Image

അധിക ചാര്‍ജ്: അമേരിക്കന്‍ വിമാന കമ്പനി മാധ്യമ പ്രവര്‍ത്തകന് നഷ്ടപരിഹാരം നല്‍കി

ജോയിച്ചന്‍ പുതുക്കുളം Published on 17 October, 2012
അധിക ചാര്‍ജ്: അമേരിക്കന്‍ വിമാന കമ്പനി മാധ്യമ പ്രവര്‍ത്തകന് നഷ്ടപരിഹാരം നല്‍കി
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയുടെ പേര് പറഞ്ഞ് അനധികൃതമായി അധിക ചാര്‍ജ് ഈടാക്കിയ അമേരിക്കന്‍ വിമാന കമ്പനി മലയാളി മാധ്യമ പ്രവര്‍ത്തകന് നഷ്ടപരിഹാരം നല്‍കി. തിരുവനന്തപുരം ജില്ല ഉപഭോക്തൃകോടതിയുടെ വിധിയെത്തുടര്‍ന്നാണ് ഇത്. ന്യൂയോര്‍ക്ക് വിമാനത്താവളത്തില്‍ വച്ച് ഡെല്‍റ്റാ വിമാനകമ്പനി അനധികൃതമായി പണം ഈടാക്കുകയും അപമാനിക്കുകയും ചെയ്തതായി കാണിച്ച് ജന്മഭൂമി ബ്യൂറോ ചീഫ് പി. ശ്രീകുമാര്‍ നല്‍കിയ കേസില്‍ കോടതി വിമാനകമ്പനിക്കെതിരെ വിധി പറഞ്ഞിരുന്നു. ശ്രീകുമാറിനും കൂടെ യാത്രചെയ്ത രണ്ടുപേര്‍ക്കും പതിനായിരം രൂപാ വീതം നഷ്ടപരിഹാരവും അധികമായി ഈടാക്കിയ പണം പലിശസഹിതവും തിരിച്ചുനല്‍കാനായിരുന്നു വിധി. അധികചാര്‍ജ്ജ് ഈടാക്കിയ നടപടി ഗുരുതരമായ കൃത്യവിലോപമാണെന്നും അതുകൊണ്ടുതന്നെ മാനനഷ്ടം, യാത്രാബുദ്ധിമുട്ട് എന്നിവയ്ക്ക് നഷ്ടപരിഹാരം നല്കാന്‍ വിമാനക്കമ്പനി ബാദ്ധ്യസ്ഥമാണെന്നും കോടതി വിധിച്ചു. വിധി ഉണ്ടായിട്ടും വിമാനകമ്പനി പണം നല്‍കാതിരുന്നതിനെതിരെ ശ്രീകുമാര്‍ വീണ്ടും കോടതിയെ സമീപിച്ചു. തുടര്‍ന്നാണ് ഡെല്‍റ്റാ എയര്‍ലൈന്‍സ് നഷ്ടപരിഹാരം നല്‍കാന്‍ തയ്യാറായത്.

2008 ജൂലൈയില്‍ ഹൂസ്റ്റണില്‍ നടന്ന ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക (ഫോമ)യുടെ ദേശീയ കണ്‍വെന്‍ഷനില്‍ പങ്കെടുക്കാനെത്തിയ മാധ്യമ പ്രവര്‍ത്തകനായ പി. ശ്രീകുമാര്‍, ഭാര്യ അഡ്വ. എസ്. ശ്രീകല, സുഹൃത്ത് ബാബു കൃഷ്ണകല എന്നിവരെ ന്യൂയോര്‍ക്ക് ജെ.എസ്. കെ. വിമാനത്താവളത്തില്‍ ഡെല്‍റ്റാ വിമാന കമ്പനി അധികൃതര്‍ തടയുകയും അധിക ചാര്‍ജ്ജ് ഈടാക്കുകയും ചെയ്തതാണ് കേസിനാധാരം.

മൂന്നുപേരും ഇന്ത്യയില്‍ നിന്ന് അമേരിക്കയിലേക്കും തിരിച്ചും അവിടുത്തെ ആഭ്യന്തരയാത്രകള്‍ക്കും ഡല്‍റ്റാ എയര്‍ലൈന്‍സിന്റെ ടിക്കറ്റ് ആണ് എടുത്തിരുന്നത്. ന്യൂയോര്‍ക്കില്‍ നിന്ന് ഹൂസ്റ്റണിലേക്ക് യാത്ര ചെയ്യാന്‍ എത്തിയപ്പോഴാണ് വിമനത്താവളത്തില്‍ തടഞ്ഞത്. രണ്ടാമത്തെ ചെക്കിംഗ് ബാഗിന് 70 ഡോളര്‍ വീതം നല്‍കണം എന്നാവശ്യപ്പെടുകയായിരുന്നു ഇത്. സാമ്പത്തിക പ്രതിസന്ധിയുടെ ഭാഗമായി അമേരിക്കയിലെ വിമാനക്കമ്പനികള്‍ സ്വീകരിച്ച നയത്തിന്റെ ഭാഗമെന്നായിരുന്നു വിശദീകരണം. രാജ്യാന്തര യാത്രകള്‍ക്ക് രണ്ട് ചെക്കിംഗ് ബാഗുകള്‍ അനുവദനീയമാണെന്നും ടിക്കറ്റില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുമുണ്ട് എന്ന യാത്രക്കാരുടെ വാദം അധികൃതര്‍ സമ്മതിച്ചില്ല. മുംബൈയില്‍ നിന്ന് ന്യൂയോര്‍ക്ക് വരെ രണ്ട് ചെക്കിംഗ് ബാഗുകളുമായി യാത്ര ചെയ്ത കാര്യം രേഖാമൂലം ബോധ്യപ്പെടുത്തിയിട്ടും ഫലമുണ്ടായില്ല.

210 ഡോളര്‍ അടയ്ക്കുകയോ മൂന്ന് പേരുടെയും രണ്ടാമത്ത് ചെങ്കിംഗ് ബാഗുകള്‍ ഉപേക്ഷിക്കുകയോ ചെയ്തില്ലെങ്കില്‍ യാത്ര തുടരേണ്ട എന്നതായിരുന്നു വിമാനക്കമ്പിനിക്കാരുടെ നിലപാട്. അവസാനം ആവശ്യപ്പെട്ട് 210 ഡോളര്‍ നല്‍കി യാത്ര തുടര്‍ന്നു. ഹൂസ്റ്റണില്‍ കണ്‍വന്‍ഷനില്‍ പങ്കെടുത്ത ശേഷം കാലിഫോര്‍ണിയ, ഫ്‌ളോറിഡ, ന്യൂയോര്‍ക്ക് തുടങ്ങിയ സ്ഥലങ്ങളിലേക്കും ഡല്‍റ്റ് എയല്‍ലൈനില്‍ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. ന്യൂയോര്‍ക്ക് വിമാനത്താവളത്തിലെ അനുഭവം തുടര്‍ന്നുള്ള യാത്രകളെ പ്രതികൂലമായി ബാധിച്ചതായും യാത്ര വെട്ടിച്ചുരുക്കിയതായും കാട്ടിയാണ് പി. ശ്രീകുമാര്‍ കേസ് കൊടുത്തത്. അനധികൃതമായി പണം ഈടാക്കിയതിന് പുറമെ മാനസികമായി പീഡിപ്പിച്ചതും കണക്കിലെടുത്ത് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നായിരുന്നു ആവശ്യം. കോടതി വിമാനകമ്പനിക്ക് നോട്ടീസ് അയച്ചതിനെ തുടര്‍ന്ന് അധികമായി നല്‍കിയ പണം. തിരികെ നല്‍കിയിരുന്നു. പണത്തേക്കാള്‍ വിമാനത്താവളത്തില്‍ വച്ചുണ്ടായ മാനസിക പീഢനമാണ് പ്രധാനമെന്ന നിലപാടില്‍ ശ്രീകുമാര്‍ കേസുമായി മുന്നോട്ടു പോകുകയായിരുന്നു.

അമേരിക്കന്‍ വിമാനകമ്പിനിയായി ഡല്‍റ്റക്കെതിരായ കേസ് വിജയം അഭിമാനം വര്‍ധിപ്പിച്ചതായി പി. ശ്രീകുമാര്‍ പറഞ്ഞു. അമേരിക്കന്‍ വിമാനത്താവളങ്ങളിലും വിമാനയാത്രക്കിടയിലും ഇന്ത്യക്കാര്‍ അപമാനിക്കപ്പെടുന്നത് പുതിയ കാര്യമില്ല. എപിജെ അബ്ദുള്‍ കലാം, കമലാസനന്‍ തുടങ്ങി അതി പ്രശസ്തര്‍പോലും അവഹേളിക്കപ്പെട്ടിട്ടുണ്ട്. നിത്യേന നിരവധി യാത്രകാര്‍ ഒരുതരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ അപമാനിക്കപ്പെട്ടിട്ടുണ്ട്. അതിനോടുള്ള് പ്രതിഷേധം കൂടിയായിരുന്ന തന്റെ കേസ് എന്നും ശ്രീകുമാര്‍ പറഞ്ഞു.

ന്യൂയോര്‍ക്ക് വിമാനത്താവളത്തില്‍ എയര്‍ലൈന്‍സ് അധികൃതരുടെ തെറ്റ് ചൂണ്ടിക്കാണിച്ചതാണ് അവഹേളിക്കാന്‍ കാരണം. തെറ്റ് ബോധ്യപ്പെട്ടിട്ടുണ്ട് അത് അംഗീകരിക്കാന്‍ തയ്യാറായില്ല. ഇന്ത്യക്കാരന്റെ മുന്നില്‍ കൊച്ചാകുമോ എന്ന ഈഗോയായിരുന്നു പ്രശ്‌നം. അതുകൊണ്ടുതന്നെയാണ് കേസ് കൊടുത്തത്. തെളിവുകള്‍ എല്ലാം അനുകൂലമായതിനാല്‍ കേസ് നല്‍കാന്‍ അമേരിക്കയിലെ സുഹൃത്തുക്കള്‍ നിര്‍ബന്ധിച്ചിരുന്നു. വന്‍ തുക നഷ്ടപരിഹാരം കിട്ടാന്‍ സാധ്യതയുള്ളതിനാലായിരുന്നു അത്.
ഇന്ത്യന്‍ കോടതിയില്‍ നിന്നുതന്നെ വിധി സാമ്പാദിക്കുക എന്നതായിരുന്നു എന്റെ ആഗ്രഹം. നഷ്ടപരിഹാര തുകയേക്കാള്‍ അഭിമാനത്തിന്റെ പ്രശ്‌നമായിട്ടാണ് കണ്ടത്. കേസ് ഫയല്‍ ചെയ്ത് ഉടന്‍ ഈടാക്കിയ പണം തിരികെ നല്‍കുകയും നിശ്ചിത തുക നഷ്ടപരിഹാരം നല്‍കാമെന്ന് വിമാന കമ്പനി വാഗ്ദാനം ചെയ്തിട്ടും കേസുമായി മുന്നോട്ടുപോയതും അതിനാലാണ്. ശ്രീകുമാര്‍ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക