Image

സാഹിത്യം സ്‌നേഹത്തിന്റെ അടയാളമാണെന്ന് ഓണക്കൂര്‍

ജോയിച്ചന്‍ പുതുക്കുളം Published on 17 October, 2012
സാഹിത്യം സ്‌നേഹത്തിന്റെ അടയാളമാണെന്ന് ഓണക്കൂര്‍
ഡിട്രോയിറ്റ്: സാഹിത്യം സ്‌നേഹത്തിന്റെ അടയാളമാണെന്ന് പ്രശസ്ത നോവലിസ്റ്റും പ്രഭാഷകനുമായ ഡോ. ജോര്‍ജ് ഓണക്കൂര്‍ അഭിപ്രായപ്പെട്ടു. സാഹിത്യം സൗഹൃദത്തിന്റെ പ്രസരണമാണ്. കാരണം എഴുത്ത് സ്‌നേഹമാണ്. സ്വാതന്ത്ര്യത്തിന്റെ പ്രഖ്യാപനമാണ്. ഒക്‌ടോബര്‍ 12,13 തീയതികളില്‍ ഡിട്രോയിറ്റില്‍ വെച്ച് നടന്ന ലിറ്റററി അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക (ലാന)യുടെ മേഖലാ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ഡോ. ജോര്‍ജ് ഓണക്കൂര്‍.

എഴുത്ത് സ്‌നേഹത്തിന്റെ ബഹിര്‍സ്ഫുരണമാകുമ്പോള്‍ എഴുത്തുകാര്‍ സംസ്കാരത്തിന്റെ വെളിച്ചം വിതറുന്നവരായിരിക്കണം. അപ്പോള്‍ എഴുത്തുകാര്‍ ഭാഷയെ സമ്പന്നമാക്കുന്നതുപോലെ സമൂഹത്തേയും സമ്പന്നമാക്കുന്നുവെന്ന് ഡോ. ജോര്‍ജ് ഓണക്കൂര്‍ സമര്‍ത്ഥിച്ചു.

ഒക്‌ടോബര്‍ 12-ന് വെള്ളിയാഴ്ച വൈകിട്ട് നടന്ന ഉദ്ഘാടന സമ്മേളനത്തില്‍ ലാന പ്രസിഡന്റ് വാസുദേവ് പുളിക്കല്‍ അധ്യക്ഷത വഹിച്ചു. മണ്‍മറഞ്ഞുപോയ അമേരിക്കന്‍ മലയാളി സാഹിത്യകാരന്‍ ഡോ. പോള്‍സണ്‍ ജോസഫിന് ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ട് തുടങ്ങിയ സമ്മേളനത്തിന് കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ സുരേന്ദ്രന്‍ നായര്‍ സ്വാഗതം ആശംസിച്ചു. ലാനയുടെ മുന്‍ സാരഥികളായ അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ ഏബ്രഹാം തെക്കേമുറി, ജോസഫ് നമ്പിമഠം, മനോഹര്‍ തോമസ്, ജോണ്‍ ഇളമത, പീറ്റര്‍ നീണ്ടൂര്‍, പ്രശസ്ത പ്രഭാഷകന്‍ ഡോ. റോയി തോമസ്, ഡോ. എന്‍.പി. ഷീല, ന്യൂയോര്‍ക്ക് കേരള കള്‍ച്ചറല്‍ അസോസിയേഷന്‍ പ്രസിഡന്റ് ഡോ. വര്‍ഗീസ് ചുങ്കത്തില്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. കണ്‍വന്‍ഷന്‍ ജനറല്‍ കണ്‍വീനര്‍ ജയിംസ് ചാക്കോ മുട്ടുങ്കല്‍ കൃതജ്ഞതാ പ്രസംഗം നടത്തി. ലാന സെക്രട്ടറി ഷാജന്‍ ആനിത്തോട്ടം എം.സിയായിരുന്നു.

വൈകിട്ട് നടന്ന കവിയരങ്ങില്‍ രാജു തോമസ്, ഷീല മോന്‍സ് മുരിക്കന്‍, ഡോ. കൊടയ്ക്കാട് സുരേന്ദ്രന്‍ നായര്‍, വാസുദേവ് പുളിക്കല്‍, ചാക്കോ ഇട്ടിച്ചെറിയ എന്നിവര്‍ സ്വന്തം കവിതകള്‍ അവതരിപ്പിച്ചു. പീറ്റര്‍ നീണ്ടൂര്‍ കവിയരങ്ങിന്റെ മോഡറേറ്ററായി പ്രവര്‍ത്തിച്ചു. ഡോ. സുരേന്ദ്രന്‍ നായര്‍ ആയിരുന്നു കോര്‍ഡിനേറ്റര്‍.

കണ്‍വന്‍ഷന്റെ രണ്ടാം ദിവസമായ ശനിയാഴ്ച രാവിലെ നടന്ന ആദ്യ സെമിനാറില്‍ "ആനുകാലിക മലയാള സാഹിത്യം- ഒരു അവലോകനം' എന്ന പ്രബന്ധം ഡോ. ജോര്‍ജ് ഓണക്കൂര്‍ അവതരിപ്പിച്ചു. പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ മാത്യു ചെരുവില്‍ കോര്‍ഡിനേറ്റ് ചെയ്ത സെമിനാറില്‍ കണ്‍വന്‍ഷന്‍ കമ്മിറ്റി വൈസ് ചെയര്‍മാന്‍ തോമസ് കര്‍ത്തനാള്‍, ഡോ. ഓണക്കൂറിനെ സദസിന് പരിചയപ്പെടുത്തി. ഡോ. എന്‍.പി. ഷീല, ജോണ്‍ ഇലയ്ക്കാട്, ജോര്‍ജ് വന്‍നിലം എന്നിവര്‍ വിഷയത്തെ അധികരിച്ച് സംസാരിച്ചു.

"മലയാള സാഹിത്യത്തില്‍ അമേരിക്കന്‍ എഴുത്തുകാരുടെ പങ്ക്' എന്ന രണ്ടാമത്തെ സെമിനാറില്‍ ജോസഫ് നമ്പിമഠം മോഡറേറ്ററായിരുന്നു. ഡോ. എന്‍.പി. ഷീല പ്രബന്ധം അവതരിപ്പിച്ച് സംസാരിച്ചു. ആന്റണി മണലേല്‍ കോര്‍ഡിനേറ്റ് ചെയ്ത സെമിനാറില്‍ ജോണ്‍ മാത്യു പ്രസംഗിച്ചു. തുടര്‍ന്ന് നടന്ന ചെറുകഥാ ചര്‍ച്ചയ്ക്ക് ഏബ്രഹാം തെക്കേമുറി നേതൃത്വം നല്‍കി. വാസുദേവ് പുളിക്കല്‍, ഡോ. ശ്രീധര്‍ കര്‍ത്താ എന്നിവര്‍ വടക്കേ അമേരിക്കയിലെ മലയാളി എഴുത്തുകാരുടെ തെരഞ്ഞെടുത്ത കഥകളെ വിലയിരുത്തി സംസാരിച്ചു. ജോണ്‍ മാത്യു, ജെയിംസ് ചാക്കോ, നിര്‍മ്മല തോമസ്, സി.എം.സി, ഷീല മോന്‍സ് മുരിക്കന്‍ എന്നിവര്‍ പ്രസംഗിച്ചു. രാജീവന്‍ കാട്ടില്‍ ആയിരുന്നു കോര്‍ഡിനേറ്റര്‍.

ഉച്ചയ്ക്കുശേഷം നടന്ന നാലാമത്തെ സെമിനാറില്‍ കവിതയായിരുന്നു ചര്‍ച്ചാവിഷയം. ഡോ. സതി നായര്‍ കോര്‍ഡിനേറ്റ് ചെയ്ത കവിതാ ചര്‍ച്ചയില്‍ പീറ്റര്‍ നീണ്ടൂര്‍ മോഡറേറ്ററായി പ്രവര്‍ത്തിച്ചു. ലാന ട്രഷറര്‍ ജോസ് ഓച്ചാലില്‍ പ്രബന്ധാവതാരകനായിരുന്നു. ഡോ. നന്ദകുമാര്‍ ചാണയില്‍ അമേരിക്കന്‍ മലയാളി കവികളുടെ കൃതികളെ അധികരിച്ച് പ്രസംഗിച്ചു. മനോഹര്‍ തോമസ്, ജോസഫ് നമ്പിമഠം, ചാക്കോ ഇട്ടിച്ചെറിയ, രാജു തോമസ്, ജോസ് ചെരിപുറം എന്നിവര്‍ കവിതാ ചര്‍ച്ചയില്‍ പങ്കെടുത്ത് പ്രസംഗിച്ചു. നോവല്‍ സാഹിത്യത്തെപ്പറ്റി നടന്ന അഞ്ചാമത്തെ സെമിനാറില്‍ ഡോ. ശ്രീധര്‍ കര്‍ത്താ, സാംസി കൊടുമണ്‍, സുരേന്ദ്രന്‍ നായര്‍ എന്നിവര്‍ യഥാക്രമം ഏബ്രഹാം തെക്കേമുറി (ഗ്രീന്‍കാര്‍ഡ്), ജോര്‍ജ് മണ്ണിക്കരോട്ട് (അമേരിക്ക), ജോണ്‍ ഇളമത (ബുദ്ധന്‍) എന്നിവരുടെ നോവലുകളെക്കുറിച്ച് പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. ഡോ. എന്‍.പി. ഷീല മനോഹര്‍ തോമസ് എന്നിവര്‍ പ്രസംഗിച്ചു. ഷാജന്‍ ആനിത്തോട്ടം ആയിരുന്നു മോഡറേറ്റര്‍.

വൈകുന്നേരം നടന്ന ആറാമത്തെ സെമിനാറില്‍ വിശ്വസാഹിത്യത്തിലെ പ്രശസ്ത കൃതികളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടന്നു. ജോണ്‍ മാത്യു ആയിരുന്നു പ്രബന്ധാവതാരകന്‍. സുരേന്ദ്രന്‍ നായര്‍ മോഡറേറ്റ് ചെയ്ത വിശ്വസാഹിത്യ ചര്‍ച്ചയില്‍ ജോസഫ് നമ്പിമഠം, ശബരി നായര്‍, ശാലിനി ജയപ്രകാശ്, അനില്‍ ഫിലിപ്പ് എന്നിവര്‍ പ്രസംഗിച്ചു. മിനി സുനില്‍കുമാര്‍ ആയിരുന്നു സെമിനാറിന്റെ കോര്‍ഡിനേറ്റര്‍. തുടര്‍ന്ന് നടന്ന പുസ്തക പരിചയം പരിപാടിയില്‍ അമേരിക്കയിലെ മലയാളി എഴുത്തുകാരുടെ പുസ്തകങ്ങള്‍ പരിചയപ്പെടുത്തി. അബ്ദുള്‍ പുന്നയൂര്‍ക്കുളം, ജെയിംസ് കുരീക്കാട്ടില്‍ എന്നിവര്‍ പുസ്തകം പരിചയം പരിപാടിക്ക് നേതൃത്വം നല്‍കി. അബ്ദുള്‍ പുന്നയൂര്‍ക്കുളത്തിന്റെ വെബ്‌സൈറ്റിന്റെ ഉദ്ഘാടനം സില്‍വിയ ഹബ്ബാര്‍ഡ് നിര്‍വഹിച്ചു.

വൈകിട്ട് നടന്ന സമാപന സമ്മേളനത്തില്‍ പ്രസിഡന്റ് വാസുദേവ് പുളിക്കല്‍ അധ്യക്ഷതവഹിച്ചു. ലാനയുടെ തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങളെപ്പറ്റിയും അമേരിക്കയിലെ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതികളെപ്പറ്റിയും അദ്ദേഹം പ്രതിപാദിച്ചു. മുഖ്യാതിഥി ഡോ. ജോര്‍ജ് ഓണക്കൂര്‍ സാഹിത്യം മനുഷ്യബന്ധങ്ങളെ ആവിഷ്കരിക്കണമെന്നും എഴുത്തിന് ശിശിരം ബാധിച്ചിരിക്കുന്ന ഇപ്പോഴത്തെ അവസ്ഥയില്‍ മലയാളിയുടെ ജീവിതഭ്രമിക നഷ്ടപ്പെട്ടുപോകാതെ കാത്തുസൂക്ഷിക്കുവാന്‍ എല്ലാ സാഹിത്യപ്രവര്‍ത്തകരും പരിശ്രമിക്കണമെന്നും ആഹ്വാനം ചെയ്തു. സാഹിത്യം ഇല്ലാത്ത ഭാഷ സമ്പന്നമാകില്ല. കാരണം ഭാഷയുടെ ജീവന്‍ സാഹിത്യമാണ്. അതിനാല്‍ ഭാഷാ പോഷണത്തിനായി എല്ലാ മലയാള ഭാഷാ പ്രവര്‍ത്തകരും എഴുത്തുകാരും ആത്മാര്‍ത്ഥ ശ്രമം നടത്തണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു, ലാനാ വൈസ് പ്രസിഡന്റ് സാംസി കൊടുമണ്‍, ജോയിന്റ് സെക്രട്ടറി അബ്ദുള്‍ പുന്നയൂര്‍ക്കുളം, ട്രഷറര്‍ ജോസ് ഓച്ചാലില്‍, അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ ഏബ്രഹാം തെക്കേമുറി, ലാന മുന്‍ സാരഥികളായ ജോസഫ് നമ്പിമഠം, മനോഹര്‍ തോമസ്, ജോണ്‍ ഇളമത, ഡി.എം.എ പ്രസിഡന്റ് സുദര്‍ശന കുറുപ്പ്, ഡോ. എന്‍.പി. ഷീല, ഡോ. റോയി തോമസ് എന്നിവര്‍ ആശംസാ പ്രസംഗങ്ങള്‍ നടത്തി. ഷാജന്‍ ആനിത്തോട്ടം സ്വാഗത പ്രസംഗവും, ജയിംസ് ചാക്കോ കൃതജ്ഞതയും പറഞ്ഞു. തുടര്‍ന്ന് സുനില്‍ പൈങ്ങോള്‍, സുനില്‍ ശിവരാമന്‍ എന്നിവര്‍ കോര്‍ഡിനേറ്റ് ചെയ്ത സംഗീത വിരുന്നും ബാങ്ക്വറ്റും നടന്നു. അത്താഴ വിരുന്നിനുശേഷം നടന്ന ബിസിനസ് മീറ്റിംഗോടെ ഡിട്രോയിറ്റ് കലാക്ഷേത്ര ഓഡിറ്റോറിയത്തില്‍ നടന്ന 2012-ലെ അക്ഷരസ്‌നേഹികളുടെ കൂട്ടായ്മയ്ക്ക് തിരശീല വീണു.

വടക്കേ അമേരിക്കയിലെ വിവിധ നഗരങ്ങളില്‍ നിന്നും വന്ന എഴുത്തുകാരുടേയും ഭാഷാ സ്‌നേഹികളുടേയും വാര്‍ഷിക സമ്മേളനം പങ്കെടുത്തവര്‍ക്കെല്ലാം മികച്ച അനുഭവമായിരുന്നു. അനുഭവങ്ങളും അറിവുകളും പങ്കുവെച്ചുകൊണ്ട് അക്ഷരവഴിയിലൂടെ നടന്ന ഈ തീര്‍ത്ഥയാത്രയില്‍ ഡോ. ജോര്‍ജ് ഓണക്കൂറിന്റെ സാന്നിധ്യം പുത്തന്‍ അറിവുകളുടെ പാഥേയമായി. ലാനാ ഭാരവാഹികളുടെ തോളോടുതോള്‍ ചേര്‍ന്ന് നിന്നുകൊണ്ട് സുരേന്ദ്രന്‍ നായരുടെ നേതൃത്വത്തിലുള്ള മിലന്‍ ഭാരവാഹികള്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ കണ്‍വന്‍ഷന്‍ വിജയത്തിന് നിര്‍ണ്ണായക പങ്കുവഹിച്ചു. കേരളത്തില്‍ നിന്നും വിരുന്നുവന്ന കഥാകാരി ഷീല മോന്‍സ് മുരിക്കന്‍, ഫ്രീലാന്‍സ് റിപ്പോര്‍ട്ടര്‍ ജോയിച്ചന്‍ പുതുക്കുളം എന്നിവരുടെ സംഭാവനകളും നിസ്തുലമായിരുന്നു.
സാഹിത്യം സ്‌നേഹത്തിന്റെ അടയാളമാണെന്ന് ഓണക്കൂര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക