Image

യൂറോപ്യന്‍ യൂണിയന്‌ സമാധാന നൊബേല്‍ നല്‍കിയതിനെ ജര്‍മനി സ്വാഗതം ചെയ്‌തു

ജോസ്‌ കുമ്പിളുവേലില്‍ Published on 15 October, 2012
യൂറോപ്യന്‍ യൂണിയന്‌ സമാധാന നൊബേല്‍ നല്‍കിയതിനെ ജര്‍മനി സ്വാഗതം ചെയ്‌തു
ബര്‍ലിന്‍: സമാധാനത്തിനുള്ള ഈ വര്‍ഷത്തെ നൊബേല്‍ സമ്മാനം യൂറോപ്യന്‍ യൂണിയനു നല്‍കാനുള്ള തീരുമാനത്തെ ജര്‍മന്‍ ചാന്‍സലര്‍ അംഗല മെര്‍ക്കലും മുന്‍ ചാന്‍സലര്‍ ഹെല്‍മുട്ട്‌ കോളും സ്വാഗതം ചെയ്‌തു.

നൊബേല്‍ സമ്മാന പ്രഖ്യാപനത്തെ തുടര്‍ന്നു നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ യൂറോ വെറുമൊരു കറന്‍സി മാത്രമല്ലെന്നു മെര്‍ക്കല്‍ വീണ്‌ടും ഓര്‍മ്മിപ്പിച്ചു. അടുത്ത കാലത്തായി യൂറോയെ ശക്തിപ്പെടുത്താനുള്ള കൂട്ടായ പ്രയത്‌നമാണ്‌ യൂറോപ്യന്‍ യൂണിയന്‍ നടത്തിക്കൊണ്‌ടിരിക്കുന്നത്‌. ആത്യന്തികമായി സമാധാനത്തിന്റെയും മൂല്യങ്ങളുടെയും ഐക്യആശയമാണ്‌ യൂറോ എന്നും മെര്‍ക്കല്‍ കൂട്ടിച്ചേര്‍ത്തു.

ബുദ്ധിപൂര്‍വവും ദീര്‍ഘവീക്ഷണത്തോടു കൂടിയതുമായ തീരുമാനമെന്നാണ്‌ സമ്മാന പ്രഖ്യാപനത്തെ ഹെല്‍മുട്ട്‌ കോള്‍ വിശേഷിപ്പിച്ചത്‌. ജര്‍മന്‍ ഏകീകരണത്തിനു ശേഷം യൂറോപ്യന്‍ ഐക്യത്തിനു വേണ്‌ടി ശക്തമായ ശ്രമങ്ങള്‍ നടത്തിയ നേതാവാണ്‌ കോള്‍. അദ്ദേഹവും സമ്മാനത്തിനു പരിഗണിക്കപ്പെട്ടിരുന്നുവെങ്കിലും യൂറോപ്യന്‍ യൂണിയനു കിട്ടിയ സമ്മാനത്തില്‍ താന്‍ സംതൃപ്‌തനാണെന്നു കോള്‍ വ്യക്തമാക്കി.

യൂണിയനിലെ 27 അംഗരാജ്യങ്ങളില്‍ വസിക്കുന്നവര്‍ക്കും ഇതൊരു ശുഭവാര്‍ത്തയായി പരിണമിച്ചെന്നും കോള്‍ പറഞ്ഞു. രണ്‌ടു ലോകമഹായുദ്ധങ്ങള്‍ക്കു സാക്ഷ്യം വഹിച്ച യൂറോപ്പിന്റെ ഇപ്പോഴത്തെ സമാധാനവത്‌കരണ പരിപാടി മറ്റുരാജ്യങ്ങള്‍ക്കും മാതൃകയാണെന്നും കോള്‍ പറഞ്ഞു.
യൂറോപ്യന്‍ യൂണിയന്‌ സമാധാന നൊബേല്‍ നല്‍കിയതിനെ ജര്‍മനി സ്വാഗതം ചെയ്‌തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക