Image

കാലംപോയ പോക്കേ... (നര്‍മം: ജോണ്‍ ഇളമത)

Published on 20 May, 2015
കാലംപോയ പോക്കേ... (നര്‍മം: ജോണ്‍ ഇളമത)
ഈ അടുത്തകാലത്തൊരു തമാശഉണ്ടായി. പള്ളിയില്‍വച്ച്‌ വാര്‍ദ്ധ്യക്യത്തിലേക്ക്‌ ഇഴഞ്ഞുനീങ്ങുന്ന ഒരുപുള്ളിക്കാരന്‍, മുഖവുര കൂടാതെ എന്നോടു ചോദിച്ചു: നിങ്ങളും കൊച്ചിനെ നോക്കാന്‍ വന്നതാണോ?'

അപ്പോള്‍ ഇങ്ങനെ പറയാനാ തോന്നിയത്‌. ങാ, അങ്ങനാ വന്നത്‌,കുറേ കഴിഞ്ഞപ്പം എനിക്ക്‌ സ്വന്തമായി കൊച്ചുങ്ങളുണ്ടായി.

ങേ, വയസുകാലത്തോ?, അതെങ്ങനെ സംഭവിച്ചു ആട്ടെ, നിങ്ങളുകൊച്ചിനെ നോക്കാന്‍ വന്നതാണോ? വാസ്‌തവത്തില്‍ അതായിരുന്നു ആരംഭം.എന്നാലവളുപോയി.

ആര്‌?
എന്‍െറ ഭാര്യ,ചിന്നമ്മ
എങ്ങനെ?
എന്‍െറ ചെങ്ങാതി, അവക്ക്‌ വയസുകാലത്ത്‌, ഇംഗ്ലീഷി പറഞ്ഞാലൊരു ലിറ്റല്‍
എക്‌സൈറ്റ്‌മെന്‍റ്‌.
എന്തോന്ന്‌?

ഒരു പൂതിയിളക്കം. ഞാന്‍പ ഴഞ്ചനാണന്നൊരു തോന്നല്‍ ഒരിക്കല്‍ ഭാര്യ മരിച്ച്‌ ആശ്വാസംകണ്ടെത്താനെത്തിയ ഒരുതൈക്കെളവനെ അവള്‍, ഒരുപാര്‍ട്ടിക്കു പോയപ്പം കണ്ടങ്ങിഷ്‌ട്ടപ്പെട്ടു. ആ ഇഷ്‌ടമങ്ങുമൂത്ത്‌, ഇപ്പോഴവള്‌ അയാടൊപ്പം, അയാടെ മകടെ വീട്ടിലാ താമസം. മകളും, മരുമോനും, അതിനു വേണ്ട ഒത്താശേം കൊടുത്തു. എന്തിനാന്നോ വാസ്‌തവത്തി അയാടെ സങ്കടം തീര്‍ക്കാനല്ല മൂപ്പിലാനെ കൊണ്ടുവന്നത്‌,അവര്‍ക്കൊള്ള മൂന്നു കൊച്ചുങ്ങളെ നോക്കാനാ കൊണ്ടുവന്നത്‌. ഇതിയനെന്നാ കുഞ്ഞുങ്ങളെ നോക്കിപരിചയമൊണ്ടോ? മൂത്തേന്‌ നാല്‌,,പിന്നെ രണ്ട്‌, എളേതിന്‌ എട്ടുമാസം.

പാര്‍ട്ടിക്ക്‌ എന്നെ കണ്ടപ്പം അയാടെ മോള്‍ക്കൊരു വെളിപാട്‌. അവളെന്നോട്‌ ഒതുക്കത്തിലൊരു ചോദ്യം?
അച്ചായാ,അമ്മച്ചിയെ ഇടക്കൊക്കെ ഞങ്ങടെ വീട്ടിലേക്കൊന്നുവിടാമോ? എന്തോത്തിനാ?
അതേ, ഞങ്ങടപ്പച്ചന്‌ ഒരു ഇന്‍സര്‍വ്വാസു കൊടുക്കാനാ. എന്ത്‌ സര്‍വീസ്‌?

അമ്മച്ചി മരിച്ചപ്പം,അപ്പച്ചന്‌ ഒരാശ്വസം വന്നോട്ടേന്നു കരുതി വരുത്തിയതാ. എന്നാലിനി ഒറ്റക്കു നാട്ടിപോയിട്ട്‌ എന്തോടുക്കാനാ. ഇനി ശിഷ്‌ടം ഇവിടങ്ങുകഴിയട്ടെന്ന്‌ എന്‍െറ ഭര്‍ത്താവ്‌ മാത്തുക്കുട്ടീടേം അഭിപ്രായം. അപ്പോപിന്നെ ഞാന്‍, പിള്ളേരെ നോക്കി വീട്ടിനിക്കാതെ ഒള്ളടത്തോളംകാലം കാശൊണ്ടാക്കിയാ, ഞങ്ങക്കുനേരത്തെ റിട്ടയാര്‍ഡാകാമല്ലോ എന്നൊരുതോന്നല്‍.

അപ്പോള്‍ പിന്നെ, അപ്പച്ചന്‍ വെറുതേ വീട്ടിനിന്ന്‌ ബോറടിക്കണ്ടാ എന്നൊരുതോന്നല്‍. വല്യപ്പച്ചനല്ലേകൊച്ചുങ്ങളെ കളിപ്പിച്ചോണ്ട്‌ വീട്ടിലിരിക്കട്ടെ എന്നൊരുതോന്നല്‍ അപ്പോപിന്നെ ഇതുവരെകൊച്ചുങ്ങളെനോക്കീട്ടില്ലാത്ത അപ്പച്ചന്‌, അമ്മച്ചി വന്ന്‌ ഒന്നുരണ്ടാഴ്‌ച ചില്ലറ ഇന്‍സര്‍വീസുകൊടുത്താലോ എന്നൊരാലോചന.

ആലോചന കേട്ട്‌ ഞാനൊന്ന്‌ ഞെട്ടി, എന്തോരാലോചന പുഴുക്ക നെല്ല്‌ വാപൊളിക്കും മാതിരി ഞാനിരുന്നു. പച്ചവെള്ളം ചവച്ചുകുടിക്കുന്ന ശുദ്ധനായ എന്‍െറ മനസൊന്നു പാളി ചേതമില്ലാത്ത ഒരുഉപകാരം എങ്കിലും, അത്രക്കു വേണോ!

അച്ചായനെന്താ മിണ്ടാത്തെ, ഒരുപരസഹായം അത്രതന്നെ. അതേ,അതേ,അതിനെന്താ, അങ്ങനെപറയാനാണന്നേരം തോന്നിയത്‌. എന്നാലത്‌, ചക്കിനുവെച്ചതു കൊക്കിനുകൊണ്ട പോലായി. ആ തൈക്കെളവന്‍െറ പിള്ളേര്‌, ഇന്ത്യക്കു ബ്രഹ്‌മ വച്ച സൈസുകളാരുന്നെന്ന്‌ പാവപ്പെട്ട എനിക്കു മനസിലായി വന്നപ്പോള്‍, ഞാന്‍, അണ്ടികളഞ്ഞ അണ്ണാനെ പോലെയായി, എന്നുവെച്ചാല്‍ എന്‍െറ ഭാര്യ, ചിന്നമ്മെ മാനിപ്പുലേറ്റ്‌ ചെയ്‌ത്‌ അങ്ങേരടെ മോളും,മരുമോനും കൂടങ്ങടിച്ചു മാറ്റി.

എന്തോന്നിനാ? അവരു വക്രബുദ്ധിക്കാരാ! നാട്ടീന്നു വന്ന ഒരുമൂപ്പിലാന്‍ പി ള്ളേരെനോക്കിയാലെത്തെ സ്‌ഥിതി അറിയാല്ലോ പിള്ളേര്‍ക്ക്‌, പാലും, വെള്ളോം, ഭക്ഷണോം മൊറക്കു കൊടുത്തില്ലേ ആരറിയാനാ എന്നാ ഡയപ്പറുവേണ്ട സമയത്തുമാറിയില്ലെങ്കി, സംഗതി അറിയാല്ലോ, നാറ്റം, പിന്നെ ഷിറ്റുകൊണ്ടൊരാറാട്ട്‌! ഒരാഴ്‌ച മൂപ്പിലാനോട്‌ വിസ്‌തരിച്ചു പറഞ്ഞൊരു ട്രൈയലുനടത്തിയാ, പറഞ്ഞിട്ടെന്തുകാര്യം പിന്നേം ശങ്കരന്‍ തെങ്ങേല്‍! അപ്പോ ആകപ്പിളു കണ്ടു പിടിച്ച സൂത്രമാ,എന്‍െറ ഭാര്യ ചിന്നമ്മേം, അയാളേം തമ്മിലടുപ്പിക്കുക. അതുമിതും പറഞ്ഞവരതൊപ്പച്ചു. `മാനിപ്പുലേഷന്‍',പെണ്ണല്ലേ, വയസായീട്ട്‌ പറഞ്ഞിട്ട്‌ കാര്യമില്ല. എന്നേം ,അവരടെ അപ്പച്ചനേം തമ്മിലാരു താരതമ്മ്യ സ്‌റ്റഡി, സംഗതി കുറിക്കുകൊണ്ടു. എങ്ങനെ?

എന്തിനും ഒരുകാരണം വേണല്ലോ! ങ്ങാ, അങ്ങനൊരുകാരണോം ഉണ്ടായി, വെറുമൊരുഒടക്ക്‌ ഒരിക്കല്‍ അവരുടെ വീട്ടില്‍ ഒരുപാര്‍ട്ടിക്കുപോയപ്പം, ഞാനിച്ചിരെ വിസ്‌ക്കിയടിച്ച്‌ ഫിറ്റായി. അവരടെ വിസിറ്റിംഗ്‌ റൂമിലൊരു വാളുവെച്ചുപോയി. ഇതിനുമുമ്പും വാളുവെച്ചിട്ട്‌ പ്രതികരിക്കാത്ത എന്‍െറ ഭാര്യ,ചിന്നമ്മേ ആ എരണംകെട്ട യുവ കപ്പിള്‍സ്‌,നിമിഷനേരംകൊണ്ട്‌ മാനിപ്പുലേറ്റ്‌ ചെയ്‌ത്‌ അവരടെ വശത്താക്കി.

അതുവരെ ഇല്ലാത്തൊരുമാറ്റം, ചിന്നമ്മക്ക്‌! അവള്‍ ആവേശം പൂണ്ടു ഞാന്‍ മടുത്തു, ഇത്രനാളും സഹിച്ചു, ക്ഷമിച്ചു,നോക്കിക്കേ ഇവിടൊള്ളേരെ കള്ളുകുടിച്ച്‌, കരിങ്കല്ലുപോലെ നില്‍ക്കും, നിങ്ങളുരണ്ടെണ്ണം വിട്ടാ, തറയാ, ശുദ്ധതറ! അപ്പോഴും, ഞാനോര്‍ത്തില്ല, ഇതൊരു കൂറുമാറ്റത്തിന്‍െറ പരസ്യപ്രസ്‌താവന എന്ന്‌ പിറ്റേന്ന്‌ ചിന്നമ്മ, അവളുടെ ജംഗമ സാധനങ്ങള്‍, കെട്ടിപെറുക്കുന്നതുകണ്ട്‌ എന്‍െറ മോന്‍ചോദിച്ചു.

അമ്മ, ഇതെങ്ങോട്ടേക്കൊള്ള പൊറപ്പാടാ?

നിന്‍െറപ്പനെ ഞാന്‍ മടുത്തു. ഇത്രനാളും ചൊമന്നു, ഇനിവയ്യ, നോക്ക്‌ ആ സൂസീടപ്പച്ചന്‍, ഇത്തോക്കോച്ചനെ എന്നാ കള്ളുംകുടിക്കും, കുടിച്ചാ ലോകരിങ്കല്ലു പോലെ നില്‍ക്കും,എത്ര മാന്യന്‍ ഞാനവടെ ചെന്നാ,കാപ്പി ഞാനിരിക്കുന്നിടത്തു കൊണ്ടത്തരും. മുഷിപ്പും, ദേഷ്യവും കാട്ടാതെ സരസമായി വര്‍ത്തമാനം പറേം. അയാടെ പുഞ്ചിരികാണാന്‍ തന്നെ എന്തൊരുചന്തം അല്ലാതെ നിന്‍െറ അപ്പന്‍െറ മോന്തപോലല്ല, കടന്നലു കുത്തിയപോലല്ല.. അതുകൊണ്ട്‌ ഞാനൊന്നു തീരുമാനിച്ചു, നിന്‍െറ അപ്പന്‍െറ കൂടൊള്ള പൊറപ്പു നിര്‍ത്തി, ഞാനാ സൂസീടെ മക്കളെ ടേക്കയറുചെയ്യാന്‍ സ്‌ഥിരമായി നാനിയായിട്ടുപോവ്വാ അവര്‌ മാസാമാസം നല്ലൊരു തൊകേം ഓഫറു ചെയ്‌തിട്ടൊണ്ട്‌. നിനക്കറിയാല്ലോ,സെക്കന്‍ഡറി സ്‌കൂള്‍ ഹെഡ്‌മിസ്‌ട്രസായി റിട്ടയേര്‍ഡ്‌ ചെയ്‌ത എനിക്ക്‌ ഇയ്യാളേം, നിന്നേം, നിന്റെ കെട്ടിയോളേം, പിള്ളേരേം നോക്കി ഇവിടെ നക്കാപിച്ചയ്‌ക്ക്‌ കിടെക്കണ്ട കാര്യമെന്തോന്നാ, സൂസീം, അവടെ ഭര്‍ത്താവ്‌ മാത്തുക്കുട്ടീം, അവരടപ്പച്ചന്‍, ഇത്തോക്കേ ചേട്ടനും, ചോദിക്കുന്നെ! അവരുപറേന്നത്‌ ഇത്‌അമേരിക്കയാ, ഇവിടെ സ്‌ത്രീ ഏതുപ്രായത്തിലും ,പുരുഷമേധാവിത്വത്തിന്‌ അടിമപ്പെട്ടു കെടക്കേണ്ട കാര്യമില്ലെന്ന്‌!

പെട്ടന്നൊരു കാര്‍ വന്നു. സൂസീം, മാത്തുക്കുട്ടീം കൂടെ അതീന്നെറങ്ങി വന്ന്‌ എന്‍െറ ഭാര്യ ചിന്നമ്മേ, പിക്കപ്പുചെയ്‌തൊണ്ടൊറ്റ പോക്ക്‌.

വാസ്‌വത്തില്‍, കൊച്ചിനെ നോക്കാന്‍ വന്ന ആ വൃദ്ധനായികൊണ്ടിരിക്കുന്ന അദ്ദേഹത്തിന്‍െറ കഥനകഥ എന്‍െറ കരളലിയിച്ചു.

അപ്പോള്‍ അയാള്‍ തുടര്‍ന്നു പറഞ്ഞു: ങാ, ഇനിയിപ്പം എന്‍െറ ഇവിടുത്തെ ജോലി പോയി എന്‍െറമോന്‍െറ ഭാര്യ ആലീസെന്നൈ പിരിച്ചുവിട്ടു.

എങ്ങനെ?

അവളെനിക്ക്‌ റിട്ടേണ്‍ ടിക്കറ്റെടുത്തു, നാളെ തിരികെ പോകുവാ., ഭാര്യ ഇല്ലാതെ അണ്ടി കളഞ്ഞ അണ്ണാനെപോലെ, അവരടെ കൊച്ചിനെ നോക്കാന്‍ എന്‍െറ ഭാര്യഇല്ലാത്ത അവസ്ഥയില്‍ ഞാന്‍കൂടി അവര്‍ക്ക്‌, ഒരുഭാരമാകുമെന്നാ, എന്‍െറ മാന്‍െറ ഭാര്യആലീസിന്‍െറ വാദം കഷ്‌ടം ഞാന്‍മൂക്കത്തു വിരല്‍വെച്ചു, അല്ലേ `കാലം പോയ പോക്കേ..'
കാലംപോയ പോക്കേ... (നര്‍മം: ജോണ്‍ ഇളമത)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക