Image

ശബരിമലയിലും ഗുരുവായൂരിലും സൈനിക കേന്ദ്രങ്ങള്‍ വരുന്നു

Published on 22 October, 2012
ശബരിമലയിലും ഗുരുവായൂരിലും സൈനിക കേന്ദ്രങ്ങള്‍ വരുന്നു
തിരുവനന്തപുരം: ശബരിമലയിലും ഗുരുവായൂരിലും  സൈന്യത്തിന്റെ കേന്ദ്രങ്ങള്‍ വരുന്നു. സുരക്ഷയ്‌ക്കൊപ്പം കേരളത്തിലെ തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ സന്ദര്‍ശനത്തിനെത്തുന്ന സൈനിക ഉദ്യോഗസ്ഥര്‍ക്ക് താമസ സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായണിത്. ഇതിനായി ശബരിമലയിലും ഗുരുവായൂരും കെട്ടിടങ്ങള്‍ നിര്‍മ്മിക്കാന്‍ സ്ഥലം അനുവദിക്കണമെന്നാണ് സൈന്യം ആവശ്യപ്പെട്ടു. ഭൂമി അനുവദിക്കണമെന്നഭ്യര്‍ത്ഥിച്ച് സൈന്യം സംസ്ഥാന സര്‍ക്കാരിന് കത്തയച്ചു കഴിഞ്ഞു.

പാങ്ങോട് സൈനിക ആസ്ഥാന മേധാവി ബ്രിഗേര്‍ഡിയര്‍ പ്രദീപ് നാരായണനാണ് ഈ ആവശ്യം ഉന്നയിച്ച് സംസ്ഥാന സര്‍ക്കാരിനെ സമീപിച്ചിരിക്കുന്നത്. സൈനിക നിവാസ് എന്ന പേരിലാണ് കെട്ടിടങ്ങള്‍ നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നത്.ശബരിമലയിലും ഗുരുവായൂരും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ഒട്ടേറെ സൈനിക ഉദ്യോഗസ്ഥര്‍ എല്ലാ വര്‍ഷവും തീര്‍ത്ഥാടനത്തിനെത്തുന്നുണ്ട്. വളരെ നേരത്തേ തീരുമാനിച്ചതനുസരിച്ച് യാത്ര നടത്താന്‍ സാങ്കേതിക കാരണങ്ങളാല്‍ ഇവര്‍ക്ക് കഴിയില്ല.

രണ്ടോ മൂന്നോ ദിവസം മുമ്പു മാത്രം തീരുമാനിച്ച് വരുന്നതിനാല്‍ ഇവര്‍ക്ക് യോഗ്യമായ താമസ സൗകര്യം ലഭിക്കാറില്ല. ഈ സാഹചര്യത്തിലാണ് സൈന്യം ഇവിടെ സ്വന്തമായി കെട്ടിടം നിര്‍മ്മിക്കാന്‍ തീരുമാനിച്ചത്.  മുപ്പത് സെന്റ്ഭൂമി ദീര്‍ഘകാല പാട്ട വ്യവസ്ഥയില്‍ അനുവദിക്കണമെന്നാണ് ഗുരുവായൂര്‍ ദേവസ്വത്തിനോട് അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. 

ശബരിമലയില്‍ സൈന്യത്തിന്റെ ഈ ആവശ്യം നിറവേറ്റാനുള്ള സര്‍ക്കാര്‍ ഭൂമി ഇല്ലെന്ന് ലാന്റ് റവന്യൂ കമ്മീഷണറേറ്റ് അറിയിച്ചിട്ടുണ്ട്. പമ്പയിലും ഇതിനുള്ള സ്ഥലമില്ല.എന്നാല്‍ നിലയ്ക്കലില്‍ ഒരേക്കര്‍ സര്‍ക്കാര്‍ ഭൂമി സൗജന്യമായി നല്‍കാമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സമ്മതിച്ചിട്ടുള്ളതായി അറിയുന്നു.  ശബരിമലയില്‍ സൈന്യം ഒരു പാലം നിര്‍മ്മിച്ചിട്ടുണ്ട്. ഈ ബെയിലി പാലത്തിന്റെ മേല്‍നോട്ടത്തിനും അറ്റകുറ്റ പണികള്‍ക്കുമായി സൈനിക ഉദ്യോഗസ്ഥര്‍ക്ക് പലതവണ ശബരിമലയില്‍ പോയി തങ്ങേണ്ടി വരും. ഇവര്‍ക്കുള്ള താമസ സൗകര്യവും കൂടി പരിഗണിച്ചാണ് ശബരിമലയില്‍ സൈനിക് നിവാസ് നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നത്.

ശബരിമലയിലും ഗുരുവായൂരിലും സൈനിക കേന്ദ്രങ്ങള്‍ വരുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക