Image

വെള്ളരിപ്രാവുകള്‍ (സുധീര്‍ പണിക്കവീട്ടില്‍)

Published on 16 May, 2015
വെള്ളരിപ്രാവുകള്‍ (സുധീര്‍ പണിക്കവീട്ടില്‍)
കണ്‍ഫുഷ്യസ്‌ പറഞ്ഞു: സുന്ദരിയായ നഴ്‌സിനെ ആഗ്രഹിക്കുന്നവന്‍ ഒരു രോഗി (Patient) ആയിരിക്കണമെന്ന്‌ (ക്ഷമാശീലന്‍).ഒന്നാം ലോകമഹായുദ്ധ കാലത്ത്‌ പതിനെട്ടുകാരനായ ഒരമേരിക്കന്‍ ആംബുലന്‍സ്‌ ഡ്രൈവറെ യുദ്ധഭൂമിയിലുണ്ടായ സ്‌ഫോടനത്തില്‍ കാലിനു പരിക്കേറ്റ്‌ ഇറ്റലിയിലെ ഒരു ആസ്‌പത്രിയില്‍ പ്രവേശിപ്പിച്ചു. അവിടെ ഡ്യൂട്ടിയുലുണ്ടായിരുന്ന ഇരുപത്തിയാറുകാരിയായ നേഴ്‌സിന്റെ സൗന്ദര്യത്തില്‍ അയാള്‍ മയങ്ങിപോയി. അവളെ ജീവിതസഖിയാക്കാന്‍ മോഹിച്ചു. കാര്യപ്രാപ്‌തിയുണ്ടായിരുന്ന അവര്‍ ചെറുക്കന്റെ (അവര്‍ അവനെ കൊച്ചന്‍ എന്ന്‌ വിളിച്ചു.) മതിഭ്രമം മനസ്സിലാക്കി ഒഴിഞ്ഞ്‌മാറി. ആ ചെറുക്കന്‍ പിന്നീട്‌ വിശ്വപ്രശസ്‌തനായി. അത്‌ ഏണസ്‌റ്റ്‌ ഹെമിംവേ ആയിരുന്നു. തന്റെ പ്രേമത്തെ ആസ്‌പദ്‌മാക്കി അദ്ദേഹം RA farewell to Arms Q എന്ന പുസ്‌തകം രചിച്ചു. രോഗികളുമായുള്ള നിരന്തരസാമിപ്യം സുന്ദരിമാരായ നഴ്‌സുമാര്‍ക്ക്‌ ചിലപ്പോള്‍ മംഗല്യസൗഭാഗ്യങ്ങള്‍ നല്‍കാറുണ്ട്‌. എന്നാല്‍ ഉത്തരവാദിത്വമുള്ള ജോലിയില്‍ ഏര്‍പ്പെടുന്ന ഇവര്‍ക്ക്‌ അത്തരം പ്രണയബന്ധങ്ങളില്‍ ഏര്‍പ്പെടുക ദുഷ്‌കരമായിരുന്നു.എന്നിട്ടും പ്രണയ പരാഗരേണുക്കള്‍ ഈ ജോലിക്കാരെ പറ്റിപ്പിടിച്ചു തൂങ്ങി കിടന്നു. അത്‌കൊണ്ടായിരിക്കും ക്രിസ്‌തുവിനു 551 വര്‍ഷങ്ങള്‍ക്ക്‌മുമ്പ്‌ ജനിച്ച കണ്‍ഫ്യുഷസ്‌ നഴ്‌സുമാരുടെ സൗന്ദര്യത്തെപ്പറ്റി പറഞ്ഞത്‌.

ഒലിവ്‌ ഇലകള്‍കൊക്കിലൊതുക്കി എല്ലാം ശാന്തം എന്ന സന്ദേശവുമായി പറന്ന്‌ വന്ന വെള്ളരിപ്രാവുകളെപോലെ വെള്ളയുടപ്പണിഞ്ഞ്‌ കയ്യില്‍ സ്‌റ്റെതസ്‌കോപ്പുമായി മറ്റുള്ളവരുടെ രോഗശാന്തിക്കായി ജീവിതം ഒഴിഞ്ഞ്‌ വച്ച ഈ നിസ്വാര്‍ത്ഥമതികള്‍ ദൈവത്തിന്റെ സന്ദേശവാഹകരായി പ്രത്യക്ഷപ്പെടുമ്പോള്‍ അവിടം ഒരു ദേവാലയമായി മാറുന്നു. ദൈവം ജോലിയില്‍ വ്യാപ്രുതനാണെന്ന്‌ എപ്പോഴു ഓര്‍ന്മിപ്പിക്കുന്ന ഒരു പ്രവര്‍ത്തിമേഖലയാണ്‌ നഴ്‌സുമാരുടെ. ദൈവരാജ്യത്തെപ്പറ്റി പ്രസംഗിക്കുവാനും രോഗികളെ സുഖപ്പെടുത്താനും യേശു അപ്പോസ്‌താലന്മാരെ അയച്ചുവെന്ന്‌ ബൈബിളില്‍പറയുന്നു.. (ലൂക്കോസ്‌ 9:2).ദൈവം ഭൂമിയില്‍മനുഷ്യരെ സ്രുഷ്‌ടിച്ചപ്പോള്‍ അവര്‍ക്കായി കാവല്‍ മാലാഖമാരെ നിയോഗിച്ചു. കാവല്‍ മാലാഖമാര്‍ സ്വര്‍ഗ്ഗത്തിലിരുന്ന്‌ അവരുടെ സേവനമനുഷ്‌ഠിക്കുമ്പോള്‍ നഴ്‌സുമാര്‍ ഭൂമിയില്‍ മനുഷരെ കാത്ത്‌ സംരക്ഷിക്കുന്നു.

ആതുരസേവനം ആത്മീയമായ ഒരു പ്രവര്‍ത്തിയാണ്‌്‌. ജീവിതത്തേയും മരണത്തേയും മുഖാമുഖംകണ്ട്‌ നില്‍ക്കുന്നഇവര്‍ ദൈവംഭൂമിയിലേക്ക്‌ അയച്ച മാലാഖമാര്‍ തന്നെയാണ്‌്‌.സന്യാസിനിമാരും, പുരോഹിതന്മാരും ആയി ജീവിതം ഉഴിഞ്ഞ്‌ വച്ചവര്‍ക്ക്‌്‌ ദൈവവിളി ഉണ്ടായി എന്നുപറയാറുണ്ട്‌. ദൈവത്തിനുവേണ്ടി പ്രവര്‍ത്തിക്കാന്‍ അവരെ ആരോ ഉള്ളില്‍നിന്ന്‌ പ്രേരിപ്പിച്ചുവെന്ന്‌ അവര്‍ അവകാശപ്പെടുന്നു. എന്നാല്‍ ആതുരസേവന രംഗത്തേക്ക്‌വരുന്ന ഒരാളാണ്‌ യഥാര്‍ത്ഥത്തില്‍ ദൈവവിളി കേട്ടുവരുന്നത്‌. നല്ലജീവിതംനയിച്ച്‌ സ്വര്‍ഗ്ഗംനേടിയെടുക്കാനുള്ള വചന ഘോഷവുമായി ദൈവവേലചെയ്യുന്നവര്‍ പരിശ്രമിക്കുമ്പോള്‍ രോഗവിമുക്‌തിനേടി ആരോഗ്യത്തോടെ ഭൂമിയില്‍ജീവിതംആസ്വദിക്കാന്‍ നഴ്‌സ്‌എന്ന പദവിതിരഞ്ഞെടുക്കുന്നവര്‍ മനുഷ്യരെ സഹായിക്കുന്നു.

ഫ്‌ളോറന്‍സ്‌നൈറ്റിംഗേലിനു പതിനേഴ്‌ വയസ്സ്‌തികയാന്‍ മാസങ്ങള്‍ ബാക്കിനില്‍ക്കേ ആ പെണ്‍ക്കുട്ടി തന്റെ ഡയറിയില്‍ ഇങ്ങനെ കുറിച്ചുവച്ചു. ദൈവവേലക്കായി എന്നെവിളിച്ച്‌ കൊണ്ട്‌ ദൈവം എന്നോട്‌ സംസാരിച്ചു. എന്നാല്‍ എന്തുവേലക്കാണു ദൈവം തന്നെവിളിക്കുന്നത്‌ എന്ന്‌ അവര്‍ക്കറിയില്ലായിരുന്നു. അത്‌കൊണ്ട്‌ അവര്‍ വിവാഹം വേണ്ടെന്ന്‌വക്ലു.തനിക്ക്‌വളരെ ഇഷ്‌ടമായിരുന്നചെറുപ്പക്കാരന്റെവിവാഹാഭ്യര്‍ത്ഥ്യനയും നിരസിച്ചു. അക്കാലത്ത്‌ നിമിഷങ്ങളോളം ബോധം നഷ്‌ടപ്പെട്ടുപോകയും ആ ബോധക്കേടില്‍ നിന്നുണരുമ്പോള്‍ എന്താണുസംഭവിച്ചെതെന്നറിയാന്‍ കഴിയാത്ത ഒരവസ്‌ഥയും അവര്‍ക്കുണ്ടായിരുന്നു. അത്തരം ബോധക്കേടുകള്‍ വരുന്നത്‌ ദൈവവേലക്ക്‌ താന്‍ യോഗ്യയല്ലെന്നതിനു സൂചനയാണെന്ന്‌ അവര്‍ വിചാരിക്കാന്‍ തുടങ്ങി. പിന്നെ കുറെ കൊല്ലങ്ങളോളം അവര്‍ ദൈവവിളി കേട്ടില്ല അങ്ങനെ മുപ്പതാമത്തെ വയസ്സില്‍, ക്രുസ്‌തുദേവന്‍ തന്റെ സുവിശേഷ വേല ആരംഭിച്ച വയസ്സില്‍ അവര്‍ ദൈവവിളി കേട്ടു. അവര്‍ ആതുര സേവന രംഗത്ത്‌ പരിശീലനം തേടാന്‍ തീരുമാനിച്ചു.പ്രഭു കുടുംബത്തില്‍ ജനിച്ച ഒരു സ്‌ത്രീ അത്തരം ഒരു ജോലിക്ക്‌ പോകുന്നത്‌ അന്ന്‌ വളരെ എതിര്‍പ്പുണ്ടാക്കിയിരുന്നു. നമ്മുടെ മലയാളി സഹോദരിമാരില്‍ പലരും ഒരു കാലത്ത്‌ ഈ ജോലി തിരഞ്ഞെടുത്തപ്പോള്‍ വളരെയധികം അപവാദങ്ങള്‍ക്ക്‌ ഇരയായത്‌ മലയാളിയുടെ ഊതിവീര്‍പ്പിച്ച സംസ്‌കാര പൊങ്ങച്ചം കൊണ്ടായിരിക്കണം.

മലയാളിയുടെ കുബുദ്ധിയും സങ്കുചിതത്വവും പോലെ നഴ്‌സ്‌എന്ന ഇംഗ്ലീഷ്‌ പദത്തിനുള്ള മലയാളം വാക്കുകളും പോറ്റമ്മ, ധാത്രി, പരിചാരിക, ശുശ്രൂഷക, രോഗപരിചാരിണി. എന്നൊക്കെയാണ്‌. വൈദിക കാലഘട്ടത്തില്‍, ക്രുസ്‌തുവിനു മുവ്വായിരം വര്‍ഷങ്ങള്‍ക്ക്‌മുമ്പ്‌ ഇവര്‍ ഉപചാരിക എന്ന വാക്കിനാല്‍ അറിയപ്പെട്ടിരുന്നു.ആ വാക്കുകള്‍ക്ക്‌ തന്നെ ഒരു കുറച്ചില്‍ ഉണ്ടെന്നാണ്‌ മലയാളി വിശ്വസിക്കുന്നത്‌.ദ ുരഭിമാനത്തിന്റെ ദന്തഗോപുരങ്ങളില്‍ എന്നും വാടകക്ക്‌താമസിക്കുന്നമലയാളിക്ക്‌ അത്‌കൊണ്ട്‌ നഴ്‌സ്‌എന്ന്‌പറയുന്നത്‌ കുറച്ചിലാണ്‌. രോഗിയെ പരിചരിക്കുക എന്ന മഹത്തായ കര്‍മ്മം അനുഷ്‌ഠിക്കുന്നവരെ അംഗീകരിക്കാന്‍ മലയാളിമനസ്സിനുവലുപ്പം പോരാ. ഉദ്യോഗമാണെങ്കിലും മറ്റുള്ളവരെ പരിചരിക്കാന്‍ പ്രിയപ്പെട്ടവര്‍ പോകുന്നതില്‍ വിമുഖത കാണിക്കുന്നത്‌ അവരുടെ സേവനത്തിന്റെ മഹത്വം മനസ്സിലാക്കാത്തത്‌കൊണ്ടാണ്‌. ദൈവവിളിയേക്കാള്‍ വിശപ്പിന്റെ വിളികേട്ടും ഈ രംഗത്തേക്ക്‌ വരുന്നവര്‍ ഉണ്ടായിരിക്കാം. എന്നാല്‍ ഈ ജോലി ഏറ്റെടുത്ത്‌ കഴിയുമ്പോള്‍ എല്ലാവരിലും ജോലിയുടെ മഹതവും ഉത്തരവാദിത്വവും ഉളവാകുന്നു. രോഗം മാറിപോകുന്നവരുടെ മുഖപ്രസാദം കാണുന്നത്‌ ഈശ്വരനെദര്‍ശിക്കുന്നതിനു തുല്യമാണെന്ന്‌ എത്രയോ നഴ്‌സുമാര്‍രേഖപ്പെടുത്തിയിരിക്കുന്നു. ശരീരശാസ്ര്‌തത്തിന്റെ സങ്കീര്‍ണ്ണതകളെ കുറിച്ച്‌ പഠിക്കുന്ന കാലത്ത്‌ ഒരു നഴ്‌സ്‌ നമ്മെ സ്രുഷ്‌ടിച്ച ദൈവത്തെപ്പറ്റി ഓര്‍ക്കുന്നു. മരുന്നുകള്‍ക്കപ്പുറം സ്‌നേഹാര്‍ദ്രവും, സാന്ത്വനപൂര്‍വ്വവുമായ സമീപനങ്ങള്‍ക്കും അവര്‍ മുന്‍ഗണന നല്‍കുന്നു.രോഗം മൂലം അവശനായി എത്തുന്ന ഒരാള്‍ക്ക്‌ മുന്നില്‍പ്രത്യക്ഷപ്പെടുന്ന നഴ്‌സ്‌ദൈവത്തിന്റെ പ്രതിനിധിയാണ്‌്‌. ഒരു പക്ഷെ ഏറ്റവും സംത്രുപ്‌തി നല്‍കുന്ന ഒരു ജോലിയാണ്‌ നഴ്‌സിന്റേത്‌. നഴ്‌സിംഗ്‌ ഒരു തൊഴില്‍ അല്ല അത്‌ സ്‌നേഹത്തിന്റെ, കരുതലിന്റെ, രോഗശാന്തിയുടെ ഒരു ചുമതലയാണ്‌. ആദ്യകാല അമേരിക്കന്‍ മലയാളി സമൂഹം ഉള്‍ക്കൊണ്ടിരുന്നതില്‍ വളരെയധികവും മാലാഖമാരുടെ കുടുംബങ്ങളായിരുന്നു. അവര്‍ക്ക്‌ ദൈവം അഭിവ്രുദ്ധിയും ഐശ്വര്യവും നല്‍കി. വേദനിക്കുന്നവരുടെ കണ്ണീരൊപ്പുവാന്‍, അവര്‍ക്ക്‌ സാന്ത്വനമരുളാന്‍ കഴിയുന്നത്‌ ദൈവീകമായ ഒരു വരമാണ്‌. കുടുംബം കുടുംബമായി എത്തിചേര്‍ന്നവര്‍ കൂടപിറപ്പുകളേയും, കൂട്ടുകാരെയും ഇവിടേക്ക്‌ കൊണ്ട്‌വന്നു. അങ്ങനെ അമേരിക്കന്‍ മലയാളി സമൂഹം നന്മയുടെ വെളിച്ചം വിതറികൊണ്ട്‌ സമ്പന്നത കൈവരിച്ചു. ഭൂമിയില്‍ ഒരു സ്വര്‍ഗ്ഗം എന്ന സങ്കല്‍പ്പം ഇവിടെ നിറവേറികൊണ്ടിരുന്നു. പിന്നെസ്വര്‍ഗ്ഗത്തിലെപോലെ മത്സരങ്ങള്‍ (Rev 12:7-13 അരങ്ങേറാന്‍ തുടങ്ങിയെങ്കിലും നഴ്‌സ്‌ എന്ന ഉദ്യോഗം ജീവിത വ്രുതമായി സ്വീകരിച്ചവര്‍ അവരുടെ കര്‍ത്തവ്യങ്ങളില്‍ മുഴുകി. കാല ചക്രം ഉരുളുകയും ആതുരസേവന രംഗത്ത്‌ വ്യാപകമായമാറ്റങ്ങള്‍ വരുകയും ചെയ്‌തു. ഒരു കാലത്ത്‌ അവജ്‌ഞയോടെ വീക്ഷിച്ചിരുന്ന ഈ ജോലി ഇന്ന്‌ സ്‌ത്രീ-പുരുഷഭേദമെന്യേ എല്ലാവരും തിരഞ്ഞെടുക്കുന്നു.

മേയ്‌ മാസത്തിലെ ആദ്യവാരം നഴ്‌സുമാരുടെ ദേശീയവാരാഘോഷമായി അമേരിക്കയില്‍ കൊണ്ടാടപ്പെടുന്നു. ഓരോ സ്റ്റേറ്റുകളിലും അരങ്ങേറുന്ന പരിപാടികളില്‍ ആതുരസേവന രംഗത്ത്‌ വേണ്ട ധാര്‍മ്മികതയുടേയും ഉല്‍ക്രുഷ്‌ടമായ കരുതലിന്റേയും പ്രാധാന്യത്തെക്കുറിച്ച്‌ യോഗ്യരായവര്‍ പ്രസംഗിക്കുകയും പ്രബന്ധങ്ങള്‍ അവതരിപ്പിക്കുകയും ചെയ്യുന്നുണ്ട്‌. ആധുനിക സാങ്കേതിക വിദ്യകളുടെ ഉപയോഗം രോഗികളെക്കുറിച്ചുള്ള സ്വകാര്യവും, രഹസ്യവുമായവിവരങ്ങള്‍ ചോര്‍ന്നുപോകാനുള്ള സാദ്ധ്യതവര്‍ദ്ധിപ്പിക്കുന്നു എന്നത്‌ ആശുപത്രി അധികൃതരെ ആശങ്കാകുലരാക്കുന്നുവെന്ന്‌ എല്ലാവരും മനസ്സിലാക്കുകയും അതിനുള്ള മുന്‍കരുതലുകള്‍ എടുക്കേണ്ട ആവശ്യകതയും പ്രസ്‌തുത യോഗങ്ങളില്‍ ചര്‍ച്ചചെയ്യപ്പെടുന്നു.അമേരിക്കന്‍ മലയാളി നഴ്‌സുമാര്‍സ്‌തുത്യര്‍ഹമായ സേവനമനുഷ്‌ഠിച്ചു കൊണ്ട്‌ ഭാരതീയപാരമ്പര്യത്തിന്റെ പ്രശക്‌തി വര്‍ദ്ധിപ്പിക്കുന്നു. നഴ്‌സ്‌ എന്ന ജോലിക്ക്‌ ഇത്രമാത്രം മഹത്വം എന്ത്‌ എന്ന്‌ചോദിക്കുന്നവരോട്‌ അവര്‍ ഒരു പക്ഷെ മറുപടിപറയുകയില്ല. കാരണം ഈ ലോകത്തില്‍ ഈ ജോലി നിര്‍വഹിക്കുന്ന പരമപ്രധാനമായ കര്‍ത്തവ്യം അങ്ങനെ ഒന്ന്‌ രണ്ടുവാക്കുകളില്‍ പറഞ്ഞ്‌തീര്‍ക്കാന്‍ കഴിയില്ല. ഇന്ന്‌ മനുഷ്യരുടെ ആയുസ്സ്‌ വര്‍ദ്ധിച്ചു. എങ്ങനെരോഗങ്ങള്‍ പ്രതിരോധിക്കാമെന്ന്‌ അവരെമനസ്സിലാക്കാന്‍ നഴ്‌സുമാര്‍സഹായിക്കുന്നു. അങ്ങനെ ഓരൊരുത്തരുടേയും വിലപ്പെട്ട ജീവനെ സംരക്ഷിക്കാന്‍ സന്നദ്ധത കാണിച്ച്‌ ആതുരസേവന രംഗത്ത്‌ പ്രകാശം പരത്തികൊണ്ട്‌ നില്‍ക്കുന്ന നഴ്‌സുമാരെ കൃതജ്‌ഞതാപൂര്‍വ്വം കൈകൂപ്പാം.`ഞാന്‍ ഒരു നഴ്‌സാണെന്ന്‌ അഭിമാനപൂര്‍വ്വം അവര്‍ പറയുന്നത്‌ കാതോര്‍ക്കാം. എല്ലാ നഴ്‌സുമാര്‍ക്കും അഭിനന്ദനങ്ങള്‍!

ഇ-മലയാളി നഴ്‌സുമാര്‍ക്ക്‌വേണ്ടി സമര്‍പ്പിച്ചിരിക്കുന്ന താളുകളില്‍ നേഴ്‌സുമാരില്‍നിന്നും, എഴുത്തുകാരില്‍ നിന്നുമുള്ള രചനകള്‍ നിറയട്ടെയെന്നാശംസിച്ച്‌ കൊണ്ട്‌...
വെള്ളരിപ്രാവുകള്‍ (സുധീര്‍ പണിക്കവീട്ടില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക