Image

ഫുട്‌ബോള്‍ ദൈവം ചൊവ്വാഴ്ച കണ്ണൂരില്‍

Published on 22 October, 2012
ഫുട്‌ബോള്‍ ദൈവം ചൊവ്വാഴ്ച കണ്ണൂരില്‍
കണ്ണൂര്‍: ഓരോ മലയാളിക്കും ഇത് അഭിമാന നിമിഷം. ഫുട്‌ബോള്‍ ഇതിഹാസം ഡിയേഗോ മറഡോണ കണ്ണൂരിലെത്തുന്ന ആ അദ്ഭുത നിമിഷത്തിനായി കാത്തിരിക്കുകയാണ് അവര്‍. ഇന്ത്യയില്‍ ഇതിനുമുമ്പു മറഡോണ എത്തിയത് 2008 ഡിസംബറില്‍ കൊല്‍ക്കത്തയിലെ സാള്‍ട്ട്‌ലേക്ക് സ്‌റ്റേഡിയത്തിലാണ്. ഇന്ത്യന്‍ ഫുട്‌ബോള്‍ ആരാധകരുടെ സ്‌നേഹത്താല്‍ വീര്‍പ്പമുട്ടിയാണ് ആ കുറിയ മനുഷ്യന്‍ അന്ന് ഇന്ത്യ വിട്ടത്. അടുത്ത മടങ്ങിവരവ് കേരളത്തിലേക്കെന്നത് ആകസ്മികമെങ്കിലും മറഡോണയെ വരവേല്‍ക്കാന്‍ അക്ഷരാര്‍ഥത്തില്‍ കേരളം ഒരുങ്ങിക്കഴിഞ്ഞിരിക്കുകയാണ്. മറഡോണയെ ഒരുനോക്ക് കാണാന്‍, അദ്ദേഹം അടിച്ചകറ്റുന്ന പന്തുകള്‍ കൈയിലൊതുക്കാന്‍ കേരളം ഒന്നാകെ മറ്റന്നാള്‍ കണ്ണൂരിലേക്ക് ഒഴുകിയെത്തും. 

ബോബി ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെ ജ്വല്ലറി ഷോറൂമും ബോബി ചെമ്മണ്ണൂര്‍ എയര്‍ലൈന്‍സിന്റെ ഹെലിടാക്‌സി സര്‍വീസും ഉദ്ഘാടനം ചെയ്യാനാണ് ഫുട്‌ബോള്‍ ഇതിഹാസം കണ്ണൂരിലെത്തുന്നത്. ബുധനാഴ്ച രാവിലെ പത്തരയോടെ ഒരു മണിക്കൂര്‍ നേരം മറഡോണ കണ്ണൂര്‍ മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ ജനങ്ങള്‍ക്ക് മുന്നില്‍ ഫുട്‌ബോള്‍ പ്രകടനം കാഴ്ചവയ്ക്കും. പുഷ്പ വൃഷ്ടിയോടെ മറഡോണയെ എതിരേല്‍ക്കാനാണു സംഘാടകര്‍ ആലോചിക്കുന്നത്. അന്നേ ദിവസം കണ്ണൂര്‍ നഗരം ഒന്നരലക്ഷം ആള്‍ക്കാരെ കൊണെ്ടങ്കിലും നിറയും എന്നാണു പോലീസിന്റെ കണക്ക് കൂട്ടല്‍. അതിനാല്‍ സുരക്ഷ ശക്തിപ്പെടുത്തുന്നതിനൊപ്പം കണ്ണൂരില്‍ ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. സ്റ്റേഡിയത്തില്‍ അമ്പതിനായിരത്തോളം ആള്‍ക്കാരെയാണ് ഉള്‍ക്കൊള്ളാന്‍ കഴിയുക. പ്രവേശനം സൗജന്യമാണ്. 

ഐ.എം. വിജയന്‍ ഉള്‍പ്പെടെ ഇന്ത്യയിലെ പ്രമുഖ ഫുട്‌ബോള്‍ താരങ്ങള്‍ പലരും ഫുട്‌ബോള്‍ ദൈവത്തെ കാണാന്‍ കണ്ണൂരില്‍ എത്തുമെന്നറിയുന്നു. ചൊവ്വാഴ്ച വൈകുന്നേരം ദുബായില്‍ നിന്നു നെടുമ്പാശേരി വിമാനത്തിലിറങ്ങുന്ന മറഡോണ ഹെലിക്കോപ്റ്ററില്‍ കണ്ണൂരിലേക്കു തിരിക്കും. രാത്രി ഏഴരയോടെ സൈന്യത്തിന്റെ ഹെലിപ്പാഡില്‍ ഇറങ്ങും. സുരക്ഷാ കാരണങ്ങളാല്‍ കണ്ണൂരിലെ താമസസ്ഥലം പരസ്യപ്പെടുത്തിയിട്ടില്ല. ഈ മാസം 30-നാണു മറഡോണയുടെ 52- ാം പിറന്നാള്‍. ഫുട്‌ബോള്‍ ആകൃതിയിലുള്ള കേക്ക് മറഡോണയ്ക്ക് വേണ്ടി ഒരുക്കാനും സംഘാടകര്‍ ആലോചിക്കുന്നുണ്ട്. കണ്ണൂരിലെ സ്വീകരണം ഒരു ജന്‍മദിന സമ്മാനമാകുമ്പോള്‍ അതിനു പത്തരമാറ്റേകാന്‍ കേരളം ഒന്നാകെ കണ്ണൂരിലേക്ക് ഒഴുകിയെത്തും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക