Image

മുന്‍കൂര്‍ വോട്ടുകളില്‍ ഒബാമ മുന്നില്‍; സാമ്പത്തിക നൊബേല്‍ യുഎസ് ശാസ്ത്രജ്ഞര്‍ക്ക്

Published on 15 October, 2012
മുന്‍കൂര്‍ വോട്ടുകളില്‍ ഒബാമ മുന്നില്‍; സാമ്പത്തിക നൊബേല്‍ യുഎസ് ശാസ്ത്രജ്ഞര്‍ക്ക്
വാഷിംഗ്ടണ്‍: യുഎസ് പ്രിസിഡന്റ് തെരഞ്ഞെടുപ്പില്‍ നേരിട്ടു വോട്ടു ചെയ്യാന്‍ കഴിയാത്ത പൗരന്‍മാര്‍ക്കായി ഏര്‍പ്പെടുത്തിയിട്ടുള്ള മുന്‍കൂര്‍ വോട്ടെടുപ്പില്‍ പ്രസിഡന്റ് ബറാക് ഒബാമയ്ക്ക് മുന്‍തൂക്കമെന്ന് റോയിട്ടേഴ്‌സ് സര്‍വെ. പ്രസിഡന്റ് സ്ഥാനാര്‍ഥികള്‍ തമ്മിലുള്ള ആദ്യഘട്ട സംവാദം പൂര്‍ത്തിയായ ശേഷമുള്ള അഭിപ്രായ സര്‍വെകളിലെല്ലാം റിപ്പബ്‌ളിക്കന്‍ സ്ഥാനാര്‍ഥി മിറ്റ് റോംനി മുന്‍തൂക്കം നിലനിര്‍ത്തുന്നതിനിടെയാണ് പ്രസിഡന്റ് ബറാക് ഒബാമക്ക് ആശ്വാസം പകരുന്ന വാര്‍ത്ത. നവംബര്‍ ആറിന് നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാന്‍ കഴിയാാത്തവര്‍ക്ക് നേരിട്ടോ തപാല്‍ മാര്‍ഗമോ നേരത്തേ വോട്ടു ചെയ്യാന്‍ മിക്ക സ്‌റ്റേറ്റുകളിലും സംവിധാനമുണ്ട്. പത്തു ശതമാനം മുതല്‍ 20 ശതമാനം പേര്‍വരെ ഇങ്ങനെ മുന്‍കൂര്‍ വോട്ടു ചെയ്യാറുണ്ട്. ഈ സംവിധാനം ഉപയോഗപ്പെടുത്തി വോട്ടു ചെയ്തവര്‍ക്കിടയില്‍ സര്‍വേ നടത്തി റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സിയും ഇപ്‌സോസ് എന്ന സ്ഥാപനവുമാണ് വിവരങ്ങള്‍ ശേഖരിച്ചത്. 

ഇതനുസരിച്ച് മുന്‍കൂര്‍ വോട്ടചെയ്തവരില്‍ 59 ശതമാനം പേര്‍ ഒമാബയെ പിന്തുണയ്ക്കുമ്പോള്‍ 31 ശതമാനം പേര്‍ മാത്രമേ റോംനിയൊടൊപ്പമുള്ളൂ. ഈ കണക്കിന് 90 ശതമാനം കൃത്യത അവകാശപ്പെടാനാവും. നേരത്തേ ചെയ്യുന്ന വോട്ടുകള്‍ 2008ലെ തിരഞ്ഞെടുപ്പിലേതിനേക്കാള്‍ വലിയ പങ്ക് ഇക്കുറി വഹിക്കുമെന്നും ഓണ്‍ലൈന്‍ പോള്‍ തെളിയിക്കുന്നു. ഇത്തവണ മൂന്നിലൊന്നു പേരും തിരഞ്ഞെടുപ്പ് ദിനത്തിന് മുന്‍പായി വോട്ട് ചെയ്യുമെന്നാണ് കരുതുന്നത്. 40ഓളം സ്‌റ്റേറ്റുകളിലാണ് വോട്ടെടുപ്പ് നടന്നുവരുന്നത്. തങ്ങളെ പിന്തുണയ്ക്കുന്നവരെക്കൊണ്ട് എത്രയും വേഗം വോട്ട് ചെയ്യിക്കുന്നതിനുള്ള ശ്രമങ്ങളും ഒബാമയുടേയും റോംനിയുടേയും സംഘങ്ങളുടെ ഭാഗത്തു നിന്നും നടന്നുവരികയാണ്. നേരിട്ട് വീട്ടിലെത്തിയോ ഫോണ്‍ വിളിച്ചോ ആണ് വോട്ട് ചെയ്യാന്‍ പ്രേരിപ്പിക്കുന്നത്. 2008ല്‍ ജോണ്‍ മക്കെയ്‌നെതിരെ വിജയം നേടാന്‍ ഒബാമയെ സഹായിച്ചത് നേരത്തേ ചെയ്ത വോട്ടുകളാണ്. ഇക്കുറിയും അതേരീതിയില്‍ വിജയം നേടാനുള്ള ശ്രമത്തിലാണ് ഒബാമയും സംഘവും. 

സാമ്പത്തിക നൊബേല്‍ യുഎസ് ശാസ്ത്രജ്ഞര്‍ക്ക്

സ്‌റ്റോക്ക്‌ഹോം: അമേരിക്കന്‍ ഗവേഷകരായ ആല്‍വിന്‍ റോത്തിനും ലോയ്ഡ് ഷേപ്‌ലിക്കുമാണ് ഈ വര്‍ഷത്തെ സാമ്പത്തികശാസ്ത്രത്തിനുള്ള നോബല്‍ സമ്മാനം. അവയവദാതാക്കളെയും ആവശ്യക്കാരെയും തമ്മില്‍ ബന്ധിപ്പിക്കുക, പരസ്യങ്ങള്‍ക്കുള്ള ഇടങ്ങള്‍ കണെ്ടത്താന്‍ ഇന്റര്‍നെറ്റ് സെര്‍ച്ച് എഞ്ചിനുകളെ സഹായിക്കുക തുടങ്ങിയ ഒട്ടേറെ കാര്യങ്ങളില്‍ ഗുണകരമായ തിയറി ഓഫ് സ്‌റ്റേബിള്‍ അലൊക്കേഷന്‍സ് ആന്‍ഡ് പ്രാക്റ്റീസ് ഓഫ് മാര്‍ക്കറ്റ് എന്ന തത്വം ഉരുത്തിരിച്ചെടുത്തതിനാണ് ഇവര്‍ക്ക് സ്വീഡിഷ് സെന്‍ട്രല്‍ ബാങ്ക് ഏര്‍പ്പെടുത്തിയ പുരസ്‌കാരം ലഭിച്ചത്. ഹാര്‍വാഡ് ബിസിനസ് സ്‌കൂളിലെ പ്രൊഫസറാണ് അറുപതുകാരനായ റോത്ത്. കാലിഫോര്‍ണിയ സര്‍വകലാശാലയിലെ എമിറേറ്റ്‌സ് പ്രൊഫസറാണ് ഷേപ്‌ലി (89).

യുഎസ് മുങ്ങിക്കപ്പലും പടക്കപ്പലും കൂട്ടിയിടിച്ചു

വാഷിംഗ്ടണ്‍: യു.എസ്. നാവികസേനയുടെ ആണവ മുങ്ങിക്കപ്പലും പടക്കപ്പലും കൂട്ടിയിടിച്ചു. അപകടത്തില്‍ ആര്‍ക്കും പരുക്കില്ല. ശനിയാഴ്ചയാണു സംഭവം. വിര്‍ജീനിയയിലെ നോര്‍ഫ്‌ളോക്ക് ബേസില്‍നിന്നുള്ള എയ്ജിസ് ക്ലാസ് മിസൈല്‍ ക്രൂയിസര്‍ യു.എസ്.എസ്. സാന്‍ ജാസിന്റോയും ആണവ മുങ്ങിക്കപ്പല്‍ യു.എസ്.എസ്. മോണ്‍ട്പീലിയറുമാണു കൂട്ടിയിടിച്ചതെന്നു യു.എസ്. പ്രതിരോധ വൃത്തങ്ങള്‍ വ്യക്തമാക്കി. അപകടത്തില്‍ പടക്കപ്പലിനു സാരമായ കേടുപാടുണെ്ടന്നാണു റിപ്പോര്‍ട്ട്. കിഴക്കന്‍ തീരത്തായിരുന്നു സംഭവമെന്നു വെളിപ്പെടുത്തിയെങ്കിലും മറ്റു വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. വിമാനവാഹിനിയായ യു.എസ്.എസ്. ഹാരി എസ്. ട്രൂമാന്‍ നേതൃത്വം നല്‍കുന്ന നാവികസേനാ വ്യൂഹത്തിന്റെ ഭാഗമാണു കൂട്ടിയിടിച്ച കപ്പലും മുങ്ങിക്കപ്പലും. അപകടത്തെക്കുറിച്ച് വിശദമായ അന്വേഷണത്തിനു യു.എസ്. നാവികസേന ഉത്തരവിട്ടു.

പാസ്‌വേഡിന് പകരം ഇനി കണ്‍ചിമ്മിയാലും മതി

ന്യൂയോര്‍ക്ക്: വിരലടയാളംപോലെ, കംപ്യൂട്ടറില്‍ നോക്കി കണ്‍ചിമ്മുന്ന രീതിയും ആളുകളെ തിരിച്ചറിയാനുള്ള മാര്‍ഗമായി വരുന്നു. ടെക്‌സസ് സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ ശാസ്ത്രജ്ഞനായ ഒലേഗ് കോമോഗോര്‍ട്‌സേവ് ആണ് ഇതുസംബന്ധിച്ച പഠനം നടത്തിയത്. പത്തുപേര്‍ ഒരേ ചിത്രത്തില്‍ നോക്കിയാല്‍, ഓരോരുത്തരുടെയും ദൃഷ്ടി പതിക്കുന്നതു വ്യത്യസ്ത കേന്ദ്രങ്ങളിലായിരിക്കും. എല്ലാവരും ഒരേ സ്ഥലത്തു നോക്കിയാല്‍പോലും നോട്ടത്തിന്റെ ആംഗിള്‍ വ്യത്യസ്തമായിരിക്കും. ഈ പ്രത്യേകതയാണ് കോമോഗോര്‍ട്‌സേവ് ആളുകളെ തിരിച്ചറിയാനുള്ള മാര്‍ഗമാക്കി രൂപപ്പെടുത്തിയത്. ഇമചിമ്മുന്ന രീതി കംപ്യൂട്ടര്‍ പാസ്‌വേഡാവുന്ന കാലം വിദൂരമല്ല. 

ഫെലിക്‌സിന്റെ ചാട്ടം യുട്യൂബിലും റെക്കോര്‍ഡ്

ന്യൂമെക്‌സിക്കോ: ഏറ്റവും ഉയരത്തു നിന്നുള്ള ആകാശച്ചാട്ടത്തിന്റെ റെക്കോഡ് ഭേദിച്ചതിനൊപ്പം ഫെലിക്‌സ് ബോംഗാര്‍ട്‌നര്‍ മറ്റൊരു റെക്കോര്‍ഡ് കൂടി തകര്‍ത്തു. യുട്യൂബില്‍ ഏറ്റവുമധികമാളുകള്‍ ഒരേസമയം ലൈവ് വീഡിയോ കണ്ടതിന്റെ റെക്കോര്‍ഡാണ് ഫെലിക്‌സ് ചാട്ടത്തിനൊപ്പം നേടിയത്. 80 ലക്ഷം പേരാണ് ഒരേസമയം 39 കിലോമീറ്റര്‍ ഉയരത്തില്‍നിന്നുള്ള ഫെലിക്‌സിന്റെ ചാട്ടം യുട്യൂബിലൂടെ തത്സമയം വീക്ഷിച്ചത്. അമേരിക്കയിലെ ന്യൂ മെക്‌സിക്കോയില്‍ ഇന്ത്യന്‍സമയം ഞായറാഴ്ച അര്‍ധരാത്രിയോടെയായിരുന്നു ഓസ്ട്രിയക്കാരനായ ഫെലിക്‌സിന്റെ(43) സാഹസിക പ്രകടനം. 

ന്യൂമെക്‌സിക്കോ മരുഭൂമിയില്‍നിന്ന് കൂറ്റന്‍ ഹീലിയം ബലൂണിലാണ് ഫെലിക്‌സ് 39 കിലോമീറ്റര്‍ (1,28,000 അടി) ഉയരത്തിലെത്തിയ ശേഷം താഴോട്ടുചാടുകയായിരുന്നു. മണിക്കൂറില്‍ 1126.54 കിലോമീറ്റര്‍ (700 മൈല്‍) വേഗത്തിലായിരുന്നു ഭൂമിയിലേക്കുള്ള വരവ്. പത്ത് മിനിറ്റുകൊണ്ട് മെക്‌സിക്കോ മരുഭൂമിയിലിറങ്ങി. അവസാനത്തെ ഏതാനും ആയിരം മീറ്ററുകള്‍ മാത്രമാണ് വേഗത കുറച്ച് സുരക്ഷിതമായി ഇറങ്ങുവാനായി അദ്ദേഹം പാരച്യൂട്ടിന്റെ സഹായം തേടിയത്. കൈകള്‍ ആകാശത്തേക്ക് വിരിച്ച് നേട്ടമാഘോഷിച്ചു. അദ്ദേഹത്തെ കാത്തുനിന്ന സംഘാടകസംഘം ഹെലികോപ്റ്ററിലെത്തി റോസ്‌വെല്‍ വിമാനത്താവളത്തിലെ ദൗത്യകേന്ദ്രത്തിലെത്തിച്ചു. അമ്പതുവര്‍ഷം പഴക്കമുള്ള റെക്കോഡാണ് ഫെലിക്‌സ് ഭേദിച്ചത്. 31.33 കിലോമീറ്റര്‍ (1,02,800 അടി) ഉയരെനിന്ന് ചാടി യു.എസ്. വ്യോമസേനയിലെ കേണല്‍ ജോ കിറ്റിഞ്ജര്‍ 1960ല്‍ സ്ഥാപിച്ച റെക്കോഡാണ് ഫെലിക്‌സ് തകര്‍ത്തത്.
മുന്‍കൂര്‍ വോട്ടുകളില്‍ ഒബാമ മുന്നില്‍; സാമ്പത്തിക നൊബേല്‍ യുഎസ് ശാസ്ത്രജ്ഞര്‍ക്ക്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക