Image

എന്തുകൊണ്ട്‌ അരവിന്ദ്‌ കേജരിവാള്‍ ജന്മംകൊണ്ടു

Published on 03 December, 2012
എന്തുകൊണ്ട്‌ അരവിന്ദ്‌ കേജരിവാള്‍ ജന്മംകൊണ്ടു
കുറച്ചുകാലം മുമ്പ്‌ ഇന്ത്യയിലെ പൊതു സമൂഹം കാര്യഗൗരവമായി ചര്‍ച്ച ചെയ്യാതെ പോയ ഒരു വിഷയമുണ്ട്‌. വിവരാവകാശ നിയമപ്രകാരമുള്ള ഒരു അന്വേഷണത്തിന്റെ ഭാഗമായുള്ള ഒരു ചോദ്യത്തിന്‌ നമ്മുടെ രാഷ്‌ട്രീയ പാര്‍ട്ടികളുടെ മറുപടിയായിരുന്നു അത്‌. രാഷ്‌ട്രീയ പാര്‍ട്ടികള്‍ വിവരാവകാശത്തിന്റെ പരിധിയില്‍ വരുന്നുണ്ടോ എന്നതായിരുന്നു ചോദ്യം. സി.പി.ഐ ഒഴികെയുള്ള രാഷ്‌ട്രീയ പാര്‍ട്ടികള്‍ ഇന്‍ഫര്‍മേഷന്‍ കമ്മീഷണര്‍ക്ക്‌ നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു. `രാഷ്‌ട്രീയ പാര്‍ട്ടി എന്നത്‌ ഒരു പൊതുസ്ഥാപനമല്ല. അതുകൊണ്ടു തന്നെ വിവരാവകാശ നിമയമെന്ന പൗരന്റെ അറിയാനുള്ള നിയമഅവകാശത്തിന്റെ പരിധിയില്‍ വരുന്നില്ല'. എന്നാല്‍ സി.പി.ഐ മാത്രം സ്വീകരിച്ച നിലപാട,്‌ മറ്റുപാര്‍ട്ടികളുടെ നിലപാടില്‍ നിന്ന്‌ വിരുദ്ധമായി, രാഷ്‌ട്രീയ പാര്‍ട്ടികളെയും വിവരാവകാശ നിമയത്തിന്‌ കീഴില്‍ കൊണ്ടുവരാം എന്നതായിരുന്നു. പക്ഷെ ഇന്‍ഫൊര്‍മേഷന്‍ കമ്മീഷണറുടെ ഹിയറിങില്‍ സിപിഐയും തങ്ങളുടെ നിലപാടു മാറ്റുകയും പൗരന്‍മാരുടെ ചോദ്യത്തിന്‌ മറുപടി പറയാനുള്ള ധാര്‍മ്മിക ബാധ്യതയാണ്‌ പാര്‍ട്ടികള്‍ നിറവേറ്റേണ്ടതെന്നും സാങ്കേതികമായി പാര്‍ട്ടികളെ വിവരാവകാശത്തിന്റെ കീഴില്‍ കൊണ്ടുവരേണ്ട കാര്യമില്ല എന്ന്‌ തിരുത്തി പറയുകയും ചെയ്‌തു.

അതായത്‌ ഇന്ത്യയിലെ എല്ലാ പാര്‍ട്ടികളും, കോണ്‍ഗ്രസും ബിജെപിയും ഇടതുകക്ഷികളും അടക്കം എല്ലാ പാര്‍ട്ടികളും, തങ്ങളുടെ നിലപാട്‌ വ്യക്തമാക്കിയിരിക്കുന്നു. അത്‌ പൊതു സമൂഹവും പൗരനും തങ്ങളുടെ ഇടയിലേക്ക്‌ കടന്നു കയറേണ്ട കാര്യമില്ല എന്നതാണ്‌. നമ്മുടെ രാഷ്‌ട്രീയ പാര്‍ട്ടികള്‍ സ്വീകരിച്ച ഈ നിലപാട്‌ വലിയൊരു രാഷ്‌ട്രീയ ചര്‍ച്ചയായി എന്തുകൊണ്ടോ ഉയര്‍ന്നു വന്നില്ല. ന്യൂസ്‌ നൈറ്റ്‌ ചര്‍ച്ചകളില്‍ രാഷ്‌ട്രീയ പാര്‍ട്ടികളുടെ ഈ നിലപാട്‌ ചോദ്യം ചെയ്യപ്പെടുകയുണ്ടായില്ല. ചില മാധ്യമങ്ങള്‍ ഇത്‌ വാര്‍ത്തയായി നല്‍കുകയുണ്ടായി എന്നു മാത്രം. നമ്മുടെ രാഷ്‌ട്രീയ പാര്‍ട്ടികളെല്ലാം ഈ നിലപാട്‌ സ്വീകരിക്കുമ്പോള്‍ ഇവര്‍ തന്നെ മാറി മാറി രൂപം നല്‍കുന്ന ഗവണ്‍മെന്റ്‌ ലോക്‌പാല്‍ ബില്ല്‌ പോലെയുള്ള ജനാധിപത്യത്തിന്റെ വളര്‍ച്ചയെ ശരിയായ രീതിയില്‍ മുമ്പോട്ടു കൊണ്ടുപോകാത്തത്‌ എന്ത്‌ എന്ന്‌ വ്യക്തമാണല്ലോ.

പൊതുജനത്തോട്‌ മറുപടി പറയാന്‍ ബാധ്യതയില്ലാത്ത പൊതുജനത്തില്‍ നിന്നും അകന്നു നില്‍ക്കുന്ന ഒരു ഗ്രൂപ്പായി രാഷ്ട്രീയ പാര്‍ട്ടികളും അവരാല്‍ നിശ്ചയിക്കപ്പെടുന്ന ഭരണകൂടങ്ങളും മാറി കഴിഞ്ഞിട്ട്‌ കാലമേറയായി. ഇവിടെയാണ്‌ അരവിന്ദ്‌ കേജരിവാള്‍ അല്ലെങ്കില്‍ ഒരുപാട്‌ അരവിന്ദന്‍മാര്‍ ഉയര്‍ന്നു വരുന്നത്‌. ഇവിടെയാണ്‌ ആം ആദ്‌മി എന്ന രാഷ്‌ട്രീയ പാര്‍ട്ടി ജന്മം കൊണ്ടത്‌.

എന്തുകൊണ്ട്‌ ആം ആദ്‌മി എന്ന ചോദ്യത്തിന്റെ ലളിതമായ ഒരു ഉദാഹരണം മാത്രമാണ്‌ വിവരാവകാശ നിയമത്തിന്‌ കീഴിലേക്ക്‌ വരാന്‍ നമ്മുടെ പരമ്പരാഗത രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്കുള്ള താത്‌പര്യമില്ലായ്‌മയും, ആം ആദ്‌മി എന്ന രാഷ്‌ട്രീയ പാര്‍ട്ടി പൂര്‍ണ്ണമായും അതിന്‌ കീഴിലേക്ക്‌ വരാന്‍ ശ്രമിക്കുകയും ചെയ്യുന്നു എന്നത്‌. അതായത്‌ പൊതുവില്‍ നമ്മുടെ രാഷ്‌ട്രീയ പാര്‍ട്ടികളെയും ഭരണകൂടത്തെയും സാധാരണ ജനം തങ്ങളില്‍ നിന്ന്‌ അകന്നു പോയ എന്തോ ഒന്നായി കാണുന്നു. അവരെ അങ്ങനെ വിശ്വസിപ്പിക്കാന്‍ കുമിഞ്ഞു കൂടുന്ന അഴിമതിയുടെ വലുപ്പം പ്രേരിപ്പിച്ചു കൊണ്ടേയിരിക്കുന്നു. തങ്ങളുടെ സ്വത്ത്‌ കൊള്ളയടിക്കുന്ന ഒരു തേഡ്‌ പാര്‍ട്ടിയാണോ രാഷ്‌ട്രീയക്കാര്‍ എന്ന്‌ സാധാരണ ജനങ്ങള്‍ ചിന്തിച്ചാല്‍ പോലും അതിശയോക്തിയില്ല. ജനങ്ങളുടെ ഈ ചിന്തയുടെ വേരില്‍ പിടിച്ചാണ്‌ അരവിന്ദ്‌ കേജരിവാളും ആം ആദ്‌മിയും രൂപപ്പെട്ടത്‌.

ഇന്ത്യയുടെ ജനാധിപത്യ സമൂഹത്തെ നയിക്കുന്ന സിസ്റ്റം (ഭരണകൂടവും രാഷ്‌ട്രീയ പാര്‍ട്ടികളും കോടതിയും പോലീസിംങ്‌ ഏജന്‍സികളും മാധ്യമങ്ങളും പൊതു സമൂഹവും അടങ്ങുന്ന സിസ്റ്റം) എപ്പോഴും കൂടുതല്‍ ജനാധിപത്യത്തിലേക്ക്‌ സഞ്ചരിക്കുകയും കൂടതല്‍ പൗരസ്വാതന്ത്രവും അവകാശങ്ങളും പൗരന്‌ നല്‍കികൊണ്ടിരിക്കുകയുമാണ്‌ വേണ്ടത്‌. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ അങ്ങനെയല്ല ഉണ്ടാകുന്നത്‌. ആം ആദ്‌മിയുടെ ജനനത്തിന്‌ തൊട്ട്‌ മുമ്പുണ്ടായ വെളിപ്പെടുത്തല്‍ മഹാമഹത്തിലൂടെ കേജരിവാള്‍ സ്ഥാപിച്ചെടുത്തത്‌ അങ്ങനെയാണ്‌.

ആം ആദ്‌മി എന്ന പാര്‍ട്ടി കഴിഞ്ഞ നവംബര്‍ 26ന്‌ ജനിച്ചു കഴിഞ്ഞു. ജനിച്ചു ദിവസങ്ങളായ ഈ കുഞ്ഞ്‌ എങ്ങനെ വളരുമെന്ന്‌ ഇപ്പോള്‍ പറയാന്‍ കഴിയില്ല. പക്ഷെ ജനിക്കുമ്പോള്‍ ഈ പാര്‍ട്ടി മുമ്പോട്ടു വെക്കുന്ന നിലപാടുകള്‍ പൊതു സമൂഹത്തിന്‌ കുടുതല്‍ സ്വീകര്യമായി തോന്നും എന്ന്‌ വ്യക്തം.

അഴിമതിക്കെതിരെയും മന്ത്രിമന്ദിരത്തിലെ പ്രഭുജനവാഴ്‌ചക്കെതിരെയും സന്ധിയില്ലാ സമരം ചെയ്യുമെന്ന പ്രഖ്യാപനവും ജനങ്ങള്‍ക്ക്‌ മുമ്പില്‍ സാധാരണക്കാരുടെ ഭരണം കാഴ്‌ചവെക്കുമെന്നുമാണ്‌ അരവിന്ദ്‌ കേജരിവാളിന്റെ പ്രഖ്യാപിത നയം. അധികാരത്തിലെത്തിയാല്‍ 15 ദിവസത്തിനകം ജനലോക്‌ പാല്‍ ബില്ല്‌ അവതരിപ്പിക്കുമെന്നു പറയുന്ന കേജരിവാള്‍ തന്റെ പുതിയ പാര്‍ട്ടിക്ക്‌ ഇന്ത്യയിലെ മറ്റൊരു പാര്‍ട്ടിക്കുമില്ലാത്ത ഒരു ഘടകം കൂടി ഉറപ്പു വരുത്തിയിട്ടുണ്ട്‌. അത്‌ ആം ആദ്‌മി പാര്‍ട്ടിയിലെ നേതാക്കന്‍മാരെയും അവരില്‍ ആരെങ്കിലും ജനപ്രതിനിധികളായാല്‍ അവരെയും സൂക്ഷമായി നിരിക്ഷിക്കുന്ന ഒരു ആഭ്യന്തര ലോക്‌പാല്‍ സംവിധാനമാണ്‌. ഝാര്‍ഖണ്‌ഡ്‌ മുന്‍ ചീഫ്‌ ജസ്റ്റിസ്‌ ഭഗവതി പ്രസാദ്‌ ശര്‍മയും നാവിക സേന മുന്‍ ചീഫ്‌ അഡ്‌മിറല്‍ രാംദാസുമാണ്‌ ആംആദ്‌മിയുടെ ആഭ്യന്തര ലോക്‌പാലുമാര്‍. മാത്രമല്ല കേജരിവാളിന്റെ പാര്‍ട്ടി പ്രസിഡന്റ്‌, വൈസ്‌ പ്രസിഡന്റ്‌ ജനറല്‍ സെക്രട്ടറി, ഹൈക്കമാന്‍ഡ്‌ തുടങ്ങി പദവികളെല്ലാം നിരാകരിച്ചുകൊണ്ട്‌ തീര്‍ത്തും സുതാര്യമായ പിറവിയാണ്‌ നടത്തിയിരിക്കുന്നത്‌.

ഇന്ത്യന്‍ രാഷ്‌ട്രീയത്തെ ഞെട്ടിച്ചു കൊണ്ടാണ്‌ അരവിന്ദ്‌ കേജരിവാള്‍ തന്റെ രാഷ്‌ട്രീയ പാര്‍ട്ടിയുമായി കടന്നു വന്നത്‌. അണ്ണാ ഹസാരക്കൊപ്പം നാളുകള്‍ നീണ്ട അഴിമതി വിരുദ്ധ സമരം ഇനി രാഷ്‌ട്രീയ പാര്‍ട്ടിയായി മാറണം എന്ന കേജരിവാളിന്റെ താത്‌പര്യത്തിലാണ്‌ ഹാസരെയും കേജരിവാളും വഴിപിരിഞ്ഞത്‌. അണ്ണാഹസാരെയും കിരണ്‍ ബേദിയുമൊക്കെ ഇപ്പോഴും സമര ഗ്രൂപ്പായി മാത്രം നില്‍ക്കാന്‍ താത്‌പര്യപ്പെടുമ്പോള്‍ അരവിന്ദ്‌ കേജരിവാള്‍ പാര്‍ലമെന്ററി ജനാധിപത്യത്തിലേക്ക്‌ കടന്നു വരുകയാണ്‌. മുമ്പ്‌ നിരന്തരമായി സമരം നടത്തിയപ്പോള്‍ ചുണയുണ്ടെങ്കില്‍ നിങ്ങള്‍ പാര്‍ലമെന്ററി രാഷ്‌ട്രീയത്തിലേക്ക്‌ കടന്നു വരു എന്നൊക്കെ അരവിന്ദ്‌ കേജരിവാളിനെ വെല്ലുവിളിച്ചിട്ടുണ്ട്‌ മായവതിയെപ്പോലെയുള്ള രാഷ്‌ട്രീയക്കാര്‍. എന്തായാലും ഇപ്പോള്‍ അരവിന്ദ്‌ കേജരിവാള്‍ ആം ആദ്‌മിയുമായി എത്തിയിരിക്കുന്നു.

പക്ഷെ എന്തുകൊണ്ട്‌ ആം ആദ്‌മി എന്ന ചോദ്യത്തിന്‌ ഉത്തരം അരവിന്ദ്‌ കേജരിവാള്‍ ആം ആദ്‌മിയുടെ തുടക്കത്തിന്‌ മുമ്പേ തന്നെ വ്യക്തമാക്കി. അതൊരു കവല പ്രസംഗമായിരുന്നില്ല. മറിച്ച്‌ മുഖ്യ പ്രതിപക്ഷം പോലും ഒരുതരം ബഹുമാനത്തോടെ കാണുന്ന സോണിയാ ഗന്ധിക്കുടുംബത്തിന്റെ തലക്കിട്ട്‌ ആഞ്ഞടിച്ചു കൊണ്ടാണ്‌. റോബട്ട്‌ വാദ്രയെന്ന സോണിയാഗാന്ധിയുടെ മരുമകന്‌ റിയല്‍ എസ്റ്റേറ്റ്‌ വമ്പന്‍ ഡി.എല്‍.എഫിനോടുള്ള അവിശുദ്ധ ബന്ധങ്ങള്‍ കേജരിവാള്‍ പൊളിച്ചു കാട്ടി. കാലമേറെയായിട്ടും ആരും ചോദ്യം ചെയ്യാത്ത നെഹ്‌റു കുടുംബത്തിന്റെ രാജപദവിയെ ആദ്യമായി വലിച്ചു പുറത്തേക്കിട്ട കേജരിവാള്‍ ഒരു ഹീറോയായി മാറിയില്ലെങ്കിലേ അത്ഭുതമുള്ളു. തുടര്‍ന്ന്‌ ബി.ജെപി. അധ്യക്ഷന്‍ നിഥിന്‍ ഗഡ്‌കരിയെയും കേജരിവാള്‍ കുരുക്കി. പിന്നീട്‌ നിയമമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ്‌ വികലാംഗ ക്ഷേമ ട്രസ്റ്റ്‌ ഫണ്ടില്‍ തിരമറി നടത്തിയെന്ന ആരോപണം.

കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും തലപ്പത്ത്‌ അക്രമണം നടത്തുക വഴി പക്ഷപാത രഹിതമായ ഒരു ഇമേജ്‌ സൃഷ്‌ടിക്കാന്‍ കേജരിവാളിന്‌ കഴിഞ്ഞു. റോബട്ട്‌ വാദ്രയെന്ന കുട്ടിരാജാവാകട്ടെ ആദ്യമായി ഇത്തരമൊരു കളി നേരിട്ടതിന്റെ പകപ്പില്‍ ബാനാന പീപ്പിള്‍ എന്നൊക്കെ ജനത്തെ പരിഹസിച്ച്‌ കുടുതല്‍ വിരോധം വാങ്ങി വെച്ചു. അതോടെ സാധാരണ ജനങ്ങള്‍ക്കിടയില്‍ ആം ആദ്‌മിയെന്ന പാര്‍ട്ടി രൂപികരിക്കപ്പെട്ടപ്പോള്‍, ഇതിന്റെ ആവിശ്യമുണ്ടോ എന്ന ചോദ്യം തീര്‍ച്ചയായും ഉയര്‍ന്നിരിക്കാന്‍ ഇടയില്ല. കാരണം രാഷ്‌ട്രീയത്തിലെ പ്രഭുജനവാഴ്‌ചയെ പൊതുമാധ്യത്തില്‍ ചാട്ടവാറിനടിക്കാന്‍ അരവിന്ദ്‌ കേജരിവാളിന്‌ കഴിഞ്ഞു. അത്‌ ഒരിക്കലും നിസാരമല്ല. കോണ്‍ഗ്രസ്‌ പാര്‍ട്ടിയെയും പ്രതിപക്ഷത്തെയും ഒരുപോലെ വിരട്ടാന്‍ കഴിഞ്ഞത്‌ ഒരേയൊരു കേജരിവാളിനാണ്‌. അവിടെയാണ്‌ അദ്ദേഹത്തിന്റെ ശക്തി.

എന്തുകൊണ്ട്‌ കേജരിവാള്‍ എന്ന്‌ കുടുതല്‍ വ്യക്തമാകണമെങ്കില്‍ അശോക്‌ ഖേംകയെ കൂടി പരിചയപ്പെടണം. ഹരിയാനയില്‍ റോബര്‍ട്ട്‌ വാദ്രയും റിയല്‍ എസ്റ്റേറ്റ്‌ വമ്പന്‍ ഡി.എല്‍.എഫും തമ്മിലുള്ള അവിഹിത ബിസ്‌നസ്സ്‌ ബന്ധം വെളിപ്പെടുത്തിയ സിവില്‍ സര്‍വ്വീസ്‌ ഉദ്യോഗസ്ഥനാണ്‌ അശോക്‌ ഖേംക. ഹരിയാന രജസ്‌ട്രേഷന്‍ ആന്റ്‌ ലാന്റ്‌ കണ്‍സോളിഡേഷന്‍ വകുപ്പിന്റെ ചുമതലായിരുന്നു ഈ സിവില്‍ സര്‍വ്വീസ്‌ ഉദ്യോഗസ്ഥന്‌. വാദ്രയുടെ ഭൂമിയിടപാടുകള്‍ ഖേംക ഉത്തരവിട്ടു. തുടര്‍ന്ന്‌ അശോക്‌ ഖേംകയെ മണിക്കൂറുകള്‍ക്കുള്ളില്‍ സര്‍ക്കാര്‍ സ്ഥലം മാറ്റി. എന്നാല്‍ വാദ്രയുടെ ഭൂമി ഡിഎല്‍.എഫിന്‌ കൈമാറുന്ന അവകാശ രേഖ റദ്ദ്‌ ചെയ്യാന്‍ ഖേംകക്ക്‌ കഴിഞ്ഞു. പക്ഷെ 24 മണിക്കൂറിനുള്ളില്‍ സംസ്ഥാന സര്‍ക്കാര്‍ ഖേംകയുടെ ഉത്തരവ്‌ റദ്ദ്‌ ചെയ്‌തു. വാദ്രക്കെതിരെ അന്വേഷണം നടത്തിയതിന്‌ അശോക്‌ ഖേംകക്ക്‌ വധഭീഷിണിയുണ്ടാവുകയും സംരക്ഷത്തിനായി ഖേംക ഹരിയാന ചീഫ്‌ സെക്രട്ടറിക്ക്‌ അപേക്ഷ നല്‍കുകയും ചെയ്‌തു. ഇതും അവഗണിക്കപ്പെടുകയാണ്‌ ഉണ്ടായത്‌. 21 വര്‍ഷത്തിനിടയിലെ നാല്‌പത്തി മൂന്നാമത്‌ സ്ഥലം മാറ്റമായിരുന്നു അശോക്‌ ഖേംക എന്ന സിവില്‍ സര്‍വ്വീസ്‌ ഉദ്യോഗസ്ഥന്‌ നേരിടേണ്ടി വന്നത്‌ എന്നതാണ്‌ ചരിത്രം. എന്തുകൊണ്ട്‌ സത്യസന്ധനായ ഉദ്യോഗസ്ഥന്‍ രാഷ്‌ട്രീയക്കാരുടെ കണ്ണിലെ കരടാകുകയും വകുപ്പുകള്‍ തോറും തട്ടിക്കളിക്കപ്പെടുകയും ചെയ്യുന്നു. ഇവിടെ നടക്കുന്നതെല്ലാം രാഷ്‌ട്രീയക്കാരുടെയും അവരുടെ ആജ്ഞാനുവര്‍ത്തികളായി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥ വൃന്ദത്തിന്റെയും താല്‍പര്യത്തിലാണ്‌ എന്നതിന്റെ രക്ഷസാക്ഷിയാണ്‌ അശോക്‌ ഖേംക. പക്ഷെ സത്യസന്ധമായി ജനസേവനം നടത്തുന്ന അശോക്‌ ഖേംകയെ പോലെ ചിലരെങ്കിലും ഉള്ളതുകൊണ്ടാണ്‌ ഈ രാജ്യം ഇപ്പോഴും പ്രതീക്ഷകള്‍ നിലനിര്‍ത്തുന്നത്‌. ഇവിടെയാണ്‌ അരവിന്ദ്‌ കേജരിവാള്‍ ഉയര്‍ന്നു വരുന്നത്‌.

ആം ആദ്‌മിയുടെ ആദ്യത്തെ വരവ്‌ ഒരു ജനവിഭാഗത്തിന്‌ ഇഷ്‌ടപ്പെട്ടുവെന്നത്‌ തീര്‍ച്ച തന്നെയാണ്‌. ആം ആദ്‌മി പ്രവര്‍ത്തകരുടെ ഫോണ്‍ മെസേജുകള്‍ സ്ഥിരമായി സ്വീകരിക്കുന്ന രണ്ടു കോടി ജനങ്ങളാണ്‌ ഇന്ന്‌ ഇന്ത്യയിലുള്ളത്‌. കേജരിവാളിനുള്ള സ്വീകര്യതാണ്‌ ഇത്‌ സൂചിപ്പിക്കുന്നത്‌. ഈ ജനസമ്മതിയുള്ളതുകൊണ്ടാണ്‌ ഡല്‍ഹിയില്‍ നിലവില്‍ വന്ന വൈദ്യതി ചാര്‍ജ്ജ്‌ വര്‍ദ്ധനക്കെതിരെ സമരം ചെയ്‌ത്‌ പ്രഖ്യാപിച്ച ചാര്‍ജ്ജ്‌ വര്‍ദ്ധനവ്‌ പിന്‍വലിപ്പിക്കാന്‍ കേജരിവാളിന്‌ കഴിഞ്ഞത്‌. പക്ഷെ എത്രത്തോളം മുമ്പോട്ടു നീങ്ങാന്‍ ആം ആദ്‌മിക്ക്‌ കഴിയുമെന്നത്‌ ഇനി വരും നാളുകളില്‍ കണ്ടറിയണം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക