Image

വിവാഹാഭ്യര്‍ഥന നിരസിച്ച യുവതിയുടെ പിതാവിനെ കൊലപ്പെടുത്തിയ പ്രതി കുറ്റക്കാരനെന്ന് കോടതി

Published on 12 November, 2012
വിവാഹാഭ്യര്‍ഥന നിരസിച്ച യുവതിയുടെ പിതാവിനെ കൊലപ്പെടുത്തിയ പ്രതി കുറ്റക്കാരനെന്ന് കോടതി
മാവേലിക്കര: വിവാഹാഭ്യര്‍ഥന നിരസിച്ചതിനേതുടര്‍ന്ന് പിതാവിനോടൊപ്പം യാത്രചെയ്യുകയായിരുന്ന യുവതിയെ ആക്രമിക്കുകയും തടയുവാന്‍ ശ്രമിച്ച പിതാവിനെ കുത്തിക്കൊലപ്പെടുത്തുകയും ചെയ്തകേസിലെ പ്രതി ചെങ്ങന്നൂര്‍ പെണ്ണുക്കര മേലേക്കോളനിയില്‍ രാഹുല്‍വര്‍ഗീസി (24)നെ 302, 307, 341, 323 വകുപ്പുകള്‍ പ്രകാരം പ്രതി കുറ്റക്കാരനെന്ന് മാവേലിക്കര അഡീഷണല്‍ ആന്‍ഡ് സെക്ഷന്‍സ് കോടതി രണ്ട് ജഡ്ജി എ. ബദറുദീന്‍ ഉത്തരവായി. ശിക്ഷ 14ന് വിധിക്കും. 

കോടതി രാഹുലിനോട് അഭിപ്രായം ആരാഞ്ഞപ്പോള്‍ താന്‍ എന്‍ജിനീയര്‍ ഗ്രാജുവേറ്റാണെന്നും മറ്റ് കേസുകളില്‍ പ്രതിയല്ലെന്നും ആയതിനാല്‍ പരമാവധി ശിക്ഷ ഇളവുചെയ്ത് തരണമെന്നും കോടതിയോട് അപേക്ഷിച്ചു. എന്നാല്‍ പ്രോസിക്യൂഷന്‍ പരമാവധി ശിക്ഷ നല്കണമെന്നാണ് ആവശ്യപ്പെട്ടത്. 

2011 മാര്‍ച്ച് 22 നാണ് കേസിനാസ്പദമായ സംഭവം. ചെങ്ങന്നൂര്‍ കീഴ്‌ചേരിമേല്‍ അശോക് വിഹാറില്‍ അശോക് (50), മകള്‍ വര്‍ഷ (22) കോളജില്‍ കൊണ്ടുവിടുന്നതിനായി സ്‌കൂട്ടറില്‍ പോകവെ പ്രാവിന്‍കൂട് മഴുക്കീറില്‍ വച്ച് ബൈക്കിലെത്തിയ രാഹുല്‍ വര്‍ഗീസ് ബൈക്ക് സ്‌കൂട്ടറിലിടിച്ചശേഷം വര്‍ഷയെ സ്‌കൂട്ടറില്‍ നിന്നും വലിച്ച് താഴെയിട്ട് മര്‍ദിക്കുകയും ഇത് തടയാന്‍ ശ്രമിച്ച അശോകിനെ വടിവാള്‍ പോലുള്ള ആയുധമുപയോഗിച്ച് കുത്തുകയുമായിരുന്നു. കുത്തേറ്റുവീണ അശോകിനെ ഉടന്‍ തന്നെ തിരുവല്ലായിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിക്കുകയായിരുന്നു. 

സാരമായി പരിക്കേറ്റ വര്‍ഷ അയല്‍വീട്ടില്‍ ഓടിക്കയറി രക്ഷപ്പെട്ടുവെങ്കിലും ദീര്‍ഘനാള്‍ ചികിത്സയിലായിരുന്നു. കംപ്യൂട്ടര്‍ നന്നാക്കാന്‍ വീട്ടിലെത്തിയപ്പോഴുള്ള പരിചയത്തിന്റെ പേരില്‍ വര്‍ഷയും രാഹുലും നല്ല സുഹൃത്തുക്കളായി മാറിയെങ്കിലും വിവാഹാഭ്യര്‍ഥന നിരസിച്ചതാണ് കൊലപാതകത്തില്‍ കലാശിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡ്വ. രമണന്‍ പിള്ള കോടതയില്‍ ഹാജരായി.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക