Image

യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച് ഒളിവില്‍ പോയ പ്രതി 22 മാസത്തിനുശേഷം അറസ്റ്റില്‍

Published on 22 October, 2012
യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച് ഒളിവില്‍ പോയ പ്രതി 22 മാസത്തിനുശേഷം അറസ്റ്റില്‍
ഹരിപ്പാട്: ലോഡ്ജില്‍ ഒപ്പം താമസിച്ച യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചശേഷം ഒളിവില്‍ പോയയാളെ 22 മാസത്തിനുശേഷം അറസ്റ്റ് ചെയ്തു. കുമാരപുരം തലയ്ക്കശേരി കോളനിയില്‍ അരുണ്‍ (30)നെയാണ് അറസ്റ്റ് ചെയ്തത്. 

2011 ജനുവരി 22-ന് രാത്രി ഒമ്പതോടെ ഹരിപ്പാട് നഗരമധ്യത്തില്‍ സ്ഥിതി ചെയ്യുന്ന ബിജു ലോഡ്ജില്‍ വച്ച് തുലാംപറമ്പ് നടുവില്‍ വലിയപറമ്പ് വീട്ടില്‍ ജോസ് ഏലിയാസി (തോമസ്-34)നെ കമ്പിവടിക്ക് അടിച്ച് അബോധാവസ്ഥയിലാക്കിയശേഷം ഓച്ചിറയില്‍ ഒളിവില്‍ താമസിച്ചുവരുന്നതിനിടെ ഞായറാഴ്ച വൈകുന്നേരം നാലോടെ ഹരിപ്പാട് സിഐ കെ.എസ്. ഉദയഭാനുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. അരുണും അഞ്ചു സുഹൃത്തുകളും സംഭവത്തില്‍ പ്രതികളാണ്. ഭാര്യ ശാന്തിക്കൊപ്പം ഇതേ ലോഡ്ജിലെ താമസക്കാരനായിരുന്നു അരുണ്‍. 

സംഭവത്തിന്റെ തലേദിവസം ജോസിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം അരുണും ഭാര്യയും താമസിച്ച മുറിക്ക് വെളിയില്‍ മദ്യപിച്ച് ബഹളമുണ്ടാക്കിയിരുന്നു. ഇതേത്തുടര്‍ന്ന് ജോസ് മുറിയില്‍ നിന്നും മാറി ലോഡ്ജിന്റെ ടെറസില്‍ കിടന്നുറങ്ങുന്നതിനിടെ കമ്പിവടിക്ക് തലയ്ക്ക് അടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചശേഷം അരുണും ഭാര്യയും ഒളിവില്‍ പോയി. സംഭവത്തെത്തുടര്‍ന്ന് ഗുരുതരമായി പരിക്കുപറ്റിയ ജോസിന് സംസാരശേഷി നഷ്ടപ്പെട്ടിരുന്നു. ഇപ്പോഴും സംസാരശേഷിയില്ലാത്ത ജോസ് കടലാസിലെഴുതിയാണ് പ്രതികളെപ്പറ്റിയുള്ള വിവരങ്ങള്‍ പോലീസിന് കൈമാറിയത്. 

ഒളിവില്‍ ഓച്ചിറയിലുണെ്ടന്ന് വിവരം ലഭിച്ചതിനെത്തുടര്‍ന്ന് ഷഹാസ്, സജീവന്‍ എന്നിവരെ ഓച്ചിറയില്‍ അന്വേഷണത്തിനായി സിഐ നിയോഗിക്കുകയും ആളെ തിരിച്ചറിഞ്ഞശേഷം എസ്‌ഐ വിക്രമന്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ സുജിത്ത്, ജയചന്ദ്രന്‍, സൈമണ്‍, നിഷാദ് എന്നിവര്‍ക്കൊപ്പം സിഐ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക