Image

ഡല്‍ഹിയിലെ പുതിയ രാഷ്ട്രീയ അസംബന്ധ നാടകം(ഡല്‍ഹികത്ത് - പി.വി.തോമസ്)

പി.വി.തോമസ് Published on 22 May, 2015
ഡല്‍ഹിയിലെ പുതിയ രാഷ്ട്രീയ അസംബന്ധ നാടകം(ഡല്‍ഹികത്ത് - പി.വി.തോമസ്)
ഡല്‍ഹിയില്‍ ഇപ്പോള്‍ മുഖ്യമന്ത്രി അരവിന്ദ് കേജരിവാളും പ്രധാനമന്ത്രി നരേന്ദ്രമോഡിയും (ലഫ്‌നന്റ് ഗവര്‍ണര്‍ നജീബ് ജങ്ങിനെ മുന്‍നിറുത്തി) മുഖ്യ കഥാപാത്രങ്ങളായി അഭിനയിക്കുന്ന ഒരു രാഷ്ട്രീയ അസംബന്ധ നാടകം അരങ്ങേറുകയാണ്. ഇതിന് തിരി കൊളുത്തുന്നത് ഒരു പുതിയ ചീഫ് സെക്രട്ടറിയുടെ നിയമനത്തിലൂടെയാണ്. ഈ പുതി യചീഫ് സെക്രട്ടറിയെ, ശകുന്തള ഗാമ്ലിനെ, ചീഫ് സെക്രട്ടറിയായി സ്വീകരിക്കുവാന്‍ കേജരിവാള്‍ തയ്യാറല്ല. എന്നാല്‍ ജങ്ങ് തന്റെ തീരുമാനവുമായി മുമ്പോട്ട് പോയി. കേജരിവാള്‍ അതിനെ നിരാകരിക്കുക മാത്രമല്ല ചീഫ് സെക്രട്ടറിയെ നിയമിച്ച ലഫ്‌നന്റ് ഗവര്‍ണറുടെ പിണയാളായ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ തല്‍സ്ഥാനത്തു നിന്ന് നീക്കം ചെയ്യുകയും ചെയ്തു. ലഫ്റ്റ്‌നന്റ് ഗവര്‍ണര്‍ സംസ്ഥാന ഗവണ്‍മെന്റിന്റെ ഈ ഉത്തരവിനെ അസാധുവായി പ്രഖ്യാപിച്ചു. അതിനെതിരെ കേജരിവാളും സംഘവും ശക്തമായി പ്രതികരിക്കുകയും പ്രിന്‍സിപ്പല്‍ സെക്രട്ടറി അദ്ദേഹത്തിന്റെ ഓഫീസില്‍ കയറാതിരിക്കുവാനായി മുറി പൂട്ടി ഇടുകയും ചെയ്തു. പിന്നീടങ്ങോട്ട് മുഖ്യമന്ത്രിയും ലഫ്‌നന്റ് ഗവര്‍ണ്ണറും തമ്മില്‍ കത്തുകളുടെ ഒരു യുദ്ധം പൊട്ടിപ്പുറപ്പെട്ടു. മുഖ്യമന്ത്രി പ്രസിഡന്റ് പ്രണാബ് മുഖര്‍ജിയെ രാഷ്ട്രപതി ഭവനിലെത്തി കണ്ട് സങ്കടം ബോധിപ്പിച്ചു. അതിന് മുമ്പ് ലഫ്‌നന്റ് ഗവര്‍ണര്‍ പ്രസിഡന്റിനെ കണ്ട് അദ്ദേഹത്തിന്റെ വാദം ഉന്നയിച്ചിരുന്നു. ലഫ്‌നന്റ് ഗവര്‍ണ്ണര്‍ ഗൃഹമന്ത്രി രാജ്‌നാഥ് സിങ്ങിനേയും കണ്ട് അദ്ദേഹത്തിന്റെ നിലപാട് വ്യക്തമാക്കിയിരുന്നു. ഇതിനിടെ മുഖ്യമന്ത്രി ലഫ്‌നന്റ് ഗവര്‍ണര്‍ പുറപ്പെടുവിക്കുന്ന എല്ലാ ഉത്തരവുകളും വകുപ്പു മന്ത്രിമാരുടെയോ മുഖ്യമന്ത്രിയുടെ തന്നെയോ വഴിക്കു മാത്രമോ പാസാക്കാവൂ എന്ന് ഓര്‍ഡര്‍ പുറപ്പെടുവിച്ചു. ഇതിനെതിരെ ലഫ്‌നന്റ് ഗവര്‍ണ്ണര്‍ രംഗത്തു വന്നു. അദ്ദേഹം കേജരിവാളിന്റെ ഗവണ്‍മെന്റ് ഇറക്കിയ എല്ലാ ഉത്തരവുകളും മരവിപ്പിച്ചു. ഇതില്‍ പുതിയ ഉദ്യോഗസ്ഥന്‍മാരുടെ നിയമനവും മറ്റു ചിലരുടെ സ്ഥാനചലനവും ഉള്‍പ്പെടുന്നു. ഭരണം സ്തംഭിച്ചു. ഉദ്യോഗ്‌സഥന്‍മാര്‍ ലഫ്‌നന്റ് ഗവര്‍ണര്‍ക്കും മുഖ്യമന്ത്രിക്കും ഇടയില്‍പ്പെട്ടു ഞെരുങ്ങി. ഇതിനെതിരെ അവര്‍ ഒരു പ്രമേയവും പാസാക്കി. അപ്പോഴാണ് തത്പര കക്ഷികള്‍ ഈ ഭരണഘടനാ പ്രതിസന്ധിക്ക് ഒരു പ്രാദേശിക-വംശീയ ട്വിസ്റ്റ് നല്‍കുന്നത്. അവരുടെ അഭിപ്രായത്തില്‍ കേജരിവാള്‍ ചീഫ് സെക്രട്ടറിയുടെ നിയമനം തടഞ്ഞത് അവര്‍ ഒരു വടക്കു-കിഴക്കന്‍ പ്രദേശക്കാരി ആയതുകൊണ്ടാണ്‍ അങ്ങനെ ദല്‍ഹി വിചിത്രമായ ഒരു ഭരണഘടനാ പ്രതിസന്ധിയിലേക്ക് വലിച്ചിഴക്കപ്പെട്ടു. നേരിട്ടുള്ള സംഘട്ടനം കേജരിവാളും ജങ്ങും തമ്മിലാണെങ്കിലും യാഥാര്‍ത്ഥ സംഘട്ടനം ഡല്‍ഹി ഗവണ്‍മെന്റും കേന്ദ്ര ഗവണ്‍മെന്റും തമ്മിലാണ്. അതായത് കേജരിവാള്‍ ഒരു വശത്തും മോഡിയും രാജ്‌നാഥ് സിംങ്ങും അവരുടെ പ്രതിനിധിയായ ജങ്ങ് മറുവശത്തും. കേജരിവാളിന്റെ അഭിപ്രായത്തില്‍ അദ്ദേഹമാണ് തെരഞ്ഞെടുക്കപ്പെട്ട ജനകീയ ഭരണാധികാരി. ഭരിക്കുവാനും ഉദ്യോഗസ്ഥ•ാരെ തെരഞ്ഞെടുത്ത് നിയമിക്കുവാനുള്ള അധികാരം അദ്ദേഹത്തില്‍ നിക്ഷിപ്തമാണ്. എന്നാല്‍ ജങ്ങിന്റെ വാദഗതി പ്രകാരം പരമാധികാരം ലഫ്‌നന്റ് ഗവര്‍ണ്ണര്‍ക്കാണ്. നിയമ-ഭരണഘടനാ വിദഗ്ദ്ധരുടെ അഭിപ്രായം ഇരുകൂട്ടരേയും പിന്തുണക്കുന്നതാണ്. കേന്ദ്ര ആഭ്യന്തര മന്ത്രി ലഫ്‌നന്റ് ഗവര്‍ണറെ പിന്തുണച്ചുകൊണ്ട് പ്രസിഡന്റിന് സന്ദേശവും അയച്ചു.

ഇതില്‍ സത്യം എന്താണ്? ന്യായം ആരുടെ ഭാഗത്താണ്? ഇത് ഒരു ചീഫ് സെക്രട്ടറിയുടെ നിയമനത്തിന്റെ പേരിലോ ഒരു പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ സ്ഥാനഭ്രംശത്തിന്റെ പേരിലോ മാത്രമുള്ള വെറുമൊരു സംഘട്ടനം അല്ല. ഇവിടെ ഏറ്റുമുട്ടുന്നത് ഒരു മുഖ്യമന്ത്രിയും ഒരു പ്രധാനമന്ത്രിയും തമ്മിലാണ്. രണ്ടുപേരും  ശക്ത•ാരായ രാഷ്ട്രീയ നേതാക്ക•ാരും ഭരണാധികാരികളുമാണ്. രണ്ടു പേരും വന്‍ഭൂരിപക്ഷത്തോടെ അധികാരത്തില്‍ എത്തിയതാണ്. 2014-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മോഡി കോണ്‍ഗ്രസിനെ മുദ്രകുത്തിച്ച് കേവല ഭൂരിപക്ഷത്തോടെ അധികാരത്തില്‍ എത്തിയെങ്കില്‍ പിന്നീട് നടന്ന ഡല്‍ഹി അസംബ്ലി തെരഞ്ഞെടുപ്പില്‍ അതിനേക്കാള്‍ വന്‍ഭൂരിപക്ഷത്തോടെയാണ് കേജരിവാള്‍ ഡല്‍ഹി പിടിച്ചടക്കിയത്. എഴുപതില്‍ അറുപത്തിയേഴു സീറ്റും(97%) അദ്ദേഹം നേടി. മുഖ്യ എതിരാളികളായ ബി.ജെ.പി.ക്ക് ലഭിച്ചത് വെറും മൂന്ന് സീറ്റുകള്‍ മാത്രമാണ്. പതിനഞ്ചു വര്‍ഷം തുടര്‍ച്ചയായി ഡല്‍ഹി ഭരിച്ച കോണ്‍ഗ്രസിനു കിട്ടിയത് വട്ടപൂജ്യവും. അപ്പോള്‍ സ്വാഭാവികമായിട്ടും കേജരിവാള്‍ ബി.ജെ.പി.യുടെയും പ്രധാന പ്രതിയോഗിയാണ്. കേജരിവാളും മോഡിയും മുഖാമുഖം ഏറ്റുമുട്ടുന്ന രാഷ്ട്രീയ എതിരാളികള്‍ ആണ്. ഒരാള്‍ ദാവീദും മറ്റൊരാള്‍ ഗോലിയാത്തും ആയിരിക്കാം. അതുകൊണ്ട് കേജരിവാളിന്റെ ഭരണത്തെ തകര്‍ക്കുവാന്‍ മോഡി കോര്‍പ്പറേറ്റുകളുടെ ആവശ്യാനുസരണം രാഷ്ട്രീയമായി കരു നീക്കുന്നതാണെന്നും ആക്ഷേപമുണ്ട്. അതല്ല ഇപ്പോഴത്തെ പ്രതിസന്ധി കേജരിവാളിന്റെ ധിക്കാരപരമായ നിലപാടിന്റെയും അരാജകത്വ രാഷ്ട്രീയത്തിന്റെയും ഭാഗമാണെന്നും വിലയിരുത്തുന്നവരും ഉണ്ട്. അതല്ല കേജരിവാളിന്റെ അത്യന്തിക ലക്ഷ്യമായ ഡല്‍ഹിക്ക് ഫുള്‍ സ്റ്റേറ്റ്ഹുഡിലേക്കുള്ള  ഒരു നീക്കമായും ഇതിനെ കാണുന്നവരും ഉണ്ട്. ഇപ്പോഴത്തെ ഭരണഘടന പ്രകാരം ഡല്‍ഹിയിലെ പോലീസും ഭൂമിയും പബ്ലിക്ക് ഓര്‍ഡറും കേന്ദ്രഗവണ്‍മെന്റിന്റെ അധികാര പരിധിയിലാണ്. അതില്‍ സംസ്ഥാന ഗവണ്‍മെന്റിന് യാതൊരു അധികാരവുമില്ല. ഇവ മൂന്നും സംസ്ഥാന ഗവണ്‍മെന്റിനു നല്‍കിയാല്‍ മാത്രമേ ഭരണവും സംസ്ഥാനമെന്ന പദവിയും പൂര്‍ണ്ണമാവുകയുള്ളൂ എന്നാണ് കേജരിവാളിന്റെയും ആം ആദ്മി പാര്‍ട്ടിയുടേയും നിലപാട്. കേന്ദ്രത്തില്‍ അധികാരത്തില്‍ വരുന്നതിന് മുമ്പ് ബി.ജെ.പിയും ഇതേ നിലപാട് തന്നെ സ്വീകരിച്ചിരുന്നതാണ്. അങ്ങനെ അധികാരത്തിന്റെ നല്ല പങ്കും കേന്ദ്രം എടുത്തിരിക്കുന്ന സാഹചര്യത്തിലാണ് ഇപ്പോള്‍ നിയമനത്തിലും അത് കൈ കടത്തുന്നത്.
ഡല്‍ഹിയെ ഭരിക്കുന്നത് പ്രധാനമായും മൂന്ന് ഘടകങ്ങളാണ്, സംസ്ഥാന ഗവണ്‍മെന്റും കേന്ദ്രഗവണ്‍മെന്റിന്റെ പ്രതിനിധിയായ ലഫ്‌നന്റ് ഗവര്‍ണറും ഒഴിച്ചാല്‍. ഇത് ഭരണഘടന, നാഷ്ണല്‍ ക്യാപിറ്റല്‍ ടെറിറ്ററി ഓഫ് ഡല്‍ഹി ആക്ട് 1991, ട്രാന്‍സാക്ഷന്‍ ഓഫ് ബിസിനസ് റൂള്‍ എന്നിവയാണ്. ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 239 എ.എ. പ്രകാരം ലഫ്‌നന്റ് ഗവര്‍ണര്‍ മുഖ്യമന്ത്രിയുടെ സഹായവും ഉപദേശവും അനുസരിച്ചായിരിക്കും നിയമസഭയുടെ പരിധിയിലുള്ള വിഷയങ്ങളില്‍ പ്രവര്‍ത്തിക്കുക. സംസ്ഥാന ഗവണ്‍മെന്റും ലഫ്‌നന്റ് ഗവര്‍ണറും തമ്മില്‍ ഏതെങ്കിലും വിഷയത്തില്‍ അഭിപ്രായ വ്യത്യാസമുണ്ടായാല്‍ ലഫ്‌നന്റ് ഗവര്‍ണര്‍ക്ക് 'അര്‍ജന്‍സി' അധികാരം ഉപയോഗിച്ച് ഉടന്‍ തീരുമാനം എടുക്കാം. പക്ഷെ കാര്യം തികച്ചും അര്‍ജന്റ് ആയിരിക്കണം. പക്ഷെ ഈ അര്‍ജന്‍സി അധികാരം ഉപയോഗിക്കുന്നതിന് മറ്റൊരു പ്രധാന കടമ്പ കൂടി കടക്കണം. അങ്ങനെയുള്ള സാഹചര്യത്തില്‍ വിഷയം പ്രസിഡന്റിന് റഫര്‍ ചെയ്യണം. പ്രസിഡന്റിന്റെ തീരുമാനം പെന്‍ഡിങ്ങിലായിരിക്കുമ്പോള്‍ കാര്യത്തിന്റെ ഗൗരവം അനുസരിച്ച് ലഫ്‌നന്റ് ഗവര്‍ണര്‍ക്ക് പെട്ടെന്ന് ഒരു തീരുമാനം എടുക്കാം. പക്ഷെ ചീഫ് സെക്രട്ടറിയുടെ നിയന കാര്യത്തില്‍ ലഫ്‌നന്റ് ഗവര്‍ണ്ണര്‍ ഇങ്ങനെയൊരു  പ്രസിഡന്‍ഷ്യല്‍ റഫറന്‍സ് നടത്തിയിട്ടില്ല. പകരം ചീഫ് സെക്രട്ടറിയെ നിയമിക്കുവാന്‍ മുഖ്യമന്ത്രിയുടെ ഭാഗത്തു നിന്ന് നാല്‍പ്പതു മണിക്കൂറുകളുടെ കാലവിളംബം ഉണ്ടായി എന്നാണ് ചൂണ്ടി കാണിക്കപ്പെട്ടിട്ടുള്ളത്. ഇത് ശരിയായൊരു കാരണമല്ലെന്നാണ് നിയമ ഭരണ ഘടന വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.

കേജരിവാളും ജങ്ങും തമ്മിലുള്ള ഈ സംഘട്ടനത്തെ ഭരണഘടനയെ അട്ടിമറിക്കുവാനും ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ഒരു ഗവണ്‍മെന്റിനെ നിഷ്‌ക്രിയമാക്കുവാനും ഒരു രാഷ്ട്രീയ പ്രതിയോഗിയോട് പക വീട്ടുവാനുമുള്ള ഒരു തന്ത്രമായിട്ടാണ് വീക്ഷിക്കപ്പെടുന്നത്. ഒരു മുഖ്യമന്ത്രിക്ക് അദ്ദേഹത്തിന്റെ മന്ത്രിസഭയിലെ സഹമന്ത്രിമാരെ തെരഞ്ഞെടുക്കുവാനുള്ള സവിശേഷ അധികാരം ഉള്ളതുപോലെ പ്രധാന ഉദ്യോഗസ്ഥ•ാരേയും തെരഞ്ഞെടുക്കുവാനുള്ള സമ്പൂര്‍ണ്ണ അധികാരമുണ്ട്. ഒരു ചീഫ് സെക്രട്ടറി ഭരണത്തില്‍ മുഖ്യമന്ത്രിയുടെ വലംകയ്യാണ്. മുഖ്യമന്ത്രിയും ബ്യൂറോഗ്രസിയും തമ്മിലുള്ള ലിങ്ക് ആണ് ചീഫ് സെക്രട്ടറി. വിശ്വസ്തനും കാര്യപ്രാപ്തനുമായ ഒരു ചീഫ് സെക്രട്ടറിയും ഭരണശേഷിയുള്ള, സത്യസന്ധമായ ബ്യൂറോക്രസിയും സുതാര്യവും ശക്തവുമായ ഒരു ഭരണത്തിന് ആവശ്യമാണ്. കേജരിവാള്‍ ഡല്‍ഹിയിലെ ജനങ്ങളോട് വാഗ്ദാനം ചെയ്തിരിക്കുന്നത് ഒരു സത്ഭരണമാണ്. അഴിമതി ഇല്ലാത്ത ഒരു സത്ഭരണം. അദ്ദേഹത്തിന്റെ ഈ സ്വപ്‌നം സാഫല്യമാക്കണമെങ്കില്‍ അദ്ദേഹത്തിന്റേതായ ഒരു ടീം കെട്ടിപ്പടുക്കണം. ഇതിനെതിരെ ലഫ്‌നന്റ് ഗവര്‍ണ്ണറോ കേന്ദ്രമോ പരസ്യമായോ രഹസ്യമായോ പവര്‍ത്തിക്കുന്നുണ്ടെങ്കില്‍ അത് കേജരിവാളിന്റെയും അദ്ദേഹത്തിന്റെ ലക്ഷ്യത്തേയും തകിടം മറിക്കുവാനുള്ള നീക്കമാണ്.
ഗവര്‍ണ്ണര്‍മാരേയും ഭരണഘടനയിലെ 356-ാം വകുപ്പിനേയും ദുരുപയോഗപ്പെടുത്തിക്കൊണ്ട് കക്ഷി ഭേദമന്യേ കേന്ദ്ര ഗവണ്‍മെന്റുകള്‍ സംസ്ഥാന ഗവണ്‍മെന്റുകളെ അധികാര ഭ്രഷ്ടരാക്കിയതും അതുപോലെ തന്നെ അവരുടെ ഭരണം വിഷമത്തിലാക്കിയതും വളരെയേറെയാണ്. നൂറിലേറെ/ സംസ്ഥാന ഗവണ്‍മെന്റുകളെയാണ് ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 356 ഉപയോഗിച്ചു കൊണ്ട് വിവിധ കേന്ദ്ര ഗവണ്‍മെന്റുകള്‍ ഇതിനകം ഡിസ്മിസ് ചെയ്തിട്ടുള്ളത്. ആര്‍ട്ടിക്കിള്‍ 356 ഭരണഘടനയിലെ 'ഡെഡ് ലെറ്റര്‍'ആയി കിടക്കട്ടെ എന്ന് ആഗ്രഹിച്ചുകൊണ്ടാണ് ഭരണഘടനയുടെ പിതാവായ  അംബേദ്കര്‍ അത് സൃഷ്ടിച്ചത്. ഇവിടെ കേജരിവാളിന്റെ പ്രശ്‌നത്തില്‍ അതിനുള്ള സാധ്യത തത്കാലം കാണുന്നില്ലെങ്കിലും അദ്ദേഹത്തിന്റെ ഭരണം കഷ്ടകരമാക്കുവാനുള്ള എല്ലാ വഴിയും കാണുന്നുണ്ട്. അതാണ് ഇവടെ ഗൗരവമായ പ്രശ്‌നം. ഡല്‍ഹി ഭരണം സംബന്ധിച്ചുള്ള ഭരണഘടനയിലെ ഗ്രേ ഏരിയാകള്‍ വ്യക്തമാക്കപ്പെടേണ്ടതായിട്ടുണ്ട്. അതിന് പാര്‍ലമെന്റും കേന്ദ്ര ഗവണ്‍മെന്റും സന്നദ്ധം ആകണം. അതുപോലെ തന്നെ ഡല്‍ഹിക്ക് സമ്പൂര്‍ണ്ണ സംസ്ഥാന പദവിക്കുള്ള ആം ആദ്മി പാര്‍ട്ടിയുടെ ഡിമാന്റും കേന്ദ്ര ഗവണ്‍മെന്റും പാര്‍ലമെന്റും ഗൗരവമായിട്ട് എടുക്കണം. ലാന്റും പോലീസും ക്രമസമാധാന നിലയും ഡല്‍ഹി ദേശീയ തലസ്ഥാനം എന്ന നിലയില്‍ മറ്റ് യൂണിയന്‍ ടെറിറ്ററികളെ അപേക്ഷിച്ച് വളരെ സെന്‍സിറ്റീവാണ്. പ്രത്യേകിച്ചും പോലീസ്. പോലീസ് സേന സ്വന്തമായിട്ടില്ലാത്ത ഒരു സംസ്ഥാന ഗവണ്‍മെന്റ് അക്ഷരാര്‍ത്ഥത്തില്‍ ദുര്‍ബലമാണ്. അതുകൊണ്ട് ഈ മൂന്ന് പ്രശ്‌നങ്ങളും പരിഹരിച്ച് ഡല്‍ഹിയെ ഒരു സമ്പൂര്‍ണ്ണ സംസ്ഥാനമാക്കി മാറ്റുവാന്‍ ഉള്ള നടപടികള്‍ എത്രയും വേഗം ആരംഭിക്കേണ്ടതാണ്. ഒട്ടേറെ പുതിയ സംസ്ഥാനങ്ങള്‍ ഇന്ത്യയുടെ ഭൂപടത്തില്‍ പുതിയതായി കൂട്ടിച്ചേര്‍ക്കപ്പെട്ടിട്ടുണ്ട്. ഉത്തര്‍ഖണ്ഡും ഛത്തീസ്ഘട്ടും ഝാര്‍ഘണ്ടും ഒടുവിലായി തെലുങ്കാനയും ഇതിന് ഉദാഹരണങ്ങളാണ്. അടുത്തത് ഒരു പൂര്‍ണാധികാരമുള്ള ഡല്‍ഹി സംസ്ഥാനം ആകട്ടെ. പുതിയ സംസ്ഥാനങ്ങള്‍ രൂപീകരിക്കപ്പെടുമ്പോള്‍ ഉന്നയിക്കുന്ന മുടന്തന്‍ ന്യായങ്ങള്‍ ഇവിടെയും ഉന്നയിക്കപ്പെട്ടേക്കാം.

അതില്‍ പ്രധാനമാണ് സാമ്പത്തിക ഭദ്രതയും സാമ്പത്തിക സ്വയം പര്യാപ്തതയും. അതിനൊക്കെയുള്ള മറുപടി 2000-നു ശേഷം രൂപീകരിക്കപ്പെട്ട നാലു സംസ്ഥാനങ്ങളും അതിനു മുമ്പ് രൂപീകരിക്കപ്പെട്ട നിരവധി സംസ്ഥാനങ്ങളും നല്‍കിയിട്ടുണ്ട്. പൂര്‍ണ പദവിയുള്ള ഡല്‍ഹി സംസ്ഥാനവും അവസരത്തിനൊത്ത് ഉയര്‍ന്നു കൊണ്ട് ഈ വക ചോദ്യങ്ങള്‍ക്കുള്ള മറുപടി നല്‍കും. ഏതായാലും ഭരണഘടനയെ ദുര്‍വ്യാഖ്യാനം ചെയ്തുകൊണ്ടും രാഷ്ട്രീയ ലാഭത്തിനായും സൃഷ്ടിക്കുന്ന ഇതുപോലുള്ള ഭരണ സ്തംഭനം അഭികാമ്യമല്ല. മോഡിക്കും രാജ്‌നാഥ് സിംങ്ങിനും ജങ്ങിനും കേജരിവാളിനും അത് ഒരിക്കലും ഭൂഷണം അല്ല. ദേശീയ തലസ്ഥാനത്തിന്റെ ഇരിപ്പിടം ആയ ഡല്‍ഹി സംസ്ഥാനം ഭരണസ്തംഭനത്തിലേക്ക് വഴുതിവീഴുവാന്‍ അനുവദിച്ചുകൂടാ. രാഷ്ട്രീയ പകവീട്ടലിനും തെരഞ്ഞെടുപ്പ് പരാജയത്തിനു പകരം ചോദിക്കലിനും ഡല്‍ഹിയെ കരുവാക്കരുത്.


ഡല്‍ഹിയിലെ പുതിയ രാഷ്ട്രീയ അസംബന്ധ നാടകം(ഡല്‍ഹികത്ത് - പി.വി.തോമസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക