Image

പരിശുദ്ധ കന്യാമറിയം വസന്തമൊരുക്കിയ നാട്ടിടങ്ങളില്‍ (ഡോ. ജോര്‍ജ്‌ എം കാക്കനാട്ട്‌)

Published on 20 May, 2015
പരിശുദ്ധ കന്യാമറിയം വസന്തമൊരുക്കിയ നാട്ടിടങ്ങളില്‍ (ഡോ. ജോര്‍ജ്‌ എം കാക്കനാട്ട്‌)
ലോകരക്ഷകനായ മിശിഹായുടെ മാതാവാകാന്‍ ദൈവത്തിന്റെ പ്രത്യേക തെരഞ്ഞെടുപ്പിനാല്‍ ഭാഗ്യം ലഭിച്ച നിത്യകന്യകയാണ്‌ മറിയം. ദൈവത്തിന്റെ പ്രത്യേക കൃപാകടാക്ഷത്താല്‍ മറിയം ജന്മപാപരഹിതയായിരുന്നു. ഇതൊരു സത്യവിശ്വാസമാണ്‌. മറിയത്തോടുള്ള വണക്കം ക്രൈസ്‌തവ സഭകളില്‍ എപ്പോഴും ഉണ്ടായിരുന്നു. അത്‌ എന്നും തുടര്‍ന്നു പോകുന്നു. പരിശുദ്ധ മറിയം ഒരു കൃഷീവലനു മുമ്പില്‍ പ്രത്യക്ഷപ്പെട്ടതിന്‌ നിര്‍മ്മിക്കപ്പെട്ട മെക്‌സിക്കോ സിറ്റിയിലെ ഔര്‍ ലേഡി ഓഫ്‌ ഗ്വാഡലൂപെ ബസലിക്കയിലെത്താന്‍ ഏതാനും ദിവസം മുമ്പ്‌ അത്യപൂര്‍വ ഭാഗ്യമുണ്ടായി. ബത്തേരി രൂപത ബിഷപ്പ്‌ ഡോ. ജോസഫ്‌ മാര്‍ തോമസ്‌ തിരുമേനി, ഫാ. പോള്‍ ഫെലിക്‌സ്‌, ഡോ. റോയി വര്‍ഗീസ്‌ എന്നിവര്‍ക്കൊപ്പമായിരുന്നു ലോക പ്രശസ്‌തമായ ആ മഹാ തീര്‍ത്ഥാടന കേന്ദ്രത്തിലേക്കുള്ള യാത്ര. ഒരു ഇന്ത്യന്‍ ബിഷപ്പ്‌ ഇതാദ്യമായാണ്‌ ഇവിടം സന്ദര്‍ശിക്കുന്നത്‌. ലോകത്തിലെ ക്രൈസ്‌തവര്‍ ഉള്‍പ്പെടെയുള്ളവര്‍ ജീവിതത്തിലൊരിക്കലെങ്കിലും സന്ദര്‍ശിക്കണമെന്ന്‌ മനസ്സാ ആഗ്രഹിക്കുന്ന വിശ്വാസത്തിന്റെ ആ വഴിത്താരയിലൂടെ...

നൂറ്റാണ്ടുകള്‍ക്ക്‌ മുമ്പ്‌ മെക്‌സിക്കോയില്‍ അരാജകത്വം നാടുവാണിരുന്ന കലികാലം. നരബലിയും അന്ധവിശ്വാസവും കുടിലപ്രവര്‍ത്തനങ്ങളും അരങ്ങ്‌ തകര്‍ത്തിരുന്ന ഒരു ഗതകാലം. ഈശ്വര വിശ്വാസം തീരെ ഇല്ലാത്ത ജനവിഭാഗമായിരുന്നു അന്നവിടെ ജീവിച്ചിരുന്നവര്‍. അക്രമവും അധാര്‍മികതയും അതിരുകള്‍ ലംഘിച്ച നാള്‍വഴികള്‍. 1531 ഡിസംബര്‍ ഒന്‍പതാം തീയതിയിലെ ഒരു തണുത്ത പ്രഭാതം. ജുവാന്‍ ഡീഗോ എന്ന കൃഷിക്കാരന്‍ ത്‌ലാല്‍തെലോക്കോയിലെ ആരാധനാലയത്തിലേക്ക്‌ നടക്കുകയാണ്‌. തേപെയാക്‌ മലയുടെ താഴ്‌വാരത്തുകൂടി നടക്കുമ്പോള്‍ അങ്ങകലെ കുന്നിന്‍ മുകളില്‍ കണ്ണഞ്ചിപ്പിക്കുന്ന പ്രകാശം അയാള്‍ കണ്ടു. തൊട്ടു പിന്നാലെ ദിവ്യമായ സംഗീതത്തിന്റെ മധുര ശബ്‌ദവും. അത്ഭുതപ്പെട്ട ജുവാന്‍ ഡീഗോ പെട്ടെന്നവിടെ നിന്നു. കുന്നിന്‍ മുകളിലേക്ക്‌ കയറി വരാന്‍ അഭ്യര്‍ത്ഥിക്കുന്ന സ്‌ത്രീ ശബ്‌ദം അയാള്‍ കേട്ടു. ഡീഗോ പതുക്കെ കുന്നിന്റെ മുകളില്‍ എത്തി. ഡീഗോയ്‌ക്ക്‌ വിശ്വസിക്കാന്‍ ആവുന്നില്ല. ഇത്‌ സ്വപ്‌നമാണോ എന്നയാള്‍ ഒരുവേള ചിന്തിച്ചു. സ്വര്‍ഗീയ പ്രഭയോടെ അതാ തന്റെ മുന്നില്‍ നില്‍ക്കുന്നു, പരിശുദ്ധ കന്യാമറിയം. നാലു മാലാഖമാര്‍ക്കൊപ്പം നില്‍ക്കുന്ന മറിയത്തിന്റെ യൗവനയുക്തമായ മുഖഭാവവും സ്‌നേഹവും ദയയും തുളുമ്പുന്ന നോട്ടവും ജുവാന്‍ ഡീഗോയില്‍ ഭക്തിപാരവശ്യത്തിന്റെ പറഞ്ഞറിയിക്കാനാവാത്ത അനുഭൂതികള്‍ ഉയര്‍ത്തി.

താന്‍ ദൈവമാതാവായ കന്യകാ മറിയമാണെന്ന്‌ പരിചയപ്പെടുത്തിക്കൊണ്ട്‌ മറിയം തന്റെ ഒരു ആഗ്രഹം ജുവാനെ അറിയിച്ചു. ഈ സ്ഥനത്ത്‌ തന്റെ സ്‌നേഹത്തിന്റെയും സഹാനുഭൂതിയുടെയും സംരക്ഷണത്തിന്റെയും പ്രതീകമായി ഒരു ദേവാലയം നിര്‍മിക്കണമെന്നും ഇക്കാര്യം സ്ഥലത്തെ ബിഷപ്പിനെ അറിയിക്കണമെന്നും മറിയം പറഞ്ഞതിനു ശേഷം അപ്രത്യക്ഷയായി. അവാച്യമായ ആത്മീയ ഉണര്‍വോടെ ജൂവാന്‍ ഡീഗോ ഓടിച്ചെന്ന്‌ തന്റെ അനുഭവം ബിഷപ്പിനോട്‌ വിവരിക്കുകയും പരിശുദ്ധ മറിയത്തിന്റെ ആഗ്രഹം തന്നാലാവുംവിധം പ്രകടമാക്കുകയും ചെയ്‌തു. എന്നാല്‍ ബിഷപ്പ്‌ ഫ്രേ ജുവാന്‍ ഡീ സുമരാഗ, ജുവാന്‍ ഡീഗോയുടെ കഥ വിശ്വസിച്ചില്ല. അതിനാല്‍ തന്നെ ദേവാലയം നിര്‍മിക്കണമെന്ന ആവശ്യം മെത്രാന്‍ തള്ളിക്കളയുകയും ചെയ്‌തു.
അടുത്ത ദിവസം മനോവിഷമത്തോടെ ജുവാന്‍ തേപെയാക്‌ മലമുകളിലെത്തി. തന്നെ കാത്തു നിന്നിരുന്ന മറിയത്തോട്‌ ബിഷപ്പിന്റെ സമീപനത്തെക്കുറിച്ച്‌ ജുവാന്‍ വേദനയോടെ പറഞ്ഞു. ഒന്നു കൂടി ബിഷപ്പിനെ ചെന്നു കണ്ട്‌ തന്റെ ആഗ്രഹം നിറവേറ്റി തരാന്‍ ബിഷപ്പിനോട്‌ പറയണമെന്ന്‌ മറിയം ജുവാനോട്‌ ആവശ്യപ്പെട്ടു. അതനുസരിച്ച്‌ ജുവാന്‍ വീണ്ടും ബിഷപ്പിന്റെ അടുത്ത്‌ എത്തി. ഈ കഥ വിശ്വസിക്കണമെങ്കില്‍ എനിക്ക്‌ എന്തെങ്കിലും അടയാളം വേണമെന്ന്‌ ബിഷപ്പ്‌ ഉപാധി വച്ചു. അന്ന്‌ വൈകുന്നേരം ജുവാന്‍ ഇക്കാര്യം മറിയത്തെ അറിയിക്കുകയും പിറ്റെ ദിവസം രാവിലെ അടയാളം നല്‍കാമെന്ന്‌ മറിയം ഉറപ്പ്‌ നല്‍കുകയും ചെയ്‌തു.

ഇതിനിടയ്‌ക്ക്‌ അപ്രതീക്ഷിതമായ ഒരു സംഭവം ഉണ്ടായി. ജുവാന്റെ അമ്മാവന്‍ ജുവാന്‍ ബര്‍ണാര്‍ഡിനോ ഗുരുതരമായ അസുഖം മൂലം കിടപ്പിലായി. അമ്മാവനെ പരിചരിക്കേണ്ടി വന്നതിനാല്‍ മലമുകളിലെത്താന്‍ ഡീഗോയ്‌ക്ക്‌ കഴിഞ്ഞില്ല. രണ്ടു ദിവസം കഴിഞ്ഞ്‌, അതായത്‌ ഡിസംബര്‍ 12-ാം തീയതി ത്‌ലാല്‍തെലോക്കോ പള്ളിയിലേക്ക്‌ പോവുകയായിരുന്നു ജുവാന്‍ ഡീഗോ. അമ്മാവന്‌ അന്ത്യകുദാശ കൊടുക്കുന്നതിനായി വൈദികനെ വിളിക്കാന്‍ പോയതാണ്‌ അയാള്‍. തേപെയാക്‌ മലയുടെ സമീപമെത്തിയപ്പോള്‍ പരിശുദ്ധ മറിയം ജുവാനെ തടഞ്ഞു നിര്‍ത്തി, എന്തു കൊണ്ട്‌ വന്നില്ല എന്ന്‌ ചോദിച്ചു. ജുവാന്‍ തന്റെ അമ്മാവന്റെ അസുഖ കാര്യം പറഞ്ഞു. അമ്മാവന്‍ എത്രയും പെട്ടെന്ന്‌ സുഖം പ്രാപിക്കുമെന്ന്‌ കന്യാമറിയം അരുളിച്ചെയ്‌തു. വളരെയധികം സന്തോഷവാനായ ജുവാന്‍, ബിഷപ്പ്‌ ഒരു അടയാളം ആവശ്യപ്പെട്ടകാര്യം മറിയത്തോട്‌ പറഞ്ഞു.

മറിയം ജുവാനെ മലയുടെ മുകളിലേക്ക്‌ വീണ്ടും ക്ഷണിച്ചു. പാറക്കൂട്ടങ്ങള്‍ നിറഞ്ഞ മലയില്‍ ഒരു പുല്‍നാമ്പു പോലും ഉണ്ടായിരുന്നില്ല. പക്ഷേ ഇക്കുറി അവിടെ എത്തിയപ്പോള്‍ ജുവാന്‌ തന്റെ കണ്ണുകളെ വിശ്വിസിക്കാനായില്ല. തരിശായിക്കിടന്ന ആ മലമുകളിലും താഴ്‌വാരങ്ങളിലുമെല്ലാം സ്‌നേഹത്തിന്റെ പ്രതീകമായ ചുവന്ന റോസാപ്പൂക്കള്‍ വിരിഞ്ഞ്‌ പരിമളം പൊഴിച്ച്‌ നില്‍ക്കുന്നു. ഉടന്‍ തന്നെ ജുവാന്‍ തന്റെ കുപ്പായത്തില്‍ കുറേ റോസാപ്പൂക്കള്‍ ശേഖരിച്ച്‌ ബിഷപ്പിന്റെ അടുത്തേയ്‌ക്ക്‌ അടയാളം കാണിക്കാനായി ഓടിപ്പോയി. ബിഷപ്പിന്റെ മുന്നിലെത്തിയ ജുവാന്‍ ഉടുപ്പ്‌ അഴിച്ചപ്പോള്‍ റോസാ പുഷ്‌പങ്ങള്‍ ധാരധാരയായി തറയിലേക്ക്‌ വീണു. പെട്ടെന്ന്‌ ജുവാനെയും ബിഷപ്പിനെയും വിസ്‌മയിപ്പിച്ചു കൊണ്ട്‌ ജുവാന്റെ കുപ്പായത്തിന്റെ മുന്‍ഭാഗത്ത്‌ പരിശുദ്ധമറിയത്തിന്റെ സുന്ദര മുഖം തെളിഞ്ഞു വന്നു. അതൊരു കളര്‍ പോര്‍ട്രെയിറ്റ്‌ ആയിരുന്നു.

ഈ സംഭവത്തോടെ ബിഷപ്പ്‌ ദേവാലയം നിര്‍മിക്കുവാന്‍ അനുവാദം നല്‍കുകയും ചെയ്‌തു. ബിഷപ്പിനെ സന്ദര്‍ശിച്ച ശേഷം അമ്മാവനെ കാണുവാനായി ജുവാന്‍ പോയി. വീട്ടിലെത്തിയപ്പോള്‍ കണ്ടത്‌ രോഗമെല്ലാം ഭേദമായി പുഞ്ചിരിച്ചു കൊണ്ട്‌ തന്നെ സ്വീകരിക്കുവാന്‍ നില്‍ക്കുന്ന 68 വയസ്സുള്ള അമ്മാവനെയാണ്‌.

മാതാവിന്റെ ആഗ്രഹപ്രകാരം 1531 ഡിസംബര്‍ 26 ന്‌ മറിയത്തിന്റെ പരിശുദ്ധമായ പ്രതിഛായ പതിഞ്ഞ ജുവാന്റെ ഉടുപ്പ്‌ ബിഷപ്പിന്റെ ചെറിയ പള്ളിയില്‍ നിന്ന്‌ തേപെയാക്‌ മലയടിവാരത്ത്‌ പുതുതായി നിര്‍മിച്ച ആശ്രമത്തിലേക്ക്‌ ആഘോഷത്തോടെ മാറ്റി. ഈ ചടങ്ങില്‍ ആയിരക്കണക്കിന്‌ സഭാവിശ്വാസികളും വൈദികരും പങ്കെടുത്തു. മലയില്‍ മറിയം റോസാപ്പൂക്കളുടെ വസന്തമൊരുക്കിയ സംഭവത്തോടെ മെക്‌സിക്കോ പൂര്‍ണമായും ഒരു കത്തോലിക്കാ രാജ്യമായി മാറുകയായിരുന്നു. അരാജകത്വവും അരുതായ്‌കകളുമൊക്കെ പമ്പ കടന്ന്‌ ആത്മീയ ഹര്‍ഷത്തിന്റെ കളിത്തൊട്ടിലായി അവിടം. 22 ഭാഷകളും 50 ഓളം പ്രാദേശിക ഭാഷകളുമാണ്‌ അക്കാലത്തെ ജനങ്ങള്‍ മെക്‌സിക്കോയില്‍ സംസാരിച്ചിരുന്നത്‌. കുറഞ്ഞ കാലത്തിനുള്ളില്‍ തന്നെ എട്ട്‌ മില്ല്യണോളം തദ്ദേശവാസികള്‍ ക്രിസ്‌തുമതം സ്വീകരിക്കുകയും ചെയ്‌തു.
പരിശുദ്ധ രൂപമടങ്ങിയ ജുവാന്റെ കുപ്പായം തുടര്‍ന്നുള്ള കാലഘട്ടങ്ങളില്‍ പുതുക്കി പണിത പള്ളികളിലേക്ക്‌ മാറ്റി. 1709 ലാണ്‌ ആദ്യത്തെ ബസലിക്ക നിര്‍മിച്ചത്‌. പടിഞ്ഞാറന്‍ അര്‍ധഭൂഗോളത്തിലെ ഏറ്റവും സുന്ദരമായ പള്ളികളിലൊന്നാണ്‌ ഇത്‌. കന്യാമറിയത്തിന്റെ രൂപം ഏവര്‍ക്കും കാണത്തക്ക വിധത്തില്‍ അള്‍ത്താരയുടെ മുകളിലാണ്‌ സ്ഥാപിച്ചത്‌. പിന്നീട്‌ അര്‍ധവൃത്താകൃതിയിലുള്ള പുതിയ ബസലിക്ക നിര്‍മിക്കപ്പെട്ടു. പുതിയ ബസലിക്കയില്‍ ഏതാണ്ട്‌ 50,000 വിശ്വാസികളെ ഉള്‍ക്കൊള്ളാന്‍ ശേഷിയുണ്ട്‌.

മറിയത്തിന്റെ ദിവ്യരൂപം പതിഞ്ഞ ജുവാന്റെ കുപ്പായം കൈത്തറിയാണ്‌. ഒരുതരം കള്ളിമുള്‍ച്ചെടിയുടെ നൂലുകൊണ്ട്‌ നെയ്‌തെടുത്തതാണതത്രേ. സാധാരണഗതിയില്‍ 30 വര്‍ഷത്തില്‍ താഴെ മാത്രമേ ഈ തുണിത്തരം ഈടു നില്‍ക്കുകയുള്ളു. ആറരയടി നീളവും 42 ഇഞ്ച്‌ വീതിയുമുണ്ട്‌ അതിന്‌. എന്നാല്‍ അഞ്ച്‌ നൂറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ഇതിന്‌ യാതൊരു കേടും സംഭവിച്ചിട്ടില്ലെന്നത്‌ അത്ഭുതാവഹമാണ്‌. ദിവ്യരൂപം യഥാര്‍ത്ഥത്തില്‍ ഒരു ചിത്രലിപിയാണ്‌. ഇതിലെ ഓരോ കാര്യങ്ങളും പ്രതീകാത്മകമാണ്‌. മാതാവിന്റെ ഈ രൂപം സൂര്യനേക്കാള്‍ തെളിമയുള്ളതാണ്‌. കാലുകള്‍ ചന്ദ്രനില്‍ തൊട്ടു നില്‍ക്കുന്നു. കുപ്പായത്തിലെ നക്ഷത്രക്കൂട്ടങ്ങള്‍ 1531 ഡിസംബര്‍ 12 ലെ ആകാശത്തിലെ അതേ വിതാനത്തില്‍ കാണാം. ഈ മനോഹര ചിത്രത്തിന്‌ നാല്‌ അടി എട്ട്‌ ഇഞ്ച്‌ ഉയരമാണുള്ളത്‌.

``ഗ്വാഡലൂപെ ബസലിക്ക കണ്ടു മടങ്ങുമ്പോള്‍ ഞങ്ങളുടെയെല്ലാം ഹൃദയത്തില്‍ പരിശുദ്ധ മറിയത്തിന്റെ നല്‍വരങ്ങള്‍ വന്ന്‌ നിറയുകയായിരുന്നു. പറഞ്ഞറിയിക്കാനാവാത്ത ആത്മീയ ഉന്മേഷമാണ്‌ ഇപ്പോള്‍. പണ്ടു തൊട്ടേ ഇവിടെ വരണമെന്ന ഉല്‍ക്കടമായ ആഗ്രഹമുണ്ടായിരുന്നു. ദൈവാനുഗ്രഹത്താല്‍ ഇപ്പോള്‍ അത്‌ സാധിച്ചു. ഇന്ത്യയിലെ വിശ്വാസികള്‍ക്കായി മാതാവിന്റെ ഈ ദിവ്യരൂപം ഉള്ള ഒരു പള്ളി സ്ഥാപിക്കാന്‍ പദ്ധതിയുണ്ട്‌. നിരവധി വിശ്വാസികളും സംഘടനകളും ഈ ഉദ്യമത്തില്‍ പങ്കാളികളാവുമെന്ന്‌ ഉറപ്പ്‌ നല്‍കിയിട്ടുണ്ട്‌. ഇത്തരത്തിലൊരു ദേവാലയം യാഥാര്‍ത്ഥ്യമാകുന്ന നിമിഷങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കുന്നു...'' ഡോ. ജോസഫ്‌ മാര്‍ തോമസ്‌ തിരുമേനി പറഞ്ഞു.

ഒരു രാജ്യത്തെ ജനങ്ങളെ അടിമുടി മാറ്റിയെടുത്ത്‌ അവരെ നന്മയുടെയും ഈശ്വര ചിന്തയുടെയും ഉത്തമവഴിയിലേക്ക്‌ തിരിച്ചു വിടാന്‍ പര്യാപ്‌തമായ സംഭവമാണ്‌ പരിശുദ്ധ മറിയത്തിന്റെ പ്രത്യക്ഷപ്പെടല്‍. നൂറ്റാണ്ടുകള്‍ ഏറെ കഴിഞ്ഞിരിക്കുന്നു. ദിനം പ്രതി ഇന്നും പതിനായിരക്കണക്കിന്‌ വിശ്വാസികളാണ്‌ മെക്‌സിക്കോ സിറ്റിയിലെ ഈ വലിയ ദേവാലയത്തിലെത്തി മാതാവിന്റെ തിരുരൂപത്തെ വണങ്ങുന്നത്‌. സല്‍ക്രിയകള്‍ ചെയ്യാന്‍ പ്രേരിപ്പിക്കുന്ന ഈ തീര്‍ത്ഥാടനം ജീവിതത്തിലെ അവിസ്‌മരണീയമായ ഒരു സംഭവം തന്നെയായിരുന്നു.

കടപ്പാട്: ആഴ്ചവട്ടം
പരിശുദ്ധ കന്യാമറിയം വസന്തമൊരുക്കിയ നാട്ടിടങ്ങളില്‍ (ഡോ. ജോര്‍ജ്‌ എം കാക്കനാട്ട്‌)പരിശുദ്ധ കന്യാമറിയം വസന്തമൊരുക്കിയ നാട്ടിടങ്ങളില്‍ (ഡോ. ജോര്‍ജ്‌ എം കാക്കനാട്ട്‌)പരിശുദ്ധ കന്യാമറിയം വസന്തമൊരുക്കിയ നാട്ടിടങ്ങളില്‍ (ഡോ. ജോര്‍ജ്‌ എം കാക്കനാട്ട്‌)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക