Image

കൊച്ചി മെട്രോ: ടോം ജോസിനെതിരേ കൂടുതല്‍ തെളിവുകളുമായി പി. രാജീവ് എംപി

Published on 31 October, 2012
കൊച്ചി മെട്രോ: ടോം ജോസിനെതിരേ കൂടുതല്‍ തെളിവുകളുമായി പി. രാജീവ് എംപി
കൊച്ചി: കൊച്ചി മെട്രോ റെയില്‍ പദ്ധതി അട്ടിമറിച്ചതിന് കൊച്ചി മെട്രോ(കെഎംആര്‍എല്‍) മുന്‍ എംഡി ടോം ജോസിനെതിരേ കൂടുതല്‍ തെളിവുകളുമായി പി. രാജീവ് എംപി രംഗത്തെത്തി. ഡല്‍ഹി മെട്രോ (ഡിഎംആര്‍സി)പദ്ധതി ഡയറക്ടര്‍ക്ക് കഴിഞ്ഞ ഓഗസ്റ്റില്‍ കെഎംആര്‍എല്‍ എംഡി എന്ന നിലയില്‍ ടോം ജോസ് അയച്ച കത്ത് പി. രാജീവ് പുറത്തുവിട്ടു. 

ധാരണാപത്രം ഒപ്പിടാതെ ടെന്‍ഡര്‍ നടപടികളുമായി മുന്നോട്ടുപോകരുതെന്നാണ് ടോം ജോസ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കെഎംആര്‍എല്‍ എംഡി സ്ഥാനത്തുനിന്നും സര്‍ക്കാര്‍ മാറ്റുന്നതിന് തൊട്ടുമുന്‍പായിരുന്നു ടോം ജോസ് കത്തയച്ചതെന്നും പി. രാജീവ് പറഞ്ഞു. നേരത്തെ ഇ. ശ്രീധരന്റെ അധികാരങ്ങള്‍ വിശദമാക്കണമെന്ന് ആവശ്യപ്പെട്ട് ടോം ജോസ് അയച്ച കത്ത് പി. രാജീവ് പുറത്തുവിട്ടിരുന്നു. ഈ കത്തിനെക്കുറിച്ച് ടോം ജോസിനോട് വിശദീകരണം തേടാനും സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിനു പിന്നാലെയാണ് വിവാദമാകാനിടയുള്ള മറ്റൊരു കത്തു കൂടി പി. രാജീവ് പുറത്തുവിട്ടിരിക്കുന്നത്. 

ഡിഎംആര്‍സി നിശ്ചയിച്ച ചില സ്റ്റേഷനുകള്‍ മാറ്റണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എത്ര സൂക്ഷ്മതയോടെയാണ് പദ്ധതി അട്ടിമറിച്ചതെന്നതിന് തെളിവാണിതെന്ന് പി. രാജീവ് പറഞ്ഞു. സര്‍ക്കാരും മുഖ്യമന്ത്രിയും ഇപ്പോള്‍ മെട്രോയ്ക്കായി നടത്തുന്ന ശ്രമങ്ങള്‍ വിശ്വാസയോഗ്യമല്ലെന്നും അദ്ദേഹം ആരോപിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക