Image

ഏഴുപേരെ കൊലപ്പെടുത്തിയ യുവതിയുടെയും കാമുകന്റെയും വധശിക്ഷ തടഞ്ഞു

Published on 26 May, 2015
 ഏഴുപേരെ കൊലപ്പെടുത്തിയ യുവതിയുടെയും കാമുകന്റെയും വധശിക്ഷ തടഞ്ഞു

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ അമ്രോഹയില്‍ 10 വയസ്സുകാരനുള്‍പ്പെടെ ഒരുകുടുംബത്തിലെ ഏഴുപേരെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട യുവതിയുടെയും കാമുകന്റെയും വധശിക്ഷ സുപ്രീംകോടതി സ്‌റ്റേ ചെയ്തു.
ഉത്തര്‍പ്രദേശ് സര്‍ക്കാറിന്റെ പ്രതികരണം ആരാഞ്ഞ് നോട്ടീസ് അയച്ച ജസ്റ്റിസുമാരായ എ.കെ. സിക്രി, യു.യു. ലളിത് എന്നിവരടങ്ങിയ ബെഞ്ച് കേസ് മേയ് 27ന് പരിഗണിക്കാനായി മാറ്റി. ശബ്‌നം, കാമുകന്‍ സലിം എന്നിവരുടെ വധശിക്ഷയാണ് താല്‍ക്കാലികമായി തടഞ്ഞത്. അന്തിമതീരുമാനം എടുക്കുംമുമ്പ് കേസ് പരിഗണിക്കണമെന്ന ശബ്‌നത്തിന്റെ അഭിഭാഷകന്‍ ആനന്ദ് ഗ്രോവറിന്റെ അപേക്ഷ പരിഗണിച്ചാണ് നടപടി. ഇരുവരുടെയും വിവാഹത്തെ എതിര്‍ത്ത ശബ്‌നത്തിന്റെ കുടുംബാംഗങ്ങളെ മുഴുവന്‍ പാലില്‍ മയക്കുമരുന്ന് ചേര്‍ത്തുനല്‍കിയശേഷം ഇരുവരും ചേര്‍ന്ന് കൊല്ലുകയായിരുന്നെന്നാണ് കേസ്.
വീട്ടില്‍ അതിക്രമിച്ചുകയറിയവരാണ് ഇത് ചെയ്തതെന്നായിരുന്നു ശബ്‌നം പൊലീസിനോട് പറഞ്ഞിരുന്നത്. അന്വേഷണത്തില്‍ 10 വയസ്സുകാരനെ കൊലപ്പെടുത്തിയത് ശബ്‌നം തന്നെയാണെന്ന് പൊലീസ് കണ്ടത്തെി. 2008ലായിരുന്നു സംഭവം. 2010ല്‍ സെഷന്‍ കോടതി വിധിച്ച വധശിക്ഷ 2013ല്‍ അലഹബാദ് ഹൈകോടതി ശരിവെച്ചിരുന്നു. മേയ് ഒന്നിന് സുപ്രീകോടതിയും വധശിക്ഷ ശരിവെച്ച് അപ്പീല്‍ തള്ളിയിരുന്നു. ശിക്ഷ നടപ്പാക്കാന്‍ മേയ് 21ന് വാറണ്ടും പുറപ്പെടുവിച്ചിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക