Image

ചെന്നൈ തീരത്തടിഞ്ഞ കപ്പല്‍ ശരദ്‌ പവാറിന്റെതെന്ന്‌ ക്യാപ്‌റ്റന്‍

Published on 02 November, 2012
ചെന്നൈ തീരത്തടിഞ്ഞ  കപ്പല്‍ ശരദ്‌ പവാറിന്റെതെന്ന്‌ ക്യാപ്‌റ്റന്‍
ചെന്നെ: നീലംകൊടുങ്കാറ്റില്‍ പെട്ട്‌ ചെന്നൈ തീരത്ത്‌ മണല്‍ത്തിട്ടയില്‍ ഉറച്ച പ്രതിഭാകാവേരി എന്ന എണ്ണ ടാങ്കര്‍ കേന്ദ്ര കൃഷിമന്ത്രി ശരദ്‌ പവാറിന്റെ കുടുംബത്തിന്റെ ഉടമസ്‌ഥതയിലുളളതാണെന്ന്‌ വെളിപ്പെടുത്തല്‍. മുപ്പത്തിയൊന്ന്‌ വര്‍ഷത്തിലധികം പഴക്കമുളള കപ്പല്‍ കേന്ദ്ര ഷിപ്പിംഗ്‌ മന്ത്രാലയത്തിന്റെ മുന്നറിയിപ്പിനെ അവഗണിച്ചാണ്‌ സര്‍വീസ്‌ നടത്തിയിരുന്നതെന്നും സൂചന. 25 വര്‍ഷത്തിലധികം പഴക്കമുളള കപ്പലുകള്‍ക്ക്‌ സാധാരണഗതിയില്‍ സര്‍വീസ്‌ നടത്താനുളള അനുമതി നല്‍കാറില്ല.

കപ്പലിന്റെ ക്യാപ്‌റ്റന്‍ ഗോവ സ്വദേശി കാള്‍ ഫെര്‍ണാണ്ടസിനെ ചോദ്യം ചെയ്‌തതില്‍ നിന്നാണ്‌ പോലീസ്‌ കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചത്‌. പവാറിന്റെ അടുത്ത ബന്ധു സുനില്‍ പവാറിന്റെ പേരില്‍ രജിസ്‌റ്റര്‍ ചെയ്‌തതാണ്‌ കപ്പല്‍. കപ്പലിന്‌ ഇന്ധനക്കുറവുണ്ടായിരുന്നു. യന്ത്രത്തകരാറുണ്ടായിരുന്നു. കഴിഞ്ഞ ഒരു മാസമായി ഭക്ഷണത്തിനും വെളളത്തിനും ബുദ്ധിമുട്ടിയിരുന്നു എന്നും ക്യാപ്‌റ്റന്‍ പറഞ്ഞതായാണ്‌ റിപ്പോര്‍ട്ടുകള്‍.

സെപ്‌റ്റംബര്‍ 29 ന്‌ ചെന്നൈയിലെത്തിയ കപ്പല്‍ അനുമതി ലഭിക്കാത്തതിനേ തുടര്‍ന്ന്‌ പുറങ്കടലില്‍ നങ്കൂരമിട്ടിരിക്കുകയായിരുന്നു. നീലം കൊടുങ്കാറ്റ്‌ വീശിയടിച്ചതിനേ തുടര്‍ന്ന്‌ ഉള്‍ക്കടലിലേക്ക്‌ മാറ്റാനുളള ശ്രമത്തിനിടെയാണ്‌ കപ്പല്‍ തീരത്തടിഞ്ഞത്‌. കപ്പലില്‍ നിന്ന്‌ രക്ഷപെടാന്‍ ശ്രമിച്ച അഞ്ച്‌ ജീവനക്കാരെ കാണാതായിട്ടുണ്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക