Image

ഓര്‍ത്തഡോക്‌സ് സഭയുടെ വളര്‍ച്ച അരശതാബ്ദത്തിലൂടെ

കോര ചെറിയാന്‍ Published on 21 May, 2015
ഓര്‍ത്തഡോക്‌സ് സഭയുടെ വളര്‍ച്ച അരശതാബ്ദത്തിലൂടെ
1962 മുതല്‍ പിന്നിട്ട 50 വര്‍ഷത്തെ ബാഹ്യകേരള വാസത്തിലൂടെ വ്യക്തിപരമായി വീക്ഷിച്ച ഓര്‍ത്തഡോക്‌സ് സഭയുടെ വളര്‍ച്ച ആരുടെയും അഭിനന്ദനം അര്‍ഹിക്കുന്നതാണ്.

വിഭാവനയില്‍ നിന്നും വിപുലമായി വിദൂരതയിലേയ്ക്ക്, ചക്രവാളസീമയെ ഛേദിച്ച് പടര്‍ന്നു പന്തലിച്ച വി. സഭയുടെ വളര്‍ച്ച വരും തലമുറകള്‍ക്ക് ആത്മീയ ആവേശവും പ്രബുദ്ധതയും പകരാന്‍ തീര്‍ച്ചയായും പര്യാപ്തമായിരിക്കും.

50 വര്‍ഷങ്ങള്‍ക്കു മുമ്പ് ഓള്‍ഡ് ദില്ലിയിലുള്ള പ്രൊട്ടസ്റ്റന്റ് സഭക്കാരുടെ സെന്റ് ജെയിംസ് ദേവാലയം ഏതാനും മണിക്കൂര്‍ സമയത്തേക്ക് ഞായറാഴ്ച രാവിലെ വാടകയ്ക്ക് എടുത്ത് കാലം ചെയ്ത മക്കാറിയോസ് തിരുമേനി- അന്നത്തെ കെ.സി. തോമസ് അച്ചന്‍- വി.കുര്‍ബാന അര്‍പ്പിച്ച കാലഘട്ടം തികച്ചും അവിസ്മരണീയമായി അവശേഷിക്കുന്നു. തലസ്ഥാനനഗരിയിലുള്ള ഏക ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ ഭദ്രാസന മെത്രാപ്പോലീത്ത ആയിരുന്ന കാലംചെയ്ത മാത്യൂസ് പ്രഥമന്‍ ബാവാ ഒരിക്കല്‍ ഇടവക സന്ദര്‍ശിച്ച വേളയില്‍ സ്വന്തമായി ഒരു ഇടവകദേവാലയം ഉണ്ടാകണമെന്ന ആവശ്യക്തയെ അനുസ്മരിച്ചുകൊണ്ട് ചില സഹായങ്ങള്‍ വാഗ്ദാനം ചെയ്യുകയും ചെയ്തു.

ഇപ്പോള്‍ മെട്രോപോലീറ്റന്‍ ഡല്‍ഹിയില്‍ ഓര്‍ത്തഡോക്‌സ് സഭയ്ക്ക് സ്വന്തമായി പത്തിലധികം പള്ളികളും ഭദ്രാസന ആസ്ഥാനവുമായി. സഭയുടെ ഈ അത്ഭുതവളര്‍ച്ച ഇന്ത്യയിലെ എല്ലാ മുഖ്യനഗരങ്ങളിലും പല വിദേശ രാജ്യങ്ങളിലും ഉണ്ടായിട്ടുണ്ട്.

1970-75 കാലഘട്ടങ്ങളില്‍ അമേരിക്കയില്‍ കഷ്ടിച്ച് നാലോ അഞ്ചോ വാടകയ്ക്ക് എടുത്ത് ആരാധന നടത്തിയിരുന്ന ദേവാലയങ്ങള്‍ മാത്രമായിരുന്നു. ഓര്‍ത്തഡോക്‌സ് സഭയ്ക്ക് ഉണ്ടായിരുന്നത്. ഇന്ന് തിരിഞ്ഞുനോക്കുമ്പോള്‍ രണ്ട് ഭദ്രാസനങ്ങളും നൂറിലധികം പള്ളികളും ഓര്‍ത്തഡോക്‌സ് സഭയ്ക്ക് സ്വന്തമായി ഉണ്ട്. യൂറോപ്യന്‍ രാജ്യങ്ങളില്‍ സ്വന്തമായി പള്ളികളും ഭദ്രാസനവും സ്ഥാപിതമായി.
ഇന്ന് ഇന്ത്യയ്ക്ക് അകത്തും പുറത്തും ഓര്‍ത്തഡോക്‌സ് സഭ കൈവരിച്ച നേട്ടങ്ങള്‍ തികച്ചും അഭിനന്ദനാര്‍ഹമാണ്. സഭയുടെ ഈ വളര്‍ച്ചയുടെ പിന്നില്‍ കാലാനുസരണമുള്ള ജനപ്പെരുപ്പം മാത്രമായി വീക്ഷിക്കരുതേ. വളര്‍ന്നുവന്ന തലമുറയ്ക്ക് ആത്മീയ പ്രബുദ്ധതയും പ്രചോദനവും പ്രദാനം ചെയ്യുവാന്‍ ആത്മാര്‍ത്ഥതയും അര്‍പ്പണബോധവും അതിലുപരിയായി നിസ്സീമമായ നിസ്വാര്‍ത്ഥതയും, അതോടൊപ്പം ജനങ്ങളെ സ്‌നേഹിക്കുകയും ചെയ്യുന്ന അനേകം വൈദീകര്‍ക്കും വൈദീക ശ്രേഷ്ഠര്‍ക്കും പരിശുദ്ധസഭ ജന്മം നല്‍കി. പാശ്ചാത്യ സഭകളിലുള്ള പല ദേവാലയങ്ങളിലും വിശ്വാസ സമൂഹത്തിന്റെ അഭാവം കഠിനമായ് നേരിടുകയും പലപള്ളികളും പ്രവര്‍ത്തന രഹിതമാവുകയും ചെയ്ത കിരാതകാലഘട്ടമാണ് നാം പിന്നിട്ടത്. ഓര്‍ത്തഡോക്‌സ് സഭ കൈവരിച്ച ഈ നേട്ടങ്ങള്‍ നിരുപാധികം നിലനിര്‍ത്തുവാന്‍ കാലത്തിന്റെ ചലനങ്ങള്‍ക്കനുസൃതമായി വ്യതിയാനങ്ങള്‍ ജനങ്ങളിലും വൈദീകരിലും മേല്‍പ്പട്ടക്കാരിലും ഉണ്ടാകണം.

കാലത്തിനൊത്ത പുരോഗതി കൈവരിക്കുവാന്‍ മുഖ്യധാരയില്‍ ജനങ്ങളും, ജനങ്ങളും ജനങ്ങളുമായി ഏറ്റവും അടുത്ത് സമ്പര്‍ക്കം പുലര്‍ത്തുന്ന പുരോഹിതരും ഒരു ഘടകമായി നിലകൊള്ളണം. പലരേയും പള്ളികളില്‍നിന്നും അകറ്റുന്നത് വൈദീകരും ജനങ്ങളുമായിട്ടുള്ള സംസര്‍ഗ്ഗത്തിന്റെ അഭാവവും പരസ്പര തെറ്റിദ്ധാരണകളുമാണ്.

ജനങ്ങളെ നയിക്കുവാനും ഉത്തമമാര്‍ഗ്ഗം നിര്‍ദ്ദേശിക്കുവാനും പ്രാപ്തരായ വൈദീകര്‍ക്ക് മാത്രം വികാരി പദവി നല്‍കുക. വൈദീകര്‍ക്ക് കൂടുതല്‍ പരിശീലനവും ഭദ്രാസന സഭാതലത്തില്‍ സെമിനാറുകളും കോണ്‍ഫറന്‍സുകളും സംഘടിപ്പിക്കുക. ഭദ്രാസനമെത്രാപ്പോലീത്ത പ്രശ്‌നങ്ങള്‍ ഉള്ള ദേവാലയങ്ങള്‍ സന്ദര്‍ശിക്കുകയും ജനങ്ങളുടെ പ്രശ്‌നങ്ങള്‍ രഹസ്യമായും പരസ്യമായും ശ്രവിച്ച് ഉചിതമായ തീരുമാനങ്ങള്‍ കൈക്കൊള്ളുകയും ചെയ്യുക. വ്യക്തിബന്ധവും സാഹസിക സഹതാപവും കൈവെടിഞ്ഞ് ദേവാലയത്തിന്റെ ഉന്നമനത്തിനും, സഭയുടെ വളര്‍ച്ചയ്ക്കും ഉതകുന്ന നടപടികള്‍ കൈക്കൊള്ളുക. കൂടുതല്‍ യുവാക്കളായ വൈദീകരെ വികാരിയായോ, അസിസ്റ്റന്റ് വികാരിയായോ പള്ളികളില്‍ നിയമിക്കുക.

അടുത്തനാളുകളായി അമേരിക്കന്‍ ഭദ്രാസനങ്ങളില്‍ പല പള്ളികളിലും രണ്ടാംതലമുറക്കാരായ അമേരിക്കയില്‍ ജനിച്ചുവളര്‍ന്ന പുരോഹിതരെ നിയമിച്ചത് അമേരിക്കയിലെ സഭയുടെ ഭാവിയെ സംബന്ധിച്ച് അത്യധികം പ്രതീക്ഷ നല്‍കുന്നതാണ്. ചില നേരിയ പൊട്ടിത്തെറികളും തന്മൂലം അനുഭവപ്പെടുന്നുണ്ട്.

അമേരിക്കയിലേക്ക് കുടിയേറിയ ഓര്‍ത്തഡോക്‌സ് വിശ്വാസികളുടെ ആവശ്യാനുസരണം, ഭദ്രാസനമെത്രാപ്പോലീത്ത ഇവിടെ ജനിച്ചുവളര്‍ന്ന കുട്ടികളുടെ ഭാഷാശൈലിയുള്ള, ഈ ദേശത്തുതന്നെ ജനിച്ചുവളര്‍ന്ന യുവപുരോഹിതനെ നിയമിച്ചുകൊണ്ടുള്ള കല്‍പ്പന ഇടവകയിലേക്ക് അയച്ചു. വിശുദ്ധ കുര്‍ബ്ബാനമദ്ധ്യേ മദ്ബഹായിലെ കത്തിജ്വലിക്കുന്ന മെഴുകുതിരിയേയും ഏതാണ്ട് 300 ലധികം ഭക്തജനങ്ങളേയും സാക്ഷി നിര്‍ത്തി ആ കല്‍പ്പന വെറുപ്പോടെയും വാര്‍ദ്ധക്യത്തിലെത്തിയ വികാരി വായിച്ചത് ജനങ്ങളില്‍ അമ്പരപ്പുണ്ടാക്കി. അടക്കാവാനാവാത്ത അരിശത്തോടെ ഏതാനും നിമിഷം ദീര്‍ഘനിശ്വാസം എടുത്തശേഷം ശക്തി സംഭരിച്ച് പുതിയതായി നിയമിച്ച വൈദീകനെ നീചവും ശോചനീയവുമായ ഭാഷയിലാണ് പരാമര്‍ശിച്ചത്. തുടര്‍ന്ന് അട്ടഹാസരൂപേണ ആരാധനാലയത്തിന്റെ ആത്മീയശുദ്ധിയെ അതിലംഘിച്ച് ഇടവകജനങ്ങളെ പരസ്യമായി പ്രാകുകയും പഴിക്കുകയും ചെയ്തത് തികച്ചും ചിന്തോദ്യോതകമാണ്. പരിശുദ്ധിയുടെ പരിവേഷമായ അംശവസ്ത്രങ്ങളണിഞ്ഞ് അതി വിശുദ്ധമായ മദ്ബഹായുടെ മദ്ധ്യത്തില്‍ നിന്നുകൊണ്ട് ആരാധനയുടെ അവസാനഭാഗത്ത് അലറി അരുളിയ ഈ വചനങ്ങള്‍ ആരാണ് സഹിക്കുക?

കല്‍പ്പന എഴുതിയ ഭദ്രാസനമെത്രാപ്പോലീത്തയോടുള്ള ആദരവോ തനിക്കുലഭിച്ച പൗരോഹിത്യപദവിയാണ് പരദേശമായ, ഏറ്റവും വലിയ സാമ്പത്തിക ശക്തിയുള്ള നാട്ടില്‍ പാര്‍പ്പിടം നല്‍കിയെന്ന ചിന്താഗതിയോ ഇല്ലാതെ മനസ്സിനേയും മന:സാക്ഷിയേയും മനഃപൂര്‍വ്വം വഞ്ചിച്ച് അതിവിശുദ്ധ സ്ഥലത്ത് നിന്നുകൊണ്ട് ഈ താണ്ഡവനൃത്തം അരങ്ങേറിയത്.
ഓരോ വിശ്വാസിയുടെയും സന്തതികളെ സഭാമക്കളായി സന്മാര്‍ഗ്ഗനിഷ്ടയോടും സാമൂഹ്യബോധത്തോടെയും സമൂഹത്തിലെ ഉത്തമപൗരന്മാരാക്കി ഉയര്‍ത്താനുള്ള ആഗ്രഹത്തേയും, സ്വപ്‌നങ്ങളേയും നിരുപാധികം നിഷ്‌ക്കാസനം ചെയ്യുന്ന ചെയ്തികള്‍ ആത്മീയനേതൃത്വത്തില്‍നിന്നും നിശേഷം നീക്കുവാന്‍ സഭാനേതൃത്വം തന്നെ ശക്തമായ നിലപാട് സ്വീകരിക്കണം. ഈ വക ചെയ്തികള്‍ സാധാരണക്കാരായ വിശ്വാസികള്‍ ദേവാലയത്തില്‍ പോകുവാനും ആരാധനയില്‍ പങ്കുകൊള്ളുവാനുമുള്ള ആവേശത്തെ അഥവാ ആഗ്രഹത്തെ ശക്തമായി ഹനിക്കുമെന്നത് നിത്യസത്യമാണ്.

സഭയുടെ ഭാവി ഭാസുരമാക്കുവാന്‍ സഭാമക്കള്‍ക്ക് സ്വഭാശുദ്ധിയും അര്‍പ്പണബോധവുമുള്ള വൈദികരെയാണ് ഇന്ന് ആവശ്യം. വൈദികരെ നിയമിക്കുന്നതൊടൊപ്പം നിയന്ത്രിക്കുവാനും നിഷ്ഠയില്ലാത്ത പ്രവര്‍ത്തനങ്ങള്‍ കണ്ടാല്‍ നിരുപാധികം നിഷ്‌ക്കാസനം ചെയ്യുവാനും ഭദ്രാസനാധിപര്‍ സന്നദ്ധരാകണം.

ശക്തമായ ഭരണകൂടങ്ങള്‍ ഇല്ലാത്ത പല ആഫ്രിക്കന്‍ രാജ്യങ്ങള്‍ അധഃപതിക്കുന്നതുപോലെ ഓര്‍ത്തഡോക്‌സ് സഭ ബലവത്തല്ലാത്ത ഭരണംമൂലം നശിക്കുവാന്‍ ആരും അനുവദിക്കരുത്.

ഓര്‍ത്തഡോക്‌സ് സഭയുടെ വളര്‍ച്ച അരശതാബ്ദത്തിലൂടെ
Join WhatsApp News
Surya Bijoy 2015-05-22 06:05:40
A nice article!
Manathara B 2015-05-22 06:59:26
True indeed. At these times where many churches are closed down for multiple reasons and when one's faith is a factor for the various conflicts that happen all around the globe, the Orthodox church has expanded. It is well said that this is because of the foresight of great leaders of the church. What complimented these Church leader's vision is the emotional bonding of each Orthodox member, to retain and carry on the faith within the Orthodoc church. To continue and strengthen this bonding, shepherds of the church (vicars) should have a broader vision. What is said in this article such as refreshercourses,  seminars, continued learning for the vicars would help to a great extend. This is the lesson to be learnt by each Orthodox church member in the happenings at the US church described in the article. 
JOHY KUTTY 2015-05-22 08:25:05
കാര്യമായ മൂലധന നിക്ഷേപം ഇല്ലാതെ തഴച്ചു വളരുന്ന ഒരു കോർപ്പറേറ്റ് പ്രസ്ഥാനം. മറ്റു സഹോദര കോർപ്പറേറ്റ് പ്രസ്ഥപനങ്ങലുമായി കിട പിടിക്കാൻ എല്ലാ കാക്ക തൊള്ളായിരം സഭകളും പരസപരം മത്സരിക്കുന്നു. മലയാളികളുടെ അജ്ഞതയെ മുതലെടുക്കാൻ എല്ലാരും മിടുക്കരാണ്. ലോകത്ത് എല്ലായിടത്തും, അമേരിക്കയിൽ അടക്കം കൂടുതൽ പേര് മതം ഉപേക്ഷിക്കുന്ന കാഴ്ചയാണ് കണ്ടുവരുന്നത്. എന്നാൽ മലയാളി മാത്രം ഇതിന്റെ പിറകെ ഇങ്ങനെ ഓടുന്നത് എന്തെ ? തെമ്മാടി കുഴിയും അതുവഴി കെടാത്ത തീയും ചാകാതത പുഴുവും നമുക്കൊക്കെ പേടിയാണ്. അത് ഒരു കൂട്ടരക് പണി എടുക്കാതെ ജീവിക്കാൻ മാര്ഗവും. ഇരിക്കാൻ ഒരു മരത്തിന്റെ കസേര പോലും യേശുവിനു ഇല്ലായിരുന്നു. തമ്മിലടിക്കുന്ന ഈ കക്ക തൊള്ളായിരം സഭ പിതാക്കന്മാര്കും പുരോഹിതര്ക്കും ഇരിക്കാൻ സ്വര്ണം പൂശിയ സിംഹാസനങ്ങൾ, ഫൈവ് സ്റാർ ആരാധന ആലയങ്ങൾ .... ...... ഇവര ചെയ്യുന്നത് എന്ത് എന്ന് ഇവര്ക് അറിയാമല്ലോ കർത്താവെ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക