Image

മോഡി സ്ത്രീകളെ ബഹുമാനിക്കാന്‍ പഠിക്കണം: സുനന്ദ പുഷ്‌കകര്‍

Published on 31 October, 2012
മോഡി സ്ത്രീകളെ ബഹുമാനിക്കാന്‍ പഠിക്കണം: സുനന്ദ പുഷ്‌കകര്‍
ന്യൂഡല്‍ഹി: സ്ത്രീകളെ ബഹുമാനിക്കാന്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി പഠിക്കണമെന്ന് കേന്ദ്ര സഹമന്ത്രി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കര്‍ പറഞ്ഞു. താന്‍ ശശി തരൂരിന്റെ 50 കോടിയുടെ കാമുകിയാണെന്ന മോഡിയുടെ അഭിപ്രായത്തോട് ആദ്യമായി പ്രതികരിക്കുകയായിരുന്നു സുനന്ദ. 

എന്നെ കുറിച്ച് മോഡി നടത്തിയ പരാമര്‍ശം അപലപനീയമാണ്. എന്നെ കുറിച്ച് മോഡി പറഞ്ഞ വാചകങ്ങള്‍ സ്ത്രീകളെ ബഹുമാനിക്കുന്ന ഇന്ത്യയ്ക്ക് തന്നെ അപമാനകരമാണ്. സ്ത്രീകളെ ബഹുമാനിക്കാന്‍ പഠിക്കുകയാണ് മോഡി ആദ്യം ചെയ്യേണ്ടത് ഒരു ദേശീയ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സുനന്ദ പറഞ്ഞു. 

എല്ലാ പുരുഷന്മാരും ജന്മമെടുത്തത് അമ്മയുടെ ഗര്‍ഭപാത്രത്തില്‍ നിന്നാണെന്ന കാര്യം മറക്കരുതെന്നും സുനന്ദ പറഞ്ഞു. ഇന്ത്യയില്‍ സ്ത്രീകള്‍ ധാരാളം ഉയര്‍ന്ന സ്ഥാനങ്ങള്‍ വഹിക്കുന്നുണ്ട്. യു.പി.എ അദ്ധ്യക്ഷ സോണിയാ ഗാന്ധി,? സ്പീക്കര്‍ മീരാ കുമാര്‍,? എന്തിന് ലോക്‌സഭാ പ്രതിപക്ഷ നേതാവും ബി.ജെ.പി നേതാവുമായ സുഷമാ സ്വരാജ് തുടങ്ങിയവരും സ്ത്രീകളാണ്. അങ്ങനെയൊരു രാജ്യത്ത് സ്ത്രീകളെ അവഹേളിക്കുന്ന പരാമര്‍ശം ശരിയായില്ലെന്നും സുനന്ദ ചൂണ്ടിക്കാട്ടി. 

മാപ്പു പറയാന്‍ മോഡിയോട് ആവശ്യപ്പെടുമോയെന്ന ചോദ്യത്തിന് താന്‍ മാപ്പ് പ്രതീക്ഷിക്കുന്നില്ലെന്നായിരുന്നു സുനന്ദയുടെ മറുപടി. ഗുജറാത്തില്‍ നടന്ന കൂട്ട മനുഷ്യക്കുരുതിക്ക് മാപ്പ് ചോദിക്കാന്‍ മടി കാണിച്ച ഒരാള്‍ തന്നോട് മാപ്പു ചോദിക്കുമെന്ന് കരുതുന്നുണ്ടോയെന്നും സുനന്ദ ചോദിച്ചു. 

ശശി തരൂരിനെ 'പ്രണയകാര്യ മന്ത്രി' ആക്കണമെന്ന പാര്‍ട്ടി വക്താവ് മുഖ്താര്‍ അബ്ബാസ് നാഖ്‌വിയുടെ അഭിപ്രായത്തോട് സുനന്ദ പ്രതികരിച്ചത് ഇങ്ങനെ: ഏതെങ്കിലും പാര്‍ട്ടി അത്തരമൊരു തീരുമാനം എടുത്താല്‍ അത് പിന്തുടരാന്‍ നേതാക്കള്‍ ബാദ്ധ്യസ്ഥരാണ്.  

തിരുവനന്തപുരത്ത് തരൂരിന് സ്വീകരണം നല്‍കിയപ്പോള്‍ തനിക്കു നേരെ അപമര്യാദയായി പെരുമാറിയ യുവാവിനെ അടിച്ചുവെന്ന വാര്‍ത്തകളും സുനന്ദ നിഷേധിച്ചു. ധാരാളം പ്രവര്‍ത്തകര്‍ സ്വീകരണത്തിനായി എത്തിയിരുന്നു. ആ അവസരം മുതലെടുക്കാന്‍ ആരെങ്കിലും ശ്രമിച്ചുണ്ടാകാം. അതേസമയം തനിക്കു പറ്റിയ തെറ്റ് അംഗീകരിക്കാന്‍ ആ പത്തൊന്പതുകാരന്‍ തയ്യാറായത് വലിയ കാര്യമാണ്. ആ യുവാവിന്റെ കുടുംബം തന്നോട് മാപ്പു പറഞ്ഞതായും സുനന്ദ വെളിപ്പെടുത്തി. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക