Image

ഭാരതത്തിനുളള അംഗീകാരം: മാര്‍ ക്‌ളിമീസ്

Published on 31 October, 2012
ഭാരതത്തിനുളള അംഗീകാരം: മാര്‍ ക്‌ളിമീസ്
തിരുവനന്തപുരം: തനിക്ക് ലഭിച്ച കര്‍ദ്ദിനാള്‍ പദവി വ്യക്തിപരമായ അംഗീകാരമല്ലെന്നും ഭാരതത്തിന്റെ ചിരപുരാതനമായ സംസ്‌കാരത്തിനുളള അംഗീകാരമാണെന്നും നിയുക്ത കര്‍ദ്ദിനാള്‍ ബസേലിയോസ് മാര്‍ ക്‌ളിമീസ് പറഞ്ഞു. കര്‍ദ്ദിനാളായി നിയമിക്കപ്പെട്ടതിനെ തുടര്‍ന്ന് പട്ടം കത്തീഡ്രലില്‍ നടന്ന സ്വീകരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ലോക ജനതയില്‍ 60 ശതമാനവും ജീവിക്കുന്നത് ഏഷ്യയിലാണ്. ഈ പ്രത്യേകത കൂടി മനസ്സിലാക്കിയാണ് നിയമനം. പുരാതനമായ നമ്മുടെ മണ്ണ് ലോകത്തിന് വെളിച്ചമാണ് പകര്‍ന്നത്. ഹിന്ദുക്കളും മുസ്‌ളീങ്ങളും ക്രിസ്ത്യാനികളും ഇവിടെ സൗഹാര്‍ദ്ദത്തോടെയാണ് ജീവിക്കുന്നത്. ഈ ബന്ധങ്ങള്‍ പവിത്രമാണ്. അതിനെ ശക്തിപ്പെടുത്തുകയാണ് വേണ്ടത്. അതിനെ പുനരാവിഷ്‌കരിക്കുകയും നിലനിര്‍ത്തുകയും വേണം. കുഷ്ഠ രോഗിയിലും പരിശുദ്ധ കുര്‍ബാനയിലും ഒരേ യേശുവിനെ കണ്ട മദര്‍ തെരേസയെ എന്റെ അമ്മ എന്നാണ് കമ്യൂണിസ്റ്റ് നേതാവായ ജ്യോതി ബാസു വിശേഷിപ്പിച്ചത്. അതാണ് നമമുടെ നാടിന്റെ മഹത്വം. തനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നതോടൊപ്പം നാടിനെ മറക്കാതിരിക്കുക. നാടിന് കൂടുതല്‍ നന്മയുണ്ടാവണം. അതിനെ കൂടുതല്‍ ഊഷ്മളമാക്കണം. പിതാവ് എന്തെങ്കിലും അബദ്ധം പറഞ്ഞിട്ടുണ്ടെങ്കില്‍ ദൈവം ക്ഷമിക്കട്ടെ എന്നാണ് താന്‍ പോപ്പ് ആവാന്‍ സാദ്ധ്യതയുണ്ടെന്ന സൂസപാക്യത്തിന്റെ അഭിപ്രായത്തോട് അദ്ദേഹം പ്രതികരിച്ചത്. പ്രായം കുറഞ്ഞതിനാല്‍ ക്‌ളിമീസിന് പോപ്പ് ആവാന്‍ കഴിയുമെന്ന് തന്റെ ആശംസാ പ്രസംഗത്തില്‍ സൂസപാക്യം പറഞ്ഞിരുന്നു.

കര്‍ദ്ദിനാള്‍ പദവി കൂടി ലഭിച്ചതോടെ മലങ്കര സഭയ്ക്ക് ഐക്യത്തിന് മുന്നിലുളള തടസ്സങ്ങളെല്ലാം നീങ്ങിയെന്ന് ആശംസാ പ്രസംഗം നടത്തിയ ലത്തീന്‍ ആര്‍ച്ച് ബിഷപ്പ് സൂസപാക്യം പറഞ്ഞു. താന്‍ നിയുക്ത കര്‍ദ്ദിനാളിനെ അഭിനന്ദിക്കാനാണ് വന്നതെങ്കിലും അനുമോദനങ്ങള്‍ കിട്ടിയത് തനിക്കാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ജന്മദിനത്തില്‍ കര്‍ദ്ദിനാള്‍ തനിക്ക് ആശംസകള്‍ നല്‍കിയതിനെ പരാമര്‍ശിക്കുകയായിരന്നു മുഖ്യമന്ത്രി. കര്‍ദ്ദിനാള്‍ പദവി നാടിന് ലഭിച്ച വലിയ അംഗീകാരമാണെന്ന് അദ്ദേഹം പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക