Image

പണമില്ലാതെ വിജയ് മല്ല്യ നട്ടംതിരയുന്നു, മകന്‍ പെണ്ണുങ്ങള്‍ക്ക് പിന്നാലെ

Published on 22 October, 2012
പണമില്ലാതെ വിജയ് മല്ല്യ നട്ടംതിരയുന്നു, മകന്‍ പെണ്ണുങ്ങള്‍ക്ക് പിന്നാലെ
ബാഗ്ലൂര്‍:  കടത്തില്‍ നിന്ന് കടത്തിലേക്ക് കൂപ്പുകുത്തുകയാണ് കിങ്ഫിഷര്‍ കമ്പനി. നഷ്ടത്തിലേക്ക് കൂപ്പുകുത്തിയ കിങ്ഫിഷര്‍ എയര്‍ലൈന്‍സ് ഓര്‍മയാവുന്ന അവസ്ഥിലെത്തിയിരിക്കുന്നു കാര്യങ്ങള്‍. കിട്ടാവുന്നിടത്തുനിന്നൊക്കെ പണം സമാഹരിക്കാനുളള നെട്ടോട്ടത്തിലാണ് ഉടന വിജയ് മല്യ. അതേസമയം, ഇതൊന്നും ജൂനിയര്‍ മല്യയെ ബാധിച്ചിട്ടില്ല. 

കമ്പനി തകര്‍ച്ചയുടെ നെല്ലിപ്പടി കണ്ട അവസ്ഥയിലും സുന്ദരികളായ പെണ്ണുങ്ങളെ തപ്പിനടക്കുകയാണ് മകന്‍ സിദ്ധാര്‍ഥ്. കിങ്ഫിഷറിന്റെ 2013ലെ കലണ്ടറിലേക്കുള്ള മോഡലുകളെ തേടുന്ന തിരക്കിലാണ് താനെന്ന് സിദ്ധാര്‍ഥ് തന്നെ ട്വിറ്ററിലൂടെ അറിയിച്ചിരിക്കുകയാണ്. കമ്പനിയുടെ ലൈസന്‍സ് വെള്ളിയാഴ്ച വ്യോമയാന വകുപ്പ് റദ്ദാക്കിയിരുന്നു. ഇതേ ദിവസം തന്നെ സിദ്ധാര്‍ഥ് 2013ലെ കിങ്ഫിഷര്‍ കലണ്ടറിന്റെ പ്രമോ നോക്കി അഭിപ്രായം പറയാന്‍ ട്വിറ്ററിലൂടെ തന്റെ ഫോളോവേഴ്‌സിനോട് ആവശ്യപ്പെട്ടിരിക്കുന്നു. 

കമ്പനിയിലെ പ്രശ്‌നങ്ങളെ കുറിച്ചൊന്നും മല്യയുടെ മകന്‍ ഒരിക്കലും ബോധവാനായിരുന്നില്ലെന്ന് കുറ്റപ്പെടുത്തുന്നവര്‍ തെളിവായി നിരത്തുന്നത് സിദ്ദാര്‍ഥിന്റെ ചില ട്വീറ്റുകളാണ്. കമ്പനിയില്‍ പ്രതിസന്ധി രൂക്ഷമായ സെപ്റ്റംംബര്‍ മാസത്തിന്റെ അവസാനവും ഒക്ടോബര്‍ ഒന്നിനും താന്‍ ബിക്കിനിയണിഞ്ഞ മോഡലുകള്‍ക്കൊപ്പം വോളിബോള്‍ കളിച്ചതിനെ കുറിച്ചാണ് മല്യയുടെ മകന്‍ ട്വിറ്ററില്‍ വിവരിച്ചിരിക്കുന്നത്. അതേസമയം വാര്‍ത്താ ചാനലുകള്‍ക്കും തൊഴിലാളികള്‍ക്കുമൊന്നും പിടികൊടുക്കാതെ മുങ്ങി നടക്കുന്ന മല്യ ഇപ്പോള്‍ ലണ്ടനില്‍ ഒളിച്ചുതാമസിക്കുകയാണെന്നും റിപ്പോര്‍ട്ടുണ്ട്. 

അടുത്ത ആഴ്ചയില്‍ ഇന്ത്യയിലെ ഗ്രേറ്റര്‍ നോയിഡയില്‍ നടക്കുന്ന ഫോര്‍മുലാ വണ്‍ ഗ്രാന്‍ഡ് പ്രീ മത്സരം കാണാന്‍ മല്യ എത്തുമെന്നാണ് കരുതുന്നത്.  മല്യ എത്തുകയാണെങ്കില്‍ പ്രക്ഷോഭ പരിപാടികളുമായി രംഗത്തെത്താനാണ് കിങ്ഫിഷറിലെ ജീവനക്കാരുടെ തീരുമാനം. ഫോര്‍മുലാ വണ്‍ ഗ്രാന്‍ഡ് പ്രീയില്‍ മല്യയുടെ കൂടെ ഉടമസ്ഥതയിലുള്ള ഫോഴ്‌സ് ഇന്ത്യ  പങ്കെടുക്കുന്നുണ്ട്. കഴിഞ്ഞവര്‍ഷമാണ് ഫോഴ്‌സ് ഇന്ത്യയിലെ ഷെയറുകള്‍ സാമ്പത്തിക പ്രതിസന്ധി മൂലം മല്യ മറ്റൊരു ഇന്ത്യന്‍ കമ്പനിയായ സഹാറയ്ക്ക് വിറ്റത്. ഇപ്പോള്‍ ടീം സഹാറ ഫോഴ്‌സ് ഇന്ത്യ എന്നാണ് അറിയപ്പെടുന്നത്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ എന്ന ടീമും മല്യയുടെ ഉടമസ്ഥതയിലുണ്ട്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക