Image

സി.എന്‍.എന്‍. ഹീറോ: വെളിച്ചത്തിലെ മാതാവ്‌ (മാത്യു മൂലേച്ചേരില്‍)

Published on 04 December, 2012
സി.എന്‍.എന്‍. ഹീറോ: വെളിച്ചത്തിലെ മാതാവ്‌ (മാത്യു മൂലേച്ചേരില്‍)
മക്കളെ പെറ്റിട്ടു പേറ്റുനോവുപോലും മറന്നു വഴിയമ്പലങ്ങളിലും, അനാഥമന്ദിരങ്ങളിലും, റെയില്‍വേസ്‌റ്റേഷനുകളിലും, ബസ്‌സ്റ്റാന്റുകളിലും, ശവക്കൊട്ടകളിലും ഉപേക്ഷിച്ചിട്ട്‌, ഹൃദ്യവിനോദങ്ങളിലേര്‍പ്പെട്ടു പലയിടത്തും പാറിനടക്കുന്ന അനേകം അമ്മാമാരുള്ള ലോകത്ത്‌, പ്രസവവേദനയെന്തന്നറിയാത്ത ആത്മീയവേദന മാത്രമറിയുന്നോരമ്മ.

ദാരിദ്ര്യ കാഠിന്യത്താല്‍ മക്കളെ പോറ്റുവാനായ്‌ അടുത്തുള്ള വീട്ടീന്ന്‌ അരക്കുറ്റിയരി കട്ടതിനുപോലും വര്‍ഷങ്ങളോളം തടവിനു തുറുങ്കില്ലടയക്കപ്പെടുന്ന രക്ഷിതാക്കള്‍ക്കൊപ്പം മറ്റുമ്മാര്‍ഗ്ഗങ്ങളില്ലാതെ കാരാഗൃഹത്തില്‍ കമ്പിയഴിക്കുള്ളില്‍ കഴിയുവാന്‍ വിധിക്കപ്പെട്ട ഒരുപറ്റം കുട്ടികളെ ഒക്കത്തു കൂട്ടി ആരോടും പരിഭവങ്ങളില്ലാതെ പരാതിയില്ലാതെ അത്യദ്ധ്വാനത്താല്‍ അവരെ പോറ്റുന്ന അവിവാഹിതയായ, മക്കളെ പ്രസവിക്കാത്ത ഒരമ്മയുണ്ട്‌.

ഇക്കാലത്ത്‌ ആതുരസേവനപ്പേരുംപറഞ്ഞു കോടികള്‍ സമ്പാദിക്കുന്നവര്‍ക്കോരപവാദമായി സ്‌നേഹത്തിന്റെയും കരുണയുടെയും ലാളിത്യത്തിന്റെയും പ്രതീകമായ പ്രതിഫലേച്ഛയില്ലാത്ത ഒരമ്മ. മലമടക്കുകള്‍ക്കിടയില്‍ മക്കളെയോളിപ്പിച്ചു മറഞ്ഞിരുന്നയാമമ്മയെ മറനീക്കി മീഡിയയില്‍ കണ്ടപ്പോള്‍ അനേകര്‍ പറഞ്ഞു ഇവരാണ്‌ യഥാര്‍ത്ഥ അമ്മയെന്ന്‌.

പലയമ്മമാരുടെയും കരുണയുള്ള കണ്ണുകളില്‍ നിന്നും കണ്ണീര്‍ച്ചാലുകളൊഴുകി, ചെക്കുകളെഴുതി, മണിയോര്‍ഡറുകള്‍ അയച്ചു, പ്രാഥനകള്‍ കഴിച്ചു, ഉപവാസങ്ങളെടുത്തു, സമൂഹത്തിന്റെ മുന്‍പില്‍ ഇവര്‍ക്കായ്‌ കൈനീട്ടി. എന്നാല്‍ ചിലയമ്മമാര്‍ മൂക്കത്ത്‌ വിരല്‍തൊട്ടു, ചിലരോ പത്രങ്ങള്‍ വലിച്ചു കീറി, ചിലര്‍ ദൂരദര്‍ശനുകള്‍ ദൂരത്തെറിഞ്ഞു, പരിഹാസങ്ങള്‍ പ്രാക്കുകളും പഴികളുമായ്‌. ചിലര്‍ കുറ്റബോധങ്ങള്‍ ലഹരിയില്‍ മുക്കി ബോധംമറച്ചു.

പൂവങ്കോഴികളുടെ ഉണര്‍ത്തുവിളിവിളികളോ പള്ളിമണികളോ ശംഖുനാദങ്ങളോ ഒന്നും വേണ്ട അവള്‍ക്കുണരുവാന്‍., തന്റെ കുഞ്ഞുങ്ങളുടെ ഹൃദയതാളങ്ങള്‍ മാത്രമ്മതിയതിനവള്‍ക്ക്‌. തുച്ഛമായ വിസ്‌തീര്‍ണ്ണമുള്ള ആ ഇരുനിലവീട്ടില്‍ രണ്ടോമ്മൂന്നോ പേരല്ല അന്തേവാസികളായുള്ളത്‌. അവളെക്കൂടാതെ നാല്‍പ്പതോളം മക്കളും, മറ്റു പരിചാരകരും അവിടുണ്ട്‌. മക്കളെ വിളിച്ചുണര്‍ത്തി പ്രഭാതകര്‍മ്മങ്ങള്‍ കഴിപ്പിച്ചു പ്രാതലും കൊടുത്തു അണിയിച്ചൊരുക്കി സ്‌കൂളിലേയ്‌ക്ക്‌ അവരെ പറഞ്ഞയച്ചിട്ടാ നിര്‍വൃതിയില്‍ നിവര്‍ന്നുന്നില്‍ക്കുന്ന അവളെക്കണ്ടാല്‍ മാതൃഗുണംങ്ങളുടെ മഹാദേവിയായ ഭൂമീദേവി മുന്‍പില്‍ പ്രത്യക്ഷപ്പെട്ടപോലെ തോന്നും.

ഈ അമ്മയെപ്പറ്റി കൂടുതല്‍ അറിയണമെങ്കില്‍ മൊത്തം ജനസംഖ്യയില്‍ ഭൂരിഭാഗവും ദാരിദ്ര്യത്തില്‍ അധിവസിക്കുന്ന, അധികം മാനുഷ്യ സാമൂഹീക സാംസ്‌കാരിക ബന്ധങ്ങളില്ലാതെ ജീവിക്കുന്ന സ്വാര്‍ഥമോഹികളുടെ നാടായ നേപ്പാളിലേയ്‌ക്ക്‌ പോകേണ്ടിയിരിക്കുന്നു. അതിശൈത്യത്തിലും അടിസ്ഥാന സൌകര്യങ്ങളില്ലാതെ ചെറിയ കുടിലുകളില്‍ ജീവിക്കുന്ന നിര്‍ദ്ധനരായ നിരവധിപേര്‍ ഉണ്ടവിടെ. മക്കളെ വളര്‍ത്തുവാന്‍ നിവര്‍ത്തിയില്ലാതെ ബാലവേലകള്‍ക്കും അടിമപ്പണികള്‍ക്കും വേശ്യാവൃത്തികള്‍ക്കും പറഞ്ഞയയ്‌ക്കുകയും മറ്റുചില അവസരങ്ങളില്‍ അവരെ അനാഥത്വത്തിന്റെ ആഴങ്ങളിലേക്ക്‌ വലിച്ചെറിഞ്ഞു നാടുവിടുകയോ ജീവിതം അവസാനിപ്പിക്കുകയോ ചെയ്യുന്ന അനേക അച്ഛനമ്മമാരുടെ നാടാണതു.

നിത്യവര്‍ത്തിയ്‌ക്ക്‌ വകയില്ലാതെ ചെറുകിട മോഷണങ്ങള്‍ ചെയ്‌തോ, മറ്റു കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടു ജയില്‍ ശിക്ഷ ലഭിക്കുന്ന മാതാപിതാക്കളില്‍ അധികം പേരും ജയിലില്‍ തന്റെ കുഞ്ഞുങ്ങളെയും കൂട്ടിക്കൊണ്ടു പോകാറുണ്ട്‌. അതവരുടെ സുരക്ഷിതത്വത്തെ ഓര്‍ത്ത്‌ മാത്രം. അല്ലെങ്കില്‍ അവരെ ആരും സംരക്ഷിപ്പാന്‍ ഉണ്ടാവില്ല. ഒന്നുകില്‍ ആ കുഞ്ഞുങ്ങള്‍ തെരുവിലകപ്പെടുകയോ, മനുഷ്യരക്തവും മാംസവും വലിച്ചുകീറിച്ചുട്ടുതിന്നുകയോ വിറ്റുതിന്നുകയോ ചെയ്യുന്ന അധമ മാഫിയാകളുടെ കൈകളില്‍ അകപ്പെടുകയോ ചെയ്യും.

അവിടെയാണ്‌ സുന്ദരിയായ പുഷ്‌പ ബാസ്‌നെറ്റ്‌ ജനിച്ചതും വളര്‍ന്നതും. മാതാപിതാക്കള്‍ വിജയകരമായി ബിസ്‌നെസ്സുകള്‍ നടത്തുന്നവരും സാധാരണയില്‍ നിന്നും ഉയര്‍ന്നതായ ഒരു ജീവിത നിലവാരം പുലര്‍ത്തുന്നവരുംമാണ്‌. ചെറുപ്പംമുതല്‍ക്കേ മറ്റുള്ളവരോട്‌ കരുണയും ദയയും അവളുടെ ഹൃദയത്തിലുണ്ടായിരുന്നു. അവളുടെ പ്രായത്തിലുള്ള മറ്റുള്ള പെണ്‍കുട്ടികള്‍ അണിഞ്ഞൊരുങ്ങി അടിച്ചുപൊളിച്ചു ജീവിച്ചപ്പോഴും അതൊന്നുംമാഗ്രഹിക്കാതെ തന്റെ പ്രതിദിന ചെലവിനുള്ള പണത്തില്‍ നിന്നും മിച്ചംമ്പിടിച്ചും, മധ്യാന്‌ഹഭക്ഷണവിഹിതങ്ങള്‍ കൊടുത്തും പാതയോരങ്ങളില്‍ കണ്ടിരുന്ന പാവങ്ങളെ അവള്‍ സഹായിച്ചിരുന്നു.

തന്റെ ഇരുപത്തിയൊന്നാം വയസ്സില്‍ കോളേജില്‍ പഠിച്ചിരുന്ന സോഷ്യല്‍ വര്‍ക്ക്‌ കോഴ്‌സിനോടനുബന്ധിച്ചു ഒരിക്കല്‍ ഒരു ജയില്‍ സന്ദര്‍ശിക്കുവാന്‍ ഇടയായാത്‌ അവളുടെ ജീവിതം തന്നെ മാറ്റിമറിച്ചു. അവിടെ അന്തേവാസികളായി കഴിയുന്ന നിരപരാധികളായ കൊച്ചുകുഞ്ഞുങ്ങളെ കണ്ടപ്പോള്‍ അവളിലെ മാതൃത്വത്തിന്റെ ആത്മാവ്‌ തുടിച്ചു, ഹൃദയംവിങ്ങി, കണ്ണുകള്‍ ഈറനണിഞ്ഞു. 'നിരപരാധികളായ ഈ കുഞ്ഞുങ്ങള്‍ ജയിലില്‍ കഴിയുന്നത്‌ ഒരു ശരിയായ കാര്യമല്ല' അവളുടെ ഹൃദയം മന്ത്രിച്ചു. അവളെ അവര്‍ മാടിവിളിക്കുന്നതായ്‌ തോന്നി. അവിടെ കണ്ട കാഴ്‌ചകള്‍ തന്റെ മാതാപിതാക്കളോടും സഹോദരിമാരോടും സുഹൃത്തുക്കളോടും പറഞ്ഞു. ഇത്‌ സാധാരണ അവിടങ്ങളില്‍ നടക്കുന്ന സംഭവം ആണെന്നും, കുറച്ചു കഴിയുമ്പോള്‍ നീയിതെല്ലാം മറക്കുമെന്നും അവര്‍ അവളോട്‌ പറഞ്ഞു, പക്ഷെ അവള്‍ക്കാകാഴ്‌ചകള്‍ മറക്കുവാന്‍ കഴിഞ്ഞില്ല.

ആ കൂട്ടിലടയ്‌ക്കപ്പെട്ട പൂമ്പാറ്റ കുഞ്ഞുങ്ങളെ പാറിക്കളിക്കുവാന്‍ പുറംലോകത്തേയ്‌ക്ക്‌ കൊണ്ടുവരുവാനും അവരുടെ ഉന്നമനം ലക്ഷ്യമാക്കി ഒരു ഡേകെയര്‍ തുടങ്ങുവാനും അവള്‍ തീരുമാനിച്ചു. എന്നാല്‍ യാതൊരുവിധ വരുമാനമോ, സാമ്പത്തീക പ്രാപ്‌തിയോ ഇല്ലാതിരുന്ന അവളുടെ ആ ആഗ്രഹത്തെ ആദ്യം എല്ലാവരും പുച്ഛിച്ചുതള്ളി. സര്‍ക്കാരുദ്യോഗസ്ഥരും ജയിലധികൃതരും ഇതുപോലൊരു പ്രസ്ഥാനം മുന്‍പോട്ടു നടത്തിക്കൊണ്ടുപോകുവാന്‍ വേണ്ടുന്ന അവളുടെ പ്രായത്തേയും പക്വതയേയും സംശയിച്ചു.

എന്നാല്‍ ബാസ്‌നെറ്റ്‌ നിശ്ചയദാര്‍ഢ്യമുള്ളവളായിരുന്നു. മാതാപിതാക്കള്‍ ആദ്യമൊക്കെ എതിര്‍ത്തെങ്കിലും പിന്നീടവളുടെ ആഗ്രഹങ്ങള്‍ക്ക്‌ വഴങ്ങി. അവരുടെയെല്ലാവരുടെയും സഹായത്താല്‍ അന്ന്‌ എഴുപതിനായിരം രൂപ ഏതാണ്ട്‌ എണ്ണൂറ്റിയെന്‌പത്തിയഞ്ചു ഡോളര്‍ സമാഹരിച്ചു ഒരു ഇരുനിലവീട്‌ വാടകയ്‌ക്കെടുത്തതിനു പൂമ്പാറ്റ വീട്‌ (ആൗേേലൃളഹ്യ വീാല) എന്ന്‌ നാമകരണം ചെയ്യുകയും,നോണ്‍ പ്രോഫിറ്റായ്‌ ഏര്‍ളി ചൈല്‍ഡ്‌ഹൂഡ്‌ ഡിവെലപ്‌മെന്റ്‌റ്‌ സെന്റെര്‍ (ECDC) എന്നൊരു പ്രസ്ഥാനം തുടങ്ങുകയും ചെയ്‌തു. ` ഞാന്‍ അത്‌ തുടങ്ങിയെന്നു മറ്റുള്ളവരോട്‌ പറഞ്ഞിട്ട്‌ അവര്‍ക്കാര്‍ക്കും അത്‌ വിശ്വസിക്കുവാന്‍ കഴിഞ്ഞില്ല`, `അവരെല്ലാം വിചാരിച്ചു എനിക്ക്‌ വാട്ടായിരിക്കുമെന്നു, എല്ലാവരും അതൊരു തമാശപോലെ കേട്ടു ചിരിച്ചുതള്ളി` ബാസ്‌നെറ്റിന്റെ വാക്കുകള്‍

ആദ്യഘട്ടങ്ങളില്‍ ആറുവയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക്‌ മാത്രമായുള്ള ഡേകെയര്‍ മാത്രമാണ്‌ ഉണ്ടായിരുന്നത്‌. രണ്ടായിരത്തഞ്ച്‌ കാലയളവില്‍ അവിടെ ഡേകെയറില്‍ മാത്രം നൂറോളം കുട്ടികള്‍ പഠിച്ചിരുന്നു. രണ്ടായിരത്തിയേഴുമുതല്‍ ജയിലില്‍ നിന്നും ഈ പൂമ്പാറ്റ വീട്ടിലേക്കു കുഞ്ഞുങ്ങളെ കൊണ്ടുവരുവാന്‍ തുടങ്ങി. ആദ്യം അഞ്ചു കുഞ്ഞുങ്ങളെയാണ്‌ കൊണ്ടുവന്നത്‌. അവരെ രാവിലെ ജയിലില്‍ ചെന്ന്‌ കൊണ്ടുവരികയും വൈകുന്നേരം തിരികെ കൊണ്ടുവിടുകയും ചെയ്‌തിരുന്നു. ഇന്നവളുടെ സംരക്ഷണത്തില്‍ നാല്‍പ്പതോളം കുഞ്ഞുങ്ങള്‍ അവിടെ കഴിയുന്നു. അവര്‍ക്ക്‌ ഭക്ഷണവും, വസ്‌ത്രവും, മരുന്നും താമസവും കൊടുത്ത്‌ സ്വന്തം മക്കളെപ്പോലെ വളര്‍ത്തുന്നു.

`ഭക്ഷണം പാകം ചെയ്യലും, തുണിയലക്കും, കടയില്‍പ്പോക്കും എല്ലാം ഞങ്ങള്‍ ഒന്നിച്ചു' കുഞ്ഞുങ്ങളുടെ മുഖത്തെ പുഞ്ചിരി കാണുമ്പോള്‍ എല്ലാ ക്ഷീണവും പമ്പകടക്കും' പൂമ്പാറ്റ വീട്ടിലെ എല്ലാകാര്യങ്ങളും നോക്കിനടത്തുകയെന്നത്‌ ഒരു നിസ്സാര കാര്യമല്ല. മുതിര്‍ന്ന കുട്ടികള്‍ ചെറിയവരുടെ കാര്യങ്ങളും അങ്ങനെ എല്ലാവരും അവര്‍ക്കാവുന്നവിധത്തിലും പരസ്‌പരം സഹായിക്കുന്നു. ആ കുഞ്ഞുങ്ങള്‍ക്ക്‌ ഈ വീട്‌ സ്വന്തം വീടുപോലെയനുഭവപ്പെടുന്നു. അവള്‍ അവര്‍ക്ക്‌ പകര്‍ന്നുകൊടുക്കുന്ന സ്‌നേഹത്തിനു പകരമായി അവര്‍ അവളെ 'മാമു' (അമ്മ) യെന്നു വിളിക്കുന്നു. ആ വിളി ബാസ്‌നെറ്റ്‌ സംതൃപ്‌തിയോടെ സ്വീകരിക്കുകയും ചെയ്യുന്നു. അതെ അവളാണ്‌ അവരുടെ പ്രകാശത്തിലെ ദേവി, മാതാവ്‌.

ഇപ്പോള്‍ ദിവസേന കുഞ്ഞുങ്ങളെ തിരികെ ജയിലിലേയ്‌ക്ക്‌ തിരികെ കൊണ്ടുപോകെണ്ടതില്ല, എന്നാല്‍ എല്ലാ അവധിക്കാലങ്ങളിലും അവരെ അവരുടെ മാതാപിതാക്കളെ ജയിലില്‍ കൊണ്ടുപോയ്‌ കാണിക്കാറുണ്ട്‌. ഈ പ്രസ്ഥാനം ഇപ്പോഴും മുന്‌പോട്ടുകൊണ്ടുപോകുവാന്‍ സാധിക്കുന്നത്‌ നല്ലവരായ അവളുടെ സുഹൃത്തക്കളുടെയും, കുടുംബത്തിന്റെയും സഹായസഹകരണങ്ങള്‍ കൊണ്ട്‌ മാത്രമാണ്‌. അവിടുത്തെ ഗവേര്‍മെന്റില്‍ നിന്നുമുള്ള ഒരു സഹായവും അവള്‍ക്കു ലഭിക്കുന്നില്ല. രണ്ടായിരത്തിയോന്‌പതില്‍ പാവപ്പെട്ട കുറെ സ്‌ത്രീകളെ സംഘടിപ്പിച്ചു കൈത്തറി വസ്‌തുക്കള്‍ നിര്‍മ്മിക്കുവാനും, അതില്‍ നിന്നു ലഭിക്കുന്ന വരുമാനം കുഞ്ഞുങ്ങളുടെ ആവശ്യങ്ങള്‍ക്കായ്‌ വിനിയോഗിക്കുവാനും തുടങ്ങി. മനോഹരങ്ങളായ പാവകള്‍, പാദരക്ഷകള്‍, പാദയുറകള്‍, കീചെയിനുകള്‍, ഹാന്‍ഡ്‌ ബാഗുകള്‍ അങ്ങനെ പലവിധമായ കൈത്തറി ഉല്‍പ്പന്നങ്ങള്‍ അവിടെയുണ്ടാക്കുന്നു. അവിടെ ജോലിചെയ്യുന്നവരിലധികവും അവരവരുടെ നിത്യജീവിതത്തിനാവശ്യമായ മിതമായ വേതനം മാത്രം കൈപ്പറ്റുന്നവരോ സ്വമനസ്സാലെ സേവനമനുഷ്‌ഠിക്കുന്നവരോ ആണ്‌.

ഇതൊക്കെയാണെങ്കിലും ഈ പ്രസ്ഥാനം മുന്‍പോട്ടു കൊണ്ടുപോകുന്നതിന്‌ സാമ്പത്തീകമായ്‌ വളരെ ഞെരുക്കത്തില്‍ തന്നെയാണ്‌. സ്വന്ത ആഭരണങ്ങള്‍ വിറ്റിട്ടുവരെ ദൈനംദിന കാര്യങ്ങള്‍ നടത്തേണ്ടുന്ന സ്ഥിതിവിശേഷങ്ങള്‍ സംജാതമായിട്ടുണ്ട്‌. അടുത്ത കാലത്തുണ്ടായ സാമ്പത്തീക ബാധ്യതകള്‍ തരണം ചെയ്യുവാനായി കൈത്തറി കമ്പനിയുടെ കുറച്ചു ഷെയര്‍ വില്‍ക്കേണ്ടിവരികയും ചെയ്‌തു.

രണ്ടായിരത്തിപത്തില്‍ അവിടുത്തെ ഒരു ലോക്കല്‍ ന്യൂസ്‌ പേപ്പര്‍ ആണ്‌ പുഷ്‌പയുടെ കഥ പുറംലോകത്തെ ആദ്യമായ്‌ അറിയിക്കുന്നത്‌. അന്നുതൊട്ട്‌ പുഷ്‌പയ്‌ക്ക്‌ അവാര്‍ഡുകളുടെ വേലിയേറ്റവും തുടങ്ങി. അതില്‍ പ്രധാനപ്പെട്ടത്‌ എല്‌ഗാ കൊറിയന്‍ ഫൌണ്ടേഷന്‍ അവാര്‍ഡ്‌, റ്റെഡെക്‌സ്‌ അവാര്‍ഡ്‌ ഓഫ്‌ കാഡ്‌മണ്‌ഢു, ജോര്‍ജ്ജ്‌ വാഷിംഗ്‌ഡന്‍ യൂണിവേഴ്‌സിറ്റി ബേന്‌ക്വെറ്റ്‌ അവാര്‍ഡ്‌, 2012 സി.എന്‍.എന്‍. ഹീറോ അവാര്‍ഡ്‌ മുതലായവയാണ്‌. കൂടാതെ സമൂഹത്തില്‍ വ്യതിയാനങ്ങള്‍ സൃഷ്ടിക്കുന്ന ഏഷ്യയിലെ ഏറ്റവും കഴിവുള്ള യുവാക്കളുടെ പാരഗണ്‍ 100 പട്ടികയില്‍ പുഷ്‌പയുടെ പേര്‌ സ്ഥാനം പിടിക്കുകയും ചെയ്‌തു.

`പൊതുജനം എന്റെ പ്രവര്‍ത്തികണ്ടിട്ടു എനിക്കുതന്ന അവാര്‍ഡുകളെക്കാള്‍ മേത്തരമായ നൂറ്റിനാല്‍പ്പത്‌ ജീവനുള്ള അവാര്‍ഡുകള്‍ ഈശ്വരന്‍ എനിക്ക്‌ നേരത്തേതന്നെ നല്‍കിയിരിക്കുന്നു'... `മറ്റുള്ളവര്‍ക്ക്‌ ദാനം നല്‌കാനായ്‌ സൌഭാഗ്യകരമായ ഒരു ജീവിതവും വിദ്യാഭ്യാസവും എനിക്ക്‌ ലഭിച്ചു' അവാര്‍ഡുകള്‍ സ്വീകരിച്ചുകൊണ്ട്‌ പുഷ്‌പ പറഞ്ഞു.

ജെയിലില്‍ കഴിയുന്ന കുഞ്ഞുങ്ങളെക്കൂടാതെ രാജ്യം മുഴുവന്‍ പലതരമായ കഷ്ടതകളാല്‍ തെരുവോരങ്ങളിലും അല്ലാതെയും അലയുകയും വലയുകയും ചെയ്യുന്ന വിധവകളെയും ആനാഥരെയും ഉള്‍പ്പെടുത്തി തന്റെ പ്രവര്‍ത്തന മേഖല കൂടുതല്‍ വിപുലമാക്കുവാന്‍ പേറ്റുനോവ്‌ അറിയാതെ നൂറ്റിനാല്‍പ്പതു കുട്ടികളുടെ മാതാവായ കാരുണ്യനിധിയായ ഇരുപത്തിയെട്ടു വയസ്സുകാരി 'മാമു' ആഗ്രഹിക്കുന്നു.


പ്രമാണലേഖനങ്ങള്‍:

സി.എന്‍.എന്‍ ഹീറോസ്‌
പുഷ്‌പബാസ്‌നേറ്റ്‌.കോം
പരാഗണ്‍ 100 ഇന്‍ഫര്‍മേഷന്‍
ജോര്‍ജ്ജ്‌ വാഷിംഗ്‌ഡണ്‍ യൂണിവേഴ്‌സിറ്റി
നേപാള്‍ ടൈംസ്‌
സി.എന്‍.എന്‍. ഹീറോ: വെളിച്ചത്തിലെ മാതാവ്‌ (മാത്യു മൂലേച്ചേരില്‍)സി.എന്‍.എന്‍. ഹീറോ: വെളിച്ചത്തിലെ മാതാവ്‌ (മാത്യു മൂലേച്ചേരില്‍)സി.എന്‍.എന്‍. ഹീറോ: വെളിച്ചത്തിലെ മാതാവ്‌ (മാത്യു മൂലേച്ചേരില്‍)സി.എന്‍.എന്‍. ഹീറോ: വെളിച്ചത്തിലെ മാതാവ്‌ (മാത്യു മൂലേച്ചേരില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക