Image

ആധുനിക നാടകശില്‍പി പ്രൊഫ. ചന്ദ്രദാസന്‍ അമേരിക്കയില്‍

സുധാ കര്‍ത്താ Published on 17 May, 2015
ആധുനിക നാടകശില്‍പി പ്രൊഫ. ചന്ദ്രദാസന്‍ അമേരിക്കയില്‍
നാടകരംഗത്ത്‌ കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളായി നിരന്തരം പരീക്ഷണങ്ങളുമായി സജീവമായ പ്രൊഫ. ചന്ദ്രദാസന്‍ ഒരു ഹൃസ്വകാല സന്ദര്‍ശനത്തിനായി അമേരിക്കയില്‍ എത്തിയിരിക്കുന്നു.

ഈവര്‍ഷത്തെ ഫുള്‍ബ്രൈറ്റ്‌ -നെഹ്‌റു സ്‌കോളര്‍ഷിപ്പ്‌ ലഭിച്ച ചന്ദ്രദാസന്‍ അമേരിക്കയിലെ ആറോളം സംസ്ഥാനങ്ങളില്‍ വിവിധ യൂണിവേഴ്‌സിറ്റികളും, നാടക പരിശീലന കോളജുകളും സംഘനടകളുമായി സഹകരിച്ച്‌ പഠനം നടത്തുകയാണ്‌ ലക്ഷ്യം.

1982 മുതല്‍ എറണാകുളത്തെ സെന്റ്‌ ആല്‍ബര്‍ട്ട്‌ കോളജില്‍ അസോസിയേറ്റ്‌ പ്രൊഫസറായി സേവനം അനുഷ്‌ഠിക്കുകയാണ്‌. ന്യൂഡല്‍ഹി നാഷണല്‍ സ്‌കൂള്‍ ഓഫ്‌ ഡ്രാമാ, ന്യൂഡല്‍ഹി ജെ.എന്‍ യൂണിവേഴ്‌സിറ്റി, തൃശൂര്‍ സ്‌കൂള്‍ ഓഫ്‌ ഡ്രാമാ, കേരളാ യൂണിവേഴ്‌സിറ്റി, കേന്ദ്ര ഗവണ്‍മെന്റിന്റെ കള്‍ച്ചറല്‍ വകുപ്പ്‌ തുടങ്ങി നിരവധി സംഘടനകളുടെ ഉപദേഷ്‌ടാവായും, സന്ദര്‍ശന അധ്യാപകനുമായെല്ലാം അദ്ദേഹം പ്രവര്‍ത്തിക്കുന്നു.

കൊച്ചി ആസ്ഥാനമായുള്ള `ലോകധര്‍മി' തീയേറ്ററിന്റെ മുഖ്യകാര്യദര്‍ശിയായി ചന്ദ്രദാസന്‍ സേവനം അനുഷ്‌ഠിക്കുന്നു. കുട്ടികളിലെ നൈസര്‍ഗീകമായ അഭിനയ പ്രതിഭ വളര്‍ത്തിയെടുക്കാന്‍ 'മഴവില്ല്‌' (Rainbow) എന്ന പ്രത്യേക ചിട്ടപ്പെടുത്തുവാന്‍ അദ്ദേഹത്തിന്‌ സാധിച്ചു.

കുട്ടികള്‍ക്കായുള്ള പത്ത്‌ നാടകങ്ങള്‍ ഉള്‍പ്പടെ നാല്‍പ്പതോളം നാടകങ്ങള്‍ മലയാളം, കന്നഡ, തമിഴ്‌, സംസ്‌കൃതം, ഫീനിഷ്‌, ലിത്‌വാനിയന്‍, ഇംഗ്ലീഷ്‌ തുടങ്ങി വിവിധ ഭാഷകളില്‍ ചിട്ടപ്പെടുത്തിയിട്ടുണ്ട്‌. സമകാലീന നാടക കലാരംഗത്തെ അതുല്യ പ്രതിഭകളായ കാവാലം നാരായണ പണിക്കര്‍ ഉള്‍പ്പടെ നിരവധി നാടക ആചാര്യന്മാരുമായി നിരന്തരം ആശയവിനിമയത്തിനും, പുതിയ പരീക്ഷണങ്ങളില്‍ ഭാഗഭാക്കാകാനും ചന്ദ്രദാസനു കഴിഞ്ഞിട്ടുണ്ട്‌. എഴുത്തുകാരന്‍, അഭിനേതാവ്‌, ഡയറക്‌ടര്‍, നിര്‍മ്മാതാവ്‌ എന്നീ നിലകളില്‍ നാടകരംഗത്ത്‌ തിളങ്ങി നില്‍ക്കുന്നു.

ഷേക്‌സ്‌പിയര്‍ നാടകങ്ങളുടെ മലയാള ആവിഷ്‌കാരം, പുരാതന നാടകങ്ങളുടെ ആനുകാലികത ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള രംഗാവതരണം, പൊറനാട്‌ (കെ.എന്‍. പണിക്കര്‍), കര്‍ണ്ണഭാരം (ഭാസി), ലങ്കാലക്ഷ്‌മി (സി.എന്‍. ശ്രീകണ്‌ഠന്‍ നായര്‍), ദ്രൗപദി, ഷേക്‌സ്‌പിയറുടെ ആന്റണിയും ക്ലിയോപാട്രയും, ഒരുകൂട്ടം ഉറുമ്പുകള്‍ (ജി ശങ്കരപിള്ള) തുടങ്ങി നിരവധി നാടകങ്ങളുടെ പുനരവതരണത്തില്‍ ചന്ദ്രദാസന്റെ നാടകരംഗത്തെ വൈദഗ്‌ധ്യം തെളിയിക്കപ്പെട്ടിട്ടുണ്ട്‌.

ഒരുമാസം നീണ്ടുനില്‍ക്കുന്ന ചന്ദ്രദാസന്റെ സന്ദര്‍ശന വേളയില്‍ മെയ്‌ 30 മുതല്‍ ഫിലാഡല്‍ഫിയ, ന്യൂയോര്‍ക്ക്‌, ഡി.സി ഭാഗങ്ങളിലാണ്‌ സമയം ചെലവിടുന്നത്‌. നാടകരംഗവുമായി അടുത്ത്‌ പ്രവര്‍ത്തിക്കുന്നവര്‍, നാടക രചന, സംവിധാനം, അഭിനയം തുടങ്ങിയ മേഖലകളില്‍ താത്‌പര്യമുള്ളവര്‍ എന്നിവരുമായി ആശയവിനിമയത്തിന്‌ താത്‌പര്യമുള്ള ചന്ദ്രദാസന്‍, നാടകരംഗത്തെ അമേരിക്കന്‍ പ്രവാസികളുടെ സംഭാവനകളെക്കുറിച്ച്‌ അറിയാന്‍ ഏറെ താത്‌പര്യം പ്രകടിപ്പിക്കുന്നു.

ബന്ധപ്പെടുവാന്‍ ചന്ദ്രദാസന്‍ 626 787 3360, സുധാ കര്‍ത്താ (267 575 7333), chandradasan@gmail.com, www.lokadharani.org
ആധുനിക നാടകശില്‍പി പ്രൊഫ. ചന്ദ്രദാസന്‍ അമേരിക്കയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക