Image

കരണ്‍ മേനോന്‍: ജോഗ്രഫി ബീയിലെ മലയാളി ചാമ്പ്യന്‍

Published on 21 May, 2015
കരണ്‍ മേനോന്‍: ജോഗ്രഫി ബീയിലെ മലയാളി ചാമ്പ്യന്‍

സ്‌പെല്ലിംഗ് ബീയില്‍ പങ്കെടുക്കാന്‍ പോയ കരണ്‍ മേനോന്‍ ജോഗ്രഫി ബീയിലേക്ക് വഴിതെറ്റി ചെല്ലുകയായിരുന്നു. ദേശീയ ജോഗ്രഫി ബീ ചാമ്പ്യന്‍ഷിപ്പിലേക്കാണ് ആ യാത്രയെന്ന് കാലം തെളിയിച്ചു.

ഏഴെട്ട് വര്‍ഷം മുമ്പത്തെ കാര്യമാണ്. ന്യൂജേഴ്‌സിയിലെ എഡിസണില്‍ താമസിക്കുന്ന ഐടി പ്രൊഫഷണലായ രാകേഷ് മേനോനും പത്‌നി മനിഷയും കൂടി ഏക പുത്രനെ ചെറി ഹില്ലില്‍ നടക്കുന്ന സ്‌പെല്ലിംഗ് ബീ മത്സരത്തിന് കൊണ്ടുപോകുകയായിരുന്നു. ന്യൂജേഴ്‌സി ടേണ്‍പൈക്കില്‍ വെച്ച് കാര്‍ കേടായി. 'സ്‌പെല്ലിംഗ് ബീയോട് പ്രത്യേക താത്പര്യമൊന്നും ഉണ്ടായിരുന്നില്ല. എല്ലാ ഇന്ത്യന്‍ മാതാപിതാക്കളും മക്കളെ മത്സരത്തിനു കൊണ്ടുപോകുന്നു. ഞങ്ങളും കൊണ്ടുപോയി. അത്രമാത്രം.' കൊടുങ്ങല്ലൂര്‍ സ്വദേശിയാണെങ്കിലും മുംബൈയില്‍ ജനിച്ചു വളര്‍ന്ന രാകേഷ് പറഞ്ഞു.

കാര്‍ കേടായതോടെ സുഹൃത്ത് മഹേഷിന്റെ കാറില്‍ കരണേയും മനിഷയേയും മത്സരസ്ഥലത്തേക്ക് അയച്ചു. അവര്‍ എത്തിയത് താമസിച്ച്. സ്‌പെല്ലിംഗീ മത്സരം കഴിഞ്ഞു. എന്നാല്‍ പിന്നെ വേറെ എന്തെങ്കിലും മത്സരത്തില്‍ ചേര്‍ക്കാമോ എന്ന് മനിഷ ചോദിച്ചു. അങ്ങനെ ജോഗ്രഫിയില്‍ മത്സരിക്കാന്‍ സംഘാടകര്‍ അനുവദിച്ചു. പക്ഷെ രജിസ്റ്റര്‍ ചെയ്യാത്തതിനാല്‍ സമ്മാനം കിട്ടില്ല. എന്തായാലും ഒന്നും പഠിക്കാതെ എത്തിയ കരണ്‍ രണ്ടാം സ്ഥാനം നേടി. അന്ന് കരണ് അഞ്ചോ ആറോ വയസ്.

ഇപ്പോള്‍ ജോണ്‍ ആഡംസ് മിഡില്‍ സ്‌കൂള്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ കരണ് (14) ഭൂമിശാസ്ത്രത്തിലാണ് കൂടുതല്‍ താല്പര്യമെന്നു മാതാപിതാക്കള്‍ തിരിച്ചറിഞ്ഞു. കുടുംബ സുഹൃത്തായ മനീഷ് ശര്‍മ്മ നല്‍കിയ ഗ്ലോബിലും, പിന്നീട് മാപ്പിലും നോക്കി കരണ്‍ ഓരോന്ന് പഠിക്കുന്നത് ചെറുപ്പത്തിലേ അവര്‍ ശ്രദ്ധിച്ചിരുന്നു. വളരുന്തോറും ഭൂവിഭാഗങ്ങളെപ്പറ്റിയും, പ്രകൃതിയെപ്പറ്റിയും കൂടുതല്‍ പഠിക്കാന്‍ തുടങ്ങി.

ഏക പുത്രനെ മാതാപിതാക്കളും പ്രോത്സാഹിപ്പിച്ചു. തുടര്‍ന്ന് നോര്‍ത്ത് സൗത്ത് ഫൗണ്ടേഷന്‍ സ്ഥാപകനും, ജോഗ്രഫി കോച്ചുമായ ഫ്‌ളോറിഡയിലുള്ള കൃഷ്ണ നന്ദൂറുമായി രകേഷ് ബന്ധപ്പെട്ടു. കൃഷ്ണ നന്ദൂര്‍ കരണ് കോച്ചിംഗ് നല്‍കി. ഫ്‌ളോറിഡ സ്റ്റേറ്റിലെ നാലു ചാമ്പ്യന്‍മാരേയും, ദേശീയ ചാമ്പ്യന്‍ ആദിഷ് മൂര്‍ത്തിയേയും കൃഷ്ണ നന്ദൂര്‍ പഠിപ്പിച്ചിട്ടുണ്ട്.

'കരണ് ദേശീയതലത്തില്‍ ജയിക്കാനുള്ള അറിവുണ്ടെന്ന് ഞങ്ങള്‍ക്ക് ഉറപ്പായിരുന്നു. പക്ഷെ അതുകൊണ്ട് മാത്രമായില്ലല്ലോ. ഭാഗ്യവും തുണച്ചാലേ ഇത്തരം മത്സരങ്ങളില്‍ വിജയിക്കാനാകൂ. അതിനാല്‍ അമിതമായ പ്രതീക്ഷയൊന്നും ഞങ്ങള്‍ വെച്ചുപുലര്‍ ത്തിയില്ല' രാകേഷ് പറഞ്ഞു.

ഇക്കൊല്ലം പോരെങ്കില്‍ മത്സരത്തിന്റെ ചട്ടക്കൂട്ടില്‍ മാറ്റംവരുത്തുകയും ചെയ്തു. വെറുതെ കാണാതെ പഠിച്ചിട്ടു കാര്യമില്ല. നേരത്തെ റെക്കോര്‍ഡ് ചെയ്ത ഒരു വീഡിയോ ഓരോ മത്സരാര്‍ത്ഥിയേയും വിലയിരുത്തുന്നതിന് ജഡ്ജിമാര്‍ക്ക് അവസരം നല്‍കുന്നു. അതുപോലെ തന്നെ ഏതെങ്കിലും ഒരു ഭൂമിയുടെ ഭാഗം കാണിച്ചശേഷം അതു വിശദീകരിക്കാന്‍ പറയുകയാണ് മറ്റൊന്ന്. കാണാതെ പഠിച്ചതുകൊണ്ടു മാത്രം കാര്യമില്ലന്നര്‍ത്ഥം.

പ്രലിമിനറി എളുപ്പത്തില്‍ കടന്നുകൂടി. പക്ഷെ സെമിയില്‍ ഒരു ചോദ്യം കുഴപ്പിച്ചു കളഞ്ഞു. ഉത്തരം തെറ്റാണെന്ന് ജഡ്ജിമാര്‍ വിലയിരുത്തി. അതിനെ ബാലനായ കരണ്‍ ചോദ്യം ചെയ്തു. തന്റെ ഉത്തരം ശരിതന്നെയാണെന്ന് തറപ്പിച്ചു പറഞ്ഞു. വീണ്ടും പുസ്തകങ്ങള്‍ പരിശോധിച്ച ജഡ്ജിമാര്‍ കരണ്‍ പറഞ്ഞതു ശരിയാണെന്നു സമ്മതിച്ചു.

അത്തരമൊരു വേദിയില്‍ ഒരു കൊച്ചുകുട്ടിക്ക് ജഡ്ജിമാരെ ചോദ്യം ചെയ്യാന്‍ എളുപ്പമല്ല. എന്നാല്‍ മത്സരത്തിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ തന്നെ ജഡ്ജിമാരുടെ തീരുമാനം ചോദ്യം ചെയ്യുന്നതില്‍ തെറ്റില്ലെന്ന് നേരത്തെ പറഞ്ഞത് കരണ് ആത്മവിശ്വാസം പകര്‍ന്നു. ചോദ്യം ഇതായിരുന്നു: മിനസോട്ടയിലെ മൊസാബി റേഞ്ചില്‍ ഏതു ലോഹത്തിന്റെ അയിര് ആണ് കാണപ്പെടുന്നത്? ടക്കോണൈറ്റ് എന്നായിരുന്നു കരന്റെ ഉത്തരം. ഇരുമ്പ് എന്നായിരുന്നു ജഡ്ജിമാരുടെ ഉത്തരം. പക്ഷെ ടക്കോണൈറ്റും സംസ്‌കരിച്ചാല്‍ ഇരുമ്പ് തന്നെയാണ് കിട്ടുക.

ഫൈനലില്‍ പത്തുപേര്‍ മാത്രമായപ്പോഴും കരണ്‍ പ്രതിസന്ധി നേരിട്ടു. പതിവിനു വിപരീതമായ മൂന്നാമത്തെ ചോദ്യം അമേരിക്കയെപ്പറ്റിയായിരുന്നു. കോക്കോനിനോ പ്ലേറ്റോ ഏതു നദിക്കരയിലാണ് എന്നതായിരുന്നു ചോദ്യം. കോളാറാഡോ റിവര്‍ എന്നതിനു പകരം ആമസോണ്‍ എന്ന് കരണ്‍ ഉത്തരം നല്‍കി. അതോടെ പത്തുപേരില്‍ കിരണിന്റെ റാങ്ക് അവസാനത്തേതായി. അവിടെ നിന്നാണ് പിന്നേയും തിരിച്ചു വന്നത്.

ഫൈനല്‍ റൗണ്ടില്‍ ഏഴു ചോദ്യങ്ങളുടെ ഉത്തരം എഴുതണം. രണ്ടാം സ്ഥാനത്തു വന്ന മിഷിഗണില്‍ നിന്നുള്ള ആറാംക്ലാസുകാരി ശ്രീയ യര്‍ലഗഡഡ് (11) ആറെണ്ണം കൃത്യമായി എഴുതി. ഏഴും ശരിയാക്കിയപ്പോള്‍ കരണ്‍ ബീ ചാമ്പ്യനായി. ഏഴാമത്തെ ചോദ്യം ഇതായിരുന്നു. മറിയുപ്പോള്‍ നഗരത്തിനടുത്തുകൂടി കല്‍മിയസ് നദി ഏതു കടലിലാണു നിപതിക്കുന്നത്? ബ്ലാക് സിയുടെ ഭാഗമാണ് പ്രസ്തുത കടലെന്നും വിശദീകരിക്കപ്പെട്ടു. അസോഡ് കടല്‍ എന്ന് കരണ്‍ ഉത്തരം പറഞ്ഞതോടെ ഈ വര്‍ഷത്തെ ചാമ്പ്യന്‍പട്ടം കരണായി.

പിഴവുകള്‍ വരുത്തിയെങ്കിലും അന്തിമമായി വിജയിച്ചതിനെ ആമയും മുയലും തമ്മിലുള്ള ഓട്ട മത്സത്തോടാണ് മനിഷ ഉപമിച്ചത്.

കണക്കിനോടാണ് ഇപ്പോള്‍ കരണ് ഏറെ താത്പര്യമെന്ന് രാകേഷ് മേനോന്‍ പറഞ്ഞു. ഭാവിയില്‍ എന്താകണമെന്നൊന്നും തീരുമാനിച്ചിട്ടില്ല. ശാസ്ത്ര-സാങ്കേതികരംഗത്ത് ഉപരിപഠനമാണ് ലക്ഷ്യമിടുന്നത്.

ബീ ചാമ്പ്യനെന്ന നിലയില്‍ 50,000 ഡോളറിന്റെ കോളജ് സ്‌കോളര്‍ഷിപ്പ് കരണ് ലഭിക്കും. നാഷണല്‍ ജോഗ്രഫിക് സൊസൈറ്റിയില്‍ ആജീവനാന്ത അംഗത്വം ലഭിക്കും. അതിനു പുറമെ ഗാലപ്പാഗോസ് ദ്വീപിലേക്ക് ഒരു യാത്രയും. ചരിത്രതീത കാലത്തെ ജീവികളൊക്കെയുള്ള ഗാലപ്പാഗോസിനെയാണ് ഡാര്‍വിന്‍ തന്റെ സിദ്ധാന്തത്തിനു ഉപോല്‍ബലകമായി ഉപയോഗിച്ചത്.

രാകേഷിന്റെ പിതാവ് യു. സി. ഗോപിനാഥ മേനോന്‍ (ഉണ്ണിപറമ്പത്ത് ചാങ്കാട്ടില്‍) കഴിഞ്ഞവര്‍ഷം മരിച്ചു. ചെറുപ്പത്തിലേ മുംബൈയിലെത്തിയ അദ്ദേഹം ഹിന്ദുസ്ഥാന്‍ തോംസണ്‍ അഡ്വര്‍ട്ടൈസ്‌മെന്റില്‍ ഉദ്യോഗസ്ഥനായിരുന്നു. അമ്മ പരേതയായ പ്രേമ മേനോന്‍ കൊടുങ്ങല്ലൂര്‍ പാക്കിയാട്ട് കടങ്ങോട്ട് കുടുംബാംഗമാണ്.

ചെറുപ്പത്തില്‍ താന്‍ ക്വിസ് പോലെയുള്ള മത്സരങ്ങളിലൊന്നും പങ്കെടുത്തതായി ഓര്‍മ്മയില്ലെന്ന് രാകേഷ് പറഞ്ഞു.

മാര്‍ഷ് മക്‌ലെന്നനില്‍ ഐ.ടി പ്രൊഫഷണലായ രാകേഷും ഗുജറാത്തിയായ മനിഷയും തമ്മില്‍ മുംബൈയില്‍ വച്ചാണ് വിവാഹിതരായത്. 1999-ല്‍ അമേരിക്കയിലെത്തി.

കരണ്‍ മേനോന്‍: ജോഗ്രഫി ബീയിലെ മലയാളി ചാമ്പ്യന്‍ കരണ്‍ മേനോന്‍: ജോഗ്രഫി ബീയിലെ മലയാളി ചാമ്പ്യന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക