭവിച്ച നിരവധി മാറ്റങ്ങളും കണക്കിലെടുത്തുകൊണ്ട്. അതേ, ഇന്ന് അറിവ് കയ്യെത്തുന്ന ദൂരത്താണ്, വിരല്‍ത്തുമ്പിലാണ്!
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക