Image

ഫ്‌ലോറിഡായില്‍ ഇന്ത്യന്‍ ക്ലാര്‍ക്ക് മാനവ് ദേശായി വെടിയേറ്റ് മരിച്ചു: പ്രതി പിടിയില്‍

പി. പി. ചെറിയാന്‍ Published on 21 May, 2015
 ഫ്‌ലോറിഡായില്‍ ഇന്ത്യന്‍ ക്ലാര്‍ക്ക് മാനവ് ദേശായി വെടിയേറ്റ് മരിച്ചു: പ്രതി പിടിയില്‍
ഫ്‌ളോറിഡ : ഫ്‌ളോറിഡ സെന്റ് അഗസ്റ്റ്യാനിലുളള കണ്‍വീനിയന്‍സ് സ്റ്റോറില്‍ ഇന്ത്യന്‍ വംശജനായ മാനവ് ദേശായി (30) മെയ് 19 ന് വൈകിട്ട് 16 വയസ്സുകാരനായ ഒരു അക്രമിയുടെ വെടിയേറ്റ് മരിച്ചു.

ഒരു മാസത്തിനുളളില്‍ വെടിയേറ്റ് മരിക്കുന്ന രണ്ടാമത്തെ ഇന്ത്യക്കാരനാണിത്. സഞ്ജയ് പട്ടേല്‍ (39) കഴിഞ്ഞ ഏപ്രിലിലാണ് കണക്റ്റിക്കട്ടില്‍ വെച്ച് മുഖം മൂടിയുടെ വെടിയേറ്റ് മരിച്ചത്.

നോര്‍ത്ത് കരോലിനായില്‍ നിന്ന് അടുത്തിടെയാണ് മാനവ് ദേശായി ഫ്‌ലോറിഡായിലെ സെന്റ് അഗസ്റ്റ്യാനിലേക്ക് താമസം മാറ്റിയത്.

രണ്ട് മാസം മുമ്പ് മാനവ് കണ്‍വീനിയന്‍സ് സ്റ്റോറില്‍ ജോലിക്ക് ചേര്‍ന്നു. ചൊവ്വാഴ്ച വൈകിട്ട് മുഖം തൂവാല കൊണ്ട് മറച്ച് രണ്ട് യുവാക്കള്‍ കടയില്‍ അതിക്രമിച്ചു കടന്നു. അവിടെ ഉണ്ടായിരുന്നവരോട് നിലത്തു കിടക്കുവാന്‍ ആജ്ഞാപിച്ചതിനുശേഷം സ്റ്റോര്‍ ക്ലാര്‍ക്ക് മാനവിനോട് പണം നല്‍കുവാന്‍ ആവശ്യപ്പെട്ടു. പണം വാങ്ങിയശേഷം മാനവിന്റെ മുഖത്തേക്ക് നിറയൊഴിക്കുകയായിരുന്നു. മാനവ് സംഭവ സ്ഥലത്തു വെച്ചു തന്നെ മരിച്ചു.

സംഭവ സമയത്ത് കടയിലുണ്ടായിരുന്ന ഒരാള്‍ 911 വിളിച്ചു. പൊലീസ് എത്തുന്നതിന് മുമ്പ് ജീപ്പില്‍ രക്ഷപ്പെട്ട പ്രതികളെ പൊലീസുകാര്‍ വാഹനത്തില്‍ പിന്തുടര്‍ന്നു പിടിക്കുകയായിരുന്നു. ജീപ്പിലുണ്ടായിരുന്ന സെര്‍ജിയോ മോര്‍ഗന്‍ (15) ജെറോം റോബിന്‍ സണ്‍ (16) എന്നിവര്‍ പൊലീസിന് കീഴടങ്ങി. മാനവിനെ വെടി വെച്ചത് റോബിന്‍സനാണെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.

വിവാഹത്തിനു തയ്യാറെടുക്കുന്നതിനിടയിലാണ് മാനവ് വെടിയേറ്റ് മരിച്ചത്. മാനവിന് വിവാഹം നിശ്ചയിച്ചിരുന്ന പെണ്‍കുട്ടിയും ഈ കടയിലെ ജീവനക്കാരിയായിരുന്നു. ഇന്ത്യന്‍ വംശജര്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങളില്‍ പ്രവാസി സമൂഹം ഭയവിഹ്വലരാണ്.


 ഫ്‌ലോറിഡായില്‍ ഇന്ത്യന്‍ ക്ലാര്‍ക്ക് മാനവ് ദേശായി വെടിയേറ്റ് മരിച്ചു: പ്രതി പിടിയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക