Image

കോടിപതി (കഥ: ഫൈസല്‍ മാറഞ്ചേരി)

Published on 20 May, 2015
കോടിപതി (കഥ: ഫൈസല്‍ മാറഞ്ചേരി)
അയാളുടെ ഏറ്റവും വലിയ ആഗ്രഹം ഒരു കോടീശ്വരന്‍ ആവുക എന്നതായിരുന്നു

ഒരു പ്രവാസി ആയിരുന്നപ്പോള്‍ അയാള്‍ തന്റെ ആഗ്രഹം പൂര്‍ത്തികരിക്കപ്പെടുമെന്ന്‌ മോഹിച്ചു. എന്നാല്‍ എണ്ണി ചുട്ടപ്പം പോലെ കിട്ടുന്ന ശമ്പളം കൊണ്ട്‌ അതു അസാദ്ധ്യമാണു എന്ന തിരിച്ചറിവിന്റെ സമയത്താണ്‌
കമ്പനിയില്‍ നിന്നും പിരിച്ചു വിട്ടതായുള്ള നോട്ടിസ്‌ കിട്ടുന്നത്‌.

എല്ലാം വിധി എന്നു കരുതി നാട്ടിലെത്തി മോഹങ്ങളെല്ലാം ഒതുക്കി ജീവിതത്തെ ക്രമപ്പെടുത്തി വരുമ്പോള്‍
ഒരു ദിവസം അസര്‍ നമസ്‌ക്കാരം കഴിഞ്ഞ്‌ പുറത്തിറങ്ങിയപ്പോള്‍ ഉസ്‌താദ്‌ വന്നു ഭവ്യതയോടെ കയ്യ്‌ പിടിച്ച്‌ ഒരു കാര്യം പറയാനുണ്ടന്ന്‌ പറഞ്ഞപ്പോള്‍ 'പടച്ചോനേ പിരിവാവോ' എന്ന്‌ ഭയപ്പെട്ടാണു കൂടെ പോയത്‌

കുറച്ചു മാറി സ്വകാര്യമായി കാതില്‍ പറഞ്ഞു കാശ്‌ ഇരിക്കുന്നുണ്ടെങ്കില്‍ ഒരു ബിസ്സിനസ്സുണ്ട്‌

`നല്ല ലാഭള്ള കച്ചോടാ വേണങ്കില്‍ കൂടിക്കോളീ'

ഒരു ലക്ഷം ഉറുപ്പേൃക്കു പതിനായിരം മാസാമാസം കിട്ടും. മൊയ്‌ലീരു അത്‌ പറഞ്ഞപ്പോള്‍ വിശ്വാസം വരാതെ ഞാനോന്ന്‌ അദ്ദേഹത്തിന്റെ മുഖത്തേക്കു നോക്കി.

ഒന്നും കൊണ്ടും ഭയപ്പേടണ്ടാ ഇതു ശൈഖുനാടെ ആശിര്‍വ്വാദം വേണ്ടുവോളം ഉള്ള പദ്ധതിയാ. പൂര്‍ണ്ണ മനസ്സുണ്ടായിട്ടല്ല ബേങ്കില്‍ കിടക്കുന്ന ഒരു ലക്ഷം രൂപയുടെ ചെക്ക്‌ പിറ്റന്നാള്‍ സുബഹിക്ക്‌ വന്നപ്പോ തന്നെ കൊടുത്തു. ഉസ്‌തദ്‌ അപ്പോഴാണാ രഹസ്യം തന്നോട്‌ പറഞ്ഞത്‌ ഇതില്‍ ചേരാന്‍ ആള്‍ക്കാര്‍ ധാരാളം ഉണ്ട്‌

`എന്നാല്‍ നമ്മുടെ ഏറ്റവും വേണ്ടപ്പെട്ടവരേം അവരുടെ ബ്‌ന്ധുക്കളേം മാത്രാ ഞമ്മള്‍ ഇപ്പോ ഇതില്‍ ചേര്‍ക്കുന്നുള്ളു'. അടുത്ത മാസം അഞ്ചാന്തി തന്നെ ഉസ്‌താദ്‌ പതിനയിരത്തിന്റെ ചെക്കുമായി വീട്ടില്‍ വന്നു സലാം ചൊല്ലിയപ്പോള്‍ ഒരു വഴി അടയുമ്പോള്‍ ഖോജ രാജാവായ തമ്പുരാന്‍ ഒമ്പത്‌ വഴി തുറക്കുന്ന്‌ വല്ല്യ മൊയ്‌ല്യാര്‍ വയളു പറഞ്ഞത്‌ ഓര്‍മ്മ വന്നത്‌.

മാസാമാസം പതിനായിരവും സലാമും മുടങ്ങാതെ കിട്ടികൊണ്ടിരന്നപ്പോളാണു മൂത്ത മോള്‍ ഗള്‍ഫില്‍ പോകുമ്പോള്‍ ലോക്കറില്‍ വെക്കാന്‍ തന്ന നൂറു പവന്‍ വെറുതെ ലോക്കറില്‍ ഇരിക്കല്ലേന്ന്‌ ഓര്‍മ്മ വന്നത്‌ അതുകൂടി വിറ്റ്‌ മൊയ്‌ല്യാര്‍ക്ക്‌ കൊടുത്താല്‍ ആ വരുമാനം കൂടികൂട്ടിയാല്‍ ഒരു തുകയാവും

മരുമോന്‍ക്ക്‌ എപ്പഴാ ആവിശ്യം എങ്കില്‍ അപ്പോള്‍ മോയ്‌ല്യാരോട്‌ പറഞ്ഞു എടുത്ത്‌ കൊടുത്താല്‍ പോരെ.
മൊയ്‌ല്യാരു വന്നപ്പോള്‍ ഞാന്‍ പറഞ്ഞു. ഇനി മാസാമാസം ഈ കാശ്‌ കൊണ്ട്‌ വരണ്ട. അതും കൂടി നിക്ഷേപിച്ച്‌ ഒരു തുകയാവുമ്പോള്‍ ഞാന്‍ വാങ്ങിച്ചോളാം.

പിന്നെ പിന്നെ താന്‍ ഗള്‍ഫില്‍ വെറുതെയിരിക്കുമ്പോള്‍ പാടിയിരുന്ന `കോടീശ്വരനാക്കു എന്നെ നീയൊരു കോടീശ്വരനാക്കൂ` എന്ന പാട്ട്‌ വീണ്ടും മൂളാന്‍ തുടങ്ങി. ഇന്നലെ മൊയ്‌ല്യാര്‍ വന്ന്‌ അയാളോട്‌ പറഞ്ഞു

`ഇക്കാ ആ കാശ്‌ അങ്ങ്‌ എടുത്തോളിന്‍`
`ഇപ്പോ അതോരു തുകയായിരിക്കുന്നു'
`മൊയ്‌ല്യാരേ, ഇപ്പോ അതു എത്ര അയിരിക്കുന്ന്‌''
`ഒരു 88 ലക്ഷം ആയിട്ടുണ്ട്‌'
`ഒരു കോടി ആയിട്ട്‌ എനിക്ക്‌ ങ്ങട്ട്‌ തന്നാല്‍ മതി'
`അത്‌ ന്റെ വല്ല്യോരു ആഗ്രഹാ'
`ന്നാ അങ്ങനാവട്ടെ ക്കാ'
`ഞാന്‍ നാളെ ഒന്നു ദുബയിക്കു പോവും വന്നിട്ട്‌ കാണാം'
സലാമും ചോല്ലി മൊയ്‌ല്യാര്‍ പോയി.
..................................................
അയാള്‍ പത്രം എടുത്ത്‌ വായന തുടങ്ങിയതേ ഉള്ളു ആ വാര്‍ത്ത വായിച്ച അയാളുടെ വായിലെ വെള്ളമെല്ലാം ഇറങ്ങി വരണ്ടുപോയി. വളരെ പ്രയാസപ്പെട്ട്‌ ഒരു വലിയ ഒച്ച വായിലൂടെ പുറത്തു വന്നു

അത്‌ കേട്ട്‌ ഭാര്യ അടുക്കളയില്‍ നിന്നും ഓടി വന്നു നോക്കിയപ്പോള്‍. ചാരുകസേരയില്‍ ചരിഞ്ഞുകിടന്ന അയാളുടെ ചിറി ഒരു വശത്തേക്ക്‌ 'കോടി'യിരുന്നു. അയാളുടെ കയ്യില്‍ നിന്നും ഊര്‍ന്ന്‌ വീണ പത്രത്തില്‍ ആ വാര്‍ത്തയുണ്ടായിരുന്നു

`ആയിരത്തഞ്ഞൂര്‍ കോടിയുടെ നിക്ഷേപ തട്ടിപ്പ്‌ ഒന്നാം പ്രതി വിദേശത്തേക്ക്‌ കടന്നു'.......
.................................................

ഇതിലെ കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കല്‍പ്പികമാണ്‌
കോടിപതി (കഥ: ഫൈസല്‍ മാറഞ്ചേരി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക