Image

സാന്‍ഡി ചുഴലിക്കാറ്റ്: മരണം 50 കവിഞ്ഞു; മത്സരം കടുക്കുന്നു; ഒബാമയും റോംനിയും ദുരന്തബാധിത മേഖലകളില്‍

Published on 31 October, 2012
സാന്‍ഡി ചുഴലിക്കാറ്റ്: മരണം 50 കവിഞ്ഞു; മത്സരം കടുക്കുന്നു; ഒബാമയും റോംനിയും ദുരന്തബാധിത മേഖലകളില്‍
ന്യൂയോര്‍ക്ക്: അമേരിക്കയെ ദുരിതത്തിലാഴ്ത്തി രാജ്യത്തിന്റെ കിഴക്കന്‍ തീരത്ത് മണിക്കൂറില്‍ 145 കിലോമീറ്റര്‍ വേഗത്തില്‍ ആഞ്ഞടിച്ച സാന്‍ഡി ചുഴലിക്കാറ്റില്‍ മരിച്ചവരുടെ എണ്ണം 50 കവിഞ്ഞു.ന്യൂയോര്‍ക്കില്‍ മാത്രം 23 പേര്‍ മരിച്ചതായി ന്യൂയോര്‍ക്ക് സിറ്റി മേയര്‍ മൈക്കിള്‍ ബ്ലൂംബെര്‍ഗ് അറിയിച്ചു. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യതയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ന്യൂജേഴ്‌സിയില്‍ കാറിനു മുകളിലേക്കു മരം വീണുണ്ടായ അപകടത്തില്‍ ഭാര്യയും ഭര്‍ത്താവും അടക്കം മൂന്നു പേര്‍ മരിച്ചു. കണക്റ്റിക്കട്ടില്‍ രക്ഷാ പ്രവര്‍ത്തനത്തിനിടെ ഒരു ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ മരിച്ച തായി ഗവര്‍ണര്‍ ഡാന്‍ മലോയ് അറിയിച്ചു. രാജ്യത്തിന്റെ കിഴക്കന്‍ തീരത്തു മണിക്കൂറില്‍ 145 കിലോമീറ്റര്‍ വേഗത്തില്‍ ആഞ്ഞടിച്ച കാറ്റിലും ഒപ്പമെത്തിയ കനത്ത മഴയിലും 2000 കോടി ഡോളറിന്റെ നാശനഷ്ടമുണ്ടായതായാണ് പ്രാഥമിക നിഗമനം.

ന്യൂയോര്‍ക്ക്, ന്യൂജഴ്‌സി, മേരിലാന്‍ഡ്, നോര്‍ത്ത് കാരലീന, വെസ്റ്റ് വെര്‍ജീനിയ, പെനിസില്‍വേനിയ, കണക്ടികട്ട് സംസ്ഥാനങ്ങളിലാണു കാറ്റ് ഏറ്റവുമധികം നാശം വിതച്ചത്. യുഎസിലെ ഏറ്റവും ജനസാന്ദ്രതയുള്ള മേഖലയില്‍ പലയിടങ്ങളിലും വീടുകളും മരങ്ങളും നിലംപൊത്തി. ക്യൂന്‍സ് മേഖലയിലെ ദ്വീപില്‍ 100 വീടുകള്‍ വൈദ്യുതി ലൈനില്‍ നിന്നുണ്ടായ തീയില്‍പ്പെട്ടു കത്തിനശിച്ചു. റോഡുകളില്‍ മീറ്ററുകളോളം വെള്ളം ഉയര്‍ന്നു. വാഹനങ്ങള്‍ ഒലിച്ചുപോയി. 82 ലക്ഷത്തിലേറെ വീടുകളില്‍ വൈദ്യുതി മുടങ്ങി. രണ്ടു ദിവസങ്ങളിലായി പതിനാറായിരത്തിലധികം വിമാന സര്‍വീസുകള്‍ റദ്ദാക്കി. ന്യൂയോര്‍ക്കിലെ മെട്രോ അടക്കം ഭൂമിക്കടിയിലൂടെയുള്ള ഗതാഗതം നാലുദിവസം കൂടിയെങ്കിലും അസാധ്യമായിരിക്കും. രണ്ടാം ദിവസവും ന്യൂയോര്‍ക്ക് സ്റ്റോക്ക് എക്‌സ്‌ചേഞ്ചും കമ്പോളങ്ങളും സര്‍ക്കാര്‍ സ്ഥാപനങ്ങളും വിദ്യാലയങ്ങളും അടഞ്ഞുകിടന്നു. 108 വര്‍ഷത്തെ ചരിത്രത്തിലെ ഏറ്റവും കടുത്ത വെല്ലുവിളിയാണു ന്യൂയോര്‍ക്കിലെ ഗതാഗത രംഗം നേരിടുന്നതെന്നു മെട്രോപോലിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ അഥോറിറ്റി തലവന്‍ പറയുന്നു. തുരങ്കങ്ങളിലെ വെള്ളം വറ്റിക്കാന്‍ നാലുദിവസം വേണ്ടിവരും.

ചുഴലിക്കൊടുങ്കാറ്റിന്റെ താണ്ഡവത്തില്‍ അമേരിക്കയിലെ ആണവനിലയങ്ങളും സുരക്ഷാ ഭീഷണിയിലായി. മൂന്നു നിലയങ്ങളുടെ പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തിവച്ചു. നാലാമത്തെ നിലയത്തിന്റെ കാര്യത്തില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ആണവോര്‍ജ വിതരണ ശൃംഖലയിലും ശീതീകരണ സംവിധാനത്തിലും കൊടുങ്കാറ്റ് നാശനഷ്ടം വിതച്ചതാണ് നിലയങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ പ്രേരിപ്പിച്ചത്. ന്യൂയോര്‍ക്കിലും ന്യൂജേഴ്‌സി യിലും സംഭവിച്ചതു വലിയ ദുരന്തമാണെന്നു പ്രഖ്യാപിച്ച പ്രസിഡന്റ് അവിടേക്ക് അടിയന്തര ധനസഹായം പ്രഖ്യാപിച്ചു. എതിര്‍സ്ഥാനാര്‍ഥി മിറ്റ് റോംനിയും പ്രചാരണ പരിപാടികള്‍ റദ്ദാക്കിയിട്ടുണ്ട്.
(read George Thumpayil's first person account below)

മത്സരം കടുക്കുന്നു; ഒബാമയും റോംനിയും ഇന്ന് ദുരന്തബാധിത മേഖലകളില്‍

ന്യൂയോര്‍ക്ക്: പ്രസിഡന്റ് ബറാക് ഒബാമയും പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റിപ്പബ്‌ളിക്കന്‍ സ്ഥാനാര്‍ഥി മിറ്റ് റോംനിയും ഇന്ന് സാന്‍ഡി കൊടുങ്കാറ്റ് നാശം വിതച്ച ദുരന്തബാധിത മേഖലകള്‍ സന്ദര്‍ശിക്കും. കൊടുങ്കാറ്റിനെത്തുടര്‍ന്ന് ഇരുവരും പ്രചാരണ പരിപാടികള്‍ക്ക് താല്‍ക്കാലിക അവധി നല്‍കിയിട്ടുണെ്ടങ്കിലും അനൗദ്യോഗിക പ്രചാരണത്തിന്റെ ഭാഗമായിതന്നെയാണ് ഇരുവരുടെയും സന്ദര്‍ശനത്തെ രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ഒരാഴ്ച മാത്രം ബാക്കിയിരിക്കെ ദുരന്തത്തെ നല്ലൊരു പ്രചാരണ ആയുധമായിതന്നെയാണ് ഇരുപക്ഷവും കാണുന്നത്. ദുരന്ത നിവാരണത്തില്‍ സംഭവിച്ചേക്കാവുന്ന ചെറിയ വീഴ്ചകള്‍ക്കുപോലും പ്രസിഡന്റ് ഒബാമ കനത്ത വില നല്‍കേണ്ടിവരുമെന്നാണ് വിലയിരുത്തല്‍. റിപ്പബ്‌ളിക്കന്‍ പാര്‍ട്ടി ഭരിക്കുന്ന ന്യൂജേഴ്‌സിയിലേക്കാണ് പ്രസിഡന്റിന്റെ ബുധനാഴ്ചത്ത സന്ദര്‍ശനം. ദുരന്തം കൈകാര്യം ചെയ്ത രീതിയെ ന്യൂജേഴ്‌സിയിലെ റിപ്പബ്‌ളിക്കന്‍ ഗവര്‍ണര്‍ ക്രിസ് ക്രിസ്റ്റി അഭിനന്ദിച്ചിരുന്നു. പ്രസിഡന്റിന്റെ അധികാരമുപയോഗിച്ച് ദുരന്തബാധിത മേഖലകള്‍ക്ക് വന്‍ സഹായങ്ങള്‍ വാഗ്ദാനം ചെയ്ത് ഒബാമ വാര്‍ത്തകളില്‍ നിറയുകയും ചെയ്തത് റോംനി ക്യാമ്പിന് ക്ഷീണമാണ്. 

സാന്‍ഡിയുടെ ബഹിരാകാശ കാഴ്ച അനിര്‍വചനീയമെന്ന് സുനിത വില്യംസ്

വാഷിംഗ്ടണ്‍: യുഎസിനെ വിറപ്പിച്ച സാന്‍ഡി ചുഴലിക്കൊടുങ്കാറ്റിന്റെ ബഹിരാകാശ കാഴ്ച അനിര്‍വചനീയമെന്ന് ഇന്ത്യന്‍ വംശജയായ ബഹിരാകാശ ശാസ്ത്രജ്ഞ സുനിത വില്യംസ്. റെക്കോര്‍ഡ് തിരുത്തി വ്യാഴാഴ്ച അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് മറ്റൊരു ബരികാശ നടത്തത്തിനൊരുങ്ങവെയാണ് സുനിത സാന്‍ഡിയുടെ ബഹിരാകാശ വിശേഷങ്ങള്‍ പങ്കുവെച്ചത്. സാന്‍ഡിയുടെ കൂട്ടുപിടിച്ച് കനത്ത മേഘപടലങ്ങള്‍ ഷിക്കാഗോയിലേക്ക് നീങ്ങുന്ന കാഴ്ച അപാരമായിരുന്നു. അതിനുതാഴെ ഭൂമിയുള്ളവര്‍ക്ക് ആപത്തൊന്നുമില്ലെന്ന് വിശ്വസിക്കുന്നു-സുനിത പറഞ്ഞു. ബഹിരാകാശ നിലയത്തിലെ അമോണിയ കൂള്‍ എന്‍ഡിലുണ്ടായ നേരിയ ചോര്‍ച്ച പരിഹരിക്കുന്നതിനായാണ് സുനിതയും സംഘവും നാളെ ബഹിരാകാശ നടത്തത്തിന് ഒരുങ്ങുന്നത്.

നിര്‍ണായ സംസ്ഥാനങ്ങളില്‍ ഒബാമക്ക് നേരിയ ലീഡ്

വാഷിഗ്ടണ്‍: പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ഒരാഴ്ച മാത്രം ബാക്കിയിരിക്കെ നിര്‍ണായക സംസ്ഥാനങ്ങളില്‍ റിപ്പബ്‌ളിക്കന്‍ സ്ഥാനാര്‍ഥി മിറ്റ് റോംനിക്കുമേല്‍ പ്രസിഡന്റ് ബറാക് ഒബാമ നേരിയ ലീഡ് നിലനിര്‍ത്തുന്നുവെന്ന് സര്‍വെ. ഒഹായോയില്‍ ഒബാമയെ 50 ശതമാനം പേര്‍ പിന്തുണക്കുമ്പോള്‍ റോംനിക്ക് 45 ശതമാനം പേരുടെ പിന്തുണയാണുള്ളത്. എന്നാല്‍ ഫ്‌ളോറിഡ, വെര്‍ജീനീയ സംസ്ഥാനങ്ങളില്‍ റോംനി നില മെച്ചപ്പെടുത്തിയെന്നും ക്വിന്നിപിക് യൂണിവേഴ്‌സിറ്റി, സിബിഎസ് ന്യൂസ്, ന്യൂയോര്‍ക്ക് ടൈംസ് എന്നിവര്‍ സംയുക്തമായി നടത്തിയ സര്‍വെ വ്യക്തമാക്കുന്നു. ഫ്‌ളോറിഡയില്‍ ഒബാമക്ക് 48 ശതമാനവും റോംനിക്ക് 47 ശതമാനവും പിന്തുണയാണുള്ളത്. സെപ്റ്റംബറില്‍ റോംനിക്ക് മേല്‍ ഒബാമക്ക് എട്ടു പോയിന്റ് ലീഡ് ഉണ്ടായിരുന്ന സ്ഥാനത്താണിത്. വെര്‍ജീനിയയിലാകട്ടെ ഒബാമക്ക് 49 ശതമാനും റോംനിക്ക് 47 ശതമാനം പേരുടെയും പിന്തുണയാണുള്ളത്. ഒക്‌ടോബറില്‍ ഇവിടെ റോംനിക്കുമേല്‍ ഒബാമക്ക് അഞ്ചു പോയിന്റിന്റെ ലീഡുണ്ടായിരുന്നു. സാന്‍ഡിയുടെ പ്രഭാവം ആരംഭിക്കുന്നതിന് മുമ്പ് ഒക്‌ടോബര്‍ 23നും 28നും ഇടയിലാണ് സര്‍വെ നടത്തിയത്.

സ്റ്റീവ് ജോബ്‌സിന്റെ പേരിലുള്ള ഉല്ലാസ നൗക നീറ്റിലിറക്കി

കാലിഫോര്‍ണിയ: കഴിഞ്ഞ വര്‍ഷം അന്തരിച്ച ആപ്പിള്‍ സ്ഥാപകന്‍ സ്റ്റീവ് ജോബ്‌സിന്റെ പേരിലുള്ള ഉല്ലാസ നൗക നെതര്‍ലന്‍ഡ്‌സില്‍ നീറ്റിലിറക്കി.ജോബ്‌സിന്റെ ഒന്നാം ചരമവാര്‍ഷികത്തോടനുബന്ധിച്ചാണ് ഫ്രഞ്ച് ഡിസൈനര്‍ ഫിലിപ്പ് സ്റ്റാര്‍ക്ക് രൂപകല്‍പന ചെയ്ത ഉല്ലാസ നൗക നീറ്റിലിറക്കിയത്. ജോബ്‌സില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ആപ്പിള്‍ സ്റ്റോറിന്റെ മാതൃകയിലാണ് നൗക രൂപകല്‍പന ചെയ്തിരിക്കുന്നത്. വെള്ളവരകളില്‍ പോളിഷ് ചെയ്ത മെറ്റല്‍ ഗ്ലാസില്‍ തീര്‍ത്ത നൗക രഹസ്യാത്മകത നിലനിര്‍ത്തുന്നതിലും ഉന്നത നിലവാരം പുലര്‍ത്തുന്നു.
Photo: a shark at the backyard of a New Jersey home
സാന്‍ഡി ചുഴലിക്കാറ്റ്: മരണം 50 കവിഞ്ഞു; മത്സരം കടുക്കുന്നു; ഒബാമയും റോംനിയും ദുരന്തബാധിത മേഖലകളില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക