Image

ഫാദര്‍ പീറ്റര്‍ പറപ്പുള്ളില്‍ ഝാന്‍സിയുടെ പുതിയ മെത്രാന്‍

Published on 02 November, 2012
ഫാദര്‍ പീറ്റര്‍ പറപ്പുള്ളില്‍ ഝാന്‍സിയുടെ പുതിയ മെത്രാന്‍
വത്തിക്കാന്‍ : ബനഡിക്ട് 16-ാമന്‍ പാപ്പ ഉത്തരപ്രദേശിലെ ഝാന്‍സി രൂപതയ്ക്ക് പുതിയ മെത്രാനെ നിയോഗിച്ചു. രൂപതയുടെ വികാരി ജനറലായി ഇപ്പോള്‍ സേവനം അനുഷ്ഠിക്കുന്ന ഫാദര്‍ പീറ്റര്‍ പറപ്പുള്ളിലിനെയാണ് പാപ്പാ പുതിയ മെത്രാനായി നിയോഗിച്ചത്. രൂപതാദ്ധ്യക്ഷന്‍, ബിഷപ്പ് ഫ്രെഡറിക്ക് ഡിസൂസ കനോനിക പ്രായപരിധിയിലെത്തി വിരമിച്ചതിനെ തുടര്‍ന്നാണ് വത്തിക്കാനില്‍നിന്നും പുതിയ നിയമനം ഉണ്ടായത്.

ഝാന്‍സി കത്തീദ്രല്‍ വികാരി, സെന്‍റ് ജൂഡ്സ് ദേശിയ തീര്‍ത്ഥാടന കേന്ദ്രത്തിന്‍റെ ഡയറക്ടര്‍, ക്രിസ്തു രാജ് കോളെജിന്‍റെ പ്രിന്‍സിപ്പാള്‍, രൂപതാ സാമൂഹ്യസേവന വിഭാഗത്തിന്‍റെ ഡയറക്ടര്‍, പ്രാദേശിക സഭയുടെ മാധ്യമ വിഭാഗം പ്രസിഡന്‍റ്, കാരിത്താസ് ഇന്ത്യ കേന്ദ്രസമിതി അംഗം, എന്നീ തസ്തികകള്‍ക്കു പുറമെ, രൂപതയിലെ വിവിധ ഇടവകകളിലും സേവനംചെയ്തിട്ടുള്ള ഫാദര്‍ പറപ്പിള്ളിയെയാണ് പാപ്പാ മെത്രാനായി നിയോഗിച്ചത്.

1954-ല്‍ സ്ഥാപിതമായി ഝാന്‍സി രൂപതയുടെ 6-ാമത്തെ ഭരണസാരഥിയായ നിയുക്ത മെത്രാന്‍, ഫാദര്‍ പീറ്റര്‍ പറപ്പുള്ളില്‍, 61 വയസ്സ്, കേരളത്തിലെ വരാപ്പുഴ അതിരൂപതാംഗവും, എറണാകുളം പാലാരിവട്ടം സെന്‍റ് ജോണ്‍ ബാപ്റ്റിസ്റ്റ് ഇടവകാംഗവുമാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക